Sat. Jan 18th, 2025

പാട്ന: ബീഹാറിൽ തുടർച്ചയായി പാലം തകർന്നുവീഴുന്നതിൽ നടപടിയുമായി സംസ്ഥാന സർക്കാർ.

പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി  പ്രത്യേക നയം കൊണ്ടുവരാനൊരുങ്ങുകയാണ് ബീഹാർ സർക്കാർ. ഇതോടെ പാലം പരിപാലന നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ബിഹാർ. കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം 12 പാലങ്ങളാണ് ബിഹാറിൽ പലയിടങ്ങളിലായി തകർന്നത്. പാലങ്ങളുടെ നിർമാണത്തിൽ നടത്തിയ അഴിമതിയാണ് തകർച്ചക്ക് കാരണമെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.  ഇതിന് പിന്നാലെയാണ് പാലം പരിപാലന നയം കൊണ്ടുവരാൻ തീരുമാനിക്കുന്നത്.

പാലങ്ങളുടെ നിരന്തരമായ നിരീക്ഷണം,  അറ്റകുറ്റപ്പണികളും നവീകരണവും നടപ്പാക്കൽ എന്നിവയാണ് പുതിയ നയത്തിന്‍റെ ഭാഗമായി നടപ്പാക്കുക. എല്ലാ പാലങ്ങൾക്കും പ്രത്യേക ഹെൽത്ത് കാർഡ് കൊണ്ടുവരും. പാലത്തിന്‍റെ നിർമ്മാണ വിവരങ്ങളും അറ്റകുറ്റപ്പണി വിശദാംശങ്ങളുമെല്ലാം ഇതിൽ രേഖപ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗത്തിനാകും പാലം പരിപാലനത്തിന്‍റെ ഉത്തരവാദിത്തം. സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്‍റ് എൻജിനീയർ തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക സംഘം തുടർച്ചയായി പാലങ്ങളും കലുങ്കുകളും സന്ദർശിച്ച് സുരക്ഷ വിലയിരുത്തും.