കാല്പനികത വലിയൊരു കളവാണ്. ഗ്രാമീണ നന്മയും കവിതയിലെ അതിൻ്റെ ഒളിസേവയും വലിയൊരശ്ലീലമാണ് .തെരുവുകളിലെ നീറുന്ന മനുഷ്യജീവിതം കാണാതെ മറ്റൊരു അപര ജീവിതം ഒരുക്കുന്ന കവിതകളെ തെരുവിൽ നിർത്തി നിശിതമായി ചോദ്യം ചെയ്യുന്ന ഒരു കവി, ജീവിതമുരുക്കി കവിത കാച്ചുന്നത് കാണണമെങ്കിൽ നിങ്ങൾ തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് പോയാൽ മതി.മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പ്രസാധകരും തന്റെ കൃതികളെ തിരസ്കരിക്കുന്നതിന്റെ കാരണങ്ങൾ കവിക്ക് നന്നായറിയാം. അയാളുടെ കൃതികളിൽ തിരോന്തോരമുണ്ട്. അവിടത്തെ സാധാരണ മനുഷ്യരുടെ ഭാഷയുണ്ട്. ജീവിതമുണ്ട്, തെരുവുകളുണ്ട്. ഇവയുടെയെല്ലാം സ്ഥാനം എന്നും മുഖ്യധാരയ്ക്ക് പുറത്താണ്
നിങ്ങളിലെ (കപട) പുരോഗമനങ്ങളെ (വ്യാജ \) ഉൽപതിഷ്ണുത്വത്തെ തൻ്റെ കവിത കൊളുത്തി അയാൾ ചാരമാക്കി പറത്തും. നിങ്ങളുടെയുള്ളിലെ കവിത എന്ന സങ്കല്പത്തെ തലകീഴായി നിർത്തി പരിഹസിക്കും. അയാൾ ഒരുക്കുന്ന ജീവിത കവിതയുടെ ‘മരണക്കിണറിൽ‘ പെട്ട് നിങ്ങൾ നട്ടം തിരിയും. നിങ്ങൾക്ക് ഓടിക്കാനുള്ള കവിതാശകടത്തിൻ്റെ ചാവി അയാൾ നിങ്ങൾക്ക് തരും.
പക്ഷേ സാദാ നിരത്തിൽ മാത്രം വണ്ടിയോടിച്ച് ശീലിച്ച നിങ്ങൾ, തെരുവിൽ അയാളൊരുക്കുന്ന, തികഞ്ഞ അഭ്യാസികൾക്ക് മാത്രം റേസിംഗ് നടത്താൻ പറ്റുന്ന ജീവിത കവിതയുടെ ‘മരണക്കിണറിൽ‘ തികച്ചും നിസ്സഹായരായി മാറും. കവിതയിൽ പുതുപരീക്ഷണങ്ങൾ നടത്തുന്ന, അക്ഷരങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്ന, തത്വചിന്തകളെ ചത്ത ചിന്തകളാക്കുന്ന, സർക്കാസത്തിൻ്റെ മായിക ലോകമൊരുക്കുന്ന, തിരുവനന്തപുരത്തിൻ്റെ തെരുവുകളിൽ ജീവിതം കൊണ്ട് കവിതയെഴുതുന്ന റാസി എന്ന കവിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
നിലവിൽ മൂന്ന് കാവ്യസമാഹാരങ്ങൾ പുറത്തിറക്കിയ കവി മുഖ്യധാരയ്ക്ക് പുറത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. തികച്ചും അരക്ഷിതമായ ചുറ്റുപാടുകളിൽ കഴിയുന്ന, തുച്ഛമായ വരുമാനത്തിൻ്റെ മുക്കാൽ പങ്കും പുസ്തകങ്ങൾ വാങ്ങാനായി നീക്കിവെക്കുന്ന, അങ്ങനെ വാങ്ങുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിക്കാൻ സ്വന്തമായി ഒരു പാർപ്പിടം പോലുമില്ലാത്ത, തിരുവനന്തപുരം നഗരത്തിൻ്റെ തെരുവുകളിലെ എരിപൊരി വെയിലിൽ കച്ചവടം നടത്തുന്ന, മലയാള കവിതയിൽ വ്യത്യസ്തവും കൗതുകമുണർത്തുന്നതുമായ പുരപ്പണി നടത്തുന്ന കവിയാണ് റാസി.
തെരുവുകളിലെ പൊള്ളുന്ന ജീവിതം കവിതയാക്കുന്ന അയാൾ തന്നെ കബി എന്നും തൻ്റെ കവിതയെ കബിതയെന്നുമാണ് വിളിക്കുക. തെരുവിനെയും തെരുവ് ജീവിതത്തെയും നെഞ്ചേറ്റുന്ന അയാൾക്ക് തെരുവിൻ്റെ ഭാഷയെ തൻ്റെ കവിതകളുടെ ജീവശ്വാസമാക്കി മാറ്റാതെ വയ്യ. മലയാള കവിതയിൽ കവിയുടെ സഹായം കൂടി ആവശ്യമില്ലാതെ വ്യാഖ്യാനം അസാധ്യമാക്കുന്ന കവിതകളാണവ.
സ്വന്തം നാട്ടുപ്പേച്ചിനെ അതേപടി കവിതയിലാക്കുന്നതുകൊണ്ടും അങ്ങനെ ഒരു രീതി കവിതയ്ക്കന്യമായത് കൊണ്ടും കവി മലയാളത്തിലെഴുതുമ്പോഴും ആ കവിതകൾ മലയാളത്തിൽ തന്നെ വിവർത്തനം ആവശ്യപ്പെടുകയും ചെയ്യുന്നു.
തിരോന്തോരത്തിന്റേതായ വായ്മൊഴിയിലാണ് ആ കവിതകൾ പിറക്കുന്നതെങ്കിലും എഴുത്തുമൊഴിയിൽ അത് അന്യമായതിനാൽ തിരോന്തോരത്തുകാരും കാര്യം മനസ്സിലാക്കാൻ പാടുപെടും. കവിതയുടെ നടപ്പു രീതികളെ അതിൻറെ വഴിക്ക് വിട്ട് തന്റെ കവിതയ്ക്കൊഴുകാനുള്ള വഴിവെട്ടുകയാണ് റാസി എന്ന കവി ചെയ്യുന്നത്. തികച്ചും സ്വകീയമായ പദനിർമ്മിതികളും അപശബ്ദങ്ങളും ഗണിതാക്ഷരങ്ങളും അക്ഷര ചിത്രങ്ങളും അതിനയാൾ ഉപകരണമാക്കുന്നു.
ജീവിതം കൊണ്ട് കവിതയെയും കവിത കൊണ്ട് ജീവിതത്തെയും അയാൾ കൈപിടിച്ചുയർത്തുന്നു. മുന്നിലുള്ള അനന്തമായ പാത ചൂണ്ടിക്കാണിച്ച് കൂടെ നടത്തുന്നു. റാസിയുടെ കവിതകൾ നിറയെ, സമ്പ്രദായിക കവിത പുറമ്പോക്കിലുപേക്ഷിച്ച കോളനിയും കോളനി ഭാഷയും അതിലൂടെ പെയ്തിറങ്ങുന്ന ജീവിതവുമാണ്.
RDX പോലുള്ള, കോളനികളിലെ മനുഷ്യ ജീവിതങ്ങളെ അപമാനവീകരിക്കുന്ന സിനിമകൾ കണ്ട് കയ്യടിക്കുന്നവരുടെ കരണത്തടിക്കാൻ കെൽപ്പുള്ളവയാണ് റാസിയുടെ കവിതകൾ. മുന്നിൽ വന്നു നിന്ന് ഭാവി എന്ത്? എന്ന് ചോദിക്കുന്ന ജീവിതത്തോട് ‘പോനാൽ പോകട്ടും പോടാ‘ എന്ന് പാടി തെരുവ് തബലയിൽ ചുമ്മാ ജീവിതത്തെ കൊട്ടിയാടുകയും അത് കവിതയാക്കുകയും ചെയ്യുന്നുണ്ടയാൾ.
മുഖ്യധാരാ പ്രസാധകരുടെയും പ്രസിദ്ധീകരണങ്ങളുടെയും കണക്ക് പുസ്തകങ്ങളിൽ അയാളുടെ പേരില്ല. മുഖ്യധാര ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച തന്റെ കവിതകളെ ഒരു ദാർശനികന്റെ ചിരിയോടെ പെറുക്കിക്കൂട്ടി അയാൾ ഫേസ് ബുക്കിൽ ഒട്ടിച്ചു വയ്ക്കുന്നു.
മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പ്രസാധകരും തന്റെ കൃതികളെ തിരസ്കരിക്കുന്നതിന്റെ കാരണങ്ങൾ കവിക്ക് നന്നായറിയാം. അയാളുടെ കൃതികളിൽ തിരോന്തോരമുണ്ട്. അവിടത്തെ സാധാരണ മനുഷ്യരുടെ ഭാഷയുണ്ട്. ജീവിതമുണ്ട്, തെരുവുകളുണ്ട്. ഇവയുടെയെല്ലാം സ്ഥാനം എന്നും മുഖ്യധാരയ്ക്ക് പുറത്താണ്.
കേരളത്തിലെ മിക്ക എഴുത്തുകാരെയും വളർത്തി എന്ന അവകാശപ്പെടുന്ന ‘മാറൂമി‘ ആഴ്ച്ചപ്പതിപ്പിലാദ്യം കയറിപ്പറ്റിയിട്ടില്ല എന്നത് മറ്റൊരു പോരായ്മയത്രെ! ഡിസി ബുക്സിന്റെ ‘ലേല പരിപാടികൾ‘ തുടർച്ചയായി കാണുന്നില്ല എന്നത് പുറമ്പോക്കിൽ ഉപേക്ഷിക്കപ്പെടാനുള്ള മറ്റൊരു കാരണമാണ്.
മാഷന്മാരുടെ ആശിർവാദ് കൊടികൾ പൊക്കി നടക്കാത്തതും ‘ഭാഷാ ഫാഷാ ഫീഷാ‘ മോശമായതും ഫേസ് ബുക്കിൽ മാത്രം എഴുതുന്നതും മറ്റ് കാരണങ്ങളാണ്. പക്ഷേ കവി നിരാശനല്ല. മുഖ്യധാരാ പ്രസാധക ലോകത്തിൻറെ കാപട്യങ്ങളെ തന്റെ തെരുവ് കവിതകളിൽ തൊലിയുരിഞ്ഞുകാട്ടി പ്രദർശിപ്പിക്കുകയും ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്നുണ്ടയാൾ.
സൃഷ്ടിവാദകാരനും ആസ്തികനുമായ കവി
കടുത്ത ആസ്തികനായ കവി സൃഷ്ടിവാദത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ദൈവത്തിൻറെ തത്വചിന്തകളിലല്ലാതെ മനുഷ്യൻറെ കണ്ടുപിടിത്തങ്ങളിലൊ തത്വചിന്തകളിലൊ മനശാസ്ത്ര തത്വങ്ങളിലോ കവി വിശ്വാസമർപ്പിക്കുന്നില്ല.
‘സൃഷ്ടിവാദ മാങ്ങാണ്ടിയും പരിണാമവാത മാങ്ങയും‘ എന്ന കവിതയിൽ, സൃഷ്ടിവാദത്തെ ‘വാദമായി‘ അംഗീകരിക്കുന്ന കവി പരിണാമവാദത്തെ ‘വാതമായാണ്‘ കാണുന്നത്. ഡാർവിനെ ‘ടാർ ഇവിനെന്നോ ഡാ ഇർവിനെന്നോ‘ വിളിച്ചവരുണ്ടാകാം. എന്നാൽ ‘ഡോർ ഇവിനേന്ന്‘ വിളിച്ച്, പരിണാമവാദത്തിന്റെ വിശാല ആശയലോകത്തേക്കുള്ള ഡോർ തുറക്കാൻ ആവശ്യപ്പെട്ടവരെ, സൃഷ്ടിവാദത്തെ പരിണാമവാദത്തിന്റെ കൊരങ്ങിനെ കൊണ്ട് കളിപ്പിച്ചാണ് ഡാർവിൻ വിജ്ഞരാക്കുന്നത്.
ഇത് കണ്ട് സൃഷ്ടിവാദക്കാരനായ കവി ‘കൊരങ്ങരങ്ങും മക്കളും‘ ഡാർവിൻ എഴുതിയ നാടകമെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് ജീവിതത്തെരുവിലേക്ക് നീലം മാങ്ങാ കച്ചവടത്തിനിറങ്ങുന്നു. പക്ഷേ അത്ഭുതം എന്താച്ചാൽ, ‘ശാസ്ത്രീയമല്ലെന്ന ഗ്യാരണത്താൽ മാങ്ങകൾ ഒന്ന് പോലും തട്ടീന്ന് അനങ്ങുന്നേയില്ല!‘ മറ്റൊരു രസം കൂടിയുണ്ട്. സൃഷ്ടിവാദക്കാരനായ കവി പടച്ചോനോടല്ല മാങ്ങ വിറ്റ് പോകാത്തത്തിന്റെ ലോജിക്കാരായുന്നത്.
‘സാപ്പിയൻസിന്റെ‘ കർത്താവായ യുവാൽ നോവാ ഹരാരിയോടാണ്! ‘why logic Harari?‘ എന്ന ചോദ്യത്തിന്, ‘മിത്തിനെ ശാസ്ത്രമാക്കാൻ നോക്കിയാൽ ഒരു പടച്ചോനും പൊറുക്കില്ല‘ എന്ന മറുപടിയാവും റാസിക്ക് കൊടുക്കാൻ ഹരാരി കാത്തു വെച്ചിട്ടുണ്ടാവുക! കച്ചവടത്തിന് മിത്തിക്കൽ സ്വഭാവമല്ല ശാസ്ത്രീയതയാണ് വേണ്ടതെന്ന് കവിയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു!!
‘തോമസ് ഹാൽവാ റാച്ചിഡ്സൺ‘ എന്ന കവിതയിൽ സ്വയം എഡിസണായി മാറുന്ന കവിയെ കാണാം. സൂര്യ ബൾബുണ്ടാക്കിയ കടവുൾ കവിയോട് ബൾബ് കണ്ടുപിടിച്ച കാലത്തിലേക്ക് മെല്ലെ പെടലി തിരിക്കാൻ പറഞ്ഞു.
കടവുളിന്റെ ഉദ്ബോധനമുണ്ടായ കവി ഇങ്ങനെ എഴുതുന്നു.
“ബൾബ് കത്തബെ
മിന്നബെ
ചൂടാവബെ
ഭൂമിയും പ്രകൃതിയും വീടും ബെളിച്ചത്താൽ
നിറയബെ
നോബൽ കിലുക്കമെവിടെ ഉവ്വേന്ന്
ലോജിക് ശാസ്ത്രരോടും സ്വീഡിഷ്
കേന്ദ്രത്തോടും ആരായുന്നു
തോമസ് ഹാൽവ റാച്ചിഡ്സൺ”
ഇത് കേട്ട് ഉദ്ബോധിപ്പിക്കാൻ ചെല്ലുന്ന യുക്തന്മാർക്ക് കൊടുക്കാൻ ‘തന്റെ യുക്തിയല്ല ഹെന്റെ യുക്തി‘ എന്ന മറുപടി. കവി കരുതി വച്ചിട്ടുണ്ട് !
സ്വയം യൂണിവേഴ്സിറ്റിയായി മാറുന്ന കവി
യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിച്ച കവിക്ക്, ജീവിതത്തിൽ തട്ടിത്തടഞ്ഞു വീണ് പരിക്കേറ്റതിനാൽ പഠനം പൂർത്തിയാക്കാനായില്ല. ആ കഥ’യൂണിവേഴ്ചുറ്റി’ എന്ന കവിതയിലുണ്ട്.
ആറാം ക്ലാസ് വരെ നന്നായി ശ്രദ്ധിച്ചിട്ടും തോറ്റുപോയത് മന:പൂർവ്വമായിരുന്നു. ജോലിക്ക് പോകാതെ നിവൃത്തിയില്ലായിരുന്നു. വല്ല പലിശക്കാരന്മാരും വിടന്മാരും വീട്ടിൽ വേലിപൊക്കി കയറാതിരിക്കാൻ ജോലിക്ക് പോയാലേ മതിയാകുമായിരുന്നുള്ളൂ.
ആറാം ക്ലാസിൽ ജയിച്ച് ഏഴിലെത്തി ‘ലസാഗുവും ഉസാഗയും രാമാനുജനെയും ജിഎച്ച് ഹാർഡിയെയും‘ പഠിക്കുന്ന സഹപാഠികളെ ഓർത്ത് ചിരിച്ച് ആറാം ക്ലാസിൽ തോൽക്കാൻ കണ്ടെത്തിയ വഴി വാർഷിക പരൂഷയ്ക്ക് ഹാജരാകാതിരിക്കുക എന്നതായിരുന്നു. അതുകഴിഞ്ഞ് നായകൻറെ അഭ്യാസങ്ങൾ കെഎസ്ആർടിസി ക്യാന്റീനിലായി.
“തുടർ പഠന ആസൈയും
യൂണിവേഴ്സിറ്റി കോളേജ്
പ്രവേശന ചൊപ്പനവും
കാന്റീനിലെ തീൻ മേശകൾക്കടിയിലിരുന്ന് തേങ്ങ തിരുകി.”
എന്നാൽ ‘മുകളിൽ’ ഇരുന്ന ഹെഡ്മാസ്റ്റർക്ക് കാന്റീനിൽ വെള്ളം കോരി തളരുന്ന നായകനോട് അൻപ് തോന്നിയതിനാൽ പത്ത് വരെ പിന്നെയും ഉന്തിയും തള്ളിയും നീക്കാൻ പറ്റി. പത്താം ക്ലാസ് പരൂഷയിൽ വീണ്ടും അന്തസായി തോറ്റ കവി കസാന്ത് സാക്കീസിന്റെ സോർബയായി വിജയികളെക്കാളുമേറെ ആഹ്ലാദിച്ച് തെരുവ് യൂണിവേഴ്സിറ്റിയിലൂടെ നടന്ന് പൊത്തകങ്ങൾ വാങ്ങി വായിച്ച് എന്തേലുമൊക്കെ എഴുതാൻ ശ്രമിക്കുന്നു.
പാട്ടുപാടുകയും കച്ചവടം നടത്തുകയും അതെല്ലാമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിച്ച കവി ലോകസാഹിത്യം മുഴുവൻ വായിച്ച് യൂണിവേഴ്സിനെ മുഴുവൻ ചുറ്റി സ്വയമൊരു യൂണിവേഴ്സിറ്റിയായി മാറുന്നു.
ബഷീറിയൻ ടച്ചുള്ള കവി
ബഷീറിലെ പച്ചയായ മനുഷ്യനും ആ കൃതികളിലെ മനുഷ്യരുടെ പച്ചയായ ജീവിതവും റാസിയിലും അയാളുടെ കവിതകളിലും കാണാൻ കഴിയും. സ്വന്തമായ വ്യാകരണവും ഭാഷയും സൃഷ്ടിച്ച കഥാകാരനെ
പോലെ റാസിയും സ്വന്തമായ ഒരു കാവ്യലോകംം സൃഷ്ടിക്കുന്നു. തെരുവിലെ ജീവിതവും പട്ടിണിയും വിശപ്പും വിഭ്രാന്തിയും ദൈവത്തിൽ അഭയം പ്രാപിക്കലുമൊക്കെ രണ്ടു പേരിലും പൊതുവായി കാണാം.
സമരാനുഭവങ്ങളും സഞ്ചാരവും ജീവിതം വിലക്കിയത് കൊണ്ട്, അത് രണ്ടും റാസി എന്ന കവിയിൽ നിന്ന് കുറയ്ക്കേണ്ടി വരും. എങ്കിലും ജീവിതത്തോട് കവിത കൊണ്ട് സമരം ചെയ്തും സാഹിത്യ കൃതികളിലൂടെ അനന്തസഞ്ചാരം നടത്തിയും ഈ കവി ബഷീറിനോട് ചേർന്ന് തന്നെ നിൽക്കുന്നു.
ദാരിദ്ര്യത്തെയും പട്ടിണിയെയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട് രണ്ടുപേരും. ഭൗതിക യുക്തികളെ ബഷീറിനെപ്പോലെ റാസിക്കും തീരെ മതിപ്പില്ല. തിരുവനന്തപുരത്തിന്റെ നാട്ടുപ്പേച്ചിൽ എഴുതുന്നതുകൊണ്ടും പതിവ് കാവ്യസ്വഭാവങ്ങളെ അട്ടിമറിക്കുന്നതു കൊണ്ടും മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന ഈ കവി ഏതെങ്കിലും കവിതാ ഏജൻസികൾക്ക് വേണ്ടി കൊടി പിടിക്കാനോ കവിത എഴുതാനോ സ്വന്തം ഭാഷ മാറ്റാനോ ശ്രമിക്കുന്നില്ല.
ഒരു പ്രസ്ഥാനത്തിനും പിടികൊടുക്കാതെ സ്വയം ഒരു പ്രസ്ഥാനമോ പ്രതിഭാസമോ ആയി മാറിയ ബഷീറിൻറെ തലോടലുകൾ റാസി എന്ന കവിയ്ക്ക് എങ്ങനെയൊക്കെയോ കിട്ടിയിട്ടുണ്ട്. ആസ്തികനായിരിക്കുമ്പോഴും പള്ളിയും യാഥാസ്ഥിതിക മത പുരോഹിതരും കവിയുടെ വിമർശനത്തിന് അതീതമാകുന്നില്ല എന്ന പ്രത്യേകതയും കാണണം.
ബഷീറിനെ പോലെ അയാൾ സൃഷ്ടിക്കുന്നതായിരുന്നു അയാളുടെ ഭാഷ. ബഷീർ കൃതികളിൽ പ്രത്യക്ഷപ്പെടുന്നത് പോലുള്ള അർത്ഥരഹിതവും അസംബന്ധവുമായ പദനിർമ്മിതികളാൽ സമൃദ്ധവുമാണ് റാസിയുടെ കവിതാ ലോകം.
“ഇന്ന് രണ്ട് മലക്കുകൾ ഇബാടെ
കമോൺ
ആംഹ് കമോണിയല്ലോ ചന്തോയം“
എന്ന വരികളിലാണ് ‘മൂക്ക് പൊടി‘ എന്ന കവിത തുടങ്ങുന്നത്. മലക്കുകളെ വിളിച്ചു വരുത്തി അന്തരിച്ചു പോയ പ്രിയപ്പെട്ട ഒരാളുടെ ഖബർ ജീവിതത്തെക്കുറിച്ച് കവി അന്വേഷിക്കുന്നു. അദ്ദേയത്തിന് സുഖമാണെന്നും അദ്ദേയം ഇപ്പോൾ മണവാളൻ സ്റ്റൈലിൽ ഉറങ്ങുകയാണെന്നും മലക്കുകൾ മറുപടി പറയുന്നു.
ഉണരുമ്പോൾ 250 ഗ്രാം ഗ്രാമീണ മൂക്കുപൊടി അദ്ദേഹത്തിനു കൊടുക്കാമോ എന്നാണ് കവിയുടെ അന്വേഷണം! ശേഷം ഈ മൂക്കുപൊടി അദ്ദേഹം ഖബറിലേക്ക് ചെല്ലുന്നതിന് രണ്ടീസം മുമ്പ് വാങ്ങിവച്ച ഗ്രാമീണ മൂക്കുപൊടിയാണ് എന്നും വെളിപ്പെടുത്തുന്നു.
“അനന്തരം അന്ത
മൂക്ക് പൊടി ഇളുത്തിട്ടദ്ദേയം
കൈലേസ് മറച്ച്
തുമ്മണേന്റെ സത്തം എന്നെ
കേൾപ്പിക്കൂ“ എന്നാജ്ഞാപിക്കുന്നു!
“ഭൂമിയിൽ ബെച്ച് ഒരു കോടി തവണ
കേട്ട്
ചിരിച്ച
ബേദനിച്ച
പേടിച്ച
അദ്ദേയ തുമ്മൽ സത്തം “
മലക്കുകൾ ആയതുകൊണ്ട് ‘ആരാ അദ്ദേയം‘ എന്ന് ചോദിക്കാതെ തന്നെ അറിയാമല്ലോ എന്ന് ചോദിച്ച്
“ഉം
വാപ്പാാാ …!” എന്ന് ഉപസംഹരിക്കുന്നു.
മതസംഘടനകളെ തെല്ലും കൂസുന്ന ആളല്ല റാസി. ഉപഹാരം നൽകാനായി വേദിയിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ അപമാനിച്ച സമസ്തയ്ക്കെതിരെയുള്ള ശക്തമായ വിമർശനമാണ് ‘പെൺകുട്ട്യേ‘എന്ന കവിത.
“സമസ്ത മേഖലയിലും പൊങ്കാലയിട്ട് കഴിഞ്ഞവർ ശ്രദ്ധിക്കുക” എന്ന അറിയിപ്പോടുകൂടിയാണ് കവിത തുടങ്ങുന്നത്. വേദിയിൽ കയറിയ പെൺകുട്ടിയോട് സമ്മാനം വാങ്ങണ്ട വേണമെങ്കിൽ വാപ്പ വാങ്ങിക്കോട്ടെ എന്ന് പറയുന്ന പച്ച ഷാൾ ഇട്ട ഉപ്പുപ്പമാരെ കുറിച്ച് പെൺകുട്ടിക്ക് അല്ലാഹുവിനോട് പറയാനുള്ള കാര്യങ്ങളാണ് കവി അവതരിപ്പിക്കുന്നത്.
“ജരീദിലിരിക്കുന്ന തമ്പുരാനെ എൻറെ പേരും വീടും നിനക്കറിയാം
അവർ സാദരം വിളിച്ചിട്ടാണ് ഞാൻ ഈ സ്റ്റേജിലേക്ക് കയറിയത്
പച്ച ഷാൾ ഇട്ട ഉപ്പുപ്പാനോട് എനിക്കൊരു ദേഷ്യവുമില്ല പകരം
അദ്ദേഹത്തിന് അറിവ് നൽകേണമേ
പച്ചയുപ്പുപ്പാന്റെ ശാസന കേട്ട നീ നീതിമാനാണ്
പച്ചയുപ്പുപ്പാ നിൻറെ ഖുർആൻ
വായിച്ചിട്ടില്ലേ
നിൻറെ ഹബീബിനെ അനുധാവനം ചെയ്തിട്ടില്ലേ“
പച്ച ഷാളിട്ട, മതത്തിന്റെ പേരും പറഞ്ഞ് പെൺകുഞ്ഞുങ്ങളെ ‘ശ്വാസംമുട്ടിച്ചു കൊല്ലുന്ന‘ എല്ലാ ഉപ്പുപ്പമാരും വാപ്പമാരും റാസിയുടെ കവിത വായിക്കേണ്ടതാണ്. ബഷീർ സൂഫി മാർഗമാണ് സഞ്ചരിച്ചതെങ്കിൽ റാസി പ്രവാചകന്റെ മാർഗമാണ് അനുധാവനം ചെയ്യുന്നത്.
ഈ “ബ്ലഡി പുറമ്പോക്ക് വാസിയുടെ“ കവിതയ്ക്കെന്ത് ബഷീറിയൻ ടച്ച് എന്ന് ചോദിക്കുന്നവർക്ക് റാസിയുടെ ‘സിക്രാക്ക്‘ എന്ന കവിത വായിക്കാവുന്നതാണ്. ദൈവത്തോട് മിണ്ടാത്ത എന്നാൽ ജീവിതം കൊണ്ട് സ്വയം ദൈവമാവുന്ന മനുഷ്യരെ സിറാക്ക എന്ന സിക്രാക്ക് പ്രതിനിധീകരിക്കുന്നു.
“സിറാക്ക നാട്ടിലെ
പ്രമാണിയല്ലായിരുന്നു
സിറാക്ക നാട്ടാരുടെ നോട്ടപ്പുള്ളിയായിരുന്നു
സിറാക്ക കാണിക്കുന്ന
കറാമത്തുകളിൽ
മാത്രം നാട്ടാര് അവിശ്വസിച്ചു
സിറാക്ക
ചുട്ട കോയീനെ പറപ്പിച്ചില്ല
ചുട്ട കോയീനെ കൂട്ടാർക്കുകൂടിപങ്കുവെച്ച് തിന്ന്
മാതൃകനായി
സിറാക്ക വെള്ളത്തിന് മോളിലൂടെ
നടന്നില്ല
ദാഹിച്ച ചുണ്ടുകൾക്ക് പൈപ്പീന്ന്
നെറച്ച് നൽകി
സിറാക്ക മക്കത്ത് പോയില്ല
ഹാജിയാര് പട്ടത്തിന് സ്വരുക്കൂട്ടിയ
നാണയദ്ദുട്ടുകൾ നബീസൂന്റെ
മകളുടെ കല്യാണ മേളത്തിന് കൊട്ത്ത്
സിറാക്ക ലോകത്തുള്ള
കുഞ്ഞുങ്ങളുടെ കരുതലനായിർന്ന്
സിറാക്ക
തെരുവുകളിലുറങ്ങിയുണർന്നേ…
സിറാക്കയ്‌ക്കാരും മക്ബറ
കെട്ടിക്കൊടുത്തില്ല
സിറാക്ക യുക്തിയാശാനായിരുന്നു
ദൈവത്തിനോട് മുണ്ടാത്ത സിക്രാക്ക്“
ജീവിതം എന്ന കവിത മറ്റേത് പിള്ളാരെയും പോലെ ഫുട്ബോൾ ജ്വരം കയറി ‘ലയണൽ റാസിയായി‘ നടക്കുന്ന ഒരു കാലം കവിക്കുമുണ്ടായിരുന്നു.
“ഫുട്ബോൾ ഭ്രമം
കാലുകളിലും തലയിലും വിസിലൂതിക്കൊണ്ടേയിരിക്കും
വാടക വീടിനടുത്തെ ആമ്പൽക്കുളം മൈതാനത്തായിരുന്നു ഭാവിയിലെ ലയണൽ റാസി പന്ത് തട്ടി,
തട്ടി വീണും ഫൗളിന് വിധേയനായും സുഹൃത്ത് റഫറിമാരിൽ നിന്ന് ചുവപ്പുകാർഡ്
കിട്ടിയും
‘അർജന്റ് ആൻറിനേ’… എന്ന വിളിപ്പേരിൽ നിറഞ്ഞത്“
വിശപ്പിന്റെ പെനാൽറ്റികളെടുത്ത് തളർന്നപ്പോൾ ഒരു ത്രീസ്റ്റാർ ഹോസ്റ്റലിൽ “ഗോൾകീപ്പറായി“ ജോലിക്ക് കയറിയേണ്ടി വന്ന അനുഭവങ്ങൾ ‘ലയണൽ റാസി‘ എന്ന കവിതയിലുണ്ട്. ജോലിയുടെ ആദ്യദിനത്തിൽ തന്നെ കാക്കി യൂണിഫോമിനുള്ളിൽ കയറി ബക്കറ്റും ഫിനോയിലും ഹാർപ്പിക്കും ചൂലും വലത് കൈയിൽ പിടിച്ച് ബൂട്ടിടാതെ റൂമുകളിൽ നിന്ന് റൂമുകളിലേക്ക് ഓടുന്ന, റൂമുകളിലെ ടോയ്‌ലെറ്റുകളുടെ പല്ല് തേപ്പിക്കുന്ന ലയണൽ റാസിയുടെ ആത്മാർത്ഥതയെ മുകളിലെ ഗ്യാലറിയിലിരിക്കുന്ന ഒരൊറ്റ കാണി മാത്രം കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്ന സംതൃപ്തിയാണ് എന്ത് ജോലിയും ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നത്.
ജീവിക്കാൻ പല വേഷവും കെട്ടുന്ന കവി മുംബൈക്ക് കള്ളവണ്ടി കയറിയതും ഹോട്ടലിൽ പണിക്ക് നിന്നതും മുതലാളിയോടുള്ളതിനേക്കാൾ കൂറ് മുതലാളിയുടെ മകളോട് കാണിച്ചതും ചാറ്റൻ എന്ന കവിതയിലുണ്ട്. അവൾ വാങ്ങിക്കൊടുത്ത മൊബൈലിൽ ചാറ്റി ചാറ്റി അവളെ ഹോട്ടാക്കിയതിനാണ് തന്നെ അവിടുന്ന് ഡിലീറ്റ് ചെയ്തതെന്ന ‘കദനകഥയിലാണ്‘ കവിത അവസാനിക്കുന്നത്!
സ്വാതന്ത്ര്യ ദിനത്തിൽ പട്ടിണി മാറ്റാൻ അർദ്ധരാത്രി വരെ പതാക വിൽക്കേണ്ടി വരുന്ന കുഞ്ഞിൻ്റെ ചിത്രം‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്‘ എന്ന കവിതയിൽ കാണാം. പല വീടുകളിൽ വീട്ടുജോലിക്ക് പോകുന്ന ഉമ്മ ഏൽപ്പിച്ച “അനുജൻ കുടത്തെ“ ഒക്കത്തെടുത്ത് ആക്രി പെറുക്കി നടക്കുന്ന കുഞ്ഞു കവിയെ കണ്ട് “സഹപ്രായികളുടെ മാതാപിതാ ഗുരുക്കന്മാർ പാവം കൂറും അല്ലാതെ ‘എൻ്റെ മക്കൾക്ക് വാങ്ങിയ പരിപ്പുവടയിലൊരെണ്ണം നിങ്ങ തിന്നോ‘ എന്ന് കമ്മ്യൂയാകില്ല ഹ
ഹ ഹ
അഞ്ചിൻ്റെ പൈശ ബേറെ ചെലവാക്കാത്ത സോഷ്യലിസ്റ്റ് പ്യാവം കൂറികൾ“ എന്ന് പറഞ്ഞ് സഹതപിക്കുന്ന സമൂഹത്തെ പരിഹസിച്ച്
നിലംപരിശാക്കുന്നു.
വായനയോട് അടങ്ങാത്ത ആർത്തിയുള്ള, വായിച്ചതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ആശയലോകവും ഭാഷയും സൃഷ്ടിക്കുന്ന, കവിതയുടെ നടപ്പു രീതികളെ അട്ടിമറിക്കുന്ന, പ്രസാധക ലോകവും മുഖ്യധാരാ സാഹിത്യവും പുറമ്പോക്കിൽ നിർത്തിയിരിക്കുന്ന, റാസി എന്ന കവി മലയാള കവിതയുടെ മാറുന്ന മുഖമാണ്. ഉത്തരാധുനിക കാലത്തും കാല്പനികതയെയും സവർണ്ണ ബിംബങ്ങളെയും കൈവിടാൻ മടിക്കുകയും സ്വന്തമായി ഏജൻസികൾ ഉണ്ടാക്കി സ്വയം പ്രതിഷ്ഠ നടത്തുകയും ചെയ്യുന്ന എഴുത്ത് ലോകത്തിന് അയാളെ അംഗീകരിക്കാൻ മടി കാണും. നിങ്ങളുടെ അംഗീകാരത്തിനും പ്രശസ്തി പത്രത്തിനും കാക്കാതെ അയാളും അയാളുടെ കവിതയും നടക്കുന്നത് മുന്നിലേക്ക് തന്നെയാണ്. നിങ്ങൾ നോക്കി നിൽക്കുക.
FAQs
ആരാണ് വൈക്കം മുഹമ്മദ് ബഷീർ?
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
എവിടെയാണ് തിരുവനന്തപുരം?
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം.
ആരാണ് ചാൾസ് ഡാർവിൻ?
ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ. ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു.
ആരാണ് ലയണൽ മെസ്സി?
ഒരു അർജന്റീനിയൻ പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലയണൽ ആന്ദ്രസ് മെസ്സി. ഇന്റർ മയാമിയിലും അർജന്റീന ദേശീയ ടീമിലും ഫോർവേഡായി കളിക്കുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.
Quotes
നിങ്ങളുടെ ലോകത്തെ വിശാലമാക്കാൻ നിരവധി ലളിതമായ മാർഗങ്ങളുണ്ട് പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അവയിൽ ഏറ്റവും വലുത് – ജാക്വലിൻ കെന്നഡി