Tue. Sep 17th, 2024

 

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ തിരച്ചിലിനിടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജോയിയുടേതല്ല. ടണലിനുള്ളില്‍ കടത്തിവിട്ട ക്യാമറയിലാണ് ശരീര ഭാഗം കണ്ടത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാല്‍പ്പാദമാണെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു

സ്‌കൂബ ടീം അംഗങ്ങള്‍ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയില്‍ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. വീണ്ടും ടണലിനുള്ളിലേക്ക് പ്രവേശിച്ച് പരിശോധന നടത്താനാണ് നിലവിലെ ശ്രമം.

അതിനിടെ രക്ഷാപ്രവര്‍ത്തനം റെയില്‍വേ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് എഎ റഹീം എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. റെയില്‍വേയുടെ സമീപനം മാറ്റണമെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തൊഴിലാളിയെ കാണാതായ സംഭവത്തില്‍ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയില്‍വേയുടെ നിര്‍ദേശാനുസരണം ആമയഴിഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയിതായിരുന്നു ജോയ്.