Wed. Dec 18th, 2024

 

ടെഹ്റാന്‍: ഇറാനിലെ ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ടെഹ്റാനിലെ തുര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഫീസ് അടച്ചുപൂട്ടി. ഇറാനിയന്‍ പൊലീസാണ് ഓഫീസ് അടച്ചുപൂട്ടിയത്.

പ്രാദേശിക വനിതാ ജീവനക്കാര്‍ ഇറാന്റെ ഹിജാബ് നിയമം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസിന്റെ ഭാഷ്യം.

ഇറാനിലെ സ്ത്രീകള്‍ക്ക് ശിരോവസ്ത്രമായ ഹിജാബ് നിര്‍ബന്ധമാണ്. തുര്‍ക്കിഷ് എയര്‍ലൈന്‍സിലെ പ്രാദേശിക ജീവനക്കാര്‍ ഹിജാബ് ധരിക്കുന്നില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം എയര്‍ലൈന്‍ സന്ദര്‍ശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് എത്തിയെങ്കിലും ജീവനക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എയര്‍ലൈന്‍ ഓഫീസ് സീല്‍ ചെയ്തു.

സീല്‍ ചെയ്ത ഓഫീസ് വീണ്ടും തുറന്നേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. തുര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

ഹിജാബ് നിര്‍ബന്ധമാക്കിയില്ലെന്ന പേരില്‍ ഇറാനിയന്‍ അധികാരികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ഷോപ്പുകള്‍, റെസ്റ്റോന്റുകള്‍, ഫാര്‍മസികള്‍, ഓഫീസുകള്‍ തുടങ്ങിയവ അടച്ചുപൂട്ടിയിട്ടുണ്ട്.

1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. ശിരോവസ്ത്രം ധരിക്കാത്തതോ തെറ്റായി ധരിക്കുന്നതോ ആയ സ്ത്രീകള്‍ക്ക് പിഴയോ തടവോ ലഭിക്കും.

ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

2022ല്‍, ഹിജാബ് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടിരുന്നു. മഹ്സയുടെ മരണം ഇറാനിലുടനീളം മാസങ്ങളോളം വലിയ പ്രതിഷേധത്തിന് കാരണമായി.