Sat. Jan 18th, 2025

ചെന്നൈ: ബിജെപി എം പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിൻ്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് സമ്മാനം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിൻ്റെ ചിത്രമുള്ള സ്വര്‍ണമോതിരമാണ് കുല്‍വീന്ദര്‍ കൗറിന് സമ്മാനമായി നല്‍കുകയെന്ന് ടിപിഡികെ ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍ പറഞ്ഞു. എട്ട് ഗ്രാമിന്റെ മോതിരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

‘കുല്‍വീന്ദറിൻ്റെ വീട്ടുവിലാസത്തില്‍ മോതിരം അയക്കുമെന്നും കൊറിയര്‍ സര്‍വീസില്‍ സ്വര്‍ണ മോതിരം സ്വീകരിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകനെ അവരുടെ വീട്ടിലേക്ക് അയക്കുമെന്നും ടിപിഡികെ നേതാവ് പറഞ്ഞു.

കര്‍ഷകരെ പിന്തുണച്ചത് കൊണ്ടാണ് പാര്‍ട്ടി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ചവരില്‍ കുല്‍വീന്ദര്‍ കൗറിന്റെ അമ്മയും ഉണ്ടായിരുന്നെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മോതിരത്തിനൊപ്പം പെരിയാറിൻ്റെ ചില പുസ്തകങ്ങള്‍ കൂടി കൗറിന് സമ്മാനിക്കുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.