Thu. Dec 19th, 2024

ന്യൂഡൽഹി: അപകീർത്തിപ്പെടുത്തുന്ന വിവരണം നൽകിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരെ മാനനഷ്ടക്കേസ് നല്‍കി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. ഡൽഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

തുടർന്ന് വിക്കിപീഡിയക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹർജിയില്‍ ഓഗസ്റ്റ് 20ന് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിക്കിപീഡിയയില്‍ നല്‍കിയ ഉള്ളടക്കം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നല്‍കണമെന്നുമാണ് എഎന്‍ഐ ആവശ്യപ്പെടുന്നത്.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചതിനും വ്യാജ വാര്‍ത്ത നല്‍കിയതിനും എഎന്‍ഐ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സിയെ കുറിച്ച് വിക്കിപീഡിയ നല്‍കിയ വിവരണത്തില്‍ പറയുന്നത്.
വിക്കിപീഡിയ നല്‍കിയ ഉള്ളടക്കം അപകീര്‍ത്തികരമാണെന്നും എഎന്‍ഐക്ക് സ്വയം എഡിറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയിൽ വിക്കിപീഡിയ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണെന്നും
എഎന്‍ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധന്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു.