Sat. Jan 18th, 2025
Supreme Court Grants Interim Bail to Arvind Kejriwal

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കെജ്‌രിവാളിന്റെ ഹര്‍ജി വിശാല ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുന്നത്.

ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. അതേ സമയം മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരും. ജൂണ്‍ 25-നാണ് കെജ്‌രിവാളിനെ സിബിഐ അറ്‌സ്റ്റ് ചെയ്തത്.