സുനാമി ദുരന്തം ഏറ്റുവാങ്ങിയ പ്രദേശമാണ് എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ എടവനക്കാട്. അന്ന് കുട്ടികള്‍ അടക്കം അഞ്ചു പേരാണ് മരിച്ചത്. ജീവന്‍ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങള്‍ വരെ പറിച്ചെടുത്താണ് ഭീമന്‍ തിരകള്‍ തീരം വിട്ടത്.അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടുള്ളത്. പടിഞ്ഞാറന്‍ മേഖല മുഴുവന്‍ തീര്‍ത്തും ഇല്ലാതെയാവുന്ന രീതിയിലാണ് ഇപ്പോള്‍ കടല്‍ക്കയറുന്നത്. നേരത്തെ 50 മീറ്റര്‍ കയറിയിരുന്നത് 150 മീറ്റര്‍ ആയി മാറിയിട്ടുണ്ട്
അണിയില്‍ കടപ്പുറം മുതല്‍ ചാത്തങ്ങാട് കടപ്പുറം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള തീരം സംരക്ഷിക്കാന്‍ ആകെയുണ്ടായിരുന്നത് ഒരു കടല്‍ഭിത്തി ആയിരുന്നു. സുനാമിയില്‍ ഈ കടല്‍ഭിത്തി തകര്‍ന്നു. 20 വര്‍ഷമായിട്ടും പുതിയൊരു കടല്‍ ഭിത്തി നിര്‍മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ അധികാരികള്‍ തയ്യാറായിട്ടില്ല.
കടല്‍ഭിത്തി ഇല്ലാത്തതിന്റെ പാര്‍ശ്വഫലം ഓരോ മഴക്കാലത്തും എടവനക്കാടുള്ള മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന കടല്‍ക്ഷോഭം ഇത്തവണ രൂക്ഷമായിതന്നെ കരയില്‍ അടിച്ചു. ജൂണ്‍ മാസം ആദ്യവും അവസാനവും ഉണ്ടായ കടലാക്രമണം ഇരുനൂറോളം കുടുംബങ്ങളെയാണ് നേരിട്ട് ബാധിച്ചത്.
തകര്‍ന്ന കടല്‍ഭിത്തിയ്ക്ക് മുകളിലൂടെ അടിച്ചുകയറിയ ചളിയും മണ്ണും നിറഞ്ഞ വെള്ളം വീടുകളിലേയ്ക്ക് കയറി. മത്സ്യത്തൊഴിലാളികളുടെ പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. നിലവില്‍ മണ്ണ് നിറഞ്ഞു കിടക്കുന്ന തീരദേശ റോഡില്‍ കടലാക്രമണത്തെ തുടര്‍ന്ന് വീണ്ടും മണ്ണടിഞ്ഞു.
കടലാക്രമണം ചെറുക്കാന്‍ എടവനക്കാട് നായരമ്പലം ഭാഗത്തായി കടലിലേക്ക് അഞ്ച് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ പുലിമുട്ടുകളാവട്ടെ അശാസ്ത്രീയമാണെന്നാണ് തീരദേശത്തുള്ളവര്‍ പറയുന്നത്. അശാസ്ത്രീയമായി പുലിമുട്ടിട്ടത് കടലാക്രമണം രൂക്ഷമാകാന്‍ കാരണമായതായി ഇവിടുത്തുകാര്‍ പറയുന്നു.
‘നിയന്ത്രിക്കാന്‍ പറ്റാത്ത അത്രയും കടല്‍ കയറാന്‍ തുടങ്ങിയത് സുനാമിയ്ക്ക് ശേഷമാണ്. അന്ന് അഞ്ചു പേരാണ് ഇവിടെ മരിച്ചത്. സുനാമിയ്ക്ക് ശേഷം ഇവിടെ കടല്‍ഭിത്തി പണിതിട്ടില്ല. അണിയില്‍ കടപ്പുറത്ത് ഒരു പുലിമുട്ട് ഇട്ടിട്ടുണ്ട്. ഇതുകൊണ്ടൊന്നും കടല്‍കയറ്റത്തിന് പരിഹാരമാവില്ല. നേരത്തെ സീ വാള്‍ കഴിഞ്ഞ് കുറച്ച് തീരം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് തീരമില്ല.
നേരത്തെ ഇട്ട കടല്‍ഭിത്തി ഇപ്പോള്‍ മണ്ണിനടിയിലാണ്. മൂന്നു തവണ ജിയോ ബാഗിട്ടു. ആദ്യ തവണ ജിയോ ബാഗ് ഇട്ടതിന്റെ പിറ്റേ ദിവസം അത് കടലെടുത്ത് പോയി. ഈ ജിയോ ബാഗ് ഞങ്ങളുടെ കടപ്പുറത്ത് ശാശ്വതമല്ല. കടലിനെ തടുക്കണമെങ്കില്‍ കരിങ്കല്ലും ടെട്രോപോഡ് കട്ടകളും ഇടണം.
ഞങ്ങള്‍ തീരദേശത്തുള്ളവര്‍ ഒരുപാട് കടല്‍ കയറി കണ്ടിട്ടുള്ളതാണ്. കടല്‍ കയറുമ്പോള്‍ ആ വെള്ളം ഞങ്ങളുടെ മുറ്റത്തൂടെ തോടുകളിലേയ്ക്കും കെട്ടുകളിലേയ്ക്കും ഒഴുകി പോകും. അന്നൊന്നും വെള്ളം വീടുകളിലേയ്ക്ക് കയറിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. വീടുകളിലാണ് വെള്ളം കയറുന്നത്. എല്ലായിടത്തും ഒരുപോലെ വെള്ളം നില്‍ക്കുമ്പോള്‍ വെള്ളം ഇറങ്ങിപ്പോകില്ല.
ഒരു കൊല്ലത്തില്‍ എത്ര തവണയാണ് വെള്ളം കയറുന്നത്. തീരം പൂര്‍ണമായും പോയി. കടല്‍ഭിത്തിയുടെ പടിഞ്ഞാറ് വശത്ത് ഞങ്ങള്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചിരുന്ന സ്ഥലം ഉണ്ടായിരുന്നു. നായരമ്പലം കടപ്പുറത്ത് ആനയെ വെച്ച് ഉത്സവം നടത്തിയിരുന്നു. ആ തീരവും പോയി.
സീ വാളില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് എല്ലാവരുടെയു വീടുകളുള്ളത്. ഞങ്ങള്‍ എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. മറ്റൊരു പണിക്കും പോകുന്നില്ല. എല്ലാവരും കടലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.’, അരയ മഹാസഭ പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ സനില്‍ വിപി വോക്ക് മലയാളത്തോട് പറഞ്ഞു.
‘ഈ വര്‍ഷം ജൂണ്‍ ആദ്യമാണ് കടല്‍ കയറ്റം തുടങ്ങിയത്. രണ്ട് ദിവസം വെള്ളക്കെട്ടുണ്ടായി. അതിന് ശേഷം ജൂണ്‍ 24ാം തീയതി മുതല്‍ വെള്ളം കയറിത്തുടങ്ങി. 26ാം തീയതി ഞങ്ങള്‍ ആരും വിചാരിക്കാത്ത കടല്‍ക്ഷോഭമാണ് ഉണ്ടായത്.
ശക്തമായ വെള്ളക്കയറ്റം ഉണ്ടായി. വീടുകളുടെ അകത്തൊക്കെ വെള്ളം കയറി. അന്ന് രാത്രി തന്നെ ഞങ്ങള്‍ റോഡ് ഉപരോധിച്ച് സമരം നടത്തി. 192 വീടുകളെ ഈ കടല്‍ക്കയറ്റം ബാധിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഒരു മണല്‍വാട വെച്ചുതരികയും തോടിന്റെ ആഴം കൂട്ടിത്തരികയും ചെയ്തിരുന്നു. മണല്‍വാട പൊട്ടി വെള്ളം കിഴക്കോട്ട് കയറി മണല്‍ ഒഴുകിവന്ന് തോടുകള്‍ എല്ലാം മൂടിപ്പോയി.
നാലുവര്‍ഷമായാണ് രൂക്ഷമായ കടല്‍ക്കയറ്റം അനുഭവിക്കുന്നത്. വടക്കുഭാഗത്ത് നാല് പുലിമുട്ട് വന്നിട്ടുണ്ട്. അണിയില്‍ കടപ്പുറത്ത് ഒരു പുലിമുട്ടും ഇട്ടിട്ടുണ്ട്. തിരവന്ന് പുലിമുട്ടുകളില്‍ തട്ടി മുറിഞ്ഞ് രണ്ടിന്റേയും ഇടക്ക് കിടക്കുന്ന 13ാം വാര്‍ഡിലേയ്ക്കാണ് ഈ വെള്ളമെല്ലാം വന്ന് കയറുന്നത്. രൂക്ഷമായ കടലാക്രമണം അനുഭവിക്കുന്നതും 13ാം വാര്‍ഡാണ്.
2004 ലെ സുനാമിയ്ക്ക് ശേഷം കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. അതിനുമുമ്പ് ഓരോ വര്‍ഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ശരിയാക്കുമായിരുന്നു.
കലാകാലങ്ങളായി എംപിയും എംഎല്‍എയും കടല്‍ക്ഷോഭം നടക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ തരും. അതൊന്നും നടപ്പാക്കില്ല. ഇവിടെ അതിജീവനം സാധ്യമാവില്ല എന്ന സാഹചര്യം വന്നപ്പോഴാണ് ഞങ്ങള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചത്.’, ജനകീയ സമരസമിതിയുടെ ചെയര്‍മാനും മത്സ്യത്തൊഴിലാളിയുമായ സനില്‍ കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
പഴയ തീരദേശ റോഡില്‍ നേരത്തെ പറഞ്ഞ രണ്ടര കിലോമീറ്ററോളം ഭാഗത്താണ് നാലടി മുതല്‍ ആറടി വരെ ഉയരത്തില്‍ മണല്‍ത്തിട്ടയുള്ളത്. ഇതുമൂലം പുതിയ തീരദേശ പാതയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഈ ഭാഗത്ത് ആരംഭിച്ചിട്ടില്ല.
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാല്‍ രക്ഷപ്പെടാന്‍ സഞ്ചാര യോഗ്യമായ ഒരു റോഡുപോലുമില്ലാത്ത സാഹചര്യത്തിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്. റോഡ് ഇല്ലാത്തതിനാല്‍ ഗതാഗത സൗകര്യവുമില്ല.
ഒരുരോഗം വന്നാല്‍ രോഗിയെ എടുത്ത് ചുമലിലേറ്റി ഏറെദൂരം നടന്ന് വേണം വാഹനം വരുന്ന വഴിയിലെത്തിക്കാന്‍. മരണമോ, വിവാഹമോ, മറ്റ് വിശേഷങ്ങളോ നടന്നാല്‍ വീടുകളില്‍ എത്താന്‍ കാല്‍നടയായി പോകണം.
‘ഇങ്ങനെ ഒരു പ്രദേശം വൈപ്പിന്‍കരയില്‍ ഉണ്ടോ എന്ന് ഞങ്ങളുടെ പ്രദേശം കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നും. നായരമ്പലം പഞ്ചായത്തിന്റെ അതിര്‍ത്തി വരെയും കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിര്‍ത്തി വരെയും തീരദേശ റോഡ് പണിതിട്ടുണ്ട്. എന്തുകൊണ്ടാണ് ഇതിന്റെ നടുക്ക് കിടക്കുന്ന എടവനക്കാട് പഞ്ചായത്തില്‍ രണ്ടര കിലോമീറ്റര്‍ തീരദേശ റോഡ് പണിയാത്തത്.
അവിടെ പണ്ട് റോഡ് ഉണ്ടായിരുന്നു. കടല്‍ കയറി മണ്ണ് വന്ന് മൂടിക്കിടക്കാണ്. ആ മണ്ണ് വര്‍ഷങ്ങളായി അങ്ങനെ കിടക്കാണ്. അതുകൊണ്ട് അണിയല്‍ കടപ്പുറം മുതല്‍ പഴങ്ങാട് പള്ളിയുടെ തെക്ക് വശം വരെയുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ റോഡില്ല.’, സനില്‍ വിപി വോക്ക് മലയാളത്തോട് പറഞ്ഞു.
‘വേനല്‍ക്കാലത്ത് കടല്‍ കരയില്‍ കൊണ്ടുവന്ന് മണല്‍ വെക്കും. വര്‍ഷക്കാലത്ത് ഈ മണല്‍ കടലുതന്നെ എടുത്തുകൊണ്ടു പോകും. നിലവിലുള്ള കര പോകാതിരിക്കാന്‍ വേണ്ടിയാണ് പുലിമുട്ട് ഇട്ടിരിക്കുന്നത്. പുലിമുട്ടിന്റെ പടിഞ്ഞാറ് വശത്തുകൂടിയാണ് മണലും വെള്ളവും കൂടി ഇപ്പോള്‍ കയറുന്നത്. മണല്‍ ഇവിടെ നിക്ഷേപിച്ച് വെള്ളം മാത്രം ഇറങ്ങിപ്പോവുകയാണ്. അങ്ങനെയാണ് ഇത്രയും മണല്‍ നിക്ഷേപം ഈ റോഡില്‍ ഉണ്ടായത്.’, സനില്‍ കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
‘ഗതാഗത സൗകര്യം പോലും നിഷേധിക്കപ്പെട്ട ജനതയാണ് ഇവിടുള്ളത്. ടൗട്ടെ ചുഴലിക്കാറ്റില്‍ തെരുവുവിളക്കുകളും നശിച്ചുപോയി. കടല്‍ഭിത്തിയും ഇല്ല. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടുള്ളത്. പടിഞ്ഞാറന്‍ മേഖല മുഴുവന്‍ തീര്‍ത്തും ഇല്ലാതെയാവുന്ന രീതിയിലാണ് ഇപ്പോള്‍ കടല്‍ക്കയറുന്നത്. നേരത്തെ 50 മീറ്റര്‍ കയറിയിരുന്നത് 150 മീറ്റര്‍ ആയി മാറിയിട്ടുണ്ട്.
എംഎല്‍എ എസ് ശര്‍മയുടെ കാലത്ത് 17 കോടി രൂപ തീരദേശ റോഡിന് വേണ്ടി പാസായതാണ്. നായരമ്പലം, കുഴുപ്പുള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി വരെ റോഡ് നിര്‍മിച്ചു. എന്നാല്‍ എടവനക്കാട് പഞ്ചായത്തില്‍ രണ്ടര കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതി എല്ലായിടത്തും ഈ പ്രശങ്ങള്‍ അവതരിപ്പിച്ചതാണ്.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇവിടെ തീരസദസ്സ് നടത്തിയിരുന്നു. മന്ത്രിയുടെ മുമ്പാകെ ഈ പ്രശ്‌നം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞത് കടല്‍ഭിത്തി ഇല്ലാതെ എങ്ങനെ തീരദേശ റോഡ് പണിയും എന്നാണ്. ഉടനെ തന്നെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് അതിന്റെ എസ്റ്റിമേറ്റ് എടുക്കാന്‍ പറഞ്ഞു. 56 കോടിയുടെ എസ്റ്റിമേറ്റ് നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ടെട്രോപാഡ് മോഡല്‍ കടല്‍ഭിത്തി നിര്‍മിക്കാനുള്ള എസ്റ്റിമേറ്റാണ് സംസ്ഥാന സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചത്.
കെഎസ്ഇബിയാണ് തെരുവുവിളക്കിന്റെ കാര്യം നോക്കേണ്ടത്. പിഡബ്യൂഡിയാണ് തീരദേശ റോഡ് പണിയേണ്ടത്. അവിടെ കിടക്കുന്ന മണല്‍ മാറ്റാനുള്ള അനുവാദം പോലും ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പഞ്ചായത്ത് താല്‍ക്കാലികമായി മണല്‍വാട വെച്ചുകൊടുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ നിന്നും ഞങ്ങള്‍ക്ക് ആ ഫണ്ട് പിന്നീട് നല്‍കും. നാല് ലക്ഷം രൂപയാണ് നല്‍കുക. മഴയ്ക്ക് മുമ്പായി രണ്ടര ലക്ഷം രൂപയുടെ മണല്‍വാട ഞങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. ഇതല്ലാതെ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല.
ഒരു പ്രദേശത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി വേണം റോഡ് പണിയാനുള്ള എസ്റ്റിമേറ്റ് എടുക്കേണ്ടത്. ഇവിടെ രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് പണിയാന്‍ ശരിയായുള്ള എസ്റ്റിമേറ്റ് അല്ല എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് മണല്‍മാറ്റുന്നതിനുള്ള ഫണ്ട് ഇല്ലാ എന്ന് പിഡബ്യൂഡി പറയുന്നത്. ഇത് എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
മണലിന്റെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും പരിശോധിക്കാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു നല്‍കി. ഈ റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ മണല്‍മാറ്റാനുള്ള അനുവാദം പഞ്ചായത്തിന് നല്‍കിയിട്ടില്ല.
20 വര്‍ഷമായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തീരദേശത്ത് നിന്നും മാറാന്‍ തയ്യാറാവുന്നില്ല. പോലീസും ഫയര്‍ഫോഴ്‌സും വന്നിട്ട് അവര്‍ മാറിപ്പോകാന്‍ തയ്യാറല്ല. അവരുടെ ജീവന്‍ അവിടെ ബലിയര്‍പ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.’ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന സലാം വോക്ക് മലയാളത്തോട് പറഞ്ഞു.
കടല്‍ക്കയറ്റ ദുരിതം സഹിക്കാനാവാതെ നിരവധി കുടുംബങ്ങള്‍ തീരദേശത്തുനിന്നും ഒഴിഞ്ഞുപോയി. പുനര്‍ഗേഹം പദ്ധതി പ്രകാരം തീരത്തുനിന്നും ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ പത്തുലക്ഷം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സിആര്‍ഇസെഡ് പരിധിയില്‍ പെടാത്ത പ്രദേശങ്ങളില്‍ സ്ഥലം വാങ്ങാന്‍ കൂടുതല്‍ പണം കണ്ടത്തേണ്ടതുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ തീരം വിട്ടുപോകാന്‍ തയ്യാറാകുന്നില്ല.
‘കടല്‍ക്കയറ്റം കൊണ്ട് നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയി. രക്ഷപ്പെടാന്‍ ശേഷിയില്ലാത്ത മുപ്പതോളം കുടുംബങ്ങള്‍ ഇവിടെ ഇപ്പോള്‍ താമസിക്കുന്നുണ്ട്. കടലാക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ വേണ്ടി ഒരു കെട്ടിടം നിര്‍മിച്ചിട്ടുണ്ട്.
സുനാമിയ്ക്ക് ശേഷം നിര്‍മിച്ചതാണ്. വൈദ്യുതി ഒന്നും ഇല്ലാത്ത ഒരു വീടാണ്. ഈ വീടിപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് പ്രേതാലയം പോലെയായി. ഇതിനകത്ത് രണ്ട് മൂന്ന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.’ പഞ്ചായത്ത് പ്രസിഡന്റ് ഹസീന സലാം വോക്ക് മലയാളത്തോട് പറഞ്ഞു.
‘വാവിനും വേലിയേറ്റത്തിനും വെള്ളം വീടിനകത്തേയ്ക്ക് കയറുന്നുണ്ട്. കടപ്പുറത്ത് നിന്നും ചാക്കില്‍ മണല്‍ നിറച്ച് കൊണ്ടുവന്ന് അത് മുറ്റത്ത് നിരത്തിയിട്ട് അതിന്റെ മുകളില്‍ കയറിയാണ് വീടിനകത്തേയ്ക്ക് കയറുന്നത്. വെള്ളം കൂടുമ്പോള്‍ ബന്ധുക്കളുടെ വീട്ടില്‍ പോകും. ഇങ്ങനെയൊക്കെ ഓരോ കൊല്ലവും കടന്നുപോകുന്നത്.’, സനില്‍ വിപി വോക്ക് മലയാളത്തോട് പറഞ്ഞു.
‘ഇവിടെ ജീവിക്കാന്‍ പറ്റാതായതോടെ ഒരുപാട് വീട്ടുകാര്‍ തീരദേശ മേഖലയില്‍ നിന്നും ഒഴിഞ്ഞുപോയി. ഇവിടെയുള്ളവര്‍ എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. 365 ദിവസവും മത്സ്യത്തൊഴിലാളിയ്ക്ക് തൊഴില്‍ ഇല്ല. കൊല്ലത്തില്‍ നാല്, അഞ്ച് മാസമാണ് കടല്‍പ്പണി കിട്ടുന്നത്. അതിന് ശേഷം പുഴയില്‍ നിന്നും തോട്ടില്‍ നിന്നും മത്സ്യബന്ധനം നടത്തിയാണ് ജീവിക്കുന്നത്. ഇവരെ സംബന്ധിച്ച് മനുഷ്യായുസ്സില്‍ ആകെ സമ്പാദിക്കാന്‍ പറ്റിയിട്ടുണ്ടാവുക അഞ്ചു സെന്റ് ഭൂമിയും 600 സ്‌ക്വയര്‍ ഫീറ്റുള്ള വീടും ആയിരിക്കും.
ഇങ്ങനെ കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ ഇതൊക്കെ വിട്ടുപോകാന്‍ ഇവര്‍ക്ക് പറ്റില്ല. മറ്റൊരു സ്ഥലത്ത് വീടും സ്ഥലവും വാങ്ങിക്കാനുള്ള പൈസ ഇവരുടെ കയ്യിലില്ല. മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്നും മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരു സ്‌കീം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പത്തുലക്ഷം രൂപ വാങ്ങി തീരദേശം വിട്ടുപോകാം. ഈ പൈസയ്ക്ക് സിആര്‍ഇസഡ് പരിധിയില്‍ വരാത്ത സ്ഥലത്താണ് ഭൂമി വാങ്ങിക്കേണ്ടത്.
ഇവിടെ അങ്ങനെയുള്ള ഭൂമി വാങ്ങണമെങ്കില്‍ ഒരു സെന്റിന് മൂന്നര ലക്ഷം രൂപ വേണം. മൂന്ന് സെന്റ് ഭൂമി വാങ്ങിക്കാന്‍ ഈ 10 ലക്ഷം രൂപ തികയില്ല. ബാക്കിയുള്ള പൈസ മത്സ്യത്തൊഴിലാളി ഉണ്ടാക്കണം. അതിനുള്ള വഴി ഇല്ലാത്തതുകൊണ്ട് ഈ വെള്ളക്കെട്ടും ദുരിതവും സഹിച്ച് കടപ്പുറത്ത് തന്നെ കിടക്കും.
മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ദയനീയാവസ്ഥയിലാണ്. ഡിഗ്രിയൊക്കെ പഠിക്കുന്ന കുട്ടികള്‍ ആണെകില്‍ ഇവരുടെ ഫീസ്, ഹോസ്റ്റല്‍ ഫീസ് എല്ലാം കണ്ടെത്തണം. രണ്ടര കൊല്ലമായി മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഗ്രാന്‍ഡ് കിട്ടിയിട്ട്.
പേയിംഗ് ഗസ്റ്റ് ആയി താമസിക്കുമ്പോള്‍ മാസം 5000 രൂപ കൊടുക്കണം. ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. എന്റെ രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഹോസ്റ്റല്‍ ഫീസ് കണ്ടെത്തണം. അതുകൂടാതെ ഞങ്ങളുടെ ജീവിതത്തിന് ആവശ്യമായ മറ്റു ലോണുകളും ഉണ്ടാകും. ഇതൊക്കെ അടച്ചുപോകാന്‍ തന്നെ പലപ്പോഴും ബുദ്ധിമുട്ടാണ്.
2018 ലെ പ്രളയം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം ആണെന്ന്. ആ ഒരു വാക്കിന്റെ അപ്പുറത്തേക്ക് മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. ടൗട്ടേ ചുഴലിക്കാറ്റു വന്നപ്പോള്‍ തീരം സംരക്ഷിക്കാനിട്ട ജിയോ ബാഗൊക്കെ ഒഴുകിപ്പോയി. അത് വന്നു നോക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. ഞങ്ങള്‍ക്കിനി ജിയോ ബാഗ് വേണ്ട. കടല്‍ഭിത്തി ശരിയായി കെട്ടിതന്നാല്‍ മതി.’, സനില്‍ കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
കടലാക്രമണത്തെ ചെറുക്കാന്‍ താത്കാലിക പരിഹാര നടപടി എന്നോണം 330 മീറ്ററില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി അടിയന്തിരമായി നിര്‍മിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിക്കുക. തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
അതേസമയം, തകര്‍ന്ന കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും എന്നാണ് കളക്ടര്‍ പറഞ്ഞത്. ജിയോ ബാഗുകള്‍ നല്‍കുന്ന സംരക്ഷണം പരാജയമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ ആവശ്യം മന്ത്രി സജി ചെറിയാന്‍ വാഗ്ദാനം ചെയ്ത 56 കോടി ചെലവില്‍ നിര്‍മിക്കുന്ന ടെട്രോപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തിയാണ്.
FAQs
എന്താണ് കടലാക്രമണം?
തീരപ്രദേശങ്ങളിൽ പ്രകൃതിക്ഷോഭം, തരംഗ പ്രവർത്തനം, വേലിയേറ്റ പ്രവർത്തനം മുതലായവ കാരണമായി ഉണ്ടാകുന്നതാണ് കടലാക്രമണം.
എന്താണ് കടല്‍?
സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു.
ആരാണ് സജി ചെറിയാന്‍?
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും ചെങ്ങന്നൂർ എംഎൽഎയുമാണ് സജി ചെറിയാൻ. നിലവില്‍ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയാണ്.
Quotes
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം- മഹാത്മാഗാന്ധി.