Wed. Dec 18th, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 30 അംഗങ്ങള്‍ തിരച്ചിലിനുണ്ട്. ടണലിലെ മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ റോബോട്ടുകളെയും എത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ 12 അംഗ സ്‌കൂബ സംഘവം തിരച്ചിലിനുണ്ട്.

വെള്ളത്തിനടിയില്‍ പരിശോധന നടത്താനാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്. കരയിലും വെള്ളത്തിലുമായി മൊത്തം നൂറോളം രക്ഷാപ്രവര്‍ത്തകരാണ് ദൗത്യത്തില്‍ പങ്കാളികളാകുന്നത്.

ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടിക്കിടക്കുകയാണ്. അതുകൊണ്ട് മാലിന്യം നീക്കം ചെയ്ത ശേഷമായിരിക്കും ടണലിനുള്ളില്‍ തിരച്ചില്‍ നടത്തുക. തോട്ടില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു.

തോട് കടന്നുപോകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ സ്ലാബുകള്‍ ഇളക്കി പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. ആറ് മണിക്കൂറോളം ജെസിബി ഉപയോഗിച്ച് തോട്ടിലെ മാലിന്യം നീക്കിയശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് തോട്ടിലൂടെ മുന്നോട്ടുപോകാനായത്.

മഴക്കാല പൂര്‍വ ശുചീകരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ കഴിഞ്ഞ മാസം റെയില്‍വേ പൊതുമരാമത്തിനോട് അവരുടെ അധീനതയിലുള്ള ഈ ഭാഗത്തെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ കരാര്‍ നല്‍കിയത് പ്രകാരമാണ് ജോയി ഉള്‍പ്പെടെ നാലുപേര്‍ ശുചീകരണത്തിനിറങ്ങിയത്.

മാലിന്യം അടിഞ്ഞുകൂടിയ തോട്ടില്‍നിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ ടണ്‍ കണക്കിന് മാലിന്യമാണ് ഇവര്‍ പുറത്തെത്തിച്ചത്. ശനിയാഴ്ച നഗരത്തിലുണ്ടായ അപ്രതീക്ഷിത മഴയില്‍ തോട്ടിലെ ജലനിരപ്പുയര്‍ന്നു.

അതിശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് കരയ്ക്കുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോയി ഒഴുകിപ്പോകുകയായിരുന്നെന്ന് സുഹൃത്തുകള്‍ പറഞ്ഞു. ജോയിയെ രക്ഷപ്പെടുത്താന്‍ സുഹൃത്തുകള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും മുങ്ങിത്താഴുകയായിരുന്നു.