Wed. Dec 18th, 2024

കൊച്ചി : ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. 

അന്തിമ തീരുമാനം എടുക്കാനായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ സിനഡിന് മുന്‍പ് സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത് വിവദത്തിനിടയാക്കി. ഏകീകൃത കുർബാന അംഗീകരിച്ചില്ലെങ്കിൽ വൈദിക വിദ്യാർത്ഥികൾക്ക് പട്ടം നൽകില്ലെന്നും സർക്കുലറിൽ പറയുന്നു. ജൂൺ 16 ഞായറാഴ്ച എല്ലാ അതിരൂപത പള്ളിയിലും ഈ സർക്കുലർ വായിക്കണമെന്നും നിർദേശമുണ്ട്. 

വിലക്കേർപ്പടുത്തുന്ന വൈദികരെ മറ്റ് കാർമികമായ എല്ലാ കൂ​ദാശകൾ നടത്തുന്നതിൽനിന്നും പൂർണമായും വിലക്കുമെന്നും വൈദികർ അർപ്പിക്കുന്ന കർമങ്ങളിൽനിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അം​ഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിലുണ്ട്. അതേസമയം സർക്കുലർ നിയമവിരുദ്ധമാണെന്ന് അൽമായ മുന്നേറ്റം പ്രതികരിച്ചു.