Wed. Dec 18th, 2024
Railways Should Offer Financial Help to Joy's Mother CM

തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി. തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ചേർന്ന് അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി ഉണ്ടാക്കാനും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ഒന്നരമണിക്കൂറാണ് നീണ്ടത്. മുഖ്യമന്ത്രിക്ക് പുറമെ തദ്ദേശമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജലസേചനമന്ത്രി, ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഡിആർഎമ്മുമാണ് പങ്കെടുത്തത്. മൂന്ന് തരത്തിലുള്ള മാലിന്യസംസ്‌കരണത്തിന് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

റെയിൽവേയുടെ ഭാഗത്തുള്ള മാലിന്യം റെയിൽവേ തന്നെ നീക്കം ചെയ്യും, എന്നാൽ ഇതിന് സർക്കാരിന്റെ സഹായം റെയിൽവേ അഭ്യർഥിച്ചിട്ടുണ്ട്. സമാനരീതിയിൽ മൈനർ ഇറിഗേഷന്റെ ഭാഗത്തുള്ള മാലിന്യം ഇവരും, നഗരസഭയുടേത് നഗരസഭയും നീക്കം ചെയ്യും.

തോട് വൃത്തിയാക്കുന്നതിന് മൂന്ന് വകുപ്പുകളെയും ഉൾക്കൊള്ളിച്ച് സ്ഥിരം സമിതിയെ തീരുമാനിച്ചിട്ടുണ്ട്. സബ് കലക്ടർ ആണ് സമിതിയുടെ അധ്യക്ഷ. മനുഷ്യരെ മാറ്റിനിർത്തി പരമാവധി യന്ത്രം കൊണ്ട് മാലിന്യം നീക്കം ചെയ്യാനാണ് പദ്ധതിയിടുന്നത്. കൊച്ചുവേളി സ്റ്റേഷൻ പരിസരത്തെ മാലിന്യം നീക്കം ചെയ്യാമെന്ന് റെയിൽവേ യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്നതായുള്ള മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.