Sun. May 19th, 2024

ജാതിയല്ല മറിച്ച് അക്കാദമിക് ആയിട്ടുള്ള പ്രശ്നമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചത് എങ്കിൽ അത് വലിയൊരു ചർച്ചാ വിഷയമാകുമായിരുന്നു. കാരണം അത് വിദ്യാഭ്യസ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികളെയും ബാധിക്കുന്ന ഒരു കാര്യമാണ്

വീണ്ടും ഒരു വിദ്യാർത്ഥി ആത്മഹത്യകൂടി സംഭവിച്ചിരിക്കുകയാണ്. കോഴിക്കോട് എൻഐടിയിൽ മൂന്നാം വർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം മാത്രം നാല് വിദ്യാർത്ഥികളാണ് കോഴിക്കോട്  എൻഐടിയിൽ ആത്മഹത്യ ചെയ്തത്. 

ബൗദ്ധിക – സാങ്കേതിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഉന്നത നിലവാരം ഉറപ്പ് നൽകുന്ന ക്യാമ്പസുകളിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. 2019 മുതൽ 2023 വരെ 98 കുട്ടികൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ കൊലക്കളമായി മാറുന്നത്?

അണ്ടർപ്രിവിലേജിഡായിട്ടുള്ള വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന പിന്തുണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാതെ വരുന്നുണ്ടെന്നും അത് വിദ്യാർത്ഥികളെ സാരമായി ബാധിക്കാറുണ്ടെന്നും മദ്രാസ് സർവകലാശാല അധ്യാപകൻ സന്തോഷ് ഒ കെ വോക്ക് മലയാളത്തോട് പറഞ്ഞു. 

‘മിടുക്കരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഐഐടി, എൻഐടി പോലുള്ള സ്ഥാപനങ്ങളിൽ തുടർച്ചയായി വിദ്യാർത്ഥികളുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ ആഭ്യന്തര അന്വേഷണ ഏജൻസികൾ ഇതിനെ പരീക്ഷയിൽ തോറ്റതുമൂലം കുട്ടികൾക്കുണ്ടാകുന്ന നിരാശ കാരണമാണെന്നാണ് പലപ്പോഴും വിശദീകരിക്കാൻ ശ്രമിക്കുന്നത്. 

എന്നാൽ അവിടെയുള്ള ജാതി പ്രശ്നങ്ങളെ ആരും ചൂണ്ടിക്കാണിക്കുന്നില്ല. പ്രത്യേകിച്ച്  അണ്ടർപ്രിവിലേജിഡായിട്ടുള്ള വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന പിന്തുണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നില്ല. ഭാഷാപരമായ വിവേചനം, കുട്ടികളുടെ റാങ്ക് ലിസ്റ്റുകൾ പരിശോധിച്ച് അവർക്ക് സംവരണം ലഭിച്ചിട്ടുണ്ടോയെന്ന് അധ്യാപകർ തന്നെ ചോദ്യം ചെയ്യുന്നു. അങ്ങനെ അഡ്മിഷൻ്റെ സമയത്ത് തന്നെ കുട്ടികൾ  മാറ്റിനിർത്തപ്പെടുകയാണ്. പ്രിവിലേജ്ഡായിട്ടുള്ള കുട്ടികളോടൊപ്പം മത്സരിക്കാൻ ഇവർ യോഗ്യരല്ലെന്ന് സ്ഥാപനങ്ങളും അധ്യാപകരും വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിദ്യാർത്ഥികളുടെ അഭിമുഖങ്ങളിൽ നിന്നും റിപ്പോർട്ടുകളിൽ നിന്നുമെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നത്.’ 

‘ഇത് അടിസ്ഥാനപരമായ ഒരു പ്രശ്നമാണ്. ക്യാമ്പസുകളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത് ദളിതരും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും ന്യൂനപക്ഷക്കാരുമാണ്. ഫാത്തിമ ലത്തീഫിൻ്റെ കാര്യം തന്നെ നോക്കുകയാണെങ്കിൽ, ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ട് പോലും അന്വേഷണം എവിടെയും എത്തിയില്ല. മാത്രമല്ല മരണത്തിന് കാരണക്കാരായ അധ്യാപകൻ ഇപ്പോഴും ഐഐടി മദ്രാസിൽ ജോലി ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോഴും അതിനുത്തരവാദികളായവരെ ശിക്ഷിക്കാനോ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ നമ്മുടെ അക്കാദമിക് സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല. 

ഉദാഹരണത്തിന് ഒരു ഗവേഷക വിദ്യാർത്ഥി സ്ഥാപനത്തിലെ ഫാകൽറ്റിക്കെതിരെ പരാതി നൽകിയാൽ ആ ഫാകൽറ്റിക്കെതിരെ നടപടി സ്വീകരിക്കാനുള്ള സർവകലാശാലയുടെ അധികാരം വളരെ പരിമിതമാണ്. അല്ലെങ്കിൽ അത്രയും ഗുരുതരമായ ആരോപണമായിരിക്കണം. നമ്മുടെ നിയമങ്ങളിൽ തന്നെ പ്രശ്നങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്ഥാപനങ്ങളിലുള്ള ഇൻ്റേണൽ കോൺഫ്ലിക്ട് കമ്മിറ്റി എന്ന സംഘടന ഇരകൾക്കൊപ്പം നിൽക്കാതെ കുറ്റവാളികൾക്കൊപ്പം നിൽക്കുന്നൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത്തരം സങ്കീർണമായ സ്ഥാപനങ്ങൾക്കുള്ളിലാണ് ആത്മഹത്യകളും മറ്റ് പ്രശ്നങ്ങളും നടക്കുന്നത്.’ 

‘കേരളത്തിൽ തന്നെ എത്രയോ പേർ അവരുടെ ജാതി അനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്നത്തെ വിദ്യാർത്ഥി സമൂഹം ഇത്തരം വിഷയങ്ങളിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിച്ച് അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ടകൾക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകളാണുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ പൊതു വിദ്യാർത്ഥി സമൂഹത്തിൻ്റെ വിഷയമായി മാറുന്നില്ല. കാലടി സർവകലാശാലയിൽ ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് രണ്ടോ മൂന്നോ ദളിത് വിദ്യാർത്ഥിനികൾ സമരം ചെയ്തിരുന്നു.

എന്നാൽ ആ സമരത്തെ ഇല്ലാതാക്കിയത് ആ ക്യാമ്പസിലെ പ്രബലരായ വിദ്യാർത്ഥി സംഘടനകൾ തന്നെയാണ്. എന്നാൽ ആ വിദ്യാർത്ഥി സംഘടനകളാകട്ടെ എല്ലാ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിച്ച് വിജയിപ്പിച്ച ക്യാമ്പസാണ് തങ്ങളുടേതെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. 

പ്രശ്നങ്ങൾ നേരിടുന്നവരെ കുറ്റപ്പെടുത്താനും മാറ്റിനിർത്താനുമാണ് എല്ലാവരും ശ്രമിക്കുന്നത്. മാത്രമല്ല, ജാതീയമായ വിഷയങ്ങളെ ഇത്തരം സ്ഥാപനങ്ങളിലിരിക്കുന്നവർ അവരുടെ രാഷ്ട്രീയത്തിനനുസരിച്ചും അവരെ നിയമിച്ചിരിക്കുന്ന ആളുകളുടെ താൽപര്യങ്ങൾക്കനുസരിച്ചും മാറ്റുകയാണ്. അവയെ എവിടെയും പരാമർശിക്കുന്നില്ല’, സന്തോഷ് ഒ കെ വോക്ക് മലയാളത്തോട് പറഞ്ഞു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ആത്മഹത്യകളുടെ കാരണങ്ങളിലെ പ്രധാന ഘടകം, വിദ്യാഭ്യാസ മേഖലകളിൽ ജാതി വളരെ ശക്തമായി നിലനിൽക്കുന്നതുകൊണ്ടാണെന്ന് സംവരണ – വിദ്യാഭ്യാസ അവകാശ പ്രവർത്തകനായ ഒ പി രവീന്ദ്രൻ വോക്ക് മലയാളത്തോട് പറഞ്ഞു. 

‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ ഒന്നായിരുന്നു ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യ. ബിജെപിയുടെ ഹിന്ദുത്വ ശക്തികളുടെ വലിയൊരു ഇടപെടൽ രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നിലുണ്ടായിരുന്നു. മാറ്റൊരു സംഭവം ഐഐടി മദ്രസ് ക്യാമ്പസിൽ ഫാത്തിമ ലത്തീഫ് എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതാണ്. പിന്നാക്ക വിഭാഗത്തിലെ കുട്ടികളും ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുമാണ് ഇതിൽ ബലിയാടുകളാകുന്നത്.’ 

‘ബ്രാഹ്മിണിക്കൽ അധ്യാപകരുള്ള സ്ഥാപനങ്ങളിലേക്കാണ് മുസ്ലീങ്ങളും ദളിതരുമായ വിദ്യാർത്ഥികളെത്തുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതിലും എസ്സി എസ്ടി വിഭാഗക്കാരുടേയും ഒബിസി വിഭാഗക്കാരുടേയും പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. യുജിസി എല്ലാ വർഷവും ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജ്യുക്കേഷൻ എന്നൊരു സർവേ പുറത്തിറക്കാറുണ്ട്. 2014 ൽ നടത്തിയ ഒരു സർവേ വളരെ കൃത്യമായി ഞാൻ ശ്രദ്ധിച്ചിരുന്നു.

അതിൽ ഉയർന്ന ജാതിയിലുള്ള അധ്യാപകരുടെ പ്രാതിനിധ്യം 89 ശതമാനമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നത് അവിടെയുള്ള അധ്യാപകർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. കാരണം അവർ കുത്തകയാക്കി വെച്ചിരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അവർക്ക് നഷ്ടമാകുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ മറ്റ് വിഭാഗത്തിലുള്ള കുട്ടികളോട് അവഗണന കാട്ടിയും പല രീതിയിലൂടെയും അവരെ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്.’ 

‘രോഹിത്തിൻ്റെ മരണം നടന്നപ്പോൾ നടത്തിയ ഒരു പഠനത്തിൽ ഇക്കാലയളവിൽ 600ൽ പരം ആത്മഹത്യകൾ നടന്നിട്ടുള്ളതായി പറയുന്നു. സാധാരണ ജനങ്ങളാണ് ഇതിന് വിധേയരാകുന്നത് എന്നത് കൊണ്ടുതന്നെ ഇന്ത്യയിലെ മാധ്യമങ്ങൾ ഇതിന് വലിയ പ്രാധാന്യം നൽകുന്നില്ല. 

ജാതിയല്ല മറിച്ച് അക്കാദമിക് ആയിട്ടുള്ള പ്രശ്നമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചത് എങ്കിൽ അത് വലിയൊരു ചർച്ചാ വിഷയമാകുമായിരുന്നു. കാരണം അത് വിദ്യാഭ്യസ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികളെയും ബാധിക്കുന്ന ഒരു കാര്യമാണ്. അപ്പർ ക്ലാസിലുള്ള കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ ക്യാമ്പസുകളിൽ ഉണ്ടാകുന്നില്ല. അവർക്ക് അതിൻ്റേതായ പ്രിവിലേജ് ക്യാമ്പസിനുള്ളിൽ ലഭിക്കുന്നുണ്ട്’, ഒ പി രവീന്ദ്രൻ വോക്ക് മലയാളത്തോട് പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം 2018 ൽ  കേന്ദ്ര സർവകലാശാലകൾ, ഐഐടി, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്തത്  21 വിദ്യാർത്ഥികളാണ്. 2019ൽ 19 ആത്മഹത്യകൾ, 2020ൽ 7 ആത്മഹത്യകൾ. 2022ൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 24 ആയി ഉയർന്നു. 2023 ലെ ആദ്യ ഏഴ് മാസങ്ങളിൽ 20 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ ഐഐടികളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

FAQs

ആരാണ് രോഹിത് വെമുല?

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജാതീയമായ പീഡനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ ദളിത് വിദ്യാർത്ഥി നേതാവായിരുന്നു രോഹിത് വെമുല.

ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ?

2019 നവംബർ 9 നാണ് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വർഷ ബിരുദാനന്തര ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാലാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു.

Quotes

അസംബന്ധങ്ങൾ നിങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്നവർക്ക് നിങ്ങളെക്കൊണ്ട് ക്രൂരതകൾ ചെയ്യിക്കാനും കഴിയും- വോൾട്ടെയർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.