ദക്ഷിണ കൊറിയ: മനുഷ്യർ ജോലിഭാരവും സമ്മർദ്ദവും മൂലം ആത്മഹത്യ ചെയ്തുവെന്നുള്ള വാർത്ത പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ദക്ഷിണകൊറിയയിൽനിന്നും പുറത്ത് വരുന്ന വാർത്ത റോബോട്ട് ആത്മഹത്യ ചെയ്തുവെന്നുള്ളതാണ്. മനുഷ്യരുടെ ദൈനം ദിന ജീവിതത്തിൽ പലതരം റോബോട്ടുകൾ പരീക്ഷിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് ദക്ഷിണ കൊറിയ.
കഴിഞ്ഞ ജൂൺ 26ന് ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളിൽ നിന്ന് വീഴുകയും ചെയ്ത് പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. എന്നാൽ റോബോട്ടിന്റെ വീഴ്ച ചിലപ്പോൾ ‘ആത്മഹത്യ’ ആകാം എന്നാണ് സിറ്റി കൗൺസിൽ അധികൃതർ പറയുന്നത്.
വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരുദ്യോഗസ്ഥൻ കണ്ടിരുന്നു. സംഭവം പ്രാദേശിക മാധ്യമങ്ങളിലും റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. റസ്‌റ്റോറന്റുകൾക്ക് വേണ്ടിയുള്ള റോബോട്ടുകൾ നിർമ്മിച്ച് ശ്രദ്ധേയമായ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെയർ റോബോട്ടിക്‌സ് ആണ് ഈ റോബോട്ട് നിർമ്മിച്ചത്.
2023 ലാണ് ഈ റോബോട്ടിനെ ഒരു സിറ്റി കൗൺസിൽ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ഈ റോബോട്ടിന് കെട്ടിടത്തിൽ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാനും കഴിവുണ്ടായിരുന്നു. സംഭവത്തിന് ശേഷം, ‘വിഷാദ’ റോബോട്ടിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് ഗുമി സിറ്റി കൗൺസിൽ അറിയിച്ചു. റോബോട്ടിന്റെ ഓരോ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോർട്ട് ചെയ്തു.