മോസ്കോ: റഷ്യന്‍ സൈന്യത്തില്‍ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം.
തിങ്കളാഴ്ച പുടിനൊപ്പം മോദി അത്താഴ വിരുന്നില്‍ പങ്കെടുക്കവെ നടത്തിയ ചര്‍ച്ചക്കിടെയാണ് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ ധാരണയായത്.ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഏജൻ്റുമാര്‍ ഇവരെ റഷ്യയിലെത്തിക്കുകയായിരുന്നു.
അതേസമയം, റഷ്യന്‍ സന്ദര്‍ശനത്തിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. 22ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ ഇരുനേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്‌കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും. റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും മോദി ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും.