Thu. Jan 9th, 2025
Nipah Outbreak

മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ മരണത്തോടെയാണ് എല്ലാത്തിന്‍റെയും ആരംഭം. രോഗമെന്തെന്ന് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും 17 പേരെയും നിപ്പ കൊണ്ടുപോയിരുന്നു

കേരളത്തില്‍ വീണ്ടും നിപ്പ വൈറസുകള്‍ ഭീതി പരത്താന്‍ തുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് മരിച്ച രണ്ടു പേര്‍ക്ക് നിപ്പ വൈറസ് ബാധയുള്ളതായി പുനെ വൈറോളജി ലാബ് സ്ഥിരീകരിച്ചു. അതിവ്യാപനശേഷിയുള്ളതും മരണനിരക്ക് ഉയര്‍ന്നതുമായ നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിനാല്‍ ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ടതുണ്ട്.  

ഇപ്പോള്‍ കേരളത്തില്‍ മാത്രം നാലാം തവണയാണ് നിപ്പ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ മൂന്നു തവണയും നാം വിജയകരമായി നേരിട്ട ഒരു പ്രതിസന്ധിയെ വീണ്ടും നേരിടേണ്ട സാഹചര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്താണ് നിപ്പ? 

ഹെനിപ്പാവൈറസ് ജീനസിലെ ഒരു ആര്‍എന്‍എ വൈറസാണ് നിപ്പ. മംസ്, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഉള്‍പ്പെടുന്ന പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ്പയും. വ്യത്യസ്ത ഘടനയോടെയുള്ള ഈ വൈറസ്സുകള്‍ക്ക് 40 മുതൽ 600 നാനോമീറ്റര്‍ വരെ വ്യാസമുണ്ട്. കൊഴുപ്പ് കൊണ്ടുള്ള ആവരണത്തിനകത്ത് ഒരു ആര്‍എന്‍എ ജനിതകപദാർത്ഥം ഉള്ളടങ്ങുന്നതാണ് ഇതിന്‍റെ രൂപം. എക്സ്റേ ക്രിസ്റ്റലോഗ്രാഫിയുടെ സഹായത്തോടെയാണ് ഇവയുടെ ഘടന നിർണ്ണയിക്കാന്‍ സാധിക്കുക.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ കടുത്ത വരൾച്ചയിലേക്ക് നയിക്കുകയുണ്ടായി. വരള്‍ച്ചയില്‍ മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങിയതോടെ പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായി കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ (വവ്വാലുകള്‍) കൂടി കൃഷിയിടങ്ങളിലേക്ക് എത്തി.

അധികം വൈകാതെ മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിക്കാന്‍ തുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയതോടെ ഉത്തരം കിട്ടാതെ നിന്ന മലേഷ്യന്‍ ജനതയേയും വൈകാതെതന്നെ സമാന രോഗം വരുതിയിലാക്കി. അതിനെ തുടര്‍ന്നാണ്‌ രോഗാവസ്ഥയുടെ ഭീകരത എത്രത്തോളമെന്ന് ബോധ്യപ്പെട്ടു തുടങ്ങിയത്. 1999 ആയപ്പോഴേക്കും മലേഷ്യയിലെ 268 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 108 ആളുകളും മരണപ്പെട്ടു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപ്പ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതിനാല്‍ നിപ്പ വൈറസ് എന്ന പേര് വൈറസ്സിന് വീഴുകയായിരുന്നു. 

Nipah
കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ Screen-grab, Copyrights: Mint

മലേഷ്യയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ പന്നികളുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് സിംഗപ്പൂരിലെ അറവുശാല തൊഴിലാളികളിലേക്കും അതേ കാലഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായി. 11 പേര്‍ക്കാണ് സിംഗപ്പൂരില്‍ രോഗം ബാധിച്ചത്. അവരിലൊരാള്‍ മരണപ്പെടുകയും ചെയ്തു.

എബോളയുടെ വ്യാപനത്തിനു ശേഷം അടിയന്തരമായി നടന്ന ഗവേഷണങ്ങളുടെയും രോഗനിര്‍ണ്ണയത്തിന്‍റെയും പരിശോധനാക്രമങ്ങളുടെയും പുതിയരീതി വികസിപ്പിച്ചെടുക്കാനുമുള്ള പദ്ധതിയെ തുടര്‍ന്ന് ഭാവിയില്‍ പകര്‍ച്ചവ്യാധിയുണ്ടാക്കാന്‍ കെല്പുള്ളതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയ അനേകം വൈറസുകളിലൊന്നാണ് നിപ്പ വൈറസ്. 

ഏറ്റവും കൂടുതല്‍ തവണ നിപ്പ വ്യാപനമുണ്ടായിട്ടുള്ളത് ബംഗ്ലാദേശിലാണ്. 2001 മുതല്‍ 2011 വരെ രാജ്യത്തിന്‍റെ പലയിടങ്ങളിലായി രോഗവ്യാപനമുണ്ടായിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള വ്യാപനം ചില വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. 2011 ല്‍ ബംഗാളിലെ സിലിഗുരിയിലുണ്ടായ നിപ്പ വ്യാപനം രോഗം ബാധിച്ച 74 ശതമാനം പേരുടെയും ജീവനെടുക്കുകയും ചെയ്തു.

നിപ്പയുടെ വ്യാപനം

പ്രാഥമിക നിപ്പ വൈറസ് റിസപ്റ്ററുകൾ എഫ്രിൻസ് ബി 2, ബി 3 എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടുണ്ട്. എഫ്രിൻ സബ്‌ടൈപ്പുകൾ ശരീരത്തിലുടനീളം വിവിധ രീതികളിൽപ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. പ്രത്യേകിച്ച് ബി 3 സബ്‌ടൈപ്പ് ഫോർബ്രെയിൻ മേഖലകളിൽ ശക്തമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമെന്ന നിലയില്‍ ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വവ്വാലുകളില്‍നിന്ന് നേരിട്ടോ വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ വഴിയോ  മനുഷ്യരിലേക്ക് നിപ്പ പടരാവുന്നതാണ്. അതുപോലെ വവ്വാലില്‍ നിന്ന് വളര്‍ത്തു മൃഗങ്ങള്‍ വഴിയും മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും നിപ്പയുടെ വ്യാപനമുണ്ടാകും.

പഴംതീനി വവ്വാലുകള്‍ നിപ്പ വൈറസിന്‍റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപ്പയെക്കൊണ്ട് പ്രത്യേകിച്ച് ഉപദ്രവമൊന്നുമില്ല. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലപരിധിയിലാണ് സാധാരണഗതിയില്‍ നിപ്പ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാറുള്ളത്. ഈ കാലഘട്ടം വവ്വാലുകളുടെ പ്രജനനകാലഘട്ടമായതിനാല്‍ ഈ സമയങ്ങളില്‍ വവ്വാലുകളില്‍ നിന്ന് കൂടുതല്‍ വൈറസുകള്‍ പുറത്തേക്ക് എത്തുന്നതിന് കാരണമാകുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. 

രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് നിപ്പ പകരുന്നത്. തുമ്മലിലൂടെയും സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗബാധ തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണം. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്‍റെ സ്വഭാവമാണ്.

nipah
പഴംതീനി വവ്വാലുകള്‍ Screen-grab, Copyrights: The Statesman

വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ അഞ്ചുമുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ചുമ, വയറുവേദന, വിറയല്‍, ഛര്‍ദി, ശ്വാസതടസ്സം എന്നിവയും ചിലരില്‍ കാണപ്പെടാറുണ്ട്. സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം, വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

കേരളത്തെ നിപ്പ പഠിപ്പിച്ച പാഠങ്ങള്‍

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദുരന്ത വര്‍ഷമായ 2018 ല്‍ തന്നെയാണ് നിപ്പയുടെയും കേരളത്തിലേക്കുള്ള നുഴഞ്ഞുകയറ്റം. മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ മരണത്തോടെയാണ് എല്ലാത്തിന്‍റെയും ആരംഭം. രോഗമെന്തെന്ന് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും 17 പേരെയും നിപ്പ കൊണ്ടുപോയിരുന്നു.

ആദ്യമരണം നടന്നുകഴിഞ്ഞ് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതമായ ഒരു വൈറസ്സിനെക്കുറിച്ച് ആരോഗ്യവകുപ്പിന് സംശയം ജനിക്കുന്നത്. തുടര്‍ന്ന് നടന്ന വിദഗ്ദ്ധ പരിശോധനയില്‍ മെയ് 19-ന് മരണം നിപ്പ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരണമുണ്ടായി. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയോളം സമയമെടുത്തെങ്കിലും പഴുതടച്ച പ്രതിരോധത്തിലൂടെ വൈറസിന്‍റെ അതിവ്യാപനം തടയാന്‍ അന്ന് കേരളത്തിന് സാധിച്ചിരുന്നു.

കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്തായിരുന്നു വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തിയത്. മെയ് അഞ്ചിന് പേരാമ്പ്ര ചങ്ങരോത്തെ സാബിത്താണ് കേരളത്തില്‍ നിപ ബാധിച്ച് മരിച്ച ആദ്യരോഗിയെന്ന് കരുതപ്പെടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു സാബിത്തിന്‍റെ മരണം. മെയ് 18ന് സാബിത്തിന്‍റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിപ്പ മൂലം മരണപ്പെട്ടു.

സാബിത്തിനാണ് പഴം തീനി വവ്വാലുകളില്‍ നിന്നും ആദ്യമായി നിപ ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. സ്വാലിഹ് മരണപ്പെട്ടതോടെയാണ് രോഗം സ്ഥിരീകരണമുണ്ടായത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സ്വാലിഹിനെ ചികിത്സിച്ച ഡോക്ടര്‍ എഎസ് അനൂപ്‌ കുമാറിന്‍റെ സംശയമാണ് കേരളത്തിന്‍റെ നിപ്പ പ്രതിരോധത്തിലെ പ്രധാന നാഴികക്കല്ല്. അനൂപ് കുമാറാണ് കേരളത്തില്‍ ആദ്യമായി നിപ്പ വൈറസാണ് രോഗ കാരണമെന്ന് കണ്ടെത്തുന്നത്.

സ്വാലിഹ് മരണപ്പെട്ടതിന് പിന്നാലെ പിതാവ് മൂസയും സഹോദരി മറിയവും മരണപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ സാബിത്തിനെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തക, പേരാമ്പ്ര ആശുപത്രിയിലെ നേഴ്‌സ് ലിനി പുതുശ്ശേരിയും നിപ്പ ബാധിച്ച് മരിച്ചു. മെയ് 2 നാണ് സാബിത്ത് ആദ്യമായി പേരാമ്പ്ര ആശുപത്രിയില്‍ ചികിത്സ തേടുന്നത്. അടുത്ത ദിവസം രോഗം മൂര്‍ഛിച്ച് വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു.

ഇവിടെ വച്ചാണ് നഴ്‌സ് ലിനി അടക്കമുള്ളവര്‍ക്ക് രോഗം പടരുന്നത്. മെയ് നാലിനു സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സിടി സ്‌കാന്‍ ചെയ്യാന്‍ കൊണ്ടു പോയിരുന്നു. ഇതുവഴിയാകാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗം പടര്‍ന്നതെന്ന് കരുതുന്നു. സാബിത്തില്‍ നിന്നാണ് പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നാലുപേര്‍ക്കും പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പത്തുപേര്‍ക്കും നിപ്പ പിടിപെടുന്നത്.

Sister Lini Nipah
സിസ്റ്റര്‍ ലിനി Screen-grab, Copyrights: BBC

തുടര്‍ന്നങ്ങോട്ട് രോഗികളുമായി പല രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പതിമൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍- അജന്യ, ഉബീഷ് എന്നിവര്‍- അത്ഭുതകരമായി രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അജ്ഞാതരോഗം ബാധിച്ച് മരിച്ച നാലുപേര്‍ ഒരേ കുടുംബത്തിലുള്ളവരായതിനാലാണ് രോഗം വൈറസ് ബാധയാണെന്ന സംശയത്തിലേക്കെത്തിച്ചത്. എന്നാല്‍, സാബിത്തിന്‍റെ സ്രവസാമ്പിളുകള്‍ ശേഖരിച്ചിരുന്നില്ല. സാബിത്തില്‍ നിന്ന് രോഗം പകര്‍ന്ന സ്വാലിന് നിപ്പ സ്ഥിരീകരിച്ചതിനാല്‍ സാബിത്തിന്‍റെ മരണകാരണവും നിപയാണെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു.

ഒട്ടേറെ വെല്ലുവിളികള്‍ തരണം ചെയ്താണ് 2018 ലെ നിപ്പ ദുരന്തത്തെ അതിജീവിക്കാന്‍  കേരളത്തിന് കഴിഞ്ഞത്. ആരോഗ്യ മേഖലയുടെ മുഴുവന്‍ ചിട്ടയായ പ്രവര്‍ത്തനവും കൃത്യമായ ഭരണാധികാരികളുടെ ഇടപെടലുകളും വഴി വലിയ ആപത്തിനെ തന്നെ ഒഴിവാക്കാന്‍ നമുക്ക് കഴിഞ്ഞു. പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. രോഗബാധയുണ്ടായ പ്രദേശത്തെയും സമ്പര്‍ക്കമുള്ളവരെയും പൂര്‍ണ്ണമായി സംരക്ഷിക്കുകയും, ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

മുന്‍കരുതലുകള്‍ കടുപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം 2018 ജൂണ്‍ 30ന് മലപ്പുറം കോഴിക്കോട് ജില്ലകളെ നിപ്പ വിമുക്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. രോഗബാധയുണ്ടായ പ്രദേശത്തെയും സമ്പര്‍ക്കമുള്ളവരേയും പൂര്‍ണമായും കണ്ടെയിന്‍ ചെയ്തു. ലക്ഷണങ്ങളോടെ എത്തുന്ന എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കി. മുന്‍കരുതലുകള്‍ കടുപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം പുതിയ രോഗികളില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതോടെ 2018 ജൂണ്‍ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചു.

അങ്ങനെ കേരളം അല്പം ആശ്വസിച്ചെങ്കിലും തുടര്‍ന്നുള്ള 2019 ലും 2021 ലും വീണ്ടും കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ കൃഷ്ണയ്ക്കാണ് (23)  2019ല്‍ രോഗം സ്ഥിരീകരിച്ചത്. നിപ്പ നല്‍കിയ പാഠങ്ങള്‍  ഓര്‍മ്മയിലുള്ളതിനാല്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അന്ന് ആരോഗ്യവകുപ്പ് നടത്തിയത്.

യുവാവുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നൂറിലധികം പേരെ ഉടനടി നിരീക്ഷണത്തിലാക്കുകയും 17 പേരെ ഐസോലേറ്റ് ചെയ്യുകയും ചെയ്തു. കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടയാന്‍ സാധിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ 54 ദിവസം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് യുവാവ് രോഗമുക്തി നേടിയത്. രോഗം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. ഇത് വവ്വാല്‍ കടിച്ച പേരയ്ക്ക ആയിരിക്കാമെന്നും ഇതില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പ്.

2021ലാണ് കേരളത്തില്‍ മൂന്നാം തവണ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുന്നൂരില്‍ നിന്നുള്ള 12 വയസ്സുകാരന്‍, മുഹമ്മദ് ഹിഷാന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ അഞ്ചിനായിരുന്നു മരണം. മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ സാധിച്ചു. രോഗം ബാധിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതായിരിക്കാം  വൈറസ് ബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം.

കേരളത്തിന്‍റെ നിപ്പ റസിസ്റ്റന്‍സ് മോഡല്‍

സംസ്ഥാനത്ത് ആദ്യമായി നിപ്പ വ്യാപനമുണ്ടായപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാട് മുഴുവന്‍ പകച്ചുനില്‍ക്കേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയിലധികം സമയം വേണ്ടിവന്നെങ്കിലും പിന്നീട് കണ്ടത് ഒരു സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഏറ്റവും മികച്ച പ്രവര്‍ത്തനമായിരുന്നു. കോഴിക്കോട് ജില്ലയിലെ ആരോഗ്യസംവിധാനത്തിന്‍റെ ഏകോപനം ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറും അടങ്ങുന്ന സംഘം ഏറ്റെടുക്കുകയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍വഴി രോഗത്തിന്‍റെ വ്യാപനം പിടിച്ചുകെട്ടുക തന്നെയായിരുന്നു.

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാന്‍ തയ്യാറായി. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടിയും ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങള്‍ വായിച്ചും സാഹചര്യങ്ങള്‍ക്കനുസൃതമായി രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയും രോഗത്തെ നേരിടാനുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കി.

സംസ്ഥാനത്തിനുപുറത്ത് പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സഹായം പണമായും ഉപകരണങ്ങളായും വിദഗ്ധോപദേശങ്ങളായും എത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പേഴ്സണല്‍ പ്രൊട്ടക്ടീവ് ഉപകരണങ്ങള്‍, മാസ്‌കുകള്‍ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് രോഗചികിത്സയുടെ കേന്ദ്രബിന്ദുവായതോടെ ഇവിടേക്കുള്ള ആളുകളുടെ സന്ദര്‍ശനവും മറ്റും നിയന്ത്രിക്കുകയും അതുവഴി രോഗത്തിന്‍റെ വ്യാപനം വളരെ വേഗത്തില്‍ തടയാനുമായി.

K-K-Shailaja-Teacher
മുന്‍ ആരോഗ്യമന്ത്രി – കെ കെ ശൈലജ Screen-grab, Copyrights: Hindustan Times

അങ്ങനെ ജനസാന്ദ്രത വളരെ കൂടിയ ഈ സംസ്ഥാനത്തും രോഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പൂര്‍ണമായും കെട്ടടങ്ങുന്ന രീതിയില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് കേരളം തെളിയിക്കുകയായിരുന്നു.

വീണ്ടുമുള്ള നിപ്പയുടെ വരവ് വലിയ ആശങ്ക തന്നെയാണ്. പക്ഷേ കേരളം ഇന്ന് ഏത് സാഹചര്യവും നേരിടാനും ഇപ്പോള്‍ സജ്ജമാണ്. മുന്‍പ് മൂന്ന് തവണത്തെ നിപ്പ വ്യാപനങ്ങള്‍ നല്‍കിയ പാഠങ്ങളാണ് കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ ശക്തി. രോഗബാധയുടെ സ്വഭാവം കൃത്യമായി പഠിച്ച് നാം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ രൂപീകരിച്ച അന്താരാഷ്ട്രബന്ധങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ഇതെല്ലാം രോഗബാധ സംശയിക്കാനും രോഗനിര്‍ണയത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും നമ്മെ സഹായിക്കും.

2018 ല്‍ നിപ്പയെ കൃത്യമായി വരിഞ്ഞുകെട്ടാന്‍ സാധിച്ചത് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കൃത്യ നേതൃപാടവമാണ്. ഇപ്പോഴത്തെ സാഹചര്യവും അങ്ങനെയൊരു നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ മുതലെടുപ്പുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പ്രതിപക്ഷവും ഈ സാഹചര്യത്തിന്‍റെ ആവശ്യമാണ്. എല്ലാ ഘടകങ്ങളും ഒരേപോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഈ ദുരന്തത്തെയും നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. 

FAQs

എന്താണ് ആര്‍എന്‍എ വൈറസുകള്‍?

ആർഎൻഎ ജനിതക വസ്തുവായിയുള്ള റിട്രോവൈറസ് ഒഴികെയുള്ള  വൈറസുകളെയാണ് ആർഎൻഎ വൈറസ് എന്ന് പറയുന്നത്. ഇവയുടെ ന്യൂക്ലിക് ആസിഡ് സാധാരണയായി സിംഗിൾ-സ്ട്രാൻഡഡ്  ആര്‍എന്‍എയാണ്. ചിലതില്‍ ഡബിള്‍ സ്ട്രാന്‍ഡും കാണപ്പെടാറുണ്ട്

എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്നാലെന്ത്‌?

എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്നത് ഒരു ക്രിസ്റ്റലിന്‍റെ ആറ്റോമിക്, മോളിക്യുലാർ ഘടന നിർണ്ണയിക്കുന്ന ഒരു പരീക്ഷണാത്മക ശാസ്ത്രമാണ്, ഇത് സംഭവ എക്സ്-റേകളുടെ ഒരു ബീം വ്യത്യസ്ത ദിശകളിലേക്ക് വ്യതിചലിപ്പിക്കുന്നു. ഈ വ്യതിചലിച്ച ബീമുകളുടെ കോണുകളും തീവ്രതയും അളക്കുന്നതിലൂടെ ഒരു ക്രിസ്റ്റലോഗ്രാഫർക്ക് ക്രിസ്റ്റലിനുള്ളിലെ ഇലക്ട്രോണുകളുടെ സാന്ദ്രതയുടെ ത്രിമാന ചിത്രം സൃഷ്ടിക്കാൻ കഴിയും.

എൽ നിനോ പ്രതിഭാസം എന്നാലെന്ത് ?

വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ(El-nino). കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും

എബോള എന്നാലെന്ത്?

ഒരു വൈറസ് രോഗമാണ് എബോള (Ebola virus disease) അല്ലെങ്കിൽ എബോള ഹെമോറേജിക് ഫീവർ (Ebola hemorrhagic fever (EHF) എന്നു അറിയപ്പെടുന്നു. 1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്.

Quotes

ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാൻ കഴിയൂ, ഒരുമിച്ച് നമുക്ക് ഒരുപാട് ചെയ്യാൻ കഴിയും.

-ഹെലൻ കെല്ലർ

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി