Wed. Jan 22nd, 2025

ഗവൺമെൻ്റ്  ഞങ്ങളുടെ കാര്യങ്ങളൊന്നും തന്നെ അന്വേഷിക്കുന്നില്ല. കളനാശിനിക്ക് വരെ വലിയ തുകയാണ് ഞങ്ങൾ കർഷകർ നൽകുന്നത്. പലപ്പോഴും ഭാര്യമാരുടെ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയുമാണ് അതിനുള്ള വക കണ്ടെത്തുക

പാടത്ത് ജോലി വരമ്പത്ത് കൂലി എന്നാണല്ലോ പഴമൊഴി. പഴമൊഴികളുടെ അർത്ഥവും വ്യാപ്തിയും കാലക്രമേണ ഇല്ലാതാകുന്നതുപോലെ തന്നെയാണ് പഴമയുടെ സംസ്കാരം പേറുന്ന കർഷകരുടെ അവസ്ഥയും. കാർഷികസമൃദ്ധി നിലനിർത്താൻ പാടുപെടുന്ന കർഷകരുടെ നിലനിൽപ്പ് ഇന്ന് അനിശ്ചിതത്വത്തിലാണ്. വളരെ ആഘോഷത്തോടെ കേരളീയർ ഓണം കൊണ്ടാടിയപ്പോൾ സംസ്ഥാനത്തിന് അന്നം നൽകുന്ന കർഷകന് ഓണനാളിൽ പട്ടിണികിടക്കേണ്ടി വന്നു.

ഏകദേശം 20000ൽ പരം കർഷകരാണ് സപ്ലൈക്കോയ്ക്ക് നൽകിയ നെല്ലിൻ്റെ തുകയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നത്. അളന്ന നെല്ലിൻ്റെ വില നൽകാതെ ഈ ഓണക്കാലത്തും തങ്ങൾക്ക് ദുരിതം സമ്മാനിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് നിരവധി കർഷകരാണ് സമരത്തിനിറങ്ങിയത്. 

desiya kaeshaka federation Karshaka Fed
ദേശീയ കർഷക ഫെഡറേഷൻ (ഡികെഎഫ്) കോട്ടയത്ത് സംഘടിപ്പിച്ച ഉപവാസ സത്യാഗ്രഹം Copyrights: ഡികെഎഫ്

കൃഷി കഴിഞ്ഞ് വിൽപ്പനയും കഴിഞ്ഞ് അതിൻ്റെ തുക ലഭിക്കാതെ വരുമ്പോൾ അത് തങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിലുള്ള ഒരു കൂട്ടം കർഷകർക്ക് പറയാനുള്ളത്. 

കഴിഞ്ഞ സീസണിൽ നെല്ല് വിതച്ച് മാർച്ച് മാസത്തിൽ കൊയ്ത്തും കഴിഞ്ഞ് നെല്ല് നൽകിയ കേരളത്തിലെ കർഷകർക്ക് ആറ്  മാസമായിട്ടും തുക ലഭിച്ചിട്ടില്ല. തുക എന്ന് ലഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായി ഒരുത്തരം നൽകാൻ സപ്ലൈക്കോ അധികൃതർക്കും കഴിയാതെ വരുമ്പോഴാണ് കർഷകർ ശരിക്കും വലയുന്നത്. കർഷകരുടെ നെല്ല് സപ്ലൈക്കോ മുഖേന വിലക്കുവാങ്ങുന്ന സർക്കാരും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. കർഷകർ ഉദ്ദേശിക്കുന്ന വില പൊതുവിപണിയിൽ ലഭിക്കാത്തതിനാലാണ് പലരും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. 

നെല്ല് സംഭരണപ്രക്രിയയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് പിആർഎസ് (പാഡി റെസീപ്റ്റ് ഷീറ്റ്). കൈമാറിയ നെല്ലിൻ്റെ അളവ് രേഖപ്പെടുത്തുന്നത് പിആർഎസിയിലാണ്. ആദ്യകാലങ്ങളിൽ സപ്ലൈക്കോ വഴിയായിരുന്നു ഏറ്റെടുത്ത നെല്ലിൻ്റെ പണം നൽകിയിരുന്നത്. പിന്നീടത് കർഷകൻ ബാങ്കുകളിൽ നിന്നും വായ്പയായി വാങ്ങേണ്ട അവസ്ഥയായി.

പണത്തിനായി ബാങ്കുകളെ സമീപിക്കുമ്പോൾ ലഭിക്കേണ്ട തുക എത്തിയിട്ടില്ലായെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് സിബിൽ സ്കോറിനെയും ബാധിക്കുന്നു. വീടിൻ്റെ വായ്പ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വായ്പ, വിദേശ പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകളിലെത്തുന്ന കർഷകൻ അപഹാസ്യനാവുകയാണ്. എന്തിനാണ് ബാങ്കുകൾക്ക് മുന്നിൽ തങ്ങളെ അനാവശ്യമായി കടക്കാരാക്കുന്നതെന്ന് കർഷകർ ചോദിക്കുന്നു. 

തുക നൽകുന്നതിനായി ഓരോ വർഷവും ഓരോ ബാങ്കിനെ ഏൽപ്പിക്കുന്നതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം. വർഷം തോറും ബാങ്കുകൾ മാറുന്നതിനാൽ എല്ലായിടത്തും അക്കൗണ്ടുകൾ എടുക്കേണ്ടതായി വരുന്നു. ആദ്യകാലങ്ങളിൽ കാനറ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ വഴിയായിരുന്നു പണം നൽകിയിരുന്നത്. ഇപ്പോൾ കേരള ബാങ്ക് വഴിയും പണമിടപാടുകൾ നടക്കുന്നുണ്ട്. പണത്തിനായി ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് കേരളത്തിലെ കർഷകർ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി തങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കുകളിൽ പിആർഎസ് നൽകാൻ കഴിയണമെന്നാണ് കർഷകർ  ആവശ്യപ്പെടുന്നത്. 

സർക്കാർ ഉറപ്പ് നൽകുന്ന യാതൊരുവിധ ആനുകൂല്യങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.വളരെയധികം സാമ്പത്തിക ചെലവ് വരുന്ന പ്രക്രിയയാണ് നെൽകൃഷി. കൊയ്തെടുത്ത നെല്ല് കളത്തിലിടുമ്പോൾ പരിശോധിക്കാനെത്തുന്ന സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് അതിനൊരു താര നിശ്ചയിക്കുന്നു. പലപ്പോഴും അത് നൽകാൻ കർഷകൻ നിർബന്ധിതനാകുകയാണ്. അതിനുപുറമെ ചുമട്ടുകൂലി, വാരുകൂലി തുടങ്ങിയ അധികചെലവും കർഷകൻ വഹിക്കണം. 

farmer kerala kottayam
ജോസഫ് – കർഷകൻ Copyright@Woke Malayalam

ഗവൺമെൻ്റ്  ഞങ്ങളുടെ കാര്യങ്ങളൊന്നും തന്നെ അന്വേഷിക്കുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് നൽകിയ നെല്ലിന് പോലും ഞങ്ങൾക്ക് വില നൽകാതിരിക്കുന്നത്. അടുത്ത കൃഷിയിറക്കാനുള്ള സമയവുമായി. കളനാശിനിക്ക് വരെ വലിയ തുകയാണ് ഞങ്ങൾ കർഷകർ നൽകുന്നത്. പലപ്പോഴും ഭാര്യമാരുടെ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയുമാണ് അതിനുള്ള വക കണ്ടെത്തുക. ഞങ്ങൾക്ക് ലഭിക്കേണ്ട പ്രതിഫലം കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നെല്ല് നൽകി ആറുമാസം പിന്നിട്ടിട്ടും തനിക്ക് അതിൻ്റെ വില ലഭിച്ചിട്ടില്ലെന്ന് കോട്ടയം സ്വദേശി ജോസഫ്  പറയുന്നു. 

കർഷകരുടെ ആവശ്യം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കൃത്യസമയത്ത് പണം നൽകാതെ സർക്കാർ ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും മറികടന്ന് സംസ്ഥാനത്തിന് അന്നം നൽകുന്ന കർഷകന് അവൻ്റെ അധ്വാനത്തിന് ന്യായമായ കൂലി ലഭിക്കുന്നില്ല. മറ്റ് പല കാര്യങ്ങൾക്കും അനാവശ്യമായി പണം ചെലവാക്കുന്ന സർക്കാർ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്ന കർഷകൻ്റെ സങ്കടം എന്തുകൊണ്ടാണ് ചെവിക്കൊള്ളാത്തതെന്ന് ഇവർ ചോദിക്കുന്നു.

കർഷകൻ്റെ കൂടി വോട്ട് നേടിയല്ലേ ഇവർ ജനപ്രതിനിധികളായത്. എന്നാൽ കർഷകരെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മാറ്റി നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവരാണ് കർഷകരിൽ ഭൂരിഭാഗം ജനങ്ങളും. ബാങ്കുകളിലെത്തുമ്പോൾ അവർ കാണിച്ചുതരുന്ന കടലാസുകഷ്ണങ്ങളിൽ ഒപ്പിട്ട് കൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. അവസാനം ഞങ്ങൾ കടബാധിതരാകുന്നു. കാലങ്ങളായി ഞങ്ങളെ സർക്കാർ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്, കർഷകനും കോട്ടയം ജില്ലാ ദേശീയ കർഷക ഫെഡറേഷൻ സെക്രട്ടറിയുമായ വിജയൻ മുക്കാട്ടിൽ പറയുന്നു. 

vijayan mukkattil dkf kottayam president
വിജയൻ മുക്കാട്ടിൽ – ഡികെഎഫ് കോട്ടയം ജില്ലാ സെക്രട്ടറി Copyright@Woke Malayalam

കേന്ദ്രം നൽകുന്ന വിഹിതത്തിനൊപ്പം സംസ്ഥാന സർക്കാരിൻ്റെവിഹിതവും കൂടി ചേർന്നാണ് കർഷകർക്ക് തുകയായി ലഭിക്കുന്നത്. എന്നാൽ കേന്ദ്രവിഹിതം പൂർണ്ണമായും ലഭിച്ചിട്ടില്ലെന്നും കേന്ദ്രം തുകനൽകുമ്പോൾ  ബാങ്കുകൾക്ക് തുക കൈമാറുമെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്ന വാദം. ബാങ്ക് അവധി ദിവസങ്ങൾ ഒരുമിച്ചെത്തിയതും സംസ്ഥാന സർക്കാരിൻ്റെ വിഹിതം കർഷകരിലേക്കെത്താൻ വൈകിയതിനൊരു കാരണമാണെന്നും സർക്കാർ പറയുന്നു.

കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്ന സ്ഥിതിയാണ് ഈ വിഷയത്തിൽ പലപ്പോഴായി കണ്ട് വരുന്നത് എന്നതാണ് യാഥാർത്ഥ്യം. കർഷകർക്ക് നൽകേണ്ട തുക കൃത്യമായി  ബജറ്റിൽ വകയിരുത്തണം. കർഷകരും ധനകാര്യവകുപ്പും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റും തമ്മിലുള്ള ഏകോപനവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമയബന്ധിതമായ ഇടപെടലുമാണ് ഇതിനൊരു പരിഹാരമായി ഇവർ മുന്നോട്ട് വെയ്ക്കുന്നത്. കർഷിക മേഖലയെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് നെല്ല് സംഭരണം മുതൽ കർഷകർക്ക് തുക നൽകുന്നതുവരെയുള്ള പ്രക്രിയ കൃത്യമായതും സുതാര്യമായതുമാകണം. 

FAQs

 എന്താണ് സിബിൽ സ്കോർ?

ഒരു സിബിൽ സ്കോർ എന്നത് ഉപഭോക്താവിൻ്റെ ക്രെഡിറ്റ് സ്കോർ ആണ്. ഉപഭോക്താവിൻ്റെ ക്രെഡിറ്റ് ഹിസ്റ്ററി,റേറ്റിംഗ്,റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ് സിബിൽ സ്കോർ.

എന്താണ് പാഡി റെസീപ്റ്റ് ഷീറ്റ്?

സപ്ലൈക്കോയ്ക്ക് കർഷകർ നൽകുന്ന നെല്ലിൻ്റെ അളവ് രേഖപ്പെടുത്തുന്ന രസീതാണ് പാഡി റെസീപ്റ്റ് ഷീറ്റ്  (പിഡിഎസ്).

സപ്ലൈകോ എന്നാലെന്ത്?

കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് സപ്ലൈകോ (കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്). കേരള സർക്കാരിൻ്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ നിർവ്വഹണ വിഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.

Quotes

കാളയും കലപ്പയും കർഷകൻ ചൂടും തൊപ്പിപാളയും പോയാൽ ഭൂമി സർവ്വതും മരുഭൂമി – വെണ്ണിക്കുളം


                                                     
                     

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.