Sun. Nov 17th, 2024

 

ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേലില്‍ 42,000 സ്ത്രീകള്‍ തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചെന്ന് സുരക്ഷാ മന്ത്രാലയം. 18,000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു.

തോക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവിന് കാരണം ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള അരക്ഷിതാവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനയാണ് തോക്ക് ലൈസന്‍സ് അപേക്ഷകരിലുണ്ടായിരിക്കുന്നത്. തോക്ക് കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു.

തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗിവിര്‍ ആണ് ഇതിനു മേല്‍നോട്ടം വഹിച്ചത്. 2022ല്‍ അധികാരമേല്‍ക്കുമ്പോള്‍ തന്നെ നിയമം പരിഷ്‌കരിക്കുമെന്ന് ബെന്‍ഗിവിര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇസ്രായേലിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുമായി 15,000ത്തിലേറെ സ്ത്രീകള്‍ക്ക് നിലവില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇതില്‍ 10,000 പേര്‍ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ ഏഴിനുശേഷം ഏതു സമയവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണുള്ളതെന്നാണ് ടെല്‍അവീവ് സ്വദേശിയായ ഇംഗ്ലീഷ് അധ്യാപിക കോറിന്‍ നിസിം പറയുന്നത്.

‘സംഭവത്തിനുശേഷം മിക്ക ഇസ്രായേലികളെപ്പോലെ, നമുക്ക് നമ്മളേയുള്ളൂവെന്ന തിരിച്ചറിവിലെത്തുകയായിരുന്നു ഞാനും. ജീവന്‍ രക്ഷിക്കാന്‍ മറ്റാരുമില്ലാത്ത സ്ഥിതിയാണ്. പേടി കൂടാതെ ജീവിക്കാന്‍ വേണ്ടി ഇപ്പോള്‍ പരിശീലനമെല്ലാം നേടി തോക്കും ലൈസന്‍സും സ്വന്തമാക്കിയിരിക്കുകയാണ്.’, കോറിന്‍ നിസിം പറഞ്ഞു.

ഇപ്പോള്‍ തോക്കില്ലാതെ പുറത്തിറങ്ങാറില്ലെന്നും നിസിം പറയുന്നു. ഒരു കൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായാണ് നടക്കുന്നത്. ഇതിപ്പോള്‍ ഇസ്രായേലില്‍ പതിവുകാഴ്ചയായി മാറിയിരിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 300 സൈനികര്‍ ഉള്‍പ്പെടെ 1,200 പേരാണ് കൊല്ലപ്പെട്ടത്. 251 ഇസ്രായേല്‍ പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുകയാണ്. എട്ടുമാസത്തിനിടെ 37,431 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ ഒരു ലക്ഷത്തോളം വരും.