Sun. Nov 17th, 2024

 

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്.

25 വര്‍ഷത്തിനു ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ തവണയും സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ നിര്‍ബന്ധത്തിനു മുന്നില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തിലൊരിക്കലാണ് അമ്മ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദീഖിനായിരുന്നു.

നാലു തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.

കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയെങ്കിലും മോഹന്‍ലാല്‍ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി.

ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1994-ല്‍ അമ്മ രൂപീകൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം.

മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോള്‍ അവരുടെ ഷൂട്ടിങ് തിരക്കുകള്‍ മൂലം ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറല്‍ സെക്രട്ടറിയായത്.

2021-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.

മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.