Wed. Jan 22nd, 2025

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 

അനിൽ, അഷ്റഫ്, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇടിമിന്നലേറ്റ ഇവർ ബീച്ചിൽ തളർന്നുവീഴുന്നത് കണ്ട ആളുകളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

വ്യാഴാഴ്ച രണ്ട് മണിയോടെ കോഴിക്കോട് നഗരത്തിൽ വലിയ രീതിയിൽ ഇടിയും മിന്നലുമുണ്ടായിരുന്നു. ഈ സമയം പരിക്കേറ്റവർ കടലിലായതിനാലും ജില്ലയിൽ മഴ മാറി നിൽക്കുന്ന സാഹചര്യമായതിനാലുമാണ് അപടത്തിൻ്റെ ആഘാതം വർദ്ധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിരുന്നു.