Fri. Dec 27th, 2024

അക്കാലത്ത് കേരളത്തില്‍ എന്‍ജിനീയറിംഗ് കോഴ്സുകളുടെ ദീര്‍ഘകാല ഡിമാന്‍ഡ് ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ക്രമാനുഗതമായ വര്‍ദ്ധനവിന് കേരളം സാക്ഷ്യം വഹിച്ചു

1939ല്‍ കേരളത്തിലെ ആദ്യ എന്‍ജിനീയറിംഗ് കോളേജ് (കോളജ് ഓഫ് എന്‍ജിനീയറിങ് സിഇടി) തിരുവനന്തപുരത്ത് സ്ഥാപിതമായെങ്കിലും എന്‍ജിനീയറിംഗ് മേഖലയില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായ വളര്‍ച്ച ആദ്യ കാലങ്ങളില്‍ കേരളത്തിലുണ്ടായില്ല.

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എണ്‍പതുകളുടെ പകുതിയോടെ തന്നെ സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിംഗ് കോളേജുകള്‍ സ്ഥാപിച്ചുതുടങ്ങി.

ഉദാരവല്‍ക്കരണത്തിന് ശേഷമുള്ള ഒരു പതിറ്റാണ്ടുകാലത്തെ അതിവേഗ സാമ്പത്തിക വളര്‍ച്ച ഇങ്ങനെ പഠിച്ചിറങ്ങിയവര്‍ക്ക് ജോലിയും നേടിക്കൊടുത്തു.

എന്‍ജിനീയറിംഗ് വിദ്യാഭ്യാസം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിന് ഇവിടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എതിരായിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയിത്തുടങ്ങി. ആ ഒഴുക്ക് ഇന്നും ഒരുപരിധിവരെ തുടരുന്നുണ്ട്.

2000ല്‍ ഇന്ത്യയിലാകെ ആയിരത്തിനാനൂറോളം എന്‍ജിനീയറിംഗ് കോളജുകള്‍ ഉണ്ടായിരുന്നതില്‍ 30 എണ്ണം മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. 2001 ന് ശേഷമാണ് കേരളത്തില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ കുതിപ്പ് നടക്കുന്നത്.

2001 ല്‍ എകെ ആന്റണി നേതൃത്വം നല്‍കിയ മന്ത്രിസഭ കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ സ്വകാര്യ മേഖലയെ അനുവദിക്കുന്ന സുപ്രധാന നയം നടപ്പാക്കി. അതിനുശേഷം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളുടെ എണ്ണത്തില്‍ കുതിച്ചുച്ചാട്ടമുണ്ടായി.

എകെ ആന്റണി Screengrab, Copyright: The Hindu

കോളേജുകളിലെ ആകെ സീറ്റിന്റെ 50 ശതമാനം സര്‍ക്കാര്‍ കോളേജുകളുടെ മാനദണ്ഡമനുസരിച്ച് പ്രവേശനം നേടുകയും ബാക്കി 50 ശതമാനം സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിടുകയും ചെയ്തു. അക്കാലത്ത് കേരളത്തില്‍ എന്‍ജിനീയറിംഗ് കോഴ്സുകളുടെ ദീര്‍ഘകാല ഡിമാന്‍ഡ് ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ക്രമാനുഗതമായ വര്‍ദ്ധനവിന് കേരളം സാക്ഷ്യം വഹിച്ചു.

ആന്റണി സര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ കോളേജുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കാരണമായെങ്കിലും ഗുണനിലവാരത്തില്‍ ആനുപാതികമായ പുരോഗതി ദൃശ്യമായില്ല. കോളേജുകളുടെ എണ്ണം വര്‍ധിച്ചത് കേരളത്തിലെ എന്‍ജിനീയറിംഗ് ബിരുദം താരതമ്യേന വിലകുറഞ്ഞതാവാന്‍ കാരണമായി. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ മുന്‍പേ തുടങ്ങിയ കോളേജുകള്‍ വിവിധ കമ്പനികളുമായി നല്ല ബന്ധം സ്ഥാപിച്ച് പ്ലേസ്‌മെന്റ് സാധ്യതകള്‍ ഉറപ്പാക്കിയിരുന്നു.

ഒരു കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞാല്‍ അത് കൊള്ളുന്നത് ഒരു എന്‍ജിനീയരുടെ മുകളില്‍ ആയിരിക്കും എന്ന സര്‍ക്കാസം വരെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസ വായ്പ നല്‍കി ബാങ്കുകള്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി. എന്‍ജിനീയറിംഗ് കോളേജുകളുടെ മികവ് കണക്കിലെടുക്കാതെ വരെ വിദ്യാര്‍ഥികള്‍ക്ക് ബാങ്കുകള്‍ പഠന വായ്പ നല്‍കി.

എന്‍ജിനീയറിംഗ് പഠനത്തിനായി കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഈ വിദ്യാഭ്യാസ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളാക്കി (എന്‍പിഎ) മാറ്റിയതിനാല്‍, വിദ്യാഭ്യാസ വായ്പകളിലൂടെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച ബാങ്കുകള്‍ക്ക് ഇത് തിരിച്ചടിയായി. കിട്ടാകടം കൂടിയപ്പോള്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി.

മറ്റൊരു വശത്ത് ഇത്രയും കോളേജുകള്‍ സൃഷ്ടിച്ച എന്‍ജിനീയര്‍മാരെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാനത്തെ വിപണിക്ക് കഴിഞ്ഞില്ല. തല്‍ഫലമായി തൊഴിലില്ലായ്മയും പെരുകി. ഇന്ന് 2024 വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് സിന്‍ഡ്രോം പതുക്കെ കുറഞ്ഞുവരികയാണ്. ചക്രം ഒരു പൂര്‍ത്തികരണ പോയിന്റില്‍ എത്തിയിരിക്കുന്നു. എന്‍ജിനീയറിംഗ് കോളേജുകളില്‍ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും പഠനത്തിന്റെ ഗുണനിലവാരവും ഇത് വ്യക്തമാക്കുന്നു.

2014ല്‍ നിലവില്‍വന്ന കേരള സാങ്കേതിക സര്‍വകലാശാലയോട് (കെടിയു) അഫിലിയേറ്റ് ചെയ്താണ് എന്‍ജിനീയറിംഗ് കോളേജുകളില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. അവയില്‍ മുക്കാല്‍പങ്കും സ്വകാര്യ സ്വാശ്രയ മേഖലയിലുമാണ്. പലപ്പോഴും റിസള്‍ട്ട് വരുമ്പോള്‍ കുറഞ്ഞ ശതമാനം വിദ്യാര്‍ഥികള്‍ ജയിക്കുന്നതും സ്വാശ്രയ മേഖലയിലാണ്.

കേരളത്തില്‍ എന്‍ജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്കാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബിടെക് പരീക്ഷാഫലം സൂചിപ്പിക്കുന്നത്. ഒട്ടേറെ കോളേജുകള്‍ മോശം അക്കാഡമിക് നിലവാരമാണ് പുലര്‍ത്തുന്നതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.

സര്‍വകലാശാലയ്ക്ക് കീഴിലുള്ള 128 കോളേജുകളില്‍ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തില്‍ താഴെയാണ്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തില്‍ താഴെയാണ്. തലസ്ഥാനത്തെ ഒരു കോളേജില്‍ പരീക്ഷ എഴുതിയ ആരും വിജയിച്ചില്ല.

സര്‍വകലാശാലയില്‍ ഈ വര്‍ഷത്തെ മൊത്തം വിജയം 53.03 ശതമാനമാണ്. 51 കോളേജുകള്‍ 50 ശതമാനത്തിന് മുകളില്‍ വിജയം നേടി. ഒന്‍പത് കോളേജുകളുടെ വിജയം 15 ശതമാനത്തില്‍ താഴെയും 17 കോളേജുകള്‍ 20 ശതമാനത്തില്‍ താഴെയുമാണ്. 36 കോളേജുകളിലെ വിജയം 30 ശതമാനത്തില്‍ താഴെയാണ്.

56 കോളേജുകള്‍ 40 ശതമാനത്തില്‍ താഴെയും 77 കോളേജുകള്‍ 50 ശതമാനത്തില്‍ താഴെയും വിജയമുള്ളവയാണ്. 24 കോളേജുകള്‍ക്ക് 60 ശതമാനത്തിന് മുകളില്‍ വിജയം നേടാനായി. 15 കോളേജുകള്‍ക്ക് 70 ശതമാനത്തിന് മുകളിലും രണ്ട് കോളേജുകള്‍ക്ക് 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.

കഴിഞ്ഞ വര്‍ഷം ഏഴ് കോളേജുകള്‍ക്കാണ് 80 ശതമാനത്തിന് മുകളില്‍ വിജയമുണ്ടായിരുന്നത്. 14 കോളേജുകള്‍ക്ക് 70 ശതമാനത്തിന് മുകളിലും 26 കോളേജുകള്‍ക്ക് 60 ശതമാനത്തിന് മുകളിലും വിജയമുണ്ടായിരുന്നു.

പ്രധാന ബ്രാഞ്ചുകളില്‍ വിജയം കുറവ് മെക്കാനിക്കലിലാണ്. മെക്കാനിക്കലില്‍ ഇത്തവണ 39.72 ശതമാനമാണ് വിജയം. 4708 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1870 പേര്‍ക്കാണ് വിജയിക്കാനായത്. കഴിഞ്ഞ വര്‍ഷം 43.34 ശതമാനമായിരുന്നു വിജയം. മറ്റ് പ്രധാന ബ്രാഞ്ചുകളിലും വിജയത്തില്‍ കുറവുവന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ കമ്പ്യൂട്ടര്‍ സയന്‍സില്‍ 7.02 ശതമാനം വിജയം കുറഞ്ഞു. 7781 പേര്‍ പരീക്ഷയെഴുതിയതില്‍ 4455 പേരാണ് (57.25 ശതമാനം) വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 64.27 ശതമാനമായിരുന്നു വിജയം. സിവില്‍ എന്‍ജിനീയറിംഗില്‍ കഴിഞ്ഞ വര്‍ഷം 59.33 ശതമാനമുണ്ടായിരുന്ന വിജയം ഇത്തവണ 51.51 ശതമാനമായി.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ 52.18 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 53.68 ശതമാനമായിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സിലും വിജയം ഇടിഞ്ഞു. ഇത്തവണ 46.49 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 51.07 ശതമാനമായിരുന്നു വിജയം.

ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗിലാണ് ഇത്തവണ ഉയര്‍ന്ന വിജയം, 84.51 ശതമാനം. കഴിഞ്ഞ വര്‍ഷവും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന വിജയം (84.84 ശതമാനം). ഫുഡ് ടെക്‌നോളജിയില്‍ കഴിഞ്ഞ വര്‍ഷം 81.53 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 66.24 ആയി.

അതേസമയം, വിജയ ശതമാനത്തില്‍ ഇടിവില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല വിശദീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ 50ല്‍ താഴെയായിരുന്ന വിജയ ശതമാനം കഴിഞ്ഞ വര്‍ഷം 56 ലേക്ക് മെച്ചപ്പെടുകയായിരുന്നുവെന്നും ഇത്തവണ വലിയ കുറവില്ലെന്നുമാണ് വാദം. വിജയ ശതമാനം കൂട്ടാന്‍ അനര്‍ഹരെ പാസാക്കുന്നില്ലെന്നതിന് തെളിവാണ് ഇതെന്നും കെടിയു വിസി സജി ഗോപിനാഥ് ഒരു മാധ്യമത്തോട് പറഞ്ഞു.

കേരള സാങ്കേതിക സര്‍വകലാശാല Screengrab, Copyright: Indian Express

തകര്‍ന്നുകൊണ്ടിരിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ കൈപ്പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സുപ്രധാന നീക്കം നടത്തി. സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എന്‍ജിനിയറിംഗ് കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അനുമതിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക് എന്‍ജിനിയറിംഗ് പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പഠിക്കാന്‍ കുട്ടികളില്ലാതെ സീറ്റുകള്‍ കാലിയാവുന്നതിനാല്‍ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഇളവ്.

എന്‍ജിനിയറിംഗ് പഠന നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി എന്‍ട്രന്‍സ് റാങ്കുകാര്‍ക്ക് മാത്രമായി നടത്തിവന്ന പ്രവേശനത്തിലാണ് സര്‍ക്കാരിന്റെ ഇളവ്. എന്‍ആര്‍ഐ ക്വാട്ടയിലൊഴികെ എന്‍ട്രന്‍സ് യോഗ്യത നേടാത്തവര്‍ക്ക് ഇതുവരെ പ്രവേശനം നേടാനാവില്ലായിരുന്നു

പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളില്‍ ഓരോന്നിലും 10 മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക് പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാത്തവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയെഴുതാത്തവര്‍ക്കും പുതിയ ഉത്തരവ് പ്രകാരം പ്രവേശനം കിട്ടും.

സര്‍ക്കാരിന്റെ ഈ ഇടപെടല്‍ എന്‍ജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരത്തില്‍ സാരമായ പരിക്കേല്‍പ്പിക്കും എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തവണത്തെ എന്‍ജിനീയറിംഗ് വിജയ ശതമാനവും ചര്‍ച്ചയാവുന്നത്.

എന്‍ജിനീയറിംഗ് പഠിച്ചിറങ്ങുന്നവരില്‍ നല്ലൊരു ശതമനാവും മറ്റു തൊഴില്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. യുപിഎസ്‌സി പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നവരിലും വലിയൊരു ശതമാനം എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ഉണ്ടായിരിക്കെ അക്കാദമിക് പ്രശ്‌നത്തിന് പുറമേ സാമൂഹ്യ പ്രശ്‌നമായും ഈ വിഷയത്തെ പരിഗണിക്കണം.

അധ്യയനം, പരീക്ഷാഫലം, ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, അവയുടെ നിലവാരം, പേറ്റന്റുകള്‍, പിഎച്ച്ഡി നേടുന്നവരുടെ എണ്ണം, വ്യവസായബന്ധിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഊന്നിയുള്ള പാഠ്യപദ്ധതികള്‍ ആവിഷ്‌ക്കരിച്ച്, എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആഗോളതലത്തിലുള്ള മാറ്റങ്ങളും പുതിയ രീതിശാസ്ത്രങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാലെ ഈ മേഖലയിലെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പറ്റൂ.

FAQs

എന്താണ് എന്‍ജിനീയറിംഗ് ?

ശാസ്ത്രീയമായ അറിവുകൾ പ്രയോഗിച്ചും പ്രകൃതിനിയമങ്ങൾ, ഭൗതിക സ്രോതസ്സുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും പ്രത്യേക വസ്തുതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി രൂപഘടനകൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, വ്യൂഹങ്ങൾ മുതലായവയുടെ നിർമ്മാണം സാധ്യമാക്കുന്ന തൊഴിൽ രീതി.

ആരാണ് എകെ ആൻറണി?

ഇന്ത്യയുടെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്നറിയപ്പെടുന്ന എകെ ആൻറണി.

എന്താണ് വിദ്യാഭ്യാസം?

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അറിവ് പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

Quotes

“സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ വാതിൽ തുറക്കുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം- ജോർജ്ജ് വാഷിംഗ്ടൺ കാർവർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.