Fri. Nov 22nd, 2024

നാൽപ്പത് ദിവസം ഞങ്ങൾ ഉറങ്ങിയത് റോഡിലാണ്. പക്ഷേ ഞങ്ങൾക്ക് ജയിക്കാനായില്ല. ഞങ്ങളെ പിന്തുണക്കാനെത്തിയ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ല. ബ്രിജ് ഭൂഷണിനെ പോലൊരാൾ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. അയാളുടെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ ഒരാളാണ് ഡബ്ലുഎഫ്ഐയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിനായി ഇനി ഗുസ്തിയിൽ മത്സരിക്കില്ല എന്നാണ്  വിരമിക്കൽ പ്രഖ്യാപനം നടത്തി തൻ്റെ ബൂട്ടുകൾ മേശപ്പുറത്ത് അഴിച്ചുവെച്ചുകൊണ്ട് സാക്ഷി മാലിക് പറഞ്ഞത്

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ അനുയായിയായ സഞ്ജയ് സിങ്ങ് വിജയിച്ചതിനുപിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് നടത്തിയ വിരമിക്കൽ പ്രഖ്യാപനം വേദനയോടെയാണ് ഇന്ത്യയിലെ ജനങ്ങൾ കണ്ടത്. 

“നാൽപ്പത് ദിവസം ഞങ്ങൾ ഉറങ്ങിയത് റോഡിലാണ്. പക്ഷേ ഞങ്ങൾക്ക് ജയിക്കാനായില്ല. ഞങ്ങളെ പിന്തുണക്കാനെത്തിയ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ല. ബ്രിജ് ഭൂഷണിനെ പോലൊരാൾ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. അയാളുടെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ ഒരാളാണ് ഡബ്ലുഎഫ്ഐയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിനായി ഇനി ഗുസ്തിയിൽ മത്സരിക്കില്ല” എന്നാണ്  വിരമിക്കൽ പ്രഖ്യാപനം നടത്തി തൻ്റെ ബൂട്ടുകൾ മേശപ്പുറത്ത് അഴിച്ചുവെച്ചുകൊണ്ട് സാക്ഷി മാലിക് പറഞ്ഞത്.

സാക്ഷി മാലിക് തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തുന്നു Screen-grab, Copyrights: The hindu

വികാരഭരിതരായാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും പത്രസമ്മേളനത്തിൽ സംസാരിച്ചത്. തങ്ങൾ ഇവിടെ വന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടിയല്ലെന്നും സത്യത്തിനുവേണ്ടിയാണെന്നും സർക്കാർ ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബജ്റംഗ് പൂനിയ പറഞ്ഞു.

രാജ്യത്തെ വനിത ഗുസ്തി താരങ്ങൾ ഇനിയും പീഡനങ്ങൾ സഹിക്കേണ്ടിവരുമെന്ന് വിനേഷ് ഫോഗട്ടും പ്രതികരിച്ചു. പ്രമുഖ ഗുസ്തി താരവും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ അനിത ഷിയോറനെയെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ്ങ് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 47ൽ 40 വോട്ടും നേടിയാണ് സഞ്ജയ് സിങ്ങ് വിജയിച്ചത്.

ദി ക്വിൻ്റിൻ്റെ റിപ്പോർട്ടനുസരിച്ച് ഗുസ്തിക്കാർക്കിടയിൽ ബബ്ലു എന്നറിയപ്പെടുന്ന സഞ്ജയ് സിങ്ങ് ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ്റെ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു. 2019 മുതൽ ഡബ്ലുഎഫ്ഐയുടെ എക്സിക്യൂട്ടീവ് അംഗവും ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു.

ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച സഞ്ജയ് സിങ്ങ് പ്രാദേശിക ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2009ൽ ഉത്തർപ്രദേശ് അസോസിയേഷൻ രൂപീകരിച്ചപ്പോൾ ബ്രിജ് ഭൂഷൺ ശരൺ സിംങ് പ്രസിഡൻ്റും സഞ്ജയ് സിങ്ങ് വൈസ് പ്രസിഡൻ്റുമായിരുന്നു.  ബ്രിജ് ഭൂഷണിന് തൻ്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് സിങ്ങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇനി രാജ്യത്തിനായി മത്സരിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മടങ്ങിയത് ഒളിംപിക്സ് ഗുസ്തിയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണെന്നത് തീർത്തും വേദനാജനകമാണ്. ഹരിയാനയിലെ മോഖ്റ സ്വദേശിയായ സാക്ഷി മാലിക് തൻ്റെ 12ാം വയസിലാണ് ഗോദയിലേക്കിറങ്ങുന്നത്.

ഗുസ്തി പെൺകുട്ടികൾക്കുള്ളതല്ലയെന്ന വിമർശനങ്ങളെ മലർത്തിയടിച്ചുകൊണ്ട് മുന്നേറിയ സാക്ഷി 2010ൽ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കുകയായിരുന്നു. 2014ലെ ഡേവ് ഷൂൾട്സ് ഇൻ്റർനാഷണൽ ടൂർണമെൻ്റിൽ, 60 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടി.

2014 മുതൽ തുടർച്ചയായി മൂന്ന് കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടാൻ സാക്ഷി മാലിക്കിന് കഴിഞ്ഞു. 2016ലെ റിയോ ഒളിംപിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കി ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ഗുസ്തി താരമായി മാറി. 2016ൽ ഖേൽരഖ്നയും 2017ൽ പത്മശ്രീയും നൽകി രാജ്യം സാക്ഷി മാലിക്കിനെ ആദരിച്ചു. 

എന്നാൽ 2023ൽ ഗോദയിൽ ആരവങ്ങൾക്കുനടുവിൽ തിളങ്ങിനിന്നിരുന്ന താരങ്ങൾ നടുറോഡിൽ വലിച്ചിഴപ്പെടുന്നതിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ജനുവരി 18 നാണ് ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ സമരം ആരംഭിക്കുന്നത്. 

അന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചാണ്  താരങ്ങൾ രംഗത്തെത്തിയത്. വനിത കായിക താരങ്ങളെ വർഷങ്ങളായി ബ്രിജ് ഭൂഷൺ പീഡിപ്പിക്കുകയാണെന്നും  ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്നുമായിരുന്നു സമരത്തിൻ്റെ ആവശ്യം.

ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ Screen-grab, Copyrights: The Print

സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ ബ്രിജ് ഭൂഷണെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ പോലും പോലീസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. 

ശേഷം സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. കായികതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക, ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പീഡിപ്പിക്കുക, പ്രായപൂർത്തിയാകാത്ത കുട്ടിയെ ഫോട്ടോയെടുക്കാനെന്ന വ്യാജേന അടുത്തിരുത്തി  സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങി പത്ത് കേസുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. 

മുതിർന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു എഫ്ഐആറും  ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. താരങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ആറ് ഗുസ്തി താരങ്ങൾ വെളിപ്പെടുത്തിയ ലൈംഗിക പരാതികളാണ് രണ്ടാമത്തെ എഫ്ഐആറിലുണ്ടായിരുന്നത്. 

സാക്ഷി മാലിക് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ Screen-grab, Copyrights: Business Today

 എന്നാൽ മറ്റ് കായികതാരങ്ങൾ ആരും തന്നെ തുടക്കത്തിൽ ഗുസ്തി താരങ്ങളെ പിന്തുണക്കാൻ മുന്നോട്ട് വന്നിരുന്നില്ല. ഗുസ്തി താരങ്ങൾ തെരുവിൽ സമരം നടത്തുന്നത് അച്ചടക്കരാഹിത്യമാണെന്നും ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നുമാണ് ഐഒസി പ്രസിഡൻ്റും കായികതാരവുമായ പിടി ഉഷ പറഞ്ഞത്. 

വിഷയം വിവാദമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഇടപെടുകയും ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.  ബ്രിജ് ഭൂഷൺ തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കുകയാണെന്ന് അറിയിച്ചു.എന്നാൽ അറസ്റ്റുണ്ടായില്ല.

തുടർന്ന് മെയ് 28ന് പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങൾ ഇന്ത്യാഗേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നീതിക്കായി സമരം നടത്തിയ കായികതാരങ്ങളെ പോലീസ് ആക്രമിച്ചു.

മെയ് 30ന് രാജ്യത്തിനായി തങ്ങൾ നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാൻ തീരുമാനിച്ച ഗുസ്തി താരങ്ങളെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് കർഷകരാണ്.ഗുസ്തി താരങ്ങൾക്ക് പിന്തുണയറിയിച്ചെത്തിയ കർഷകർ അഞ്ച് ദിവസത്തിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ഗുസ്തി താരങ്ങൾ എന്ത് തീരുമാനമെടുത്താലും ഒപ്പം നിൽക്കുമെന്ന് അറിയിച്ചിരുന്നു. 

കായികരംഗത്ത് ഇന്ത്യയുടെ യശസുയർത്തിയ താരങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മനുഷത്വരഹിതമായ നീക്കങ്ങൾക്കുമുന്നിൽ തോൽക്കേണ്ടി വന്നു. മാധ്യമങ്ങൾക്കു മുന്നിൽ ബൂട്ടഴിച്ച് വെച്ച് തൻ്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സാക്ഷി മാലിക് അടയാളപ്പെടുത്തുന്നത്, അധികാരത്തോട് പോരാടിത്തോറ്റ് ഭാവി ഇരുട്ടിലായ കായികതാരങ്ങളെയാണ്. കായികതാരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന ബഹുമതിയായ ഖേൽരഖ്ന നൽകി രാജ്യം ആദരിച്ച സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും നീതിക്കായി തെരുവിൽ അപമാനിക്കപ്പെടുമ്പോൾ തലതാഴ്ത്തപ്പെടുന്നത് എല്ലാ ഇന്ത്യക്കാരുടേതുമാണ്. 

FAQs

ആരാണ് വിനേഷ് ഫോഗട്ട്?

കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരവും വിനേഷ് ഫോഗട്ടാണ്.

എന്താണ് കർഷക സമരം?

കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കർഷകർ നടത്തിയ സമരമാണ് കർഷക സമരം.

Quotes

അടിച്ചമർത്തപ്പെട്ടവൻ്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധം അടിച്ചമർത്തപ്പെട്ടവൻ്റെ മനസ്സാണ് -സ്റ്റീവൻ ബിക്കോ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.