ചെന്നൈ: തമിഴ്നാട്ടിൽ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ വിലയിൽ കനത്ത ഇടിവ് ഉണ്ടായതായി റിപ്പോർട്ട്. ചെറിയ ഉള്ളിയുടെ വില മൂന്നിലൊന്നായി താഴ്ന്നതോടെ കർഷകർ ആശങ്കയിലായി.
തമിഴ്നാട്ടിൽ തെങ്കാശി ജില്ലയിലാണ് പ്രധാനമായും ചെറിയ ഉള്ളി കൃഷി ചെയ്യുന്നത്. ഇവിടുത്തെ കർഷകരുടെ പ്രധാന വരുമാന മാർഗവും ഉള്ളി ഉൾപ്പെടെയുള്ള കൃഷിയാണ്.കഴിഞ്ഞ ആഴ്ചകളിൽ 80 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോൾ 20 മുതൽ 40 രൂപ വരെയായി.
കഴിഞ്ഞ വർഷം ഈ സീസണിൽ ഉള്ളിക്ക് മെച്ചപ്പെട്ട വില ഉണ്ടായിരുന്നതിനാൽ ഇത്തവണ കൂടുതൽ ആളുകൾ ഉള്ളി കൃഷി ചെയ്തു. പാവൂർ ഛത്രം കാമരാജ് പച്ചക്കറി മാർക്കറ്റിലേക്ക് ചെറിയ ഉള്ളിയുടെ വരവ് തുടർച്ചയായി വർധിക്കുകയും ചെയ്തു. വില കുത്തനെ ഇടിഞ്ഞതോടെ കൃഷി ചെയ്യാൻ ചിലവഴിച്ച തുക പോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ലഭ്യത വർധിക്കുന്നതോടെ വരും മാസങ്ങളിൽ ഉള്ളിയുടെ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.