Fri. Dec 8th, 2023
Ali Bongo and Nguema

1960-ൽ അൾജീരിയൻ മരുഭൂമിയിൽ പ്രസിഡന്‍റ് ചാൾസ് ഡി ഗല്ലെ പരീക്ഷിച്ച ഫ്രാൻസിന്‍റെ ന്യൂക്ലിയർ ബോംബുകൾക്കായി വിതരണം ചെയ്തത് ഗാബോണീസ് യുറേനിയമായിരുന്നു. ഗാബോണും ഫ്രാന്‍സുമായുള്ള ബന്ധം ഇതുകൊണ്ടൊക്കെ തന്നെ വളരെ തീവ്രമായിരുന്നു. ഫ്രാൻസ് ഇല്ലാത്ത ഗാബോൺ ഡ്രൈവറില്ലാത്ത ഒരു കാർ പോലെയാണ്

ക്ഷാഘാതം മൂലം കിടപ്പിലായ പ്രസിഡന്‍റ്  അലി ബോംഗോ ഒൻഡിംബയെ അട്ടിമറിച്ച് മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിലെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രസിഡന്‍റ്  അലി ബോംഗോ വീട്ടുതടങ്കലിലാണ്. പുതിയ നേതാവായി ജനറൽ ബ്രൈസ് ക്ലോട്ടയര്‍ ഒലിഗുയി എന്‍ഗേമയെ തിരഞ്ഞെടുത്തു. കുടുംബവാഴ്ചയുടെ അവസാനം കണ്ടതോടെ ഗാബോണിന്‍റെ തെരുവുകള്‍ ആഘോഷത്തില്‍ ആറാടുകയാണ്. പക്ഷേ സൈന്യം ഏറ്റെടുത്ത രാജ്യത്തിന്‍റെ ഭാവി ഇനിയെന്താകും എന്ന ആശങ്കയും ഒരുപോലെ ഉയരുന്നുണ്ട്.

അട്ടിമറികളുടെ ആഫ്രിക്ക

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുന്ന എട്ടാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് ഗാബോണ്‍. മാലി, ഗിനിയ, ബുര്‍ക്കിന ഫാസോ, ചഥ് തുടങ്ങി ഒടുവില്‍ നൈജറിലൂടെ ഇപ്പോള്‍ ഗാബോണില്‍ എത്തിനില്‍ക്കുകയാണ് ആ ചരിത്രം.

ഗാബോണില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബോംഗോ കുടുംബത്തിന്‍റെ  അധികാരത്തുടര്‍ച്ച അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ സൈന്യത്തിന് നന്ദി പറയുകയാണെന്നുമാണ് ഇപ്പോള്‍ ഗാബോണ്‍ ജനത പറയുന്നത്. സൈന്യം ഭരണം പിടിച്ചെടുത്ത് സൈനിക മേധാവി ജനറല്‍ എന്‍ഗേമയെ പുതിയ നേതാവായി പ്രഖ്യാപിച്ചതോടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭരണം പിരിച്ചുവിട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍പ് ഫ്രഞ്ച് കോളനിയായിരുന്ന ഗാബോണ്‍ ഇപ്പോള്‍ വലിയ ഫ്രാന്‍സ് വിരുദ്ധവികാരം  നിലനില്‍ക്കുന്ന ഇടമാണ്. അങ്ങനെയൊരു സാമൂഹിക സാഹചര്യം നിലനിന്നിട്ടും പ്രസിഡന്‍റ്  അലി ബോംഗോ ഒന്‍ഡിമ്പയുടെ ഒട്ടുമിക്ക നിലപാടുകളും ഫ്രാന്‍സിന് അനുകൂലമായിരുന്നു. ഈ അവസ്ഥയില്‍ നിന്നുണ്ടായ ജനരോഷമാണ് ജനങ്ങള്‍ മറിച്ച് ചിന്തിപ്പിച്ചതും സൈന്യത്തിന് അനുകൂലമായി നില്‍ക്കാന്‍ പ്രേരിപ്പിച്ചതുമെന്ന് വിദഗ്ദ്ധ അഭിപ്രായമുണ്ട്. 

gabon
സൈനിക അട്ടിമറിയെത്തുടര്‍ന്ന് ആഘോഷിക്കുന്ന ഗാബോണ്‍ ജനത Screen-grab, Copyrights: ABC News

പ്രതിദിനം 200,000 ബാരലിനടുത്ത് ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന ഗാബോണ്‍ ഏറ്റവുമധികം എണ്ണ ഉത്പാദിക്കപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാമതാണ്. പട്ടാള അട്ടിമറി ലക്ഷ്യം വയ്ക്കുന്നത് ഗാബോണിന്‍റെ ഈ സമ്പത്തില്‍ ആണെന്നും അഭിപ്രായമുണ്ട്.

പക്ഷേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ നടന്നിട്ടുള്ള പട്ടാള അട്ടിമറികളുമായി ഗാബോണിലേതിന് ഒരു ബന്ധവുമില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ സൈന്യം നടത്തിയ പോരാട്ടമായിട്ടാണ് സൈന്യം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ ഈ നീക്കത്തിനു പിന്നില്‍ ഫ്രാന്‍സിന്‍റെ കൈകളുണ്ടോയെന്നും സംശയിക്കപ്പെടുന്നുണ്ട്.

ബോംഗോകള്‍ ഭരിച്ച 56 വര്‍ഷങ്ങള്‍

ഗാബോണിന്‍റെ ആദ്യ പ്രസിഡന്റായിരുന്ന ലിയോണ്‍ എംബയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ആല്‍ബര്‍ട്ട് ബെര്‍ണാര്‍ഡ് ബോംഗോ എന്ന ഒമര്‍ ബോംഗോ ഒന്‍ഡിംബ മുഖ്യധാരയിലേക്ക് വരുന്നത്. ഒമര്‍ ബോംഗോയുടെ അഡ്മിനിസ്ട്രേഷനിലെ വൈദഗ്ദ്ധ്യം വളരെ വേഗം തന്നെ ബ്ലോക്ക് ഡെമോക്രാറ്റിക് ഗാബോണീസ് പാര്‍ട്ടിയുടെ ഉന്നതങ്ങളിലേക്ക്  അദ്ദേഹത്തെ നയിച്ചു. ലിയോണ്‍ എംബയുടെ ഭരണകാലത്ത് തന്നെ 1960 ല്‍ ഒമര്‍ ബോംഗോ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നു.

പിന്നീട് എംബയുടെ കാലശേഷം 1967 -ല്‍ രാജ്യത്തിന്‍റെ നിയന്ത്രണം ഒമര്‍ ബോംഗോയുടെ കൈയില്‍ വരുകയായിരുന്നു. ഭരണത്തില്‍ കയറിയതോടെ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഒമര്‍ ബോംഗോ രാജ്യത്ത് നടപ്പിലാക്കി. അതില്‍ പ്രധാനമാണ് 1968 -ല്‍ രാജ്യത്തെ ഒന്നാകെ ഏകകക്ഷി രാജ്യമാക്കിയുള്ള പ്രഖ്യാപനം. അതിനെത്തുടര്‍ന്ന് ബ്ലോക്ക് ഡെമോക്രാറ്റിക് ഗാബോണീസ് (ബിഡിജി) പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് ഗബോനൈസ് പാര്‍ട്ടി (പിഡിജി) എന്നാക്കി മാറ്റുകയും ചെയ്തു. അങ്ങനെ കയ്യിലെത്തിയ ഭരണചക്രം 56 വര്‍ഷങ്ങള്‍ക്കിപ്പുറം ബലം പ്രയോഗിച്ച് തിരിച്ചു വാങ്ങേണ്ട അവസ്ഥയാണ് ഗാബോണ്‍ ജനതയ്ക്ക് വന്നിരിക്കുന്നത്.

തന്‍റെ മരണം വരെ തുടര്‍ച്ചയായി ഗാബോണ്‍ ഭരിച്ച അച്ഛന്‍ ഒമര്‍ ബോംഗോയുടെ പിന്മുറക്കാരനായാണ്‌ നിലവിലെ പ്രസിഡന്‍റ്  അലി ബോംഗോ ഒന്‍ഡിംബ 2009-ല്‍ ഗാബോണിന്‍റെ പ്രസിഡന്റാവുന്നത്. ഒമര്‍ ബോംഗോവിനെ വളരെ ശക്തനായ നേതാവ് എന്ന നിലയിലാണ് ഗാബോണീസ് ജനത കണ്ടിരുന്നത്. എന്നാല്‍ അതിന്‍റെ തുടര്‍ച്ചയാകും അലി ബോംഗോ എന്ന ചിന്ത 2009 ല്‍ അധികാരത്തിലെത്തിയതോടെ മാറുകയായിരുന്നു.

ഫ്രാന്‍സിനോട് വിധേയപ്പെട്ടതും ധൂര്‍ത്തവുമായ ഭരണം എന്ന നിലയിലേക്ക് ബോംഗോ ഭരണം നിലംപൊത്താന്‍ അധികനാള്‍ വേണ്ടി വന്നില്ല. ഇതാണ് പട്ടാള അട്ടിമറിയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. പിതാവ് ആദ്യമായി ഗാബോണില്‍ അധികാരത്തില്‍ കയറുമ്പോള്‍ എട്ടുവയസ്സുകാരനായിരുന്നു അലന്‍ ബെര്‍ണാഡ് ബോംഗോ എന്ന അലി ബോംഗോ. ജനനം മുതല്‍ അധികാരത്തിന്‍റെ പട്ടുമെത്തയില്‍ വളര്‍ന്ന അലി ബോംഗോ രാജ്യസമ്പത്തെല്ലാം തന്‍റെ ജന്മാവകാശമാണെന്ന ബോധത്തില്‍ തന്നെയാണ് വളര്‍ന്നത്.

തന്‍റെ നിയമ ബിരുദത്തിന് ശേഷമാണ് അലി ബോംഗോ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. പിതാവിന്‍റെ ഭരണത്തിന് കീഴില്‍ പ്രതിരോധമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലയില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് 2009 ല്‍ ഭരണ തലപ്പത്തിലേക്കെത്തുന്നത്. അമ്മയില്‍നിന്ന് പാരമ്പര്യമായി കിട്ടിയ സംഗീതത്തിലും തന്‍റെ ഫുട്‌ബോള്‍ ഭ്രാന്തിലും ആദ്യകാലങ്ങളില്‍ അഭിനിവേശം കാണിച്ച ബോംഗോ ആല്‍ബം ഗായകനെന്ന നിലയിലും പ്രശസ്തനായിരുന്നു. 

സമര്‍ത്ഥനായ പട്ടാളക്കാരനെന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പുള്ള നേതാവാണ് ഇപ്പോള്‍ സൈനിക അട്ടിമറിയിലൂടെ ഗാബോണിന്‍റെ ഭരണം പിടിച്ചെടുത്ത സൈനിക നേതാവ് ജനറൽ ബ്രൈസ് ക്ലോട്ടയര്‍ ഒലിഗുയി എന്‍ഗേമ. ഇദ്ദേഹം അലി ബോംഗോ ഒന്‍ഡിംബയുടെ പിതാവ് ഒമര്‍ ബോംഗോയുടെ അടുത്ത അനുയായിരുന്നു. ഒമര്‍ ബോംഗോ മരിച്ചതിനുശേഷം 2009-ല്‍ അലി ബോംഗോ അധികാരമേറ്റ സമയത്ത് ഗാബോണ്‍ എംബസികളില്‍ മിലിറ്ററി അറ്റാഷേ പദവിയിലായിരുന്നു ജനറല്‍ എന്‍ഗേമയെങ്കിലും 2018-ല്‍ ഗാബോണിന്‍റെ ഏറ്റവും ശക്തമായ മിലിറ്ററി യൂണിറ്റായ എലൈറ്റ് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്‍റെ ഇന്‍റലിജന്‍സ് തലവനായി നിയമിക്കപ്പെടുകയായിരുന്നു.

Bongo Family
ബോംഗോ കുടുംബം Screen-grab, Copyrights: Twitter

ഇതിനിടെ 2019-ല്‍ അലി ബോംഗോ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സമയത്താണ് ആദ്യ അട്ടിമറി ശ്രമം നടക്കുന്നത്. പക്ഷേ അത് പരാജയപ്പെട്ടു. മാത്രമല്ല അട്ടിമറി നടത്താന്‍ ശ്രമിച്ച സൈനികരെ ബോംഗോയുടെ പോലീസ് ജയിലിലടയ്ക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന സൈനിക അട്ടിമറി. 

2023 ഓഗസ്റ്റ്‌ 26 ന് ആയിരുന്നു ഗാബോണില്‍ തിരഞ്ഞെടുപ്പ് നടന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വെല്ലുവിളിയാണ് ബോംഗോയ്ക്ക് ഈ തവണ നേരിടേണ്ടി വന്നത്. ആല്‍ബര്‍ട്ടോ ഒന്‍ഡോ ഒസ്സയെന്ന മുന്‍ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനും നയിച്ച സഖ്യം ഒരുവേള വിജയിച്ചതായി പോലും പ്രഖ്യാപനം വന്നെങ്കിലും അന്തിമഫലം ബോംഗോയ്ക്ക് അനുകൂലമായി വന്നതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം വളരെ ശക്തമായിത്തന്നെ ഇതോടെ ഉയര്‍ന്നുവന്നു. 

ബോംഗോയെ ഔദ്യോഗിക വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭരണം പിടിച്ചെടുത്തതായുള്ള വാര്‍ത്ത പട്ടാള ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഔദ്യോഗിക ടെലിവിഷനിലൂടെ പുറത്തുവിടുന്നത്. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്‍റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന ലിബ്രെവില്ലില്‍ വെടിവെപ്പ് നടക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയതിന് പുറമെ ബോംഗോ കുടുംബം രാജ്യത്തേയും രാജ്യസമ്പത്തിനേയും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും നികുതിപ്പണം കൊള്ളയടിക്കുന്നുവെന്നുമുള്ള ആരോപണമാണ് സൈന്യം പ്രധാനമായും ആരോപിച്ചത്. 2009 മുതല്‍ രാജ്യം കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുമ്പോഴും ബോംഗോ കുടുംബം ധൂര്‍ത്തടിച്ച് നടക്കുകയാണെന്ന പ്രചാരണവും അട്ടിമറിയിലേക്ക് നയിച്ചു.

2017 ല്‍ ബോംഗോ കുടംബത്തിനെതിരെ ഫ്രാന്‍സിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളെയും ഒമ്പത് ആഡംബര കാറുകളെയും സംബന്ധിച്ച് അഴിമതി ആരോപണമുയര്‍ന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കപ്പെട്ടു.  പക്ഷെ ഈ സംഭവത്തിനു ശേഷമാണ്  ഫ്രാന്‍സിന് അനുകൂലമായി ബോംഗോ നിലപാടെടുക്കുന്നവെന്ന ആരോപണം കാര്യമായി പൊതുജനങ്ങളില്‍ നിന്ന് ഉയരുന്നത്. ഈ ആരോപണങ്ങള്‍ ഗാബോണില്‍ നിലനിന്നിരുന്ന ശക്തമായ ഫ്രാന്‍സ് വിരുദ്ധ വികാരത്തെയും കൂടുതല്‍ തീവ്രമാക്കി. ഇത് വളരെ പെട്ടെന്ന് ബോംഗോയ്‌ക്കെതിരെയുള്ള ഒരു ഭരണവിരുദ്ധ വികാരമെന്ന നിലയിലേക്കും വളര്‍ന്നു.

2018-ല്‍ അപ്രതീക്ഷിതമായി ഉണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അലി ബോംഗോയോട് സൈന്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണചക്രം വിട്ടുകൊടുക്കാന്‍ ബോംഗോ തയ്യാറായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്നാണ് അലി ബോംഗോ ആദ്യ സൈനിക അട്ടിമറി നേരിടുന്നത്.

ആദ്യ അട്ടിമറി പരാജയപ്പെടുത്തിയ ബോംഗോ വൈകാതെ ഭരണത്തില്‍ തിരിച്ചെത്തിയെങ്കിലും ഊന്നുവടിയുടെ സഹായത്തില്‍ പ്രത്യക്ഷപ്പെട്ട അലി ബോംഗോയെ രാജ്യത്തെ നയിക്കാനുള്ള ശാരീരിക ശേഷി പോലുമില്ലാത്ത നേതാവ് എന്ന നിലയിലാണ് ഗാബോണിയന്‍ ജനത കണ്ടത്. ഇത് ഭരണമാറ്റമെന്ന ആവശ്യത്തിന് ശക്തികൂട്ടുകയും ചെയ്തു.

ഗാബോണ്‍ എന്ന ‘നിയോകൊളോണിയലിസ്റ്റ് കാരിക്കേച്ചര്‍’ 

ബോംഗോ കുടുംബം ഭരണത്തിലേറുന്നതിന് മുന്‍പ് തന്നെ ഫ്രാന്‍സുമായുള്ള അവരുടെ ബന്ധം വ്യക്തമായിരുന്നു. വലിയ ധാതു നിക്ഷേപങ്ങളുള്ള ഒരു രാജ്യമാണ് ഗാബോണ്‍. എണ്ണ, യുറേനിയം, അയണ്‍, മാംഗനീസ് നിക്ഷേപങ്ങള്‍ വലിയ അളവില്‍ ഗാബോണിലുണ്ട്.

1960-ൽ അൾജീരിയൻ മരുഭൂമിയിൽ പ്രസിഡന്‍റ് ചാൾസ് ഡി ഗല്ലെ പരീക്ഷിച്ച ഫ്രാൻസിന്‍റെ ന്യൂക്ലിയർ ബോംബുകൾക്കായി വിതരണം ചെയ്തത് ഗാബോണീസ് യുറേനിയമായിരുന്നു. ഗാബോണും ഫ്രാന്‍സുമായുള്ള ബന്ധം ഇതുകൊണ്ടൊക്കെ തന്നെ വളരെ തീവ്രമായിരുന്നു.ഫ്രാൻസ് ഇല്ലാത്ത ഗാബോൺ ഡ്രൈവറില്ലാത്ത ഒരു കാർ പോലെയാണ്, എന്ന് രാഷ്ട്രീയ നേതാക്കള്‍ തന്നെ പറയുന്നുണ്ട്.

ലിയോണ്‍ എംബയുടെയുടെ ഭരണകാലത്തിന്‍റെ അവസാന കാലത്ത്  1964-ൽ വിമത സൈനികര്‍ എംബയെയും ഒമര്‍ ബോംഗോയെയും ലിബ്രെവില്ലിൽവെച്ച് തട്ടിക്കൊണ്ടുപോയിരുന്നു. ഈ സംഭവത്തില്‍ ബോംഗോയ്ക്കും എംബെയ്ക്കും തുണയായത് ഫ്രാന്‍സാണ്. തട്ടിക്കൊണ്ടുപോയ പ്രസിഡന്‍റ് എംബയെയും ബോംഗോയെയും മോചിപ്പിക്കുന്നത് ഫ്രഞ്ച് പാരാട്രൂപ്പർമാരാണ്. ഈ സംഭവത്തിനു ശേഷം 1965-ൽ പാരീസിൽ വെച്ച് ഗല്ലെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 1966-ൽ ബോംഗോ ഗാബോണിന്‍റെ വൈസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നത്.

Ali Bongo and Nguema
അലി ബോംഗോയും ഒലിഗു എന്‍ഗേമയും Screen-grab, Copyrights: The Africa report

ഇതോടൊപ്പം തന്നെ വലിയ നിലയിലുള്ള സാമ്പത്തിക സഹായം ഫ്രാന്‍സില്‍ നിന്നും ഗാബോണിന് ലഭിച്ചതായി  ഒട്ടേറെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഗാബോണിലും മറ്റ് കോളനികളിലും ഫ്രാന്‍സ് വര്‍ഷങ്ങളോളം സ്ഥിരമായ സൈനിക താവളം നിലനിർത്തിയിരുന്നു. സ്ഥിരമായി ഉയര്‍ന്ന പ്രതിഷേധങ്ങൾക്കിടയിലും ഫ്രാന്‍സുമായുള്ള ബന്ധം ബോംഗോയെ അധികാരത്തിൽ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ഗാബോണ്‍ സര്‍ക്കാരില്‍ നിന്നുള്ള ഒട്ടേറെ സഹായം ഫ്രാന്‍സും കൈപ്പറ്റിയതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

ഗാബോണിന്‍റെ ഭാവിയെന്ത് ?

സൈനിക അട്ടിമറി നടന്നതോടെ ഗബോണിന്‍റെ ഭാവിയെന്ത് എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ ചോദിക്കുന്നത്. സൈന്യം ഭരണം പിടിച്ചെടുത്തതോടെ നിലവിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കപ്പെട്ടു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അതിര്‍ത്തികള്‍ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ആഗോള തലത്തിലും വലിയ ചര്‍ച്ചയാകുന്നുണ്ട്.

സൈനിക അട്ടിമറി കൂടുതല്‍ അസ്ഥിരതയ്ക്ക് വഴിവെക്കുമെന്നാണ് യൂറോപ്യന്‍ ഫോറിന്‍ പോളിസി മേധാവി ജോസഫ് ബോറല്‍ പറയുന്നത്. ഗാബോണിന്‍റെ പുതിയ നേതാവായി തിരഞ്ഞെടുത്ത ജനറല്‍ ബ്രൈസ് ഒലിഗി എന്‍ഗേമയുടെ ഫ്രാന്‍സിനോടുള്ള നിലപാടും വരും കാലങ്ങളില്‍ ഗാബോണില്‍ നിര്‍ണായകമായിരിക്കും. മൂന്നാം തവണയും ഭരണത്തിലേറുകയെന്നത് ഭരണഘടനാ ലംഘനമാണെന്നും നിയമവിരുദ്ധമായതിനാലാണ് സൈന്യം ഭരണം പിടിച്ചെടുത്തതെന്നുമാണ് എന്‍ഗേമ കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് മാധ്യമത്തോട് പ്രതികരിച്ചത്.

ബോംഗോ കുടുംബത്തിലെ ഒരു ബന്ധു എന്ന നിലയില്‍ ഇത് മറ്റൊരു കുടുംബവാഴ്ച എന്ന നിലയിലേക്ക് വളരുമോ എന്ന ആശങ്കയും ഗാബോണിയന്‍ ജനതയ്ക്കുണ്ട്. 2009-ല്‍ അലി ബോംഗോ ഗാബോണിന്‍റെ അധികാരമേറ്റെടുത്തതോടെ എന്‍ഗേമയെ സൈന്യത്തിന്‍റെ പ്രധാനസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് 2018-ലാണ് വീണ്ടും അധികാര കേന്ദ്രങ്ങളിലേക്ക് എന്‍ഗേമ തിരിച്ചെത്തുന്നത്. 2019 മുതല്‍ രാജ്യത്തെ പ്രധാന സൈനിക സംഘമായ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്‍റെ  മേധാവിയുമായി.

സൈനിക ഉദ്യോഗസ്ഥന്‍റെ മകനെന്ന നിലയില്‍ അച്ഛന്‍റെ പാത പിന്തുടര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു എന്‍ഗേമ തന്‍റെ ജോലിയില്‍ കാണിച്ചിരുന്നത്. മൊറോക്കോ റോയല്‍ മിലിട്ടറി അക്കാദമി പോലുള്ള  പ്രമുഖ സ്ഥാപനങ്ങളിലെ പരിശീലകനെന്ന നിലയിലും എന്‍ഗേമ ഏറെ പ്രശസ്തനായിരുന്നു. 2009 ന് ശേഷം അലി ബോംഗോയുടെ ദുര്‍ഭരണത്തിനെതിരെ നിരന്തരം ശബ്ദിച്ച സൈനിക ഉദ്യോഗസ്ഥനാണ് എന്‍ഗേമ.

ഗാബോണിലെ സൈനിക അട്ടിമറി ആഫ്രിക്കന്‍ മേഖലയില്‍  നടന്നുവരുന്ന സൈനിക അപ്രമാദിത്വത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്നാണ് ആഗോളവ്യാപകമായി വിലയിരുത്തപ്പെടുന്നത്. മാലി, ഗിനിയ, സുഡാന്‍, ബുര്‍ക്കിന ഫാസോ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം 2020 മുതല്‍ സമാനമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ കുറച്ച് ദശകങ്ങളില്‍ ആഫ്രിക്ക നേടിയ ജനാധിപത്യ പുരോഗതിയ്ക്ക് കളങ്കം വീഴ്ത്തുന്നുമുണ്ടെന്ന് പറയപ്പെടുന്നുണ്ട്.

Ali Bongo
അലി ബോംഗോയുടെ കീറിയ പോസ്റ്റര്‍ Screen-grab, Copyrights: Time of India

ഗാബോണിന്‍റെ രാഷ്ട്രീയ അസ്ഥിരത രാജ്യത്ത് വലിയ സാമ്പത്തിക സാമൂഹിക പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിദിനം ഏകദേശം 200,000 ബാരലിന് അടുത്തുവരെ എണ്ണ ഉത്പാദിപ്പിക്കുന്ന ഗാബോണില്‍ ടോട്ടല്‍ എനര്‍ജീസ്, പെരെന്‍കോ തുടങ്ങിയ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ അനിശ്ചിതത്വം ഇവയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ ഈ അവസ്ഥ വളരെ രൂക്ഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

FAQs

ഫ്രഞ്ച് കോളനി എന്നാലെന്ത്?

പതിനാറാം നൂറ്റാണ്ട് മുതല്‍ അധിനിവേശത്തിന്‍റെ ഭാഗമായി ഫ്രാൻസിന്‍റെ ഭരണത്തിൻ കീഴിലായിരുന്ന പ്രദേശത്തെയാണ് ഫ്രഞ്ച് കോളനികള്‍ എന്നറിയപ്പെടുന്നത്.

നിയോകൊളോണിയലിസം എന്നാലെന്ത്?

നിയോകൊളോണിയലിസം എന്നത് പരോക്ഷമായ നിയന്ത്രണത്തിന്‍റെയും ദുർബ്ബല രാജ്യങ്ങളുടെ മേൽ പലപ്പോഴും സാമ്പത്തികമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയ മാർഗങ്ങളിലൂടെ ചൂഷണം ചെയ്യുന്ന ഒരു ആധുനിക രൂപത്തെ സൂചിപ്പിക്കുന്നു. കോളനികളിലെ ആശ്രിതത്വം, അസമത്വം, മുൻ കൊളോണിയൽ ശക്തികളുടെ ആധിപത്യം എന്നിവ ശാശ്വതമാക്കുന്നു, കോളനിവൽക്കരിച്ച രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും വികസനത്തെയും ഇത് തുരങ്കം വയ്ക്കുന്നു.

മിലിറ്ററി അറ്റാഷെ എന്നാലെന്ത്?

ഒരു എംബസിയിലോ കോൺസുലേറ്റിലോ നിയോഗിക്കപ്പെട്ട ഒരു നയതന്ത്ര ഉദ്യോഗസ്ഥനാണ് മിലിട്ടറി അറ്റാഷെ, മാതൃരാജ്യത്തെ സൈന്യവും ആതിഥേയരാജ്യത്തെ സർക്കാരും സൈന്യവും തമ്മിലുള്ള  പാലമായി ഇവര്‍ പ്രവർത്തിക്കുന്നു. സൈനിക കാര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും  പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, രാജ്യങ്ങള്‍  തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നു.

ആരാണ് ജോസഫ്‌ ബോറല്‍?

യൂറോപ്യൻ യൂണിയൻ ഫോർ ഫോറിൻ അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധിയാണ് ഒരു സ്പാനിഷ് നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജോസഫ് ബോറെൽ. 1947-ൽ ജനിച്ച അദ്ദേഹം സ്പെയിനിൽ വിവിധ സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട്, യൂറോപ്യൻ യൂണിയന്‍റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ ബോറെൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Quotes

രാജവംശമെന്നത് വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത ചതിയല്ലാതെ മറ്റൊന്നുമല്ല.
– സ്റ്റുവർട്ട് സ്റ്റാഫോർഡ്

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി