Wed. Dec 18th, 2024
Coal-Scam-in-Tamil-Nadu-Adani-Group-Faces-Investigation

ചെന്നൈ: കൽക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന പരാതിയിൽ അദാനി ഗ്രൂപ്പിനെതിരെ തമിഴ്നാട്ടിൽ അന്വേഷണം. ഇടപാട് തമിഴ്‌നാട് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കേസ്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനാണ് നിർദേശം നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സംഘടനയായ അരാപോർ ഇയക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമേഖല കമ്പനിയായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന് ഉയർന്ന വിലക്കാണ് അദാനി കൽക്കരി വിറ്റതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. 2014 ജനുവരി മുതൽ ഒക്ടേബാർ വരെയായിരുന്നു ഇത്തരത്തിൽ ഉയർന്ന വിലക്ക് കൽക്കരി വിറ്റത്. ഇതിലൂടെ കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

2012 മുതൽ 2016 വരെ നടന്ന അഴിമതിയിൽ ഏ​കദേശം 6,066 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സംഘടന ആരോപിക്കുന്നത്. 2018ലും 2019ലും വിജലിൻസിന് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ലെന്നും സംഘടന ആരോപിക്കുന്നു. തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരിട്ട് പരാതി നൽകുകയായിരുന്നു. പിന്നീട് കേസിൽ അന്വേഷണം നടത്താൻ സ്റ്റാലിൻ ഉത്തരവിടുകയായിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അദാനിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.