Thu. Jan 23rd, 2025
Kerala Faces Severe Stamp Shortage

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം. 100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല.

വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 രൂപയുടെ മുദ്രപത്രത്തിലേക്കും മാറിയിരുന്നു. പക്ഷെ ഇപ്പോള്‍ 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

രാജ്യത്ത് ഇ സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറണം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം വെണ്ടര്‍മാര്‍ക്കും സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും പക്ഷെ ഇ സ്റ്റാമ്പിങ്ങ് സോഫ്റ്റ്‌വെയർ ഇപ്പോഴും പൂര്‍ണ്ണ സജ്ജമല്ല.