Mon. Jan 27th, 2025
price hike in kerala

മൊത്തത്തില്‍ പറഞ്ഞാല്‍ ഒരോ മാസവും കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുകയാണ് വീട്ടമ്മമാര്‍

കേരളത്തിലെ ജനങ്ങളെ വളരെക്കാലമായി വലച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിലക്കയറ്റം. പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങള്‍ക്കു മേലുണ്ടാകുന്ന വിലവര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. അവശ്യസാധന വിപണില്‍ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം പുതുമയുള്ള കാര്യമല്ലെങ്കിലും അത് ജനങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

അരി, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, ഉള്ളി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് വിപണിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പ് വാങ്ങിയിരുന്ന വിലയേക്കാള്‍ ഇരട്ടിവില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നു. ജീവിതചെലവുകള്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാകുമ്പോള്‍ അത് ഓരോ സാധാരണക്കാരനെയും സമ്മര്‍ദ്ദത്തിലാക്കുന്നു.

ഭക്ഷ്യ സാധനങ്ങള്‍ക്കു മേലുണ്ടാകുന്ന വിലക്കയറ്റം ഉപഭോക്താവിനെന്ന പോലെ കച്ചവടക്കാര്‍ക്കും തിരിച്ചടിയാണ്. ഉത്സവ സീസണുകളും മറ്റുമാകുമ്പോള്‍ പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കുറവുണ്ടാകുന്നു. കൂടാതെ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് മൂലം മാര്‍ക്കറ്റുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിക്കുന്നു.

ഇത് മൊത്തവ്യാപാരികളേയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ ബാധിക്കുന്നു. എല്ലാ സാധനങ്ങള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. ചന്തയിലിപ്പോള്‍ തിരക്കില്ല. വളരെ മോശം സ്ഥിതിയിലാണ് നിലവില്‍ കച്ചവടം നടക്കുന്നതെന്ന് വ്യാപാരിയായ നൗഫല്‍ പറയുന്നു.

വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, സവാള എന്നിവയുടെ വിലയാണ് കുറച്ച് നാളുകളായി ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്. മൂന്ന് മാസമായി സവാളയുടെ വില കുതിച്ചുയരുകയാണ്. ദീപാവലി ആയതിനാല്‍ മൈസൂരില്‍ നിന്നും സാധനങ്ങള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് സാധനങ്ങളുടെ ആവശ്യകത കൂടുകയും വില വര്‍ദ്ധിക്കുകയും ചെയ്തു.

വിലക്കയറ്റം വീട്ടമ്മമാരെ മാനസികമായിക്കൂടി സംഘര്‍ഷത്തിലാക്കുന്നുണ്ട്. കുടുംബ ബജറ്റ് ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. അടിക്കടിയുണ്ടാകുന്ന വിലക്കറ്റം ദൈന്യംദിനജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വീട്ടമ്മമാര്‍ പറയുന്നു.

ഭക്ഷ്യസാധനങ്ങള്‍ക്ക് തുടര്‍ച്ചയായി വില കൂടിക്കൊണ്ടിരിക്കുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരുന്നു. കൈയിലുള്ള പണം ഒന്നിനും തികയാതെ വരുന്നു, കുട്ടികള്‍ക്ക് കൃത്യമായി പോഷകാഹാരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല, സാമ്പത്തിക ഭാരം പലപ്പോഴും താങ്ങാനാകാതെയാകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരോ മാസവും കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുകയാണ് വീട്ടമ്മമാര്‍.

വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടിപ്രഹരമെന്ന നിലയിലാണ് സപ്ലൈക്കോ വഴി നല്‍കി വരുന്ന സബ്‌സിഡിയുള്ള പതിമൂന്ന് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ ആശ്രയിക്കുന്നത് സപ്ലൈക്കോയെയാണ്.

എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കാത്തതു മൂലം വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വര്‍ദ്ധിക്കുകയും സപ്ലൈക്കോയില്‍ ക്ഷാമം ഉണ്ടാകുകയും ചെയ്യുന്നു. സപ്ലൈക്കോയില്‍ സാധനം എത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് പൊതുവിപണിയില്‍ നിന്നും വാങ്ങേണ്ടി വരും. ഈ സാഹചര്യത്തില്‍ സബ്സിഡിയുള്ള സാധനങ്ങളുടെ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാണ്.

ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണമായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില്ലറവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള കുതിച്ചുചാട്ടമാണ് പണപ്പെരുപ്പമായി മാറുന്നത്. എന്നാല്‍ നിലവിലുണ്ടായിരിക്കുന്ന വിലക്കയറ്റം ഒരു സാമ്പത്തിക പ്രതിസന്ധിയായി മാറാന്‍ സാധ്യതയില്ലായെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ഥിരവരുമാനക്കാരായ സാധാരണക്കാരെയാണെന്നും പൊതുവിതരണ ശൃംഖലയിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

FAQs

എന്താണ് വിലക്കയറ്റം?

ചരക്കുകളുടെയോ സേവനങ്ങളുടെയോ വിലകൾ ന്യായമായി കണക്കാക്കുന്നതിനേക്കാൾ വളരെ ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നതാണ് വിലക്കയറ്റം.

എന്താണ് സബ്‌സിഡി?

സാമ്പത്തിക-സാമൂഹിക നയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം അല്ലെങ്കിൽ പിന്തുണ നൽകുന്നതാണു സബ്‌സിഡി. ഇത് സബ്‌സിഡിയുള്ള ഉൽപ്പന്നത്തിന്റെ വിലയിടിയുന്നതിന് കാരണമാകുന്നു.

എന്താണ് സപ്ലൈക്കോ ?

കേരളത്തിലെ പൊതുവിതരണരംഗത്ത് പ്രവർത്തിച്ചു വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ആണ്‌ സപ്ലൈകോ. ഈ സംരംഭം മുഖേന മിതമായ വിലയ്ക്ക് അത്യാവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു.

Quotes

നിങ്ങളൊരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ച് കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് ഓർക്കുന്നതാണ് ജനാധിപത്യം. ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല – മഹാത്മാ ഗാന്ധി

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.