Wed. Dec 18th, 2024

ഗാസയിൽ ഇസ്രായേൽ നടത്തിയ ക്രൂരതകളും ഫലസ്തീനികളുടെ ദുരിതവും ലോകത്തിന് മുന്നിലെത്തിച്ച ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്ക് യുനെസ്കോയുടെ പ്രസ് ഫ്രീഡം പുരസ്കാരം.

ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ ധൈര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഇന്റർനാഷനൽ ജൂറി ഓഫ് മീഡിയ പ്രഫഷനൽസിന്റെ ചെയർമാൻ മൗറീഷ്യോ വെയ്ബെൽ പറഞ്ഞു.

അപകടകരമായ ഏത് സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്കുള്ള ആദരവായിട്ടാണ് ഈ അവാർഡ് നൽകുന്നതെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു.

1997 മുതലാണ് യുനെസ്കോ/ഗില്ലെർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരം സമ്മാനിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പിന്തുണക്കുക എന്നിവയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

അതേസമയം, ഒക്ടോബർ ഏഴ് മുതലാണ് ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. 35000 ലധികം ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 141 മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.