ഒരു കേക്ക് പോലെ അവളെ പരത്തിയെടുത്തുവെന്ന് പറഞ്ഞായിരുന്നു ഇസ്രായേൽ പട്ടാളക്കാരുടെ ആഘോഷം
ഇസ്രായേൽ നടത്തുന്ന നിരന്തര ബോംബാക്രമണവും വ്യോമാക്രമണവും ഗാസയെ മനുഷ്യമുക്തവും ആവാസയോഗ്യവുമല്ലാത്ത പ്രദേശവുമാക്കി മാറ്റിയിരിക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 17,700 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 48,780 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 7112 കുട്ടികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ 1200 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
അക്രമണങ്ങളില്‍ നിന്നും രക്ഷക്കായി ഗാസയ്ക്ക് അടുത്തുള്ള രാജ്യങ്ങളിലേക്ക് പതിനെട്ട് ലക്ഷം ആളുകളാണ് പലായനം ചെയ്യാന്‍ കാത്തുനില്‍ക്കുന്നത്. റഫ അതിര്‍ത്തിയിലൂടെ ഈജിപ്തിലേക്ക് ഫലസ്തീനികള്‍ രക്ഷതേടി പോകുന്നുണ്ടെങ്കിലും വിദേശികളും ഇരട്ട പൗരത്വമുള്ളവരും ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുള്ളവരുമായ ചുരുക്കം ആളുകളെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്.
ഗാർഡിയൻ നൽകിയ റിപ്പോർട്ട് പ്രകാരം ഗാസയിലെ 40% വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിച്ചതോ ആണ്. 1.8 ദശലക്ഷം ആളുകൾ ഗാസയ്ക്കുള്ളിൽ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായാണ് യുഎൻ വ്യക്തമാക്കുന്നത്. സമാധാന ശ്രമത്തിനായി ഐക്യരാഷ്ട്രസഭ പലപ്പോഴായും ഇടപെട്ടെങ്കിലും എല്ലാം പാളിപോവുകയായിരുന്നു.
ഗാസയിലെ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎൻ സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത രക്ഷാസമിതി യോഗത്തിൽ 15 ല്‍ 13 അംഗ രാജ്യങ്ങളും വെടിനിര്‍ത്തലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ ബ്രിട്ടന്‍ വിട്ടുനില്‍ക്കുകയും അമേരിക്ക മാത്രം എതിരായി വോട്ട് ചെയ്യുകയും ചെയ്തു. ഈ വംശഹത്യയില്‍ അമേരിക്കയും പങ്കാളികളാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈയൊരു വോട്ട് ചെയ്യല്‍.
സുരക്ഷിതമായ സ്ഥലം ഗാസയ്ക്ക് അകത്തോ പുറത്തോ ഇല്ലെന്ന് മനസിലാക്കികൊണ്ട് ബോംബ് വര്‍ഷിക്കുന്നത് നിസ്സഹായവരായ ഒരുകൂട്ടം ആളുകളെ കൂട്ടിലിട്ട് കൊല്ലുന്നതിന് സമാനമാണ്. ഇസ്രായേല്‍ ടാങ്കറുകളും കവചിത വാഹനങ്ങളും ബുൾഡോസറുകളുമെല്ലാം കരയുദ്ധത്തിനായി നീങ്ങുമ്പോള്‍ സമാനമായി വ്യോമാക്രമണവും നടത്തുന്നുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നതിനായുള്ള ഭക്ഷണത്തിന്റെയോ മരുന്നിന്റെയോ ട്രക്കുകള്‍ പോലും ലക്ഷ്യ സ്ഥാനത്ത് എത്തുന്നില്ല.
ഇസ്രായേൽ സൈന്യത്തിന്റെ ബുൾഡോസറുകള്‍ ഫലസ്തീനിലെ കെട്ടിടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്ന കാഴ്ച്ചകള്‍ക്കിടയിലും ഓര്‍ത്തിരിക്കേണ്ട പേരാണ് അമേരിക്കന്‍ പെണ്‍കുട്ടിയായ റേച്ചൽ കോറിയുടേത്. 2003 ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന റേച്ചൽ കോറിയെ ഇസ്രേയല്‍ സൈന്യം ബുള്‍ഡോസര്‍ കയറ്റി കൊല്ലുകയായിരുന്നു.
ഗാസയിലെ അധിനിവേശത്തിനെതിരെ ശബ്ദിയ്ക്കുന്ന ഇന്റർനാഷ്ണൽ സോളിഡാരിറ്റി മൂവ്മെന്‍റ് പ്രവർത്തകയായിരുന്നു ഇരുപത്തിമൂന്നുകാരിയായ റേച്ചൽ. 2003 ല്‍ ഇസ്രായേൽ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി ഗാസ മുനമ്പ് ചോരക്കളമായി മാറി കൊണ്ടിരിക്കുകയായിരുന്നു.
ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂര പ്രവര്‍ത്തികള്‍ക്കെതിരെ സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ റേച്ചൽ അടങ്ങുന്ന ഏഴു പേരുടെ സംഘം റാഫയില്‍ എത്തി. യുദ്ധമുഖത്തെത്തിയ റേച്ചലിനെ ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഞെട്ടിച്ചു. ബുൾഡോസറുകള്‍ റാഫയെ തകര്‍ക്കുന്നത് അവള്‍ കണ്ടു.
2003 മാര്‍ച്ച് 16 ന് ഫ്ലൂറസെന്റ് നിറമുള്ള വസ്ത്രം ധരിച്ച് കയ്യില്‍ ഗ്രാമഫോണുമായി ഇസ്രായേൽ സൈന്യത്തിന്റെ ബുൾഡോസറിന് മുന്നില്‍ പതറാതെ ഫലസ്തീന് വേണ്ടി റേച്ചല്‍ ശബ്ദമുയര്‍ത്തി.
“ഞാനും അമേരിക്കക്കാരിയാണ്. നിങ്ങള്‍ കാട്ടുന്നത് നീതികേടാണ്. ഈ ക്രൂരതയില്‍നിന്നും നിങ്ങള്‍ പിന്മാറണം. ഈ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത് അവരുടെ മണ്ണാണ്…”
ഇസ്രായേല്‍ പട്ടാളത്തിന്റെ ബുൾഡോസറിനെയും ടാങ്കറിനെയും രണ്ടു മണിക്കൂറോളം റേച്ചല്‍ തടഞ്ഞു നിര്‍ത്തി. അവളുടെ എതിര്‍പ്പിനെതിരെ ഇസ്രായേൽ സൈന്യം ഭീഷണിയുയര്‍ത്തി. ബുൾഡോസര്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ അവള്‍ക്ക് മുന്നിലിട്ട് ഭയപ്പെടുത്തികൊണ്ടിരുന്നു. റേച്ചല്‍ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് പോരാട്ടം തുടര്‍ന്നു. ഇസ്രായേലിന്റെ അമേരിക്കന്‍ നിര്‍മിത ഡി 9 കാറ്റര്‍പില്ലര്‍ ബുൾഡോസര്‍ അവള്‍ക്കുനേരെ നീങ്ങി. അവള്‍ പിന്മാറാതെ പോരാടികൊണ്ടിരുന്നു.
ഇസ്രായേല്‍ സൈന്യം അതിക്രൂരമായി അവളുടെ മുകളിലൂടെ ബുൾഡോസര്‍ പായിച്ചു. അതും രണ്ട് വട്ടം. ബുൾഡോസറിന്റെ ബ്ലേഡിനടിയില്‍ പെട്ട് റേച്ചലിന്റെ തലയോട്ടിയും നെഞ്ചും തകര്‍ന്നു. കൂടെയുള്ളവര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവള്‍ മരണപ്പെട്ടു.
കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റേച്ചൽ തന്റെ പ്രിയപ്പെട്ടവര്‍ക്ക് കത്തില്‍ എഴുതിയത് ഇങ്ങനെയാണ്; ലേഖനങ്ങളോ പഠനങ്ങളോ അല്ല ഇവിടുത്തെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഇവിടെ വന്ന് നിങ്ങളിത് കാണാത്തിടത്തോളം നിങ്ങള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നിട്ടും നിങ്ങള്‍ക്കറിയാം ഫലസ്തീനെ കുറിച്ച് നിങ്ങളറിഞ്ഞവ യാഥാര്‍ത്ഥ്യങ്ങളല്ലെന്ന്. ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയാണ് ഞാന്‍ നടക്കുന്നത്. ഒരിക്കല്‍ ഇവിടെ വീടുകള്‍ ഉണ്ടായിരുന്നു. ഇന്നാട്ടുകാരെ ഈ യുദ്ധം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയെങ്കില്‍ നിങ്ങള്‍ സമരം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
മകളെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈന്യത്തിനെതിരെ റേച്ചലിന്റെ അമ്മ സിന്‍ഡി കോറിയും അച്ഛന്‍ ക്രെയ്ഗ് കോറിയും പോരാട്ടം നടത്തിയിരുന്നു. ഇസ്രായേൽ ഭരണകൂടത്തിന് തെറ്റുപറ്റിയെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുന്നതിന് പ്രതീകാത്മകമായി ഒരു ഡോളര്‍ നഷ്ടപരിഹാരമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇസ്രായേൽ വിചാരണകോടതിയുടെ വിധി വന്നത് റേച്ചലിന്റെ മരണത്തിന് ഇസ്രായേൽ സ്റ്റേറ്റ് ഉത്തരവാദിയല്ല എന്നായിരുന്നു. റേച്ചലിനെ കാണാതെയാണ് ഡ്രൈവര്‍ ബുൾഡോസര്‍ മുന്നോട്ട് എടുത്തതെന്ന ഇസ്രായേൽ വാദവും പിന്നീട് കോടതി ശരിവെച്ചു. നിയമ പോരാട്ടത്തില്‍ റേച്ചലിന്റെ മാതാപിതാക്കള്‍ പരാജയപ്പെട്ടു.
വിധി ഇസ്രായേൽ പട്ടാളക്കാര്‍ക്ക് അനുകൂലമായതിനെ തുടര്‍ന്ന് അവരുടെ ഫേസ്ബുക്ക് പേജുകളില്‍ ‘റേച്ചൽ കോറി പാന്‍കേക്ക്’ എന്ന വാക്യം പ്രത്യക്ഷപ്പെട്ടു. ഒരു കേക്ക് പോലെ അവളെ പരത്തിയെടുത്തു എന്ന് പറഞ്ഞായിരുന്നു ഇസ്രായേൽ പട്ടാളക്കാരുടെ ആഘോഷം.
റേച്ചലിന്റെ ഡയറികുറിപ്പുകളും മെയിലുകളും കവിതകളും സമാഹരിച്ചുകൊണ്ട് ‘ലെറ്റ് മി സ്റ്റാന്റ് എലോണ്‍‘ (Let Me Stand Alone) എന്ന പുസ്തകം 2008 ല്‍ പുറത്തിറക്കുകയുണ്ടായി. യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ പ്രവര്‍ത്തിക്കാന്‍ റേച്ചലിന്റെ പേരിൽ ‘റേച്ചൽ കോറി ഫൗണ്ടേഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസ്’ എന്ന സംഘടനയും രൂപം കൊണ്ടു.
തങ്ങള്‍ക്കു വേണ്ടി രക്തസാക്ഷിയായ റേച്ചലിനെ ഫലസ്തീന്‍ മറന്നിട്ടില്ല. റേച്ചലിന്റെ ഓർമയ്ക്കായി ഗാസയിലെ ഫുട്ബോൾ പ്രേമികൾ എല്ലാവർഷവും സോക്കർ ടൂർണമെന്റുകൾ സംഘടിപ്പിച്ചു. റേച്ചലിന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തില്‍ ഇസ്‌ലാമിക് വേൾഡ് സ്റ്റാഫ് ഇറാനിലെ ടെഹ്റാൻ സെമിത്തേരിയിൽ റേച്ചലിന്റെ പേരിൽ പ്രതീകാത്മക ശവകല്ലറയും സ്ഥാപിച്ചു. ഗാസയിലെ പോരാട്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും റേച്ചല്‍ എന്ന പെണ്‍കുട്ടി മരണമില്ലാത്ത പോരാളിയാണ്.
FAQs
എവിടെയാണ് ഗാസ മുനമ്പ്?
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുള്ള പ്രദേശമാണ് ഗാസ മുനമ്പ്. തെക്കുപടിഞ്ഞാറ് ഈജിപ്റ്റ്, കിഴക്കും വടക്കും ഇസ്രായേൽ എന്നിവയാണ് അതിർത്തികൾ. 2007 മുതൽ ഈ പ്രദേശം പ്രായോഗികതലത്തിൽ ഹമാസ് എന്ന സായുധ സംഘടനയാണ് ഭരിക്കുന്നത്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്തീൻ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു.
എവിടെയാണ് റഫ അതിര്‍ത്തി?
ഈജിപ്തിനും ഫലസ്തീനിലെ ഗാസ മുനമ്പിനും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റാണ്. ഈജിപ്ത്-ഫലസ്തീൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള 2007 ലെ കരാർ പ്രകാരം, ഈജിപ്ത് ക്രോസിംഗ് നിയന്ത്രിക്കുന്നു, എന്നാൽ റഫ ക്രോസിംഗ് വഴിയുള്ള ഇറക്കുമതിക്ക് ഇസ്രായേലിന്റെ അനുമതി ആവശ്യമാണ്.
എന്താണ് ഐക്യരാഷ്ട്രസഭ?
രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ലോകസമാധാനം സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്.
Quotes
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവൺമെന്റും അർത്ഥവത്താവുന്നുള്ളു – കാൾ മാർക്സ്