Sat. Jan 18th, 2025

ഹാനിബൾ ആയുള്ള ഡെന്‍സല്‍ വാഷിംഗ്ടണിന്റെ കാസ്റ്റിംഗ് ‘ചരിത്രപരമായ തെറ്റ്’ എന്നാണ് ടുണീഷ്യന്‍ മാധ്യമമായ ലാ പ്രസ്സെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത്

മേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡെൻസൽ വാഷിംഗ്ടൺ ലോകം ആരാധിക്കുന്ന താരങ്ങളില്‍ ഒരാളാണ്. താരങ്ങള്‍ക്കിടയില്‍ പോലും ഫാന്‍സുള്ള വ്യക്തിയാണ് ഡെൻസൽ. 47 വര്‍ഷം നീണ്ട അഭിനയ കരിയറിൽ തന്റെ പ്രതിഭകൊണ്ട്  നിരവധി പുരസ്കാരങ്ങള്‍ ഡെൻസലെ തേടിയെത്തി. രണ്ട് ഓസ്കാറും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ലഭിച്ചിട്ടുണ്ട്. 

ഡെന്‍സല്‍ വാഷിംഗ്ടണിന്‍റെ വരാനിരിക്കുന്ന ചിത്രം ഒരുക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ചരിത്രത്തിലെ ഐതിഹാസിക പോരാളിയായ കാർത്തേജ് ജനറല്‍ ഹാനിബലിന്റെ ജീവിതമാണ് നെറ്റ്ഫ്ലിക്സ്‌ സിനിമയാക്കുന്നത്. ഹാനിബളിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡെന്‍സലാണ്. അത് തന്നെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നതും.

ഹാനിബളിന്റെ വേഷം കറുത്തവര്‍ഗ്ഗക്കാരനായ ഒരു നടന്‍ ചെയ്യുന്നതാണ് വിവാദത്തിന് കാരണം. ഹാനിബളിന്റെ ജന്മസ്ഥലമായ ടുണീഷ്യയില്‍ നിന്നാണ് ഈ വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നു എന്നത് വളരെ നിരാശജനകമാണ്. ചിത്രത്തിന്റെ സംവിധായകനും കാസ്റ്റിംഗ് ടീമും തങ്ങളുടെ വീരനായകനെ അവതരിപ്പിക്കാന്‍ ആഫ്രിക്കന്‍ വംശജനും കറുത്തവനുമായ ഒരാളെ തിരഞ്ഞെടുത്തതിനാണ് ടുണീഷ്യയിലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നടക്കുന്നത്. 

ഡെൻസൽ വാഷിംഗ്ടൺ Screen-grab, Copyrights: CNN

റോമന്‍ സാമ്രാജ്യത്തെ വിറപ്പിച്ച വീരനായ സേനാനായകനായാണ് ഹാനിബളിനെ ചരിത്രം രേഖപ്പെടുത്തുന്നത്. ശക്തരായ റോമന്‍ സൈന്യത്തെ പലപ്പോഴായി ഹാനിബൾ തകര്‍ത്തെറിഞ്ഞിട്ടുണ്ടെങ്കിലും റോം പിടിച്ചെടുക്കാനായി കഴിഞ്ഞില്ല എന്നതാണ് ചരിത്രം. ചരിത്രത്തില്‍ വീരനായകന്റെ പോരാട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹാനിബളിന്റെ വംശീയതയെ കുറിച്ചും നിറത്തെ കുറിച്ചും ഭിന്നതാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഡെൻസൽ വാഷിംഗ്ടണ്‍ ഹാനിബളിനെ അവതരിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്‌സ് പ്രഖ്യാപിച്ചതിനു പിന്നാലെ ടുണീഷ്യന്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉയര്‍ന്നു. ഹാനിബളിനെ വാഷിംഗ്ടണ്‍ അവതരിപ്പിച്ചാല്‍ ചരിത്രം വ്യാജമായി പോകാന്‍ കാരണമാകുമെന്നാണ് ടുണീഷ്യന്‍ എംപി യാസിന്‍ മാമി ഉന്നയിച്ച ആശങ്ക. ഇതൊരു ഫിക്ഷന്‍ ആയതിനാല്‍ അവര്‍ക്കതില്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഗുവെര്‍മാസി പ്രതികരിച്ചത്.

ഹാനിബൾ ആയുള്ള ഡെന്‍സല്‍ വാഷിംഗ്ടണിന്റെ കാസ്റ്റിംഗ് ‘ചരിത്രപരമായ തെറ്റ്’ എന്നാണ് ടുണീഷ്യന്‍ മാധ്യമമായ ലാ പ്രസ്സെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന് 1,300 പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പരാതിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സ്യൂഡോ ഡോക്യുമെന്ററി റദ്ദ് ചെയ്യണമെന്നാവശ്യമാണ് പരാതിയില്‍ ഉള്ളത്.

അഡേല്‍ ജയിംസ് ക്ലിയോപാട്രയായി ഡോകുമെന്ററി ഡ്രാമയില്‍ Screen-grab, Copyrights: CNN

ഹാനിബളിനെ കുറിച്ചുള്ള സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് സമാനമായ മറ്റൊരു സംഭവും ഈ വര്‍ഷം തന്നെ നടന്നു. നെറ്റ്ഫ്ലിക്സില്‍ തന്നെ ഇറങ്ങിയ ക്ലിയോപാട്രയെ കുറിച്ചുള്ള ഡോക്യുമെന്ററി ഡ്രാമക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. ജമൈക്കന്‍ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായ അഡേല്‍ ജയിംസ് ആയിരുന്നു ക്ലിയോപാട്രയായി ഡോക്യുമെന്ററി ഡ്രാമയില്‍ എത്തിയത്. ഇത് ഈജിപ്തില്‍ വന്‍ വിവാദത്തിന് കാരണമായി.

ക്ലിയോപാട്രയുടെയും അഡേലിന്റെയും വംശം വ്യത്യസ്ഥമാണെന്നും കൂടാതെ  ക്ലിയോപാട്ര വെളുത്തതാണെന്നും പറഞ്ഞാണ് ഈജിപ്തില്‍ പ്രതിഷേധം നടന്നത്. ഇരുണ്ട നിറമുള്ള അഡേലിനെ ക്ലിയോപാട്രയാക്കിയതിലൂടെ ഈജിപ്ഷ്യന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പ്രദര്‍ശനം വരെ തടയണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. 

ലോക സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ മേഖലയിലും വംശീയ-വര്‍ണ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവെ സൗത്ത്‌ ഇന്ത്യന്‍ സിനിമകളില്‍ കറുത്ത നിറമുള്ള നടന്മാരെ അവതരിപ്പിക്കുന്നത് വില്ലന്മാരായിട്ടും നീചന്മാരായിട്ടുമാണ്. സിനിമകളില്‍ നിറവും ജാതിയും തമ്മില്‍ പരസ്പ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. കറുത്ത ചര്‍മ്മമുള്ള ആളുകളെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ പ്രതീകമായാണ് അവതരിപ്പിക്കാറുള്ളത്.

അതിന് ഉദാഹരണമാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘ചെന്നൈ എക്‌സ്‌പ്രസ്’. തമിഴ്നാട്ടിലാണ് ചിത്രം പ്രധാനമായും നടക്കുന്നത്. നായകനെയും നായികയെയും മറ്റു പ്രധാന കഥാപാത്രങ്ങളെയും വെളുത്ത നിറമുള്ളവരായി അവതരിപ്പിക്കുന്നത്. എല്ലാ വില്ലന്മാരും ഇരുണ്ട നിറവും. ചിത്രത്തില്‍ വില്ലന്മാര്‍ പകുതിയും നായികയുടെ ബന്ധുക്കളായാണ് അവതരിപ്പിക്കുന്നതും. ഈ നിറവ്യത്യാസം മനപൂര്‍വ്വം ചെയ്തതാണെന്ന് വ്യക്തമാണ്.

തമിഴ് ചിത്രം ‘സിങ്കം’ മറ്റൊരുദാഹരണമാണ്. കറുത്ത നിറമുള്ളവരെ പ്രധാന വില്ലന്മാരുടെ സഹായികളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ അവരെ ചേരികളില്‍ താമസിക്കുന്നവരായാണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 

നവാസുദ്ദീൻ സിദ്ദിഖി Screen-grab, Copyrights: Times of India

ബോളിവുഡ് നടനായ നവാസുദ്ദീൻ സിദ്ദിഖിന്റെ കഴിവുകൾ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പതിവായി പ്രശംസിക്കുന്നതാണ്. എന്നാല്‍ നവാസുദ്ദീൻ സിദ്ദിഖി തന്റെ കരിയറിന്റെ തുടക്കത്തില്‍ വംശീയ വിദ്വേഷം നേരിട്ടിരുന്നു. ഇരുണ്ട നിറമായതുകൊണ്ട് വളരെ ചെറിയ റോളുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ടിവി ഷോകളിലെ നിർമ്മാതാക്കളും സംവിധായകരും തന്റെ നിറം കറുപ്പായതുകൊണ്ട് നിരസിച്ചതായും നവാസുദ്ദീൻ വ്യക്തമാക്കിയിരുന്നു.

കറുത്ത നിറം കാരണം തിളക്കമുള്ള വസ്ത്രങ്ങള്‍ യോജിക്കില്ല, ചർമ്മത്തിന്റെ നിറം കാരണം റൊമാന്റിക് നായകനാകാൻ നവാസുദ്ദീന് കഴിയില്ലെന്നുവരെ പരസ്യമായി പറഞ്ഞിട്ടുണ്ട്. നിറത്തിന്റെ പേരില്‍ അവഗണനകളും അവസരങ്ങളും നഷ്ടമായിട്ടും സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിച്ച്   ബോളിവുഡിലെ മികച്ച അഭിനേതാവായി നവാസുദ്ദീൻ സിദ്ദിഖി പിന്നീട്‌ മാറി എന്നുള്ളതാണ് ചരിത്രം.

‘സീരിയസ് മെന്‍’ ചിത്രത്തിലെ നായിക ഇന്ദിര തിവാരിയെ ഇനിയും നായികയാക്കിയാല്‍ താന്‍ സന്തോഷവനാകുമെന്ന് നവാസുദ്ദീൻ സിദ്ദിഖി ഒരിക്കല്‍ പറഞ്ഞു. ബോളിവുഡ് സിനിമാ മേഖലയിൽ കടുത്ത വംശീയ വിവേചനം നിലവിലുണ്ടെന്നും ഇരുണ്ട തൊലിനിറമുള്ള നായികമാരെ എന്നും സിനിമാലോകം പിന്നോട്ട് നിര്‍ത്തുകയാണെന്നും നവാസുദ്ദീൻ പറഞ്ഞിരുന്നു. 

കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. താരത്തിന്റെ പുതിയ ചിത്രമായ ‘ജിഗർതണ്ട ഡബിൾ എക്സി’ന്റെ പ്രെമോഷനിടെ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചതിങ്ങനെയാണ്; ‘ചിത്രത്തിലെ നായിക നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തത്’.

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിത്രത്തിന്റെ സംവിധായകന്‍ കാർത്തിക് സുബ്ബരാജ് മറുപടി നല്‍കിയത് ‘നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാൾ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്’ എന്നതായിരുന്നു. പൊതുയിടത്തില്‍ വെച്ചായിരുന്നു നടിയെ റിപ്പോര്‍ട്ടര്‍ അധിക്ഷേപിച്ചത്. അഭിനയം എന്നതിലുപരി വെളുത്ത ചര്‍മ്മം ഉണ്ടെങ്കിലേ അംഗീകാരമുള്ളു എന്ന പൊതുബോധത്തിന്റെ ഉദാഹരണമാണ് ഈ റിപ്പോര്‍ട്ടര്‍. 

നടന്‍ കലാഭവന്‍ മണിയുടെ ചര്‍മ്മം കറുപ്പായതിനാല്‍ ഒപ്പം അഭിനയിക്കാന്‍ കഴിയില്ലെന്ന് വരെ ഒരു നായികാനടി പറഞ്ഞിരുന്നു. നിരവധി സിനിമകളില്‍ അഭിനയമികവ് തെളിയിച്ച നടനെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ  അധിക്ഷേപിച്ചത്. 2018 ല്‍ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നൈജീരിയ സ്വദേശി സാമുവല്‍ റോബിന്‍സണ്‍ ആണ്. തനിക്ക് കുറഞ്ഞ പ്രതിഫലമാണ് തന്നതെന്നും വര്‍ണ വിവേചനം അനുഭവിച്ചുവെന്നും അന്ന് സാമുവല്‍ പറഞ്ഞിരുന്നു.

പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ നടന്‍ വിനായകനെയും നിറത്തെയും ജാതിയെയും മുന്‍നിര്‍ത്തി പോലീസ് അധിക്ഷേപിക്കുകയുണ്ടായി. വിനായകന്റെ സ്ഥാനത്ത് മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ അവരോടുള്ള പെരുമാറ്റം തികച്ചും വ്യത്യസ്തവും ആദരവോട് കൂടിയുമാകുമായിരുന്നു. ചർമ്മം വെളുപ്പിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ വേഷങ്ങൾ നഷ്ടപ്പെട്ട അനുഭവമുണ്ട് അഭിനേത്രിയും സംവിധായികയുമായ നന്ദിത ദാസിന്

പല രാജ്യങ്ങളില്‍ വെച്ച് താന്‍ വംശീയത നേരിട്ടിട്ടുണ്ടെന്ന് ബോളിവുഡ് നായികയും ഫാഷന്‍റെ രാജ്ഞിയുമായ സോനം കപൂര്‍ പറഞ്ഞിട്ടുണ്ട്. തന്റെ ബ്രൌണ്‍ നിറമുള്ള സ്കിന്‍ പലരും കണ്ടത് മുന്‍ വിധിയോടെയാണെന്നും സോനം പറഞ്ഞു. 

മുൻ ലോകസുന്ദരിയും മുൻനിര ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയ്ക്കും സമാനമായ രീതിയില്‍ വംശീയത നേരിട്ടിട്ടുണ്ട്. അമേരിക്കയില്‍ സ്കൂള്‍ പഠനകാലത്ത്‌ ‘ബ്രൌണി’ എന്ന് വിളിച്ച് കളിയാക്കിയതാണ് ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള കാരണമെന്ന് പ്രിയങ്ക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  നിറം കാരണം തുടക്ക കാലങ്ങളില്‍ ധാരാളം ബോഡി ഷെയ്മിങ്ങുകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കറുത്ത പൂച്ച, ഡെസ്കി തുടങ്ങിയ വിളിപ്പേരുകള്‍ കൊണ്ടും നടി അപമാനിക്കപ്പെട്ടിട്ടുണ്ട്. 

പുഷ്പാവതി Screen-grab, Copyrights: Pushpavathy Poypadathu fb page

മലയാള സിനിമാ ലോകത്തുനിന്നും വര്‍ണ വിവേചനം നേരിട്ടുള്ള വ്യക്തിയാണ് ഗായിക പുഷ്പാവതി. ഒരുപക്ഷെ പുഷ്പാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് ‘ചെമ്പാവ് പുന്നെല്ലിന്‍ ചോറ്’ എന്നുതുടങ്ങുന്ന ഗാനം പാടിയ ആള്‍ എന്ന് പറഞ്ഞാല്‍ മനസിലാക്കും. ഹിറ്റ് പാട്ടുകള്‍ പാടിയിട്ടും ചാനല്‍ ഷോകളിലേക്കോ അവാര്‍ഡ് ഫങ്‌ഷനുകളിലേക്കോ പുഷ്പാവതി എത്തിയിരുന്നില്ല.

സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും പുഷ്പാവതിക്ക് പലയിടത്തുനിന്നും വേര്‍തിരിവും മാറ്റിനിര്‍ത്തലും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാന കാരണം ജാതിയാണെന്നാണ് പുഷ്പാവതി വ്യക്തമാക്കുന്നത്. ‘ഒരു പാട്ട് പാടി ഹിറ്റാകുന്ന കുട്ടി വരെ നാളെ ചാനല്‍ ഷോകളില്‍ എത്തും. എന്നാല്‍ എത്ര പാട്ട് പാടിയാലും ജാതിയെന്ന കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു’ എന്നാണ് പുഷ്പാവതി പറഞ്ഞിരുന്നത്. പിന്നോട്ട് പോകാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് പാട്ടില്‍ ജാതിയിലൂടെയും രാഷ്ട്രീയത്തിലൂടെയും തന്റേതായ വഴികള്‍ പുഷ്പാവതി വെട്ടിത്തെളിച്ചത്.  

സിനിമ മേഖലയേക്കാള്‍ കൂടുതല്‍ വര്‍ണ വിവേചനമുള്ളത് പരസ്യ ചിത്രങ്ങളിലാണ്. സിനിമാ മേഖലയില്‍ അഭിനയിക്കുന്ന ബ്രൌണ്‍ നിറമുള്ള സുന്ദരികള്‍ക്ക് പോലും മോഡലുകളാകാന്‍ അവസരം ലഭിക്കുന്നില്ല. വളരെ ആകര്‍ഷണീയമുള്ളതും വെളുത്ത നിറവുമുള്ള മോഡലുകളെയാണ് പരസ്യ കമ്പനികള്‍ക്ക് വേണ്ടത്. അത്തരം മോഡലുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതെന്നാണ് പരസ്യ കമ്പനികളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ സാധനങ്ങള്‍ വിറ്റുപോകണമെങ്കില്‍ മോഡലിന്റെ ചര്‍മ്മം വെളുത്തതായിരിക്കണം എന്ന സിദ്ധാന്തമാണ് പ്രവര്‍ത്തിക്കുന്നത്. മോഡല്‍ രംഗത്തേക്ക് വിദേശത്ത് നിന്ന് വെളുത്ത ചര്‍മ്മമുള്ളവരെ എത്തിക്കുന്ന കാലമായിരിക്കുകയാണ്. എന്തിന് അധികം പറയുന്നു, കറുത്ത നിറമുള്ളവര്‍ക്ക് വെളുക്കാനുള്ള ക്രീമുകള്‍ വരെ ഇന്ന് മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. 

വംശീയ അധിക്ഷേപങ്ങള്‍ക്ക് കായിക മേഖലയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022 മാർച്ചിൽ അയര്‍ലണ്ടിലെ ഡബ്ലിനിലെ ഒരു ജിംസ്റ്റാർട്ട് ഇവന്റിലെ മെഡല്‍ ദാന ചടങ്ങില്‍ ഒരു പെണ്‍കുട്ടിക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും മെഡല്‍ നൽകുന്നുണ്ട്. മെഡല്‍ വാങ്ങാന്‍ നില്‍ക്കുന്ന കൂട്ടത്തിലെ കറുത്ത പെണ്‍കുട്ടിക്ക് മാത്രം മെഡല്‍ നല്‍കിയില്ല. തനിക്ക് മുന്‍പും ശേഷവും നില്‍ക്കുന്ന എല്ലാവര്‍ക്കും ലഭിച്ചിട്ടും തനിക്ക് മെഡല്‍ കിട്ടാതിരുന്നപ്പോള്‍ ആശ്ചര്യത്തോടെ പെണ്‍കുട്ടി നില്‍ക്കുകയാണ്. ഒരു വര്‍ഷത്തിനുശേഷം വീഡിയോ വൈറലായതോടെ  ജിംനാസ്റ്റിക്സ് അയർലൻഡ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. 

2022 ലെ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിനു ശേഷം ഫ്രാന്‍സിന്റെ ആഫ്രിക്കന്‍ വംശജരായ കളിക്കാര്‍ക്ക് നേരെ ഓണ്‍ലൈനില്‍ വ്യാപകമായാണ് വംശീയ അധിക്ഷേപവും ഭീഷണിയും വന്നത്. മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞാണ് ഈ അധിക്ഷേപങ്ങള്‍ നടന്നത്. ഫ്രാന്‍സ് താരങ്ങളായ കിങ്സ്ലി കോമന്‍, ഒറാലിയന്‍  ചൗമനി എന്നിവര്‍ക്കായിരുന്നു അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നത്. ഫുട്ബോള്‍ മത്സരത്തില്‍ ആദ്യമായല്ല ഇത്തരത്തില്‍ കളി പരാജയപ്പെടുമ്പോള്‍ ടീമിലെ കറുത്ത വംശജരായ കളിക്കാര്‍ക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. മുന്‍പ് ഇംഗ്ലണ്ട് ഇറ്റലിയോട് യൂറോകപ്പ്‌ ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ചിലര്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വലൻസിയക്കെതിരായ സ്പാനിഷ് ലാ ലിഗ മത്സരത്തില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെയും വംശീയ അധിക്ഷേപം ഉയര്‍ന്നിരുന്നു. ഗ്യാലറിയിലുണ്ടായിരുന്ന ഒരു വലന്‍സിയ ആരാധകന്‍ താരത്തെ ‘കുരങ്ങനെന്നു വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായി ആക്ഷേപം ഉയര്‍ന്നതോടെ താരം കളിനിര്‍ത്തി കാണികളോടു തട്ടിക്കയറി. സംഭവത്തിനു ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെയാണ്; ‘ഇത് ആദ്യമായിട്ടല്ല. രണ്ടാമത്തേതും മൂന്നാമത്തേതുമല്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. ഞാൻ ശക്തനാണ്, വംശീയവാദികൾക്കെതിരെ അവസാനം വരെ പോകും. ഇത് ഇവിടെ നിന്ന് വളരെ അകലെയാണെങ്കിലും’.

വന്ദന കതാരിയ Screen-grab, Copyrights: Times of India

കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ പുറത്തായപ്പോള്‍ ടീമിലെ ദളിത്‌ വിഭാഗത്തില്‍പ്പെട്ട വന്ദന കതാരിയയുടെ നേര്‍ക്കായിരുന്നു അധിക്ഷേപങ്ങള്‍. സവര്‍ണരായ കുറച്ചുപേര്‍ വന്ദനയുടെ വീടിനു മുന്‍പില്‍ പടക്കം പൊട്ടിക്കുകയും വീട്ടുകാരെ അധിക്ഷേപിക്കുകയുമായിരുന്നു. ദളിത്‌ വിഭാഗത്തില്‍പ്പെട്ട കളിക്കാര്‍ ടീമില്‍ അധികമായാല്‍ ഇങ്ങനെയിരിക്കും എന്നായിരുന്നു അധിക്ഷേപം. 2013-ല്‍ ജര്‍മനിയില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച വന്ദന അന്ന് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരിയാണ്. ഇന്ത്യന്‍ ഹോക്കി വനിതാ ടീം വിജയം കൈവരിച്ചപ്പോള്‍ വന്ദനയുടെ പേര് ഉച്ചരിക്കാത്തവരാണ് ടീം പരാജയപ്പെട്ടപ്പോള്‍ ദളിത്‌ വിഭാഗത്തില്‍പ്പെട്ട വന്ദന എന്ന് പറഞ്ഞ് ആക്ഷേപിച്ചത്.

വ്യക്തിയെ നിറവും വംശവും നോക്കി വിലയിരുത്തുന്നത് മനുഷ്യത്വവിരുദ്ധമാണ്. കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്നും ദളിതര്‍ കൂടെയുണ്ടെങ്കില്‍ പരാജയങ്ങള്‍ സംഭവിക്കും എന്നുമുള്ള ചിന്ത വെച്ച് പുലര്‍ത്തുന്നവരാണ് കലാ-സാംസ്കാരിക മേഖലയിലെ ഭൂരിഭാഗവും. ഈ ചിന്തകളാണ് മാറ്റേണ്ടത് അല്ലാതെ പ്രതിഭയുള്ള കലാകാരന്മാരെ അല്ല.

FAQs

എന്താണ് വര്‍ണ വിവേചനം?

വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിച്ച് കാണുക. താഴ്ന്നവര്‍, ഉയർന്നവര്‍, വെളുത്തവര്‍, കറുത്തവര്‍ എന്നിങ്ങനെ വേര്‍തിരിവ് കാണിക്കുന്നു.

എന്താണ് വംശീയത?

ഒരു വംശത്തെ അടിസ്ഥാനമാക്കിയുള്ള ആളുകൾക്കെതിരായ വിവേചനവും മുൻവിധിയുമാണ് വംശീയത.

ആരാണ് ക്ലിയോപാട്ര?

ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. 18-ആം വയസിലാണ് ക്ലിയോപാട്ര അധികാരത്തിൽ എത്തുന്നത്. ബി സി 332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. 

എന്താണ് ജിംനാസ്റ്റിക്സ്?

ശരീരവടിവും ചലനനിയന്ത്രണവും ശക്തിയും വേഗതയും ആവശ്യമുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്സ്. കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കാൻ പ്രാചീന ഗ്രീക്ക് ജനത പരിശീലിച്ചിരുന്ന വ്യായമത്തിൽ നിന്നാണ് ജിംനാസ്റ്റിക്സ് എന്ന കായിക ഇനം രൂപം കൊള്ളുന്നത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, എയ്റോബിക് ജിംനാസ്റ്റിക്സ്, റിതമിക് ജിംനാസ്റ്റിക്സ് തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.

എന്താണ് ലാ ലിഗ?

സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗ എന്ന പേരിലറിയപ്പെടുന്ന ലിഗ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ. ഇരുപത് ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്.

Quotes

ധൈര്യവും വിശ്വാസവുമുള്ളവർ ഒരിക്കലും അപമാനത്താൽ നശിക്കില്ല – ആൻ ഫ്രാങ്ക്   

By നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.