Wed. Jan 22nd, 2025

ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം ഈ മൂന്ന് കാര്യത്തിലും പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ വളരെ വ്യവസ്ഥാപിതമായി കപളിപ്പിച്ച സര്‍ക്കാരാണ് പിണറായി വിജയന്റെ സര്‍ക്കാര്‍

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ലൈഫ് പാര്‍പ്പിട പദ്ധതി ആദിവാസി, ദളിത് സമൂഹത്തെ ഭൂരാഹിത്യത്തിലേയ്ക്ക് തള്ളിവിടും എന്ന് പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ആദിവാസി, ദളിത് ജനതയും അവകാശപ്രവര്‍ത്തകരും പറയുന്നുണ്ട്.

ഭൂമി എന്ന ഭരണഘടനാപരമായ ആവശ്യം ഉന്നയിച്ച് കേരളത്തില്‍ നടന്ന മുത്തങ്ങ അടക്കമുള്ള ഭൂ സമരങ്ങളെയും അന്വാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം, രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളെയും ഒരുതരത്തിലും പരിഗണിക്കാതെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ആധുനിക കാലത്തെ കോളനിയായ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കിയത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പിസി വിഷ്ണുനാഥ് ഫ്‌ളാറ്റ് പദ്ധതി ആദിവാസികളുടേയും ദളിതരുടേയും ഭൂമി എന്ന അവകാശത്തെ തുടച്ചുനീക്കുന്നതാണെന്ന് പറയുകയുണ്ടായി. കൂടാതെ തൊഴില്‍ മേഖലകളില്‍ നിന്നും വികസനത്തില്‍ നിന്നും ആദിവാസി, ദളിത് സമൂഹം പുറംന്തള്ളപ്പെടുന്നതിനെ കുറിച്ചും എംഎല്‍എ പ്രതിബാധിക്കുകയുണ്ടായി.

എംഎല്‍എ പിസി വിഷ്ണുനാഥിന്റെ വാക്കുകള്‍

കേരളത്തിലെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം എന്നിവ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുറഞ്ഞിട്ടുണ്ട്. ഇവിടെ ഫ്‌ളാറ്റുകള്‍ വന്നു. പണ്ട് 10 സെന്റ് ആയിരുന്നത് മൂന്ന് സെന്റായി, ഫ്‌ളാറ്റ് ആവുമ്പോഴേക്കും കേരളത്തിലെ പട്ടിക ജാതിക്കാരന്റെ ഭൂമി എന്ന അവകാശത്തെ ആത്യന്തികമായി റദ്ദ് ചെയ്യുകയാണ്.

പിസി വിഷ്ണുനാഥ് എംഎല്‍എ Screengrab, Copyright: Facebook

വീടാകുമ്പോള്‍ കുടുംബം വികസിക്കുന്നതിന് അനുസരിച്ച് വീടും വികസിപ്പിക്കാന്‍ പറ്റും. ഫ്‌ളാറ്റ് ആകുമ്പോള്‍ ആ സാധ്യതകളും ഇല്ലാതെയാവുകയാണ്. ഭൂമി എന്ന അവകാശം ഈ സംവിധാനത്തിലൂടെ ഇല്ലാതെയാകുന്നു.

എല്ലാം പിന്‍വാതില്‍ നിയമനമാണ്. പിന്‍വാതില്‍ വഴി നിയമിക്കുന്നതിലൂടെ ഭരണഘടനാപരമായ സംവരണം അവിടെ നിഷേധിക്കുകയാണ്. ആരോഗ്യവകുപ്പില്‍ 10000 പേരെ നിയമിച്ചപ്പോള്‍ ഒരാളെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ചത്. പട്ടിക ജാതികാരന്റെ തൊഴില്‍ എന്ന അവകാശത്തെയും ഇല്ലാതെയാക്കുകയാണ്.

വികസനത്തിന്റെ വിഹിതം പ്ലാന്‍ വഴിയാകുമ്പോള്‍ 10 ശതമാനം പട്ടിക ജാതിക്കാരന് കിട്ടും. മൂന്നു ശതമാനം പട്ടിക വര്‍ഗക്കാരന് കിട്ടും. അത് പ്രോജക്റ്റ് ആവുമ്പോള്‍ ഇല്ലാതെയാവുകയാണ്. കിഫ്ബി വന്നപ്പോള്‍ പ്ലാനില്‍ നിന്നും പ്രോജക്റ്റിലേയ്ക്ക് മാറി. സര്‍ക്കാരിന്റെ ഏകോപനം മാറിയതോടുകൂടി നഷ്ടം സംഭവിച്ചത് പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കുമാണ്.

ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം ഈ മൂന്ന് കാര്യത്തിലും പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ വളരെ വ്യവസ്ഥാപിതമായി കപളിപ്പിച്ച സര്‍ക്കാരാണ് പിണറായി വിജയന്റെ സര്‍ക്കാര്‍.

ഭൂമി വാങ്ങാനുള്ള പൈസ കൊടുത്തത് പാടം, വയല്‍, ഉപയോഗശൂന്യമായ സ്ഥലം എന്നിവിടങ്ങളില്‍. അന്തസായി താമസിക്കാനുള്ള അവകാശം ഇത്രയും കാലമായി അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ല.

വീടിന് നാലു ലക്ഷമാണ് കൊടുക്കുന്നത്. ഇവിടെ ഒരു വെയിറ്റിംഗ് ഷെഡിന് അഞ്ചു ലക്ഷമാണ്. തിരുവനന്തപുരത്ത് നഗരത്തില്‍ ഒരു പശുത്തൊഴുത്ത് പണിതത് 40 ലക്ഷത്തിനാണ്. പട്ടിക ജാതിക്കാരന്റെ വീടിന് നാലു ലക്ഷവും.

ഉന്നതിയോ, പ്രകൃതിയോ, സങ്കേതമോ, നഗറോ എന്ത് പേര് തന്നെ ആയാലും അതിന്റെ നവീകരണം അല്ല വേണ്ടത്. അതിന്റെ അപനിര്‍മാണമാണ് വേണ്ടത്. അതിനുവേണ്ടി പുതിയ സംരംഭങ്ങള്‍ തുടങ്ങണം, അവിടെ പുതിയ സാധ്യതകള്‍ ഉണ്ടാക്കണം. അടിമുടി അത് നവീകരിക്കണം, അപനിര്‍മിക്കണം. അതിനുവേണ്ടിയുള്ള നടപടി ഉണ്ടാവണം.

ഐജി ബാലകൃഷ്ണന്‍ പറഞ്ഞു, ഇവരുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നു, അത് ഇല്ലാതാക്കുന്നു, അതില്‍ അഴിമതി നടത്തുന്നു എന്ന്. ഇത് തടയാന്‍ വേണ്ടി എസ്‌സി, എസ്ടി ഫണ്ട് ദുരുപയോഗം തടയുന്ന നിയമം കേരള നിയമസഭ പാസാക്കണം.

രണ്ടു വര്‍ഷമായി കുട്ടികള്‍ക്ക് ഇ-ഗ്രാന്‍ഡ്സ് നിഷേധിക്കുകയാണ്. മൂന്നു തവണയായി കൊടുത്തിരുന്ന പൈസ ഒറ്റത്തവണയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷമായി ഇത് കിട്ടുന്നില്ല. പല കുട്ടികള്‍ക്കും പഠനം മതിയാക്കി പോകേണ്ട സാഹചര്യം ഈ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ക്രൈസ്തവ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ്. ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 13 മാസമായി. ആ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ആ റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടേ?

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നിലവിലുള്ള പ്രീ മെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ ആകെ കപ്പാസിറ്റി 13000 ആണ്. അത് 25000 ആയിട്ടെങ്കിലും വര്‍ധിപ്പിക്കണം. കൂടുതല്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കണം.

അതുപോലെ പട്ടിക ജാതി, പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ സംരഭങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വരുമാന പരിധി എടുത്തുകളയണം. അവിടെ നിന്നും സംരഭകര്‍ ഉണ്ടാവട്ടെ. വ്യവസായം, കച്ചവടം, സ്റ്റാര്‍ട്ട്അപ്പ് ഇതൊക്കെ ചെയ്യാന്‍ എസ്‌സി, എസ്ടി വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും കഴിയുന്ന തരത്തിലേയ്ക്ക് വരുമാന പരിധി എടുത്തുകളയണം.

കോഴ്‌സ് കഴിഞ്ഞ എസ്‌സി, എസ്ടി കുട്ടികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ ഉപാധികളില്ലാതെ തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നതിനെ കുറിച്ചുകൂടി സര്‍ക്കാര്‍ ആലോചിക്കണം.

എന്താണ് ലൈഫ് മിഷന്‍ പദ്ധതി?

അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ (ലൈഫ്) പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

ലൈഫ് പിഎംഎവൈ, ലൈഫ് റൂറല്‍ അര്‍ബന്‍ ഭവന പദ്ധതികള്‍, പട്ടികജാതി-വര്‍ഗ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഭവന പദ്ധതികള്‍ എന്നിവയെല്ലാം ലൈഫ് മിഷന് കീഴില്‍ കൊണ്ടുവരികയായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പണിത ഫ്ലാറ്റ് സമുച്ചയം Screengrab, Copyright: Facebook

ഭൂമിയുള്ള ഭവനരഹിതര്‍, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരോ വാസയോഗ്യമല്ലാത്ത വീടുള്ളവരോ, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനം ഉള്ളവര്‍, ഭൂരഹിത-ഭവനരഹിതര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം അല്ലെങ്കില്‍ അപകടത്തില്‍ പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിവില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക- ജാതി സെന്‍സസ് പ്രകാരം ലഭ്യമായ ഭൂരഹിതരുടെ പട്ടികയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പക്കലുള്ള, വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതരുടേയും ഭവനരഹിതരുടേയും പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വേ നടത്തി അര്‍ഹരായവരെയാണ് കണ്ടെത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇതിനുപുറമേ പട്ടികയില്‍പെടാത്ത അര്‍ഹരായ കുടുംബങ്ങളെ സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 2017ല്‍ കുടുംബശ്രീ വഴി കണക്കെടുപ്പും നടത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം നേരത്തേ ഗ്രാമസഭകള്‍ക്കായിരുന്നു.

എന്തുകൊണ്ട് ലൈഫ് പദ്ധതി വേണ്ട എന്ന് പറയുന്നു

കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3,75,631 ലൈഫ് മിഷന്‍ വീടുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതിനുവേണ്ടി സംസ്ഥാനം 17,180 കോടി രൂപ ചെലവഴിച്ചു. ആകെ ചെലവഴിച്ച തുകയില്‍ 10,000 കോടി രൂപ ബജറ്റ് വിഹിതവും 5,000 രൂപ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുമാണ്.

കേരള മോഡല്‍ വികസനത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലൈഫ് ഭവന പദ്ധതിയിലൂടെ കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റും വീടും നല്‍കി കഴിയുമ്പോള്‍ നൂറു കണക്കിന് കോളനികള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവും.

നഗര്‍, സങ്കേതം, ഉന്നതി എന്നൊക്കെ പേര് മാറ്റിയെങ്കിലും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ സാമൂഹിക ജീവിതം ഒരുതരത്തിലും വ്യത്യാസപ്പെടുന്നില്ല എന്നതാണ് വാസ്തവം. കോളനി എന്ന പേര് അടിമത്തത്തിന്റെ പ്രതീകമാണ്, ഇനി ആ പേര് വേണ്ട എന്ന് പറഞ്ഞാണല്ലോ എംപി കെ രാധാകൃഷ്ണന്‍ മന്ത്രി പദവി ഒഴിയുന്നത്. കെ രാധാകൃഷന്‍ കൂടി ഭാഗമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ ചെയ്യുന്നതാവട്ടെ വീണ്ടും കോളനികള്‍ സൃഷ്ടിക്കലാണ്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 400 ചതുരശ്രയടി തറ വിസ്തീര്‍ണമുള്ള വീടുകളും ഫ്‌ളാറ്റുകളും ആയിരുന്നു നിര്‍മിച്ചിരുന്നത്. ഇപ്പോഴത് 500 ചതുരശ്രയടി വരെ ആയിട്ടുണ്ട്. ആറു പേരടങ്ങുന്ന ഒരു ശരാശരി കുടുംബത്തിന് ഈ വീട് എത്രത്തോളം ഗുണകരമാകും എന്ന് ചിന്തിച്ച് നോക്കൂ.

തിങ്ങി ഞെരിഞ്ഞ രണ്ട് ബെഡ് റൂമുകളും അടുക്കളയും ഡ്രോയിംഗ് കം ഡൈനിംഗ് റൂമും ടോയിലറ്റുമാണ് നിര്‍മിച്ചു നല്‍കുക. കുടുംബങ്ങള്‍ക്ക് വേണമെങ്കില്‍ മുറികളും വരാന്തകളും കൂട്ടിചേര്‍ക്കാവുന്ന രീതിയിലുള്ള പ്ലാനാണ് ലൈഫ് മിഷന്‍ നല്‍കുക. ഈ ഭൂ രഹിതരും ഭവനരഹിതരുമായ മനുഷ്യര്‍ക്ക് എങ്ങനെയാണ് മുറികളും വരാന്തകളുമൊക്കെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുക.

ഇന്ന് ലൈഫ് പാര്‍പ്പിടങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ കുടുംബം വലുതാവുമ്പോള്‍ അവര്‍ എവിടെ താമസിക്കും. വരാന്തകളിലേയ്ക്കും വെച്ചുകെട്ടുന്ന കുടിലുകളിലേയ്ക്കും നീക്കപ്പെടുന്ന പുതുതലമുറ ഇത്തരം ജീവിത സാഹചര്യങ്ങളില്‍ നിന്നും എങ്ങനെ ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന തൊഴില്‍ നേടി ജീവിതം മെച്ചപ്പെടുത്താനാണ്.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പണിത ഫ്ലാറ്റ് സമുച്ചയം Screengrab, Copyright: Facebook

എല്ലാ സാമൂഹിക സാഹചര്യങ്ങളോടും പൊരുതി ജീവിതം മെച്ചപ്പെടുത്തുന്നവര്‍ തന്നെ വളരെ കുറച്ചു ശതമാനം ആയിരിക്കും. ബാക്കിയുള്ള വലിയൊരു ഭൂരിപക്ഷവും ഭൂരഹിതരായി ഭാവനരഹിതരായി വീണ്ടും ലൈഫ് കോളനികളില്‍ തന്നെ അവശേഷിക്കും.

ലൈഫ് ഭവന പദ്ധതിയുടെ ഏറ്റവും വലിയ ചതി വീടുകളുടെ ഉടമസ്ഥാവകാശത്തിലാണ്. പദ്ധതിയുടെ നിയമാവലി അനുസരിച്ച് വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും.

കുടുംബങ്ങള്‍ക്ക് വീട്ടില്‍ താമസിക്കാം എന്നുമാത്രം. ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ധനസഹായം കൈപറ്റി നിര്‍മിച്ച വീടുനില്‍ക്കുന്ന പുരയിടം വില്‍ക്കുന്നതിന് സാങ്കേതികമായി തടസ്സം ഒന്നും ഇല്ല. പക്ഷേ, അത് നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി വച്ചിട്ടുള്ള കരാര്‍ ലംഘനമായതിനാല്‍ കൈപ്പറ്റിയ ധനസഹായവും പലിശയും നല്‍കേണ്ടിവരും.

ഫ്‌ളാറ്റുകളോ വീടുകളോ ഒരു തരത്തിലും കൈമാറ്റം ചെയ്യാനും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ കുടിയൊഴിപ്പിക്കാനും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന് അധികാരം ഉണ്ടായിരിക്കും. ഗുണഭോക്താവിന് അനന്തര അവകാശികള്‍ ഇല്ലാത്തപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിന് ഈ ഫ്‌ളാറ്റ് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥകളും ലൈഫ് പദ്ധതിയിലുണ്ട്.

ഭൂരഹിതരും ഭവന രഹിതരുമായ ദലിതരേയും ആദിവാസികളേയും മറ്റു ന്യൂനപക്ഷ ജനവിഭാഗങ്ങളേയും എക്കാലവും ആശ്രിത ജനതയായി നിലനിര്‍ത്തുന്ന വികസന പദ്ധതിയാണ് ലൈഫ് എന്ന് ചുരുക്കം. ഇതിലൂടെ ദളിത്, ആദിവാസികളുടെ ഭൂമി-വിഭവ അവകാശത്തേയും സ്വത്തുടമസ്ഥതാ അവകാശത്തേയുമാണ് റദ്ദ് ചെയ്യുന്നത്.

കേരളത്തില്‍ ഇതിനുമുമ്പ് നടപ്പാക്കിയ ഫ്‌ളാറ്റ് പദ്ധതികള്‍ പരാജയത്തിലാണ് അവസാനിച്ചത്. ഇത്തരം വീടുകള്‍ ശ്വാസം വിടാന്‍ പോലും സൗകര്യം ഇല്ലാത്തവയാണ്. ഫ്‌ളാറ്റുകള്‍ ആണെങ്കില്‍ ടോയിലറ്റ് ചോര്‍ച്ച, കെട്ടിടത്തില്‍ വിള്ളലുകള്‍, തറയില്‍ പൊട്ടല്‍ തുടങ്ങിയ നിര്‍മാണത്തിലെ അപാകതകള്‍ നേരിടുന്നുണ്ട്.

ആദിവാസികളുടെയും ദലിതരുടെയും ഭൂപ്രശ്നത്തെ പാര്‍പ്പിട പ്രശ്നമായാണ് ഭരണകൂടങ്ങള്‍ കാലാകാലങ്ങളായി കാണുന്നത്. 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന കേരളത്തിലെ ആദ്യമന്ത്രിസഭ കാര്‍ഷികബന്ധ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി കേരളത്തിലെ മുഴുവന്‍ ആദിവാസികളേയും ദളിതരേയും ഭൂരഹിതരാക്കി.

സി അച്യുതമേനോൻ Screengrab, Copyright: Aidem

പാരമ്പര്യമായി ഭൂമിയുണ്ടായിരുന്ന ആദിവാസികളുടെ ഭൂമി ഭൂപരിഷ്‌കരണത്തിലൂടെ സര്‍ക്കാര്‍ പിടിച്ചെടുത്തു. പട്ടയമില്ലാത്ത, മറ്റു രേഖകളില്ലാത്ത ആദിവസികളുടെ പാരമ്പര്യ ഭൂമി മിച്ചഭൂമി എന്ന നിലയില്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണുണ്ടായത്.

കാര്‍ഷിക മേഖലയില്‍ തൊഴിലെടുത്തും കൃഷി ചെയ്തും ജീവിക്കുന്നവരാണ് ആദിവാസികള്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ മറ്റുള്ളവരുടെ ഭൂമിയില്‍ പണിയെടുത്താണ് ഉപജീവനം നടത്തുന്നത്. മണ്ണുമായി ബന്ധപ്പെട്ടാണ് ആദിവാസികളുടെ സംസ്‌കാരവും കലയും ആചാരങ്ങളുമെല്ലാം നിലനില്‍ക്കുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നിഷേധിക്കുന്നതും ഫ്‌ളാറ്റുകളിലേയ്ക്ക് മാറ്റുന്നതും അവരെ വംശഹത്യ ചെയ്യുന്നതിന് തുല്യമാണ്.

ഭൂപരിഷ്‌ക്കരണത്തോടെ നിലവില്‍ വന്ന ലക്ഷംവീട് കോളനികളിലേയ്ക്ക് ഭൂരഹിതരായ ദളിത് ജനതയെ മാറ്റിപ്പര്‍പ്പിച്ചു. പുറംമ്പോക്കില്‍ ജീവിച്ചിരുന്നവരും ഒറ്റ മതില്‍ ഇരട്ട വീടുകളിലേയ്ക്കും മാറ്റപ്പെട്ടു. അപ്പോഴും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേ ഇടതുപക്ഷം 50 വര്‍ഷങ്ങള്‍ക്കിപ്പുറം ലൈഫ് എന്ന പുതിയ പദ്ധതി അവതരിപ്പിച്ച് ഭൂരഹിതര്‍ക്ക് ഒരു തുണ്ട് ഭൂമി നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും കൊടുക്കാനുള്ള ഭൂമി കേരളത്തിലുണ്ട്. വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കേണ്ടതിനു പകരം ആധുനിക കാലത്തെ കോളനികള്‍ സൃഷ്ടിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ഇതുവഴി ജാതി വ്യവസ്ഥയെ കൂടി നിലനിര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

ഭൂപരിഷകരണത്തിനു ശേഷം തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥത്തില്‍ നിന്നുകൊണ്ടു കൂടിയാണ് മുത്തങ്ങ, ചെങ്ങറ, അരിപ്പ, ആറളം ഫാം, പൂയംകുട്ടി, പെരിഞ്ചാംകുട്ടി, നില്‍പ്പുസമരം എല്ലാം ഉണ്ടായത്. സമരങ്ങളിലൂടെ ഭൂമിയും സ്വയംഭരണാധികാരവും വനാവകാവശവുമെല്ലാം ഉന്നയിക്കുന്നത് അത് അവരുടെ ഭരണഘടനാപരമായ അവകാശം ആയതുകൊണ്ടാണ്. അല്ലാതെ സര്‍ക്കാരിന്റെ കയ്യില്‍ നിന്നുള്ള പിടിച്ചുവാങ്ങലല്ല.

ആദിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട മുത്തങ്ങ പാക്കേജ് ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് ഫ്‌ളാറ്റുകളിലേയ്ക്കും 500 സ്‌ക്വയര്‍ ഫീറ്റ് വീടുകളിലേയ്ക്കും ആദിവാസികളുടെ ജീവിതത്തെയും സംസ്‌ക്കാരത്തേയും പറിച്ചുനടുന്നത്.

കാലങ്ങളായി ഭൂമിയ്ക്ക് വേണ്ടി ആദിവാസി ജനത ചെയ്യുന്ന സമരങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണിത്. നിങ്ങള്‍ സമരം ചെയ്താലും നിങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ഞങ്ങള്‍ തരില്ല എന്ന ഫ്യൂഡല്‍ ചിന്താഗതിയും ജാതീയതയുമാണ് ഭരണകൂടങ്ങളെ ഇപ്പോഴും നയിക്കുന്നത്.

26198 ദളിത് കോളനികളും നാലയിരത്തിനു മുകളില്‍ ആദിവാസി കോളനികളും കേരളത്തിലുണ്ട്. കോളനികളിലെ ജീവിതം ഈ ജനതയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പുറംന്തള്ളലിനും കാരണമായി എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും കോളനികള്‍ സൃഷ്ടിക്കുന്നത്.

ഹാരിസണ്‍, ടാറ്റ, ടിആര്‍ആന്‍ഡ്ടി പോലെയുള്ള കുത്തകള്‍ കൈവശം വെച്ചിരിക്കുന്ന പാട്ടക്കാലവധി കഴിഞ്ഞ തോട്ടംഭൂമി നിയമ നിര്‍മാണം ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

2016 യുഡിഎഫ് ഭരണകാലത്താണ് 1947-നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ നിര്‍ദേശിക്കുന്നത്. ഇതിനുവേണ്ടി അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന ഡോ. എംജി രാജമാണിക്യത്തെ സ്പെഷല്‍ ഓഫീസറായി നിയമിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് 520000 ഏക്കര്‍ ഭൂമി വിദേശ കമ്പനികളുടേയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണെന്ന് രാജമാണിക്യം കമ്മിറ്റി കണ്ടെത്തി. ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി ഹാജരാക്കിയ ആധാരങ്ങളും രേഖകളും കൃത്രിമമായി വിദേശത്ത് ചമച്ചവയാണ് എന്നതായിരുന്നു മറ്റൊരു കണ്ടെത്തല്‍.

തോട്ടങ്ങളുടെ ഉടമസ്ഥരാണ് എന്ന് അവകാശപ്പെടുന്ന പല ഇന്ത്യന്‍ കമ്പനികളും പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ബിനാമികളാണ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാജമാണിക്യം തന്റെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്.

ഡോ. എംജി രാജമാണിക്യം Screengrab, Copyright: Facebook

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എസ്. ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ടാറ്റാ, ഹാരിസണ്‍, ടിആര്‍ആന്‍ഡ് ടി തുടങ്ങിയ വന്‍ കുത്തകകള്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അപ്പോഴേക്കും കേരളത്തില്‍ ഭരണമാറ്റം ഉണ്ടായി. അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന് രാജമാണിക്യം തന്റെ അന്തിമ റിപ്പോര്‍ട്ട് 2016 ജൂണ്‍ ആദ്യവാരം സമര്‍പ്പിച്ചു. വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് പുതിയ നിയമ നിര്‍മ്മാണം വേണം എന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിദേശ ബന്ധങ്ങള്‍ ഉള്ളതിനാല്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഉന്നതതല അന്വേഷണവും ശുപാര്‍ശ ചെയ്യുന്നതായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്.

വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതകര്‍ക്ക് നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അച്ചടിച്ച് അതുവഴി വോട്ട് നേടി അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍ രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. മാത്രമല്ല, ടാറ്റ, ഹാരിസണ്‍ തുടങ്ങിയ വന്‍കിട കുത്തകകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച റവന്യു വകുപ്പ് സ്പെഷ്യല്‍ പ്ളീഡര്‍ സുശീല ആര്‍. ഭട്ടിനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു.

ഹാജരാകാതേയും സത്യവാങ്മൂലം സമര്‍പ്പിക്കാതേയും സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ച് കമ്പനികള്‍ക്ക് കോടതികളില്‍ നിന്നും സ്റ്റേ സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. ഈ സമയത്ത് രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമ വകുപ്പ് സെക്രട്ടറിയായ ബിജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. താമസിയാതെ ഡോ. രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് നീക്കി.

ചരിത്രത്തിലെ ഇത്രയും വലിയൊരു ചതി കേരളത്തിലെ ഭൂരഹിതരായ ആദിവാസികളോടും ദളിതരോടും ചെയ്തിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരള മോഡല്‍ വികസനമെന്ന് കൊട്ടിഘോഷിച്ച് ലൈഫ് ഭവന പദ്ധതി നടപ്പാക്കിയത്. ആദിവാസികളെയും ദളിതരെയും എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും അതോടൊപ്പം പുതിയ കോളനികളും സൃഷ്ടിക്കുന്നത്.

FAQs

എന്താണ് ലൈഫ് പദ്ധതി?

കേരളത്തിലെ എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന ഭവനങ്ങൾ വാടകയ്ക്ക് നൽകുവാനോ കൈമാറ്റംചെയ്യാനോ അനുവാദമില്ല.

എന്താണ് വനാവകാശ നിയമം?

വനഭൂമിയിലെ താമസം, ഉടമസ്ഥത എന്നിവയ്ക്ക് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നതിനും കയ്യേറ്റ ഭൂമിയില്‍ വാസസ്ഥലത്തിനും ജീവനോപാധികളുടെ ഉപയോഗത്തിനും അവകാശം നൽകുന്നതിനാണ് വനാവകാശ നിയമം നടപ്പിലാക്കിയത്.

എന്താണ് ഡോ. രാജമാണിക്യം കമ്മിറ്റി?

ഇടുക്കി-കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടി കമ്പനിക്കെതിരെ നടന്ന സമരത്തിന്റേയും റിട്ട് പെറ്റീഷന്‍ 26230/15 കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ് 2015 ഡിസംബര്‍ 30-ന് ഡോ. രാജമാണിക്യത്തെ കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് സ്‌പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിക്കുന്നത്.

Quotes

“സമത്വം ഒരു കെട്ടുകഥയായിരിക്കാം, എന്നിരുന്നാലും അതിനെ ഒരു ഭരണ തത്വമായി അംഗീകരിക്കണം-ഡോ. ബി ആർ അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.