കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകർ ഇവിടെ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ മയ്തേയികൾ ആരെയും ഇപ്പോൾ ജോലിക്ക് അനുവദിക്കുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസത്തെ തന്നെ അവർ തടഞ്ഞു
നിസ്ക്കാരത്തിന് ശേഷം ഇമാമിനോടൊപ്പം മറ്റുള്ളവരും മടങ്ങിയെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം എൻ്റെ അടുത്ത് വന്നിരുന്നു. അബ്ദുൽ ഹലീം ഷാ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ഞങ്ങള്‍ പരിചയപ്പെട്ടു. എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത് എന്ന് ചോദിച്ചു. കലപാത്തിനിടിയിലെ മുസ്ലീം ജീവിതത്തെ കുറിച്ചും നിങ്ങളുടെ നിലപാടുകളെ കുറിച്ചുമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞ് തുടങ്ങി.
‘വളരെ ഗുരുതരമായ സംഭവങ്ങളാണ് മണിപ്പൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലൊ. ഞങ്ങൾ പീസ് കമ്മിറ്റി ലില്ലോങ്ങ് എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ ഒരു സബ്ഡിവിഷനാണ് ലില്ലോങ്ങ്. ഇവിടെ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.’
‘മണിപ്പൂരിലെ മുസ്ലീംങ്ങൾ കുക്കികൾക്കൊപ്പമോ മയ്തേയികൾക്കൊപ്പമോ നിൽക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ അഞ്ചോ മീറ്റിങ്ങുകൾ ഞങ്ങൾ നടത്തി. മൊയ്റാങ്, ക്വാക്ത, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഞങ്ങൾ സഹായമെത്തിച്ചു. മണിപ്പൂരിൽ പഴയതുപോലെ സമാധാനം പുലരണം എന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’
‘മണിപ്പൂരിലെ മുസ്ലീംങ്ങൾക്ക് ഇതുവരെയും ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. മയ്തേയികളോ കുക്കികളോ അവരോടൊപ്പം ചേരുന്നതിനായി ഞങ്ങളെ സമീപിച്ചിട്ടുമില്ല. മണിപ്പൂരിൽ ഞങ്ങൾ ന്യൂനപക്ഷമാണ്. 30 ലക്ഷത്തിൽ മൂന്നര ലക്ഷം മാത്രമാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിൽ മണിപ്പൂരിലെ മുസ്ലീംങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞങ്ങൾ മയ്തേയികളോടൊപ്പം ചേരുകയാണെങ്കെൽ അത് വലിയൊരു പ്രശ്നത്തിലേക്ക് പോകും. അതിനാൽ ഞങ്ങൾ ആരുടേയും പക്ഷം ചേരുന്നില്ല.’
‘ഞങ്ങൾക്കിപ്പോഴും ഓർമ്മയുണ്ട്, ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് 1993ൽ ഇതുപോലൊരു ദുരനുഭവം മണിപ്പൂരിലുണ്ടായി. അന്ന് മയ്തേയികളും മണിപ്പൂരിലെ മുസ്ലീംങ്ങളും തമ്മിലായിരുന്നു സംഘർഷം. ആ പ്രശ്നം വെറും പത്ത് ദിവസത്തിനുള്ളിൽ പരിഹരിച്ചു. എല്ലാം പെട്ടെന്നു തന്നെ സാധാരണ നിലയിലേക്കെത്തി.’ അബ്ദുൽ ഹലീം ഷാ പറഞ്ഞു.
1993 ല്‍ മയ്തേയികളും പങ്ങലുകളും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. പങ്ങല്‍ കൂട്ടക്കൊല എന്നാണ് ഈ ആക്രമണത്തെ വിലയിരുത്തപ്പെടുന്നത്. മെയ് മൂന്നിനാണ് മയ്തേയികള്‍ ആക്രമണം അഴിച്ചുവിട്ടത്. ജനക്കൂട്ടം പങ്ങൽ പുരുഷന്മാരെയും സ്ത്രീകളെയും കൊല്ലുകയും ആക്രമിക്കുകയും അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നിലെ പ്രേരണ എന്തായിരുന്നു എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഒരു മുസ്ലീം ആയുധക്കടത്തുകാരനിൽ നിന്ന് ഹിന്ദു വിഘടനവാദികൾ (മെയ്‌തേയ്) ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ചുവെന്നും അത് നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ഒരു കൂട്ടര്‍ പറയുന്നു. ഹിന്ദു വിമതർ ഒരു മുസ്ലിം ഗ്രാമത്തിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും അത് എതിർത്ത ആളെ അവർ കൊലപ്പെടുത്തുകയും അത് അക്രമത്തിന് കാരണമാവുകയും ചെയ്തുവെന്നാണു മറ്റൊരു വിലയിരുത്തല്‍.
പലയിടത്തും സംഘർഷം നടക്കുമ്പോൾ മുസ്ലീം യാത്രക്കാരുമായി പോയ ഒരു ബസ് കത്തിച്ചു. കലാപത്തില്‍ 140 പേർ കൊല്ലപ്പെട്ടതായി മണിപ്പൂരി മുസ്ലിം പൊളിറ്റിക്കൽ ഫോറം അവകാശപ്പെട്ടു. കൂട്ടക്കൊലയെത്തുടർന്ന് പങ്ങലുകൾ നിരവധി സായുധ സേനകൾക്ക് രൂപം നൽകി. കലാപത്തെത്തുടർന്ന് 1994 സെപ്തംബറിൽ, മണിപ്പൂർ സർക്കാർ മയ്തേയ് പങ്ങലുകള്‍ക്ക് ഒബിസി പദവി നൽകുകയും അവർക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസത്തിലും നാല് ശതമാനം സംവരണം ഏർപ്പെടുത്തുകയും ചെയ്തു.
കലാപത്തിന് ശേഷം പങ്ങലുകൾക്ക് അവരുടെ ഭൂമി നഷ്ടമായി. 1984-ലെ പഞ്ചാബ് കലാപത്തിലെ ഇരകൾക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചതിനെത്തുടർന്ന്, 2015 ജനുവരിയിൽ മണിപ്പൂരി മുസ്ലീം പൊളിറ്റിക്കൽ ഫോറം സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്ന് പങ്ങലുകള്‍ ശഹിദി സ്മാരക ദിനമായി ആചരിക്കുന്നു.
‘കേന്ദ്ര സര്‍ക്കാര്‍ ഇതിൽ ഇരട്ട നയമാണ് സ്വീകരിച്ചിരിക്കുന്നത്. അവർ മനസ്സുവെക്കുകയാണെങ്കിൽ ഈ പ്രശ്നം വെറും ഒരാഴ്ചകൊണ്ട് പരിഹരിക്കാൻ കഴിയും. ഇപ്പോൾ ഇവിടെ ക്രമസമാധാനം ഇല്ല. മണിപ്പൂരിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപി സർക്കാരാണ്. സംസ്ഥാനത്തിൻ്റെ ഭരണവും അവരുടെ കൈകളിലാണ്. അതുകൊണ്ട് തന്നെ ഇവിടെ സമാധാനം കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നില്ല.’
‘ഇവിടെ ആർട്ടിക്കിൾ 355 നടപ്പാക്കിയെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ അത് സത്യമല്ല. നടപ്പാക്കിയെങ്കിൽ ഇവിടെയെങ്ങനെയാണ് ഇത്രയും പ്രശ്നങ്ങൾ നടക്കുക. കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുകയാണെങ്കിൽ രണ്ട് ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഇവിടെയുള്ളത്.’
‘കലാപം നടന്ന് 15 ദിവസം കഴിഞ്ഞപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ ഇവിടേക്ക് വരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെയും വന്നില്ല. ഞങ്ങൾക്ക് മനസ്സിലായത് അവർ കൃത്യമായ ഒരു നിലപാട് സ്വീകരിക്കുന്നില്ല എന്നാണ്. അവർക്ക് ആദിവാസികളുടെ വോട്ടും മയ്തേയികളുടെ വോട്ടും ആവശ്യമാണ്. താഴ്വരയിലും മലയോര മേഖലയിലും ബിജെപി എംപിമാരാണ്. അവർ ഇവിടെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നത്.’
‘വളരെ സൗഹാർദ്ദപരമായിട്ടായിരുന്നു ഞങ്ങൾ ഇവിടെ കഴിഞ്ഞിരുന്നത്. ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നെങ്കിൽ പോലും ഞങ്ങൾ വിദ്യാഭ്യാസം നേടിയവരായതിനാൽ അവർ (മയ്തേയി) ഞങ്ങളെ മോശക്കാരായി കണ്ടിരുന്നില്ല. മണിപ്പൂരിലെ മുസ്ലീങ്ങൾ മുൻനിരയിലേക്ക് വരാൻ തുടങ്ങിയിട്ട് എട്ട് പത്ത് വർഷമേ ആകുന്നുള്ളൂ. വിദ്യാഭ്യാസമുള്ളതുകൊണ്ടും അള്ളാഹുവിൻ്റെ കാരുണ്യമുള്ളതുകൊണ്ടുമാണ് ഞങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടത്.’
‘ഞങ്ങള്‍ക്കിടയില്‍ നിരവധി അദ്ധ്യാപകരുണ്ട്, ബിരുദവും, പിഎച്ച്‌ഡികളും നേടിയവര്‍ ഉണ്ട്. ധാരാളം സ്കൂളുകളും ഉണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ഇപ്പോൾ ഞങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോട്ടു വന്നുതുടങ്ങി. വിദ്യാഭ്യാസത്തിലൂടെയാണ് ഞങ്ങള്‍ ഈ പുരോഗതി കൈവരിക്കുന്നത്.’
‘ഞങ്ങൾ കർഷകരാണ്. മണിപ്പൂരിൽ ഞങ്ങൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നു. എന്നാൽ പിന്നീട് മണിപ്പൂർ സര്‍ക്കാര്‍ അതെല്ലാം എടുത്ത് മാറ്റുകയായിരുന്നു. ഇപ്പോൾ ഇവിടെ ആർക്കും ജോലി ലഭിക്കുന്നില്ല. അതിനാൽ ജീവിക്കാനായി മറ്റ് ജോലികൾ കണ്ടത്തേണ്ടതായി വരുന്നു. ചിലർ ഇവിടെ തന്നെ കച്ചവടം നടത്തുന്നു, മറ്റ് ചിലർ ബാംഗ്ലൂരിലും കേരളത്തിലും പോയി ജോലി ചെയ്യുന്നു. കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകർ ഇവിടെ വന്ന് സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ മയ്തേയികൾ ആരെയും അതിന് അനുവദിക്കുന്നില്ല.’
‘ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസത്തെ തന്നെ അവർ തടഞ്ഞു. ഇതൊരു ചെറിയ സംസ്ഥാനമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ മറ്റുള്ളവർ ജോലിക്കായി ഇവിടേക്ക് എത്തുന്നതിനോട് അവർക്ക് താൽപര്യമില്ല. ഇവിടെ വികസനം നടക്കുന്നില്ല. വികസനം വന്നാല്‍ വ്യവസായ ശാലകള്‍ ഉണ്ടാകും. തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ഞങ്ങളുടെ തലമുറകള്‍ക്ക് മണിപ്പൂരില്‍ തന്നെ ജോലിയും ചെയ്യാം.അവർക്ക് സമ്പാദിക്കാൻ കഴിയുന്ന ജോലികൾ ഇവിടെ ലഭിക്കും.’
‘വളരെ കാലമായി തങ്ങൾക്ക് പ്രത്യേക ഭരണം വേണമെന്ന് കുക്കികളും നാഗകളും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒരു പ്രത്യേക ഭരണസംവിധാനം വേണമെന്ന് കുക്കികൾ ആവശ്യപ്പെട്ടതാണ് എല്ലാത്തിൻ്റെയും തുടക്കം. ഇവരെ ഒരു മേശക്ക് ചുറ്റുമിരുത്തി പ്രശ്നം പരിഹരിക്കാൻ സർക്കാരിനും കഴിഞ്ഞില്ല. അതാണ് ഇവിടെ സംഭവിച്ച പ്രധാന പ്രശ്നം. സംസ്ഥാന സർക്കാർ ഇതിൽ നിസ്സഹായരാണ്. ഗവർണർക്കും സമാന അവസ്ഥയാണ്. പ്രശ്നം പരിഹരിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല.’
‘അവർ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഏജന്റ് ആണെന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൻ്റെയും ഒരു ഗവർണറും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഏജന്റ് അല്ല. അവർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അവരെ കാണുകയും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. അത് മാത്രമാണ് അവർക്ക് സാധിക്കുക. എങ്ങനെയെങ്കിലും ഇവിടെ സമാധാനം കൊണ്ട് വരണം അത് മാത്രമാണ് ഞങ്ങൾ മണിപ്പൂരി മുസ്ലീംങ്ങളുടെ അഭ്യർത്ഥന.’, അബ്ദുൽ ഹലീം ഷാ പറഞ്ഞു.
മനസുകൊണ്ട് കുക്കികള്‍ക്ക് ഒപ്പമാണെന്ന് പ്രദേശവാസിയായ മുഷ്താഖ് അഹമ്മദ് പറഞ്ഞു. ‘മയ്തേയികള്‍ക്ക് ഞങ്ങളെ ഇഷ്ടമല്ല. അവര്‍ ഞങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ ജനിച്ചു വളര്‍ന്ന നാടാണിത്. കുക്കികള്‍ ന്യൂനപക്ഷം ആയതിനാല്‍ ഞാന്‍ അവരുടെ കൂടെയാണ്.’
‘മണിപ്പൂരില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. യാതൊരു വികസനവും നടക്കാത്ത സ്ഥലമാണിത്. എല്ലാ ആവശ്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഞങ്ങള്‍ക്കിവിടെ സമധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. ഞങ്ങളെ മയ്തേയി പങ്ങല്‍ എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ മുസ്ലീങ്ങള്‍ ആണ്. ഞങ്ങളെ മുസ്ലീങ്ങളായി അഡ്രസ് ചെയ്യുന്നില്ല.’
‘ഞങ്ങള്‍ക്ക് മയ്തേയികളുടെയും കുക്കികളുടെയും അജണ്ട എന്താണെന്ന് അറിയില്ല. മണിപ്പൂരില്‍ ഞങ്ങള്‍ക്ക് എല്ലാവരുമായി ഒന്നിച്ച് ജീവിച്ചാല്‍ മതി. ഞങ്ങള്‍ ന്യൂനപക്ഷമാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ആരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഞങ്ങള്‍ ആരെയും പിന്തുണക്കുന്നില്ല. കുക്കികള്‍ നല്ല മനുഷ്യര്‍ ആണെന്ന് അവര്‍ പറയുന്നു. പക്ഷെ, അവരുടെ മലകളില്‍ നിന്നും ഒരിഞ്ചു ഭൂമി പോലും ഞങ്ങള്‍ക്ക് തരില്ല. എങ്കിലും ന്യൂനപക്ഷത്തിൻ്റെ കൂടെയാണ്.’
‘ഞങ്ങള്‍ക്കിവിടെ സമാധാനം വേണം. ഈ യുദ്ധം അവസാനിപ്പിക്കണം. എല്ലാവരും ഒന്നിച്ച് നില്‍ക്കുക. എന്നാലെ വികസനം വരൂ. ഇന്നിവിടെ സമാധാനം ഇല്ല. ഡോക്ടറുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ പോലും അവര്‍ തടയുകയാണ്. വാഹനം പരിശോധിക്കുന്നു. ഭക്ഷണം വേണ്ടപോലെ കിട്ടുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാന്‍ പോലും കഴിയുന്നില്ല. ജീവിതം തന്നെ തകരാറിലായി.’
‘ഞങ്ങള്‍ക്ക് ബിജെപിയുടെ ഒന്നും വേണ്ട. പക്ഷെ മണിപ്പൂരില്‍ ബിജെപിയുടെ കൂടെ നിന്നെ പറ്റൂ. ഞങ്ങള്‍ക്ക് ആര്‍എസ്എസിൻ്റെ രാഷ്ട്രീയവും വേണ്ട. ഹിന്ദുത്വ രാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇവിടുത്തെ തീവ്രവാദ സംഘടനയുടെ നേതാവാണ് മുഖ്യമന്ത്രി ബിരെന്‍ സിംഗ്. ബിരെന്‍ മുഖ്യമന്ത്രി ആയതിനു ശേഷം മുസ്ലീം സംവരണം വെട്ടിക്കുറക്കാന്‍ ശ്രമിക്കുകയാണ്.’
‘കോണ്‍ഗ്രസ് ഭരണകാലത്ത് നാല് ശതമാനം എങ്കിലും സംവരണം തന്നിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി പോലും കിട്ടുന്നില്ല. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ല. എവിടെയും ഞങ്ങള്‍ക്ക് മുന്‍ഗണന ഇല്ല. അമിത് ഷായും മോദിയും മിണ്ടാതിരിക്കുകയാണ്. ഞങ്ങള്‍ ആണെങ്കില്‍ കലാപത്തിനിടെ ഭയന്നും ജീവിക്കുന്നു.’
‘കലാപത്തിനിടെ മയ്തേയികള്‍ തോക്കുകള്‍ മോഷ്ടിച്ചു. തോക്ക് മോഷ്ടിച്ച് ഞങ്ങള്‍ ആണെന്ന് ആരോപിച്ച് മൂന്ന് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. മയ്തേയികളെ തൊടുക പോലും ചെയ്തില്ല. ഇതാണ് ഇവിടുത്തെ അവസ്ഥ. ഉത്തരേന്ത്യയിലേതു പോലെ ഇവിടെ ഹിന്ദുത്വ രാഷ്ട്രീയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ മയ്തേയിയും തിന്നുന്നത് കൊണ്ടാണ് ബീഫ് നിരോധിക്കാത്തത്. അല്ലെങ്കില്‍ അതും നിരോധിച്ചെനെ. ഈ യുദ്ധം അവസാനിപ്പിച്ച് മണിപ്പൂരില്‍ സമാധാനം പുലരണം. അതാണ് എനിക്കിപ്പോള്‍ പറയാനുള്ളത്.”, മുഷ്താഖ് അഹമ്മദ് പറഞ്ഞു നിര്‍ത്തി.’
കലാപം അവസാനിച്ച മണിപ്പൂരിലേയ്ക്ക് ഒരു ദിവസം വരണമെന്നും അന്ന് ഞങ്ങളെയെല്ലാം കാണാന്‍ വരണമെന്നും മര്‍ക്കസില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പള്ളി ഇമാം പറഞ്ഞു. മര്‍ക്കസില്‍ നിന്നും ഇറങ്ങി നേരെ പോയത് 1972-ൽ മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിനു ശേഷം നിലവില്‍ വന്ന സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി സേവനം അനുഷ്ടിച്ച മുഹമ്മദ് അലിമുദ്ദീൻ്റെ വീട്ടിലേയ്ക്കാണ്.
രണ്ടു തവണ മുഖ്യമന്ത്രി ആയിരുന്ന മുഹമ്മദ് അലിമുദ്ദീന്‍ 1983 ഫെബ്രുവരിയിലാണ് മരണപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മകനും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. 1972 മാർച്ചിലാണ് മുഹമ്മദ് അലിമുദ്ദീന്‍ മണിപ്പൂർ പീപ്പിൾസ് പാർട്ടി (എംപിപി) യുടെ പ്രതിനിധിയായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഒരു വര്‍ഷത്തിനിടെ പിരിച്ചു വിട്ട സര്‍ക്കാര്‍ 1974-ൽ വീണ്ടും അധികാരത്തില്‍ വന്നു. അലിമുദ്ദീൻ വീണ്ടും മുഖ്യമന്ത്രിയായി.
ഇത്തവണ വെറും നാല് മാസം (1974 മാർച്ച് മുതൽ ജൂലൈ വരെ) മാത്രമേ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളൂ. പിന്നീട്, ആർ കെ ഡൊരേന്ദ്രോയുടെ സർക്കാരിൽ സ്പീക്കറായും യാങ്മാസോ ഷൈസയുടെ മന്ത്രിസഭയിൽ ധനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 16 മാസത്തെ മുഖ്യമന്ത്രി പദവിക്കിടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ അലിമുദ്ദീൻ കൊണ്ടുവന്നു.
സംസ്ഥാനത്തെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ജെഎൻയു സെന്റർ സ്ഥാപിച്ചു. ഇത് പിന്നീട് 2005 ല്‍ കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്തി. ലോ കമ്മീഷന്‍, ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കെഷന്‍ സ്ഥാപിച്ചു. ജലസേചന സൗകര്യങ്ങള്‍, ഇരട്ടവിള കൃഷി എന്നിവ ഏര്‍പ്പെടുത്തി. മണിപ്പൂർ പബ്ലിക് സർവീസ് കമ്മീഷൻ ഉദ്ഘാടനം ചെയ്യപ്പെടുന്നതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെയാണ്.
മുഹമ്മദ് അലിമുദ്ദീൻ്റെ മകന്‍ മുഹമ്മദ് അലാവുദ്ദീൻ പിതാവിൻ്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയക്കാരനായി. എംഎല്‍എയും മന്ത്രിയുമായി. വാര്‍ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയാണ് അലാവുദ്ദീന്‍ ഇപ്പോള്‍. മണിപ്പൂരില്‍ തുടരുന്ന കലാപത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയെ വെറുതെ നോക്കിക്കാണുകയാണ് ഇന്ത്യൻ സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ട് കൂട്ടരേയും വിളിച്ച് അവർ സംസാരിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുന്തോറും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്.’
‘മെയ് മാസമാണ് കലാപം ആരംഭിച്ചത്. ഇപ്പോൾ അത് 90 ദിവസം കടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കുക്കികളും മയ്തേയികളും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ. എന്നാൽ കുക്കികളാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. മയ്തേയികൾ സംവരണം ആവശ്യപ്പെട്ടപ്പോൾ മുതലാണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.’
‘കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പ്രശ്നത്തെ കുറച്ചുകൂടി ഗൗരവമായി കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതിന് ഉടൻ തന്നെ ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രശ്നം പരിഹരിക്കാൻ അവർക്ക് അധികാരവും അവസരവും ഉണ്ടായിട്ട് പോലും എന്തുകൊണ്ടാണ് അവർ അതിന് ശ്രമിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.’
‘ഇപ്പോഴത്തെ സ്ഥിതി തുടർന്ന് പോവുകയാണെങ്കിൽ അത് മണിപ്പൂരിലെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. നല്ലൊരു ഭാവിയാണ് അവർ മുന്നിൽ കാണുന്നതെങ്കിൽ എത്രയും പെട്ടെന്ന് ഇത് പരിഹരിക്കുകയാണ് വേണ്ടത്. ഒരുമിച്ച് താമസിച്ചിരുന്ന ഇവിടത്തെ ജനങ്ങൾ ഇപ്പോൾ വേർപെട്ട് കഴിയുകയാണ്. എല്ലാവരും അവരുടേതായ പ്രദേശങ്ങളിൽ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്. പഴയ പോലെ എല്ലാവരും ഒരുമിച്ച് ജീവിക്കണം.’
‘ഈ പ്രശ്നങ്ങൾ മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ മാനസികപരമായും ശാരീരികപരമായും സാമൂഹികപരമായും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പറയുന്നത് കേട്ട് പ്രവർത്തിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇവിടെ ക്രമസമാധാനമില്ല. ഇവിടെ നിരവധി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പക്ഷേ ആൾക്കൂട്ടങ്ങളും കലാപകാരികളും ഇവിടെ അഴിഞ്ഞാടുകയാണ്. അവരാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത്.’
‘അവർ ഞങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നു. ആരാണ് അവർക്ക് അതിന് അധികാരം നൽകിയത്. ബിരേൻ സര്‍ക്കാര്‍ എല്ലാ കാര്യത്തിനും കേന്ദ്ര സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ ക്രമസമാധാനം നടപ്പാക്കുന്നതിന് പോലും അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഇവിടത്തെ ജനങ്ങളാകട്ടെ, എന്നാണ് സ്ഥിതി പഴയരീതിയിലാകുക എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ബിരേനുമായി സംസാരിച്ച് ഇവിടത്തെ സ്ഥിഗതികൾ വിലയിരുത്തണം. എന്നിട്ട് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണുകയും വേണം.’
‘കുക്കികൾ പ്രത്യേക ഭരണം ആവശ്യപ്പെടുന്നുണ്ട്. ഒരു സംസ്ഥാനത്തിനുള്ളിൽ കഴിഞ്ഞുകൊണ്ട് അവർക്കെങ്ങനെ വേർപെട്ട് നിൽക്കാനാകും. അങ്ങനെ തീരുമാനിക്കുകയാണെങ്കിൽ നാഗകളും അത് തന്നെയാകും ആവശ്യപ്പെടാൻ പോകുന്നത്. മണിപ്പൂർ ഇന്ത്യയുമായി ചേരുന്നതിന് മുൻപ് തന്നെ അവിടെ കുടിയേറി പാർത്തവരാണ് കുക്കികൾ. അവർക്ക് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരുപാട് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അവിടെ സ്ഥലം വാങ്ങാനോ താമസിക്കാനോ കഴിയില്ല. ഇതാണ് പ്രധാന കാരണം.’
‘അവര്‍ക്ക് പ്രത്യേക ഭരണം വേണം. ഒരു സംസ്ഥാനത്തിനകത്ത് മറ്റൊരു സംസ്ഥാനം. കുക്കികള്‍ പറയുന്നു അവര്‍ വിഭജിക്കപ്പെട്ടെന്ന്. നാഗകളും പറയുന്നു അവര്‍ വേറെ ആണെന്ന്. ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ മാത്രം ഒന്നും ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് വേണ്ടി ഒരു ക്ഷേമ പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്യുന്നുമില്ല. ആകെയുണ്ടായിരുന്ന നാലു ശതമാനം സംവരണം വരെ വെട്ടിക്കുറയ്ക്കാന്‍ നോക്കുകയാണ്. ഇതാണ് ഇവിടുത്തെ യാതാര്‍ത്ഥ്യം.’, അദ്ദേഹം പറഞ്ഞു.
പ്രായത്തിൻ്റെയും അസുഖത്തിൻ്റെയും അവശതകള്‍ ഉള്ളതുകൊണ്ടു തന്നെ വളരെ സമയം എടുത്താണ് അദ്ദേഹം സംസാരിക്കുന്നത്. മണിപ്പൂരി ഭാഷയില്‍ പറയുന്നത് അദ്ദേഹത്തിൻ്റെ മകന്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്തു തന്നു. ന്യൂനപക്ഷം ആയതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ക്ക് നേരെ മയ്തേയികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളെ കുറിച്ചും മുസ്ലീങ്ങള്‍ നേരിടുന്ന പാര്‍ശ്വവല്‍ക്കരണത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു.
കേരളത്തിലെ രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷം മണിപ്പൂരില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ധേഹത്തിന്റെ മകന്‍ പറഞ്ഞു. കുറച്ചു സമയത്തെ വിശേഷം പറച്ചിലിന് ശേഷം ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഹഫ്തയില്‍ താമസിക്കുന്ന അമീര്‍ ആണ് ഇന്നത്തെ ഡ്രൈവര്‍. അദ്ദേഹമാണു ലില്ലോങ്ങിലേയ്ക്ക് പോകാമെന്ന നിര്‍ദേശം വെച്ചത്. അതിനുള്ള നന്ദി ലില്ലോങ്ങില്‍ നിന്നും ഇറങ്ങിയതിനു ശേഷം അമീറിനോട് പറഞ്ഞു.
ഹോട്ടലിലേയ്ക്കുള്ള മടക്കയാത്രയില്‍ അമീര്‍ പറഞ്ഞു, ‘ലില്ലോങ്ങിലെ മുസ്ലീങ്ങള്‍ എന്തിനും പോന്നവരാണ്. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്. ഈ ആയുധങ്ങള്‍ മുസ്ലീങ്ങളുടെ രക്ഷക്കായാണ്. അല്ലെങ്കില്‍ ഞങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ല. മയ്തേയികള്‍ക്ക് ഞങ്ങളെ ഇഷ്ടമല്ല.’ മീഡിയ ആയത് കൊണ്ടായിരിക്കാം മുസ്ലീം അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളെ കുറിച്ച് ഒന്നും പറയാന്‍ അമീര്‍ തയ്യാറായില്ല. എന്തെങ്കിലും വീണു കിട്ടിയാലോ എന്ന് കരുതി പലവിധേയെനയും ചോദിച്ചു നോക്കി. അമീര്‍ ഒന്നും പറഞ്ഞില്ല. ഒരു ചിരി മാത്രം തരും. അവസാനം ഞാനും ശ്രമം ഉപേക്ഷിച്ചു.
FAQs
ആരാണ് അമിത് ഷാ?
ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മെയ് 30 നാണ് ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.
മണിപ്പൂർ പീപ്പിൾസ് പാർട്ടി എന്നാലെന്ത്?
മണിപ്പൂർ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിയാണ് മണിപ്പൂർ പീപ്പിൾസ് പാർട്ടി (എംപിപി). എംപിപി 1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു കൂട്ടം വിമതർ ചേർന്നാണ് രൂപികരിച്ചത്. 2007 ഫെബ്രുവരിയിൽ മണിപ്പൂർ സംസ്ഥാന തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ 5 എണ്ണം പാർട്ടി നേടി.
ആരാണ് മുഹമ്മദ് അലിമുദ്ദീൻ?
മണിപ്പൂരിലെ മുൻ മുഖ്യമന്ത്രിയായിരുന്നു മുഹമ്മദ് അലിമുദ്ദീൻ. മണിപ്പൂർ പീപ്പിൾസ് പാർട്ടി അംഗമായിരുന്ന ഇദ്ദേഹം 1972 ലും 1974 ലും മണിപ്പൂർ മുഖ്യമന്ത്രിയായിരുന്നു. 1983 ലായിരുന്നു മുഹമ്മദ് അലിമുദ്ദീൻ്റെ മരണം.
ആരാണ് ആർ കെ ഡൊരേന്ദ്രോ സിംഗ്?
ആർ കെ ഡൊരേന്ദ്ര സിംഗ് എന്നറിയപ്പെടുന്ന രാജ്കുമാർ ഡൊരേന്ദ്ര സിംഗ് ഒരു മുതിർന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനും മണിപ്പൂരിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്നു.
Quotes
നമ്മളെ സംബന്ധിക്കുന്ന കാര്യത്തിൽ നമ്മൾ നിശബ്ദരായി തുടങ്ങുന്ന ദിവസം നമ്മുടെ മരണത്തിലേക്കുള്ള യാത്ര തുടങ്ങുന്നു – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ