കൈവിട്ട കളിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മൂന്ന് ദിവസം ഞങ്ങള്‍ക്ക് തന്നിരുന്നെകില്‍ ഈ കലാപം ഞങ്ങള്‍ അടിച്ചമര്‍ത്തുമായിരുന്നു എന്നും ആ സൈനികൻ പറഞ്ഞു
മണിപ്പൂരില്‍ പ്രതിപക്ഷ എംപിമാരുടെ സന്ദര്‍ശനം നടക്കുന്ന ദിവസമാണ് നാളെ (29 ജൂലൈ 2023). കൂടാതെ മയ്‌തേയികളുടെ മഹാറാലിയും ഇംഫാലില്‍ നടക്കുന്നുണ്ട്. ഉച്ചയോടെയാണ് എംപിമാര്‍ എത്തുക. അതുകൊണ്ട് ഉച്ചവരെ മൊയ്റാങ്ങില്‍ കറങ്ങി ഉച്ചയാവുമ്പോഴേക്കും ഇംഫാലില്‍ തിരിച്ചെത്താം എന്ന പ്ലാനിലാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ഏഴുമണിക്ക് വരാന്‍ ഡ്രൈവറോടും പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള സ്ഥലമാണ് മൊയ്റാങ്ങ്. ബ്രിട്ടീഷ് ഇന്ത്യയില്‍ രണ്ടാമതായി ദേശീയ പതാക ഉയര്‍ത്തിയത് മൊയ്റാങ്ങിലാണ്. സുഭാഷ് ചന്ദ്ര ബോസിന്‍റെ നേതൃത്വത്തിലാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ ബ്രിട്ടീഷ് രാജിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും മൊയ്റാങ്ങില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തത്.
1944 മാർച്ച് 18-ന് സുഭാഷ് ബ്രിഗേഡ് ബര്‍മ്മയില്‍ നിന്നും നാഗാലാന്‍ഡിലെ കൊഹിമ വഴി മണിപ്പൂരില്‍ പ്രവേശിച്ചു. കുക്കികളും മയ്‌തേയികളും നാഗകളും ഒരുപോലെയാണ് നേതാജിയുടെ ഐഎന്‍എ(ഇന്ത്യന്‍ നാഷണല്‍ ആര്‍മി) സേനയുമായി സഹകരിച്ചത്. പ്രാദേശിക ജനങ്ങൾ ചീറോബ (മണിപ്പൂരി പുതുവത്സരം) ആഘോഷിക്കുമ്പോൾ, കേണൽ ഷൗക്കത്ത് അലി മാലിക്കിന്‍റെ നേതൃത്വത്തിൽ ഐഎന്‍എയുടെ ബഹദൂർ ഗ്രൂപ്പിന്‍റെ (ഇന്‍റലിജൻസ് വിഭാഗം) ഒരു നിര മൊയ്റാങ്ങിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ട്രോംഗ്‌ലോബി എന്ന ഗ്രാമത്തിലെത്തി.
ഏപ്രില്‍ 14ന് പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ കേണൽ മാലിക് മൊയ്റാങ്ങ് കാംഗ്ലയിൽ (രാജാക്കന്മാരുടെ ആചാരപരമായ കിരീടധാരണത്തിനുള്ള പുരാതന സ്ഥലം) ദേശീയ പതാക ഉയർത്തി. അങ്ങനെ, സുഭാഷ് ചന്ദ്ര ബോസ് ദേശീയ പതാക ഉയർത്തിയ ഇന്ത്യൻ മണ്ണിലെ രണ്ടാമത്തെ സ്ഥലമായി മൊയ്റാങ്ങ് മാറി. ഇതിനു മുമ്പ് 1943 ഡിസംബർ 30 ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് ഐഎന്‍എ സൈന്യം ദേശീയ പതാക ഉയര്‍ത്തിയത്.
കേണൽ ഷൗക്കത്ത് അലി മാലിക്കിന്‍റെ അന്നത്തെ പ്രസംഗം മണിപ്പൂരിയിലേക്ക് വിവർത്തനം ചെയ്തത് പിന്നീട് മണിപ്പൂരിന്‍റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന മൈരംബം കൊയ്‌റെംഗ് സിംഗ് ആണ്. മൈരംബം കൊയ്‌റെംഗ് സിംഗിനെ കൂടാതെ നിരവധി പ്രാദേശിക നേതാക്കളും ബഹദൂർ ഗ്രൂപ്പിനെ അനുഗമിച്ചിരുന്നു.
ബ്രിട്ടീഷ് അധീനതയില്‍ നിന്നും മൊയ്റാങ്ങിനെ മോചിപ്പിക്കാന്‍ ഐഎന്‍എ സൈന്യത്തിന് രഹസ്യ വിവരങ്ങള്‍ നല്‍കി നാഗ-കുക്കി സ്ത്രീകള്‍ സജീവമായി സ്വാതന്ത്ര സമരത്തില്‍ പങ്കാളികള്‍ ആയെന്നു ഇരു വിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. മയ്‌തേയികള്‍ സൈന്യത്തിന് ആവശ്യമായ അരിയും, ഉണങ്ങിയ മത്സ്യവും, പച്ചക്കറികളും ധാന്യങ്ങളും വിതരണം ചെയ്തെന്ന് അവരും അവകാശപ്പെടുന്നു. ഏകദേശം മൂന്ന് മാസത്തോളം സുഭാഷ് ചന്ദ്ര ബോസും ഐഎന്‍എ സൈനികരും മൊയ്റാങ്ങില്‍ താമസിച്ചിരുന്നു.
ഇവിടെ പോകാനും സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും ആയിരുന്നു പദ്ധതിയിട്ടിരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ലോക്താക്കിൽ പോകണമെന്നും കണക്കുകൂട്ടിയിരുന്നു. രണ്ടു തവണ ഇതുവഴി കടന്നുപോയെങ്കിലും ലോക്താക്കില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ലോക്താക് തടാകത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്.
കട്ടിയുള്ള മണ്ണും ജൈവവസ്തുക്കളും സസ്യജാലങ്ങളും അടങ്ങിയ വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന അനേകം ചെറിയ ചതുപ്പുകളാണ് കെയ്ബുൾ ലംജാവോ നാഷണൽ പാര്‍ക്കിന്‍റെ സവിശേഷത. ഈ ചതുപ്പുകള്‍ക്ക് മുകളില്‍ വീടുകളും സ്കൂളും ഉണ്ട്.
തടാകത്തില്‍ മത്സ്യബന്ധനം, മറ്റു കൃഷികള്‍ എന്നിവയിലൂടെ ഉപജീവനം കണ്ടെത്തുന്നവരുടെ വീടുകളാണ് ഇവ. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന വീടുകള്‍ മണിപ്പൂര്‍ വിനോദ സഞ്ചാര മേഖലയ്ക്ക് മികച്ച സംഭാവനയാണ് നല്‍കുന്നത്. അതുമാത്രമല്ല ഏകദേശം നാനൂറോളം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഈ ദേശീയോദ്യാനം.
മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന സംഗായ് മാനുകള്‍ കാണപ്പെടുന്നത് ഈ ഒഴുകുന്ന ചതുപ്പ് നിലങ്ങളിലാണ്. കൂടാതെ ജലസേചനത്തിനും ജലവൈദ്യുത ഉത്പാദനത്തിനും കുടിവെള്ള വിതരണത്തിനും ഇംഫാല്‍ പ്രധാനമായും ആശ്രയിക്കുന്നത് ലോക്താക് തടാകത്തിനെയാണ്.
ചെറിയ പനിക്കോളോടെയാണ് പിറ്റേ ദിവസം എണീറ്റത്. അതുകൊണ്ട് മൊയ്റാങ്ങിലേയ്ക്കുള്ള യാത്ര മാറ്റിവെക്കേണ്ടി വന്നു. ഡ്രൈവറെ വിളിച്ച് യാത്ര ക്യാൻസല്‍ ചെയ്തു. ഏഷ്യാനെറ്റിന്‍റെ ഒരു ടീം ഇന്ന് വരുന്നുണ്ട്. അവരും ഞാന്‍ താമസിക്കുന്ന ഹോട്ടലിലാണ് താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇംഫാലില്‍ എത്തുന്ന സകല മാധ്യമപ്രവര്‍ത്തകരുടെയും താവളം ഇംഫാല്‍ ഹോട്ടല്‍ ആണ്.
ഞാനും എഎന്‍ഐ ടീമും ആണ് ആനന്ദ് കോണ്ടിനെന്‍റലില്‍ താമസിക്കുന്നത്. ഇപ്പോഴിതാ ഏഷ്യാനെറ്റുകാരും എത്തി. അടുത്ത ആഴ്ച മാതൃഭൂമിയില്‍ നിന്നും ഒരു ടീം വരുന്നുണ്ടെന്നു ഹോട്ടല്‍ ഉടമസ്ഥന്‍ സദാശിവന്‍ ചേട്ടന്‍ പറയുന്നുണ്ടായിരുന്നു. എന്തായാലും വിമാനത്തവളത്തിലേക്ക് ഏഷ്യാനെറ്റുകാരെ കൊണ്ടുവരാന്‍ പോകുന്ന കാറില്‍ ഒരുമിച്ചു പോകാമെന്ന് സദാശിവന്‍ ചേട്ടന്‍ പറഞ്ഞു. മലയാളി എം പി മാരായ എഎ റഹീം, എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും എംപിമാരുടെ ടീമിനൊപ്പം ഉണ്ട്.
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇവരോട് സംസാരിച്ച് എംപിമാരോടൊപ്പം അവര്‍ പോകുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടെ പോകാം എന്ന ഒരു പദ്ധതിയും എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്തായാലും ഈ പദ്ധതികളൊക്കെ മനസ്സിലിട്ട് ഹോട്ടലിന്‍റെ സമീപത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആവശ്യമായ മരുന്നുകള്‍ വാങ്ങി, അത് കഴിച്ച് കുറച്ചു നേരം വിശ്രമിച്ചു. പത്തുമണിയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
ആയിരക്കണക്കിന് മയ്തേയികള്‍ പങ്കെടുക്കുന്ന റാലിയാണ് ഇന്ന് ഇംഫാലില്‍ നടക്കുന്നത്. റോഡില്‍ ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പത്തുമണിക്ക് തന്നെ ഹോട്ടലില്‍ നിന്നും ഇറങ്ങി. മരുന്ന് കഴിച്ച് വിശ്രമിച്ചതിന്‍റെ ആശ്വാസം ഉണ്ടെങ്കിലും ചെറുതായി മേലുവേദന ഒക്കെയുണ്ട്. അതത്ര കാര്യമാക്കിയില്ല. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എംപിമാര്‍ എത്തുന്നത്.
വിമാനത്താവളത്തില്‍ നിന്നും എംപിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും മനസ്സിലാക്കി. 12 മണിയോടെ എത്തുന്ന 21 അംഗ എംപിമാരുടെ സംഘം രണ്ടായി പിരിഞ്ഞ് വിവിധ ഏരിയകളില്‍ ആണ് സന്ദര്‍ശനം നടത്തുക എന്ന് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. എംപിമാരുടെ കൂടെ പോകാന്‍ സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അവരുടെ യാത്ര ഹെലികോപ്റ്ററില്‍ ആണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു.
ഉച്ചക്ക് 12 മണിയ്ക്ക് എത്തുന്ന എംപിമാരുടെ സംഘം ഉച്ചഭക്ഷണത്തിനു ശേഷം ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേയ്ക്ക് പോകും. അവിടെ നിന്നും വിമാനത്താവളത്തില്‍ തിരിച്ചെത്തി ഒരു സംഘം എംപിമാര്‍ മൊയ്റാങ് കോളേജിലുള്ള ദുരിതാശ്വാസ ക്യാമ്പിലും ഒരു സംഘം ഇംഫാലിലുള്ള ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തും. റോഡ് മാര്‍ഗമാണ് ഇംഫാലിലേക്കും മൊയ്റാങ്ങിലേക്കും പോകുക. അതോടെ ഒന്നാമത്തെ ദിവസത്തെ സന്ദര്‍ശനം അവസാനിച്ചു.
രണ്ടാമത്തെ ദിവസം ഒമ്പത് മണിക്ക് ഇംഫാല്‍ ഹോട്ടലില്‍ പ്രസ് മീറ്റ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അത് കഴിഞ്ഞാല്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തും. ശേഷം തിരിച്ച് ഡല്‍ഹിയിലേക്ക് പോകും. എംപിമാരുടെ യാത്രാവിവരങ്ങള്‍ കണ്ടതും ഞാന്‍ അന്തംവിട്ടു. ആകെക്കൂടി കുറച്ചു മണിക്കൂറുകളെ ജനങ്ങളുമായി സംവദിക്കാന്‍ കിട്ടൂ. രണ്ട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാന്‍ മാത്രം ഇവര്‍ 21 പേര് മണിപ്പൂരിലേക്ക് വരണമായിരുന്നോ എന്ന് വരെ തോന്നി.
കാരണം, കേവലം രണ്ടോ മൂന്നോ ക്യാമ്പുകള്‍ സന്ദര്‍ശിച്ചാല്‍ മാത്രം പിടികിട്ടുന്നതല്ല കലാപത്തിന്‍റെ സമവാക്യങ്ങള്‍. മണിപ്പൂരിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് ധാരണയുള്ളവര്‍ തന്നെയാവും വരുന്ന രാഷ്ട്രീയക്കാര്‍. പക്ഷേ ഒരു കലാപഭൂമിയില്‍ എത്തിയാല്‍ ക്യാമ്പിലുള്ളവരെ മാത്രം കേട്ടാല്‍ പോരല്ലോ.
സര്‍ക്കാരും അതിനു മുകളില്‍ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റികളും മത സംഘടനകളും തുടങ്ങി നിരവധി വിഭാഗങ്ങള്‍ ചേര്‍ന്ന് ഭരണകാര്യങ്ങളെ നിര്‍വചിക്കുന്ന, നയിക്കുന്ന മണിപ്പൂരില്‍ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ചുരുങ്ങിയത് എല്ലാ വിഭാഗക്കാരോടും സംസാരിക്കാന്‍ സമയം കണ്ടെത്തണമായിരുന്നു. അതിനു ഈ രണ്ടു ദിവസം പോരാ.
മണിപ്പൂരില്‍ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവണം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെങ്കില്‍ കുക്കി, നാഗ, മയ്തേയി, പങ്ങല്‍, നേപ്പാളി, ഉത്തരേന്ത്യക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. കാരണം മൂന്ന് മാസമായി തുടരുന്ന കലാപം എല്ലാ വിഭാഗക്കാരുടെയും ജീവിതത്തെ ഏറിയും കുറഞ്ഞും ശിഥിലമാക്കിയിട്ടുണ്ട്. (പത്തു ദിവസമായി മണിപ്പൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് വിവിധങ്ങളായ ആളുകളുമായി സംസാരിച്ച എന്‍റെ അനുഭവത്തില്‍ നിന്നുകൊണ്ടാണ് ഈ വിലയിരുത്തല്‍).
12 മണിയോടെ എംപി കൊടിക്കുന്നില്‍ സുരേഷും ടീമും വിമാനത്താവളത്തില്‍ എത്തി. ഇ ടി മുഹമ്മദ് ബഷീറിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്. പുറത്തു വന്ന് മാധ്യമങ്ങളെ കണ്ടു. ‘21 എംപിമാരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഈ രണ്ടു സംഘങ്ങളും മണിപ്പൂരിലെ വിവിധ സ്ഥലങ്ങളിൽ പോയി യഥാര്‍ത്ഥ സ്ഥിതിഗതികൾ വിലയിരുത്തും. അതിനുശേഷം ഞങ്ങൾ സഭയിൽ ചർച്ചാസമയത്ത് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നതായിരിക്കും.’
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇതുവരെ വാ തുറന്നിട്ടില്ല. അത് വളരെ ദൗര്‍ഭാഗ്യകരമാണ്. തുടക്കം മുതൽക്കുതന്നെ പ്രധാനമന്ത്രിയുടെ നിലപാട് മണിപ്പൂരിനും മണിപ്പൂരിലെ ജനങ്ങൾക്കും അനുകൂലമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് പാർലിമെൻ്റിൽ അദ്ദേഹം മൗനം പാലിക്കുന്നത്. പാർലമെൻ്റിനുള്ളിൽ അദ്ദേഹം ഒന്നും പറയുന്നില്ല. അദ്ദേഹം പുറത്ത് ഒരുപാട് കാര്യം പറയുന്നുണ്ട്. പക്ഷേ സഭയിൽ വരുകയോ മണിപ്പൂരിനെക്കുറിച്ച് സഭയ്ക്കകത്ത് സംസാരിക്കുകയോ ചെയ്യുന്നില്ല.’
‘ഇതാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അമ്പതിലധികം എംപിമാർ പിന്തുണച്ചു. രണ്ട് അംഗങ്ങൾ മാത്രമാണ് ഇപ്പോള്‍ ഇവിടെ എത്തിയത്. 19 അംഗങ്ങൾ കൂടി അടുത്ത വിമാനങ്ങളില്‍ വരുന്നുണ്ട്. ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയി, കനിമൊഴി തുടങ്ങി മറ്റ് എംപിമാരും മുതിർന്ന എംപിമാരും വരുന്നുണ്ട്. അതിനുശേഷം ഔദ്യോഗികമായി അവർ നിങ്ങളെ കാണുകയും വിശദാംശങ്ങൾ അറിയിക്കുകയും ചെയ്യും.’, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മാധ്യമങ്ങളുമായുള്ള സംസാരത്തിനു ശേഷം അദ്ദേഹം വിമാനത്താവളത്തിലേക്ക് തന്നെ കയറിപ്പോയി. അടുത്ത എംപിമാരുടെ ടീം വരാന്‍ കാത്തിരുന്നു. ഇതിനിടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സൈനികരെ യാത്രയാക്കാന്‍ വന്ന ഒരു മലയാളി സൈനികനെ പരിചയപ്പെട്ടു. ഇംഫാലിന്‍റെ ക്രമസമാധാന ചുമതല അദ്ദേഹം ഉള്‍പ്പെടുന്ന സൈനികര്‍ക്കാണ്.
ജനക്കൂട്ടത്തെ തടുത്ത് നിര്‍ത്താനുള്ള അധികാരം അല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈവിട്ട കളിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മൂന്ന് ദിവസം ഞങ്ങള്‍ക്ക് തന്നിരുന്നെകില്‍ ഈ കലാപം ഞങ്ങള്‍ അടിച്ചമര്‍ത്തുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എംപിമാരുടെ ഹെലികോപ്റ്റര്‍ എപ്പോഴാണ് ചുരാചന്ദ്പൂരിലേക്ക് പോകുന്നത് എന്നറിയാന്‍ ഹെലികോപ്റ്റർ സേവനം ബുക്ക് ചെയ്യുന്ന ഏരിയയിലേക്ക് പോയി നോക്കി. അവര്‍ ഒരു വിവരങ്ങളും പങ്കുവയ്ക്കാന്‍ തയ്യാറായില്ല. ചില്ലിനു മുകളില്‍ ഹെലികോപ്റ്റര്‍ സമയം എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ അത് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസുകളുടെ സമയക്രമങ്ങള്‍ ആയിരുന്നു. ലിസ്റ്റ് വായിച്ചു നോക്കുന്നതിനിടെ മൊറെയിലേക്കുള്ള സര്‍വ്വീസ് കണ്ണിലുടക്കി.
അപ്പോള്‍ തന്നെ ചില്ല്കൂട്ടില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് ചോദിച്ച് സര്‍വ്വീസിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തു. ഇനി അടുത്ത സര്‍വ്വീസ് ഉള്ളത് ഓഗസ്റ്റ് രണ്ടിനാണ്. മൊറെയില്‍ നിന്നും തിരിച്ച് ഓഗസ്റ്റ് നാലിന് ഇംഫാലിലേക്കും സര്‍വ്വീസുണ്ട്. ഉടനെ തന്നെ ഞാൻ എറണാകുളത്തെ ഞങ്ങളുടെ ഓഫീസില്‍ വിളിച്ച് കാര്യം പറഞ്ഞു. മൊറെയില്‍ അപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പരസ്പരമുള്ള ഞങ്ങളുടെ കൂടിയാലോചനകള്‍ക്ക് ശേഷം സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി വീണ്ടും മൊറെ യാത്ര ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു.
ഏകദേശം രണ്ട് മണിയോടെ എംപി മാരുടെ അടുത്ത സംഘം എത്തി. അപ്പോഴേക്കും എനിക്ക് പനി കൊണ്ടുപിടിച്ചിരുന്നു. മേലു വേദന കാരണം നിൽക്കാന്‍ കഴിയാത്ത സാഹചര്യം. എംപിമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് കാത്തുനില്‍ക്കാതെ വണ്ടിയില്‍ പോയിരുന്നു. കാലു നീട്ടിവെച്ച് കിടക്കാന്‍ തോന്നുന്ന അവസ്ഥയില്‍ ആയിരുന്നു.
വീണ്ടും ഒരു മണിക്കൂര്‍ കാത്തുനിന്നതിനു ശേഷം ഏഷ്യാനെറ്റുകാർ എത്തി. അവരോടൊപ്പം ഹോട്ടലിലേക്ക് മടങ്ങി. വിമാനത്താവളത്തില്‍ നിന്നും പുറത്തുകടന്നതും മയ്‌തേയി സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും എല്ലാം റാലി കഴിഞ്ഞ് തിരിച്ചുപോകുന്നത് കാണാമായിരുന്നു. വിവിധ മയ്തേയി സിവില്‍ ബോഡികളുടെ സംഘടനയായ Coordinating Committee on Manipur Integrity (COCOMI) യാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്.
കുക്കി സമൂഹം അധിവസിക്കുന്ന പ്രദേശങ്ങൾക്ക് ‘പ്രത്യേക ഭരണം’ എന്ന ആവശ്യത്തിൽ പ്രതിഷേധിച്ചും ചിന്‍-കുക്കി മയക്കുമരുന്ന് തീവ്രവാദത്തിനെതിരെയുമാണ് മയ്‌തേയികള്‍ റാലി സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ച് ഇംഫാൽ വെസ്റ്റ് ജില്ലയിലെ തങ്‌മൈബന്ദിൽ നിന്ന് ആരംഭിച്ച് അഞ്ച് കിലോമീറ്റർ ദൂരം പിന്നിട്ട് ഇംഫാൽ ഈസ്റ്റിലെ ഹപ്ത കാങ്ജെയ്ബുനന്ദിൽ സമാപിച്ചു.
കുക്കി തീവ്രവാദികളെ കണ്ടെത്താന്‍ മണിപ്പൂരിൽ പൂർണമായും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്നാണ് COCOMI യുടെ ആവശ്യം. കൂടാതെ മണിപ്പൂരിനെ രക്ഷിക്കാൻ ഓഗസ്റ്റ് അഞ്ചിനകം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും COCOMI ആവശ്യപ്പെട്ടു. (പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സംസ്ഥാന സർക്കാരിനെതിരെ സാമൂഹിക ബഹിഷ്‌കരണം ഏർപ്പെടുത്താൻ COCOMI തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഒരു പ്രവർത്തനവുമായി സഹകരിക്കരുതെന്ന് COCOMI മയ്തേയികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു).
റാലിയില്‍ പങ്കെടുത്ത ചിലരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മണിപ്പൂരി അറിയാത്തതിനാല്‍ ആ ശ്രമം വിഫലമായി. റാലി സമാപിച്ച ഗ്രൗണ്ടിന്‍റെ പുറത്ത് പല സംഘടനകളും അവരുടേതായ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. നട്ടുച്ച വെയിലിലും തണുത്ത് വിറച്ചിരിക്കുന്ന എനിക്ക് ഗ്രൗണ്ടിലേക്ക് പോകാനുള്ള ആരോഗ്യം ഇല്ലാത്തതിനാല്‍ വണ്ടിയില്‍ ഇരുന്നുകൊണ്ട് തന്നെ കുറച്ചു ഫോട്ടോകള്‍ പകര്‍ത്തി ഹോട്ടലിലേക്ക് മടങ്ങി.
FAQs
ആരാണ് സുഭാഷ് ചന്ദ്രബോസ്?
സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരു പ്രധാന നേതാവായിരുന്നു.നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ട് തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്താണ് ഇന്ത്യൻ നാഷണൽ ആർമി?
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ് ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐഎൻഎ. സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻകാരോടൊത്ത് ഐഎൻഎ പൊരുതി. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിന് കാരണം.
എവിടെയാണ് പോർട്ട് ബ്ലെയർ?
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ആന്തമാൻ നിക്കോബാറിൻ്റെ തലസ്ഥാനമാണ് പോർട്ട് ബ്ലെയർ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ഇന്ത്യൻ നാവികസേനയുടേയും താവളങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. 1789 ൽ ഇവിടെ ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനിയുണ്ടാക്കാനായി വിഫലശ്രമമം നടത്തിയ ലെഫ്റ്റനന്റ് ആർചിബാൾഡ് ബ്ലെയറിൻ്റെ പേരിൽ നിന്നുമാണ് ഈ നഗരത്തിന് പോർട്ട് ബ്ലെയർ എന്ന പേരുണ്ടായത്. പിന്നീട് 1858-ൽ ഇത് ഒരു ബ്രിട്ടീഷ് കോളനിയായി.
ആരാണ് കൊടിക്കുന്നിൽ സുരേഷ് ?
2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമാണ് കൊടിക്കുന്നിൽ സുരേഷ്. 2018 മുതൽ കെപിസിസിയുടെ വർക്കിംഗ് വൈസ് പ്രസിഡന്റുമാണ്.
Quotes
എനിക്ക് രക്തം തരൂ പകരം ഞാൻ നിങ്ങൾക്ക് സ്വാതന്ത്രം തരാം – സുഭാഷ് ചന്ദ്രബോസ്