ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ആദ്യത്തെ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. 51 പേരെ ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയതായും റെസ്ക്യൂഷിപ് അറിയിച്ചു. സിറിയ, ഈജിപ്ത് , പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യുഎൻഎച്ച്സിആർ അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറി.
തെക്കെ ഇറ്റലിയിലെ കാലാബ്രിയ തീരത്തു നിന്ന് 100 മൈൽ അകലെ അതേദിവസം തന്നെ ഉണ്ടായ അപകടത്തിൽ നിരവധി കുട്ടികളടക്കം 66 പേരെ കാണാതായതായി. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. കപ്പൽ തുർക്കിയിൽ നിന്ന് പുറപ്പെട്ടതാണെന്നാണ് റിപ്പോർട്ട്.