Sat. Jan 18th, 2025

 

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി സംശയം.

ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജോയിയുടെ കാല്‍പ്പാദമാണെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനായി വീണ്ടും ടണലിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്താനാണ് സ്‌കൂബാ ടീം അംഗങ്ങളുടെ ശ്രമം. അതേസമയം, ടണലിലെ മാലിന്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്.

ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.

തോട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഗ്‌നിശമനസേനയുടേയും സ്‌കൂബാ ഡൈവര്‍മാരുടേയും തിരച്ചില്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനിയുടെ റോബോട്ട് സ്ഥലത്തെത്തിച്ച് തിരച്ചില്‍ ആരംഭിച്ചത്.

റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്‍കിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോള്‍ ടണലില്‍ കല്ലില്‍ക്കയറി നില്‍ക്കുന്നതിനിടെയാണ് ജോയി ഒഴുക്കില്‍പ്പെട്ടത്. സൂപ്പര്‍വൈസര്‍ കയറിട്ടു നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.