വിയന്ന: ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധത്തെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.
‘ആയിരക്കണക്കിന് വർഷങ്ങളായി, ഇന്ത്യ ലോകത്തിന് അറിവ് പകരുന്നു. ബുദ്ധന്റെ സന്ദേശങ്ങളാണ് ലോകത്തിന് മുന്നിൽ ഇന്ത്യ നൽകുന്നത്. യുദ്ധത്തിന്റെ സന്ദേശം നൽകിയിട്ടില്ല. ഇന്ത്യ എല്ലായ്‌പ്പോഴും ലോകത്തിന് സമാധാനവും സമൃദ്ധിയും നൽകി’. മോദി പറഞ്ഞു.
‘ഇന്ത്യയും ഓസ്ട്രിയയും സൗഹൃദത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഒരു നീണ്ട കാത്തിരിപ്പിനാണ് വിരമാമായത്. ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത അറ്റങ്ങളിലാണ്, പക്ഷേ നിരവധി സമാനതകളുണ്ട്. ജനാധിപത്യം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്ചയോടുള്ള ആദരവ് എന്നിവയാണ് ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങൾ’. മോദി പറഞ്ഞു.