Wed. Dec 18th, 2024

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ തന്റേതാണെന്നുള്ള തെളിവുകൾ നിരത്തി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. താൻ പറയുന്നത് കള്ളമാണെന്ന് ആരൊക്കെ പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ല എന്ന് ഷാരിസ് മുഹമ്മദ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.

“അന്ന് റോഷൻ മാത്യുവിനെയാണ് നടനായി ഞങ്ങൾ കണ്ടത്. 2021ൽ മനസ്സിൽ വന്ന കോവിഡ് കഥ 14 സെപ്റ്റംബർ 2021, 13 സെപ്റ്റംബർ 2021 തിയതികളിലായി സംവിധായകൻ ശ്രീജിത്തേട്ടന്റെ മെയിലിൽ നിന്നാണ് റോഷന് അയച്ചത്. ഇതാണ് ദൈവത്തിന്റെ തെളിവ്. ഹാരിസ് ദേശത്തിന്റെ മൈലിലും തെളിവുണ്ട്.”, ഷാരിസ് മുഹമ്മദ് പറഞ്ഞു.

2021ലാണ് ചിത്രം ചിന്തിക്കുന്നതെന്നും ശ്രീജിത്ത് നായർ എന്ന ക്യാമറാമാനോടാണ് ആദ്യം പറഞ്ഞതെന്നും ഷാരിസ് മുഹമ്മദ് പറഞ്ഞു. ‘പിന്നീട് ഞങ്ങൾ തിരക്കഥയിൽ വർക്ക് ചെയ്തു. അപ്പോളാണ് ജനഗണമനയുടെ ലൈൻ പ്രൊഡ്യൂസറായ ഹാരിസ് ദേശത്തോട് കഥ പറയുന്നത്.’, ഷാരിസ് മുഹമ്മദ് കൂട്ടിച്ചേർത്തു.

“നമുക്കൊരു കഥ പറയണം. അത് പ്രേക്ഷകരിലേക്കെത്തിയാൽ നല്ലത് എന്ന ഒരു വിഷനിലാണ് എല്ലാ റൈറ്റേഴ്സും ഇതു ചെയ്യുന്നത്. എന്നുപറഞ്ഞ് ഒരു കഥ നമ്മുടെ മാത്രമായി റജിസ്റ്റർ ചെയ്ത് വയ്ക്കാൻ പറ്റില്ലല്ലോ. വേറൊരാൾ വളരെ ഇൻഡിപെൻഡന്റായി അത് ആലോചിച്ചാൽ അത് അയാളുടെയും കൂടിയാണ്.”, ഷാരിസ് മുഹമ്മദ് പറഞ്ഞു.

“ഇത് രാജീവ് എന്ന് പറയുന്ന ആളുടെയും നിഷാദ് കോയയുടെയും എന്റെയും കഥയാണ്. ഇതിൽ ഏറ്റവും അവസാനം വരുന്നയാളാണ് ഞാൻ. 2021 ലാണ് എന്റെ ടൈംലൈൻ തുടങ്ങുന്നത്. പക്ഷേ എന്റെ സിനിമയാണ് നടക്കുന്നത്.,” ഷാരിസ് മുഹമ്മദ് കൂട്ടിച്ചേർത്തു.

“2021 ല്‍ ഞാൻ അയച്ച ഡ്രാഫ്റ്റ് അയയ്ക്കുന്ന സമയം തൊട്ട് അതിനു മുൻപോ അതിനു ശേഷമോ ഞാൻ നിഷാദിക്കയും തമ്മിൽ ഒരു രീതിയിലും ഇതിനെക്കുറിച്ച് ഡിസ്കസ് ചെയ്തിട്ടില്ല. ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും മീറ്റിങ്ങിൽ തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു.”, ഷാരിസ് മുഹമ്മദ് പറഞ്ഞു.