Sat. Jan 18th, 2025
Arrest Warrant Issued Against 'Bhaskar Oru Rascal' Producer Over Unpaid Dues to Arvind Swami

ചെന്നൈ: അരവിന്ദ് സ്വാമി നായകനായ തമിഴ് സിനിമ ‘ഭാസ്‌കർ ഒരു റാസ്‌കലി’ ന്റെ നിർമ്മാതാവ് കെ മുരുകനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകാത്തതിനും കടമെടുത്ത 35 ലക്ഷംരൂപ തിരിച്ചടയ്ക്കാത്തതിനുമാണ് അറസ്റ്റ് വാറന്റ്.

മമ്മൂട്ടി നായകനായ ‘ഭാസ്‌കർ ദ റാസ്‌കൽ’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അരവിന്ദ് സ്വാമിക്ക് മൂന്നുകോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. തുകയിൽനിന്ന് നികുതിപിടിച്ച് ആദായനികുതി വകുപ്പിന് നൽകുമെന്നും കരാറുണ്ടായിരുന്നു. 2018 മേയ് 17-ന് സിനിമ റിലീസ് ചെയ്തെങ്കിലും 30 ലക്ഷംരൂപ നിർമ്മാതാവ് അരവിന്ദ് സ്വാമിക്ക് നൽകിയില്ല.

നികുതിത്തുകയായ 27 ലക്ഷം ആദായനികുതി വകുപ്പിൽ അടച്ചതുമില്ല. ആയതിനാൽ 18 ശതമാനം പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്കു നൽകാനും ആദായനികുതിവകുപ്പിൽ 27 ലക്ഷം അടയ്ക്കാനും നേരത്തേ നിർമ്മാതാവിനോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തന്റെ കൈവശം യാതൊരു സ്വത്തുമില്ലെന്ന് നിർമ്മാതാവ് വെളിപ്പെടുത്തി.

തുടർന്നാണ് സ്വത്തു വിവരം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ നിർമ്മാതാവ് ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിനായി 35 ലക്ഷംരൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു കേസും നിർമ്മാതാവിന്റെ പേരിലുണ്ട്.