കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക കണ്ടെത്തൽ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മത്സ്യകർഷകരുടെ നാശനഷ്ടം സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പ് ഇന്നത്തോടെ അവസാനിക്കും. ഇന്ന് ഉച്ചയോടെ സബ് കലക്ടർക്ക് റിപ്പോർട്ട് കൈമാറും. പെരിയാറിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടം കൂടി കണക്കിലെടുത്ത് 10 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഫിഷറീസ് വകുപ്പ് കണക്കാക്കുന്നത്. കുഫോസ് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്.