Sat. Jan 18th, 2025
Manipur

ആയിരക്കണക്കിന് മയ്തേയികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയതിനാൽ കുക്കികളെ ഇല്ലാതാക്കാൻ ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു

ഇംഫാലില്‍ നിന്നും സുഗുനുവിലേയ്ക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്. ഇംഫാല്‍ നഗരം കഴിഞ്ഞാല്‍ പിന്നെ സുഗുനുവിലേക്കുള്ള വഴി വയലുകള്‍ക്ക് നടുവിലൂടെയാണ്‌. നെല്‍കൃഷിയാണ് കൂടുതലും. താമരക്കുളങ്ങള്‍, മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍ എന്നിവ നെല്‍വയലുകളോട് ചേര്‍ന്ന് കാണാം. ഈ മേഖലകളില്‍ നിന്നാണ് ഇംഫാല്‍ ജില്ലയിലേയ്ക്കുള്ള പച്ചക്കറികളും മീനും അരിയുമെല്ലാം കൂടുതലായി വിതരണം ചെയ്യുന്നത്.

വഴിയില്‍ പലയിടത്തായി മയ്തേയികള്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിരാവിലെ തന്നെ മയ്തേയി സ്ത്രീകള്‍ ചെക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വയലുകള്‍ക്ക് നടുവിലും വീടുകള്‍ക്ക് മുകളിലും ഒക്കെയായി ബങ്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. മലകളോട് അടുത്തു കിടക്കുന്ന താഴ്വര പ്രദേശങ്ങള്‍ ആയതിനാല്‍ തന്നെ ബങ്കറുകളില്‍ ഇരുന്നുകൊണ്ട് ബൈനോക്കുലറിലൂടെയാണ് പുരുഷന്മാര്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നത്. 

കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച പ്രദേശമാണ് മയ്തേയി സ്വാധീന മേഖലയായ സുഗുനു. കുക്കികളുടേതെന്ന് പറയാന്‍ ഒന്നും സുഗുനുവില്‍ അവശേഷിക്കുന്നില്ല. സുഗുനുവില്‍ നിന്നും കുറച്ചു ദൂരം പിന്നിട്ടാല്‍ സിറൗ എന്ന് പേരുള്ള ഗ്രാമമാണ്. അവിടെ മയ്തേയികളുടെ വീടുകള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍ എല്ലാം കത്തിച്ചാമ്പലായി കിടക്കുന്നത് കാണാം. മയ്തേയികളും കുക്കികളും ഇടകലര്‍ന്ന് ജീവിച്ചിരുന്ന സുഗുനുവില്‍ കുക്കികളുടെ വീടുകള്‍, സ്കൂളുകള്‍, പള്ളികള്‍ എല്ലാം മെയ്‌തേയികള്‍ തീയിട്ടു നശിപ്പിച്ചു. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുഗുനുവില്‍ ഭൂരിഭാഗം പേരും കര്‍ഷകരാണ്.

manipur
സുഗുനുവില്‍ നിന്നുള്ള കുക്കി ഗ്രാമത്തിന്‍റെ ദൃശ്യം Copyright@Woke Malayalam

മലകളുടെ താഴ്വാരങ്ങള്‍ എല്ലാം വയലുകളാണ്. വലയിനോട് ചേര്‍ന്ന് ഇംഫാല്‍ നദി’ യും ഒഴുകുന്നുണ്ട്. ഇതിന്‍റെ കരയിലായി 20 കുക്കി ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നു. കുക്കി, മയ്തേയി ഗ്രാമങ്ങളെ വേര്‍ത്തിരിക്കുന്നത് ഇംഫാല്‍ നദിയാണ്. നദിയുടെ ഒരു കരയില്‍ മയ്തേയി വയലുകള്‍, മറുകരയില്‍ കുക്കി വയലുകള്‍. ഈ നദിയെ ആശ്രയിച്ചാണ് രണ്ടു കൂട്ടരുടെയും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടാതെ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരും ഒരുപാടുണ്ട്. കുക്കി വയലുകളുമായി കൂടിച്ചേര്‍ന്നു കൂട്ടുകൃഷി നടത്തുന്നവരും ഉണ്ട്.

സുഗുനുവിലേയ്ക്ക് കടക്കുന്നതിനു മുമ്പായി മയ്തേയി സ്ത്രീകളുടെ ചെക്ക്പോസ്റ്റുണ്ട്. കൂടെയുള്ള മയ്തേയി ഡ്രൈവറുടെ സുഹൃത്ത് സുഗുനുവില്‍ ഉണ്ട്. അദ്ദേഹം വന്ന് ചെക്ക്പോസ്റ്റില്‍ നിന്നും ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. ചെക്ക്പോസ്റ്റ്‌ കടന്നാല്‍ പിന്നെ ഓരോ പത്ത് മീറ്റര്‍ വ്യത്യാസത്തിലും ബങ്കറുകള്‍ കാണാം.

ബങ്കറുകളില്‍ ഇരുന്ന് ഗ്രാമത്തെ സംരക്ഷിക്കുന്നത് ആയുധ പരിശീലനം നേടിയ പുരുഷന്മാര്‍ ആണ്. അഞ്ചോ ആറോ കടകള്‍ മാത്രമേ സുഗുനുവില്‍ നിലവില്‍ അവശേഷിക്കുന്നുള്ളൂ. ബാക്കിയുണ്ടായിരുന്ന കടകള്‍ എല്ലാം കുക്കികളുടേത് ആയിരുന്നു. അവയെല്ലാം കത്തിച്ചിട്ടിട്ടുണ്ട്. വയല്‍ക്കരയിലുള്ള ബങ്കറുകളില്‍ ഇരുന്നുകൊണ്ട് ബൈനോക്കുലര്‍ ഉപയോഗിച്ച് സദാസമയവും മയ്തേയി കമാന്‍ഡുകള്‍ കുക്കി ഗ്രാമങ്ങളെ നിരീക്ഷിക്കുന്നത് കാണാം. 

സുഗുനുവിലെ മയ്തേയി നേതാവായ രത്തന്‍ കൈദത്തിന്‍റെ വീട്ടിലേയ്ക്കാണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത്. വീടിന്‍റെ നടുമുറ്റമാണ് നേതാവിന്‍റെ ഓഫീസ്. നിരവധി ചെറുപ്പക്കാര്‍ തോക്കും പിടിച്ചു അവിടെ നില്‍പ്പുണ്ട്. പ്രദേശത്തെ എംഎല്‍എയുടെ വലംകൈ കൂടിയായ രത്തന്‍ ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അല്പനേരം കഴിഞ്ഞ് ഞങ്ങള്‍ പരിചയപ്പെട്ടു. മുഖവുരയൊന്നും കൂടാതെ അദ്ദേഹം സംസാരിച്ചുതുടങ്ങി. 

manipur
സുഗുനുവിലെ മയ്തേയികള്‍ Copyright@Woke Malayalam

ആദ്യം തന്നെ ലാപ്‌ടോപ്പില്‍ ചില ഡ്രോണ്‍ വിഷ്വലുകള്‍ കാണിച്ചുതന്നു. കുക്കി ഗ്രാമങ്ങളില്‍ ഇരുന്നു കൊണ്ട് അവര്‍ എങ്ങനെയാണ് സുഗുനുവിനെ ആക്രമിച്ചത് എന്ന് ഈ വിഷ്വല്‍സ് വെച്ച് അദ്ദേഹം വിവരിക്കുകയാണ്.

കുക്കികള്‍ നാടോടികളായ ഗോത്രക്കാരാണ്. ഈ ആധുനിക യുഗത്തിൽ കുക്കികള്‍ ഇവിടെ സ്ഥിരതാമസമാക്കാൻ തുടങ്ങിയത് ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ കാരണമാണ്. അവർ മ്യാൻമാറിൽ ഇപ്പോഴും സമരം തുടരുകയാണ്. മണിപ്പൂരിന്‍റെ ഒരു ഭാഗം ഇപ്പോൾ ഇന്ത്യയിലായതിനാൽ ഇന്ത്യയിലേക്ക് കടക്കുന്ന ആളുകൾ അങ്ങേയറ്റം ഭാഗ്യവാന്മാരാണ്. അവർക്ക് ഇപ്പോൾ ഇവിടെ ഏത് കുന്നുകളിലും താഴ്‌വരകളിലും താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഞങ്ങൾ ഒരിക്കലും കുന്നുകളിൽ താമസിക്കാൻ താല്പര്യപ്പെടുന്നില്ല. കാരണം അങ്ങോട്ടു പോകുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, ഞങ്ങൾ എല്ലായ്പ്പോഴും താഴ്വരകളില്‍ താമസിക്കാൻ ആഗ്രഹിക്കുന്നു. സുഗുനുവിന്‍റെ പടിഞ്ഞാറന്‍ ഭാഗത്താണ് കുക്കി ഗ്രാമങ്ങള്‍ ഉള്ളത്. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ അവര്‍ എന്തൊക്കെയോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

മ്യാൻമാറിലെ കുടിയേറ്റക്കാരുടെ പുതിയൊരു സെറ്റില്‍മെന്‍റ് ആകും അതെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ 2023 മെയ്യില്‍ മാത്രമാണ് അത് ഒരു ബങ്കറാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നത്. സിയോള്‍ ഏരിയയില്‍ ഉള്ളത് ഒരു സ്നൈപ്പര്‍ പോയിന്‍റ് ആണെന്നത് പോലും ചില സംഭവങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്. ഡോങ്ങ് യാങ്ങിലും ഇതുപോലെ ഒരെണ്ണമുണ്ട്. ലാലോ ഫൈയിലിലുമുണ്ട്. ഈ പ്രദേശങ്ങളില്‍ മൊത്തം അഞ്ച് സ്നൈപ്പര്‍ ബങ്കറുകള്‍ ഉണ്ട് (ഈ അഞ്ചു ബങ്കറുകളെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രം സുഗുനുവിലും അഞ്ചു ബങ്കറുകള്‍ ഉണ്ട്).

മണിപ്പൂരില്‍ കലാപം തുടങ്ങിയപ്പോള്‍ കുക്കികളുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ആരംബായിയെ ഭയപ്പെടുന്നുവെന്നാണ് അവര്‍ പറഞ്ഞത്. അസം റൈഫിളിനെ മാത്രമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ അസം റൈഫിള്‍സ് കുക്കികളെയാണ് പിന്തുണയ്ക്കുന്നത്.

പതിയെ ഞങ്ങള്‍ താമസിക്കുന്നതിന് അടുത്തായി ആറോളം ബങ്കറുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഓരോ ഗ്രാമ കാവടങ്ങളിലും കുക്കികളെ കണ്ടു തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ബങ്കറുകളുടെ എണ്ണം കൂടുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങൾ ഇതിനകം പ്രാദേശിക എംഎൽഎയുടെയും എല്ലാ ഗോത്രത്തലവന്മാരുടെയും നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചിരുന്നു. നാഗാ മേധാവിയും മയ്തേയ് നേതാക്കളും സമിതിയില്‍ ഉൾപ്പെട്ടിരുന്നു.

കുക്കികളുമായി ഇടകലര്‍ന്ന് ജീവിക്കുന്നവരായിരുന്നു ഞങ്ങള്‍. തമ്മില്‍ കൊല്ലരുതെന്നും ആക്രമിക്കരുതെന്നും ഞങ്ങൾക്കിടയില്‍ ഒരു ഉടമ്പടിയുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവർ ബങ്കറുകൾ നിർമ്മിക്കുന്നത്? എന്തുകൊണ്ടാണ് ഞങ്ങളെ അവരുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കാൻ അനുവദിക്കാത്തത് ? പോലീസുകാർക്ക് പോലും അങ്ങോട്ട്‌ പ്രവേശനമില്ല. അവർ ന്യൂനപക്ഷമായതുകൊണ്ടാണ് എന്ന ഉത്തരം മാത്രമാണ് അവർ ഞങ്ങള്‍ക്ക് നൽകുന്നത്.

manipur
സുഗുനുവിലെ മയ്തേയികളുടെ ബങ്കര്‍ Copyright@Woke Malayalam

ആരാണ് ആരംബായ് എന്നും ആരാണ് സാധാരണക്കാരെന്നും അവർക്കറിയില്ലെന്നും  അതുകൊണ്ടാണ് അവർ സ്വയം സംരക്ഷിക്കുന്നതെന്നും ആയിരുന്നു അവർ ഞങ്ങൾക്ക് നൽകിയ മറുപടി. അങ്ങനെ സമാധാനം തകർന്നു. കുക്കികൾ പല മേഖലകളിലും അക്രമം ആരംഭിച്ചിരുന്നു. ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ടായിരുന്നു.

അവർ ബങ്കറുകൾ ഉണ്ടാക്കിയത് പോലെ അവർ യുദ്ധത്തിന് തയ്യാറെടുത്തതു പോലെ ഞങ്ങള്‍ക്കും ചെയ്യണമായിരുന്നു. രാത്രിയിൽ അവർ നൈറ്റ്‌ വിഷനുകള്‍ ഉപയോഗിക്കാൻ തുടങ്ങി. ഇടയ്ക്കിടെ ചുവന്ന വെളിച്ചം അടുത്തേക്ക് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.

അതിനർത്ഥം, ക്യാമറയോ ദൂരദർശിനിയോ അല്ലെങ്കിൽ ബൈനോക്കുലറോ ഉപയോഗിച്ച് ഞങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ്. പിന്നെ മെയ് ആറ് മുതലുള്ള ദിവസങ്ങളില്‍  ഇരുട്ട് വീഴുമ്പോള്‍, എല്ലാ കുക്കി പ്രദേശങ്ങളിലും അവര്‍ ലൈറ്റ് ഓഫ് ചെയ്തിരുന്നു.

ഇവിടെ 20 കുക്കി ഗ്രാമങ്ങളുണ്ട്. അതെല്ലാം തന്നെ സുഗുനുവിനെ ചുറ്റിയാണുള്ളത്. കൃത്യം 7.30 ആകുമ്പോള്‍ അവിടെയെല്ലാം ലൈറ്റ് അണയും. കലാപം നടക്കുന്നതിന് മുന്നോടിയായി ആസാം റൈഫിളുമായി മൂന്നു നാലു തവണ ആസാം റൈഫിള്‍ ക്യാമ്പില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു.

അവരുടെ കുപ്രസിദ്ധ സിഇഒ ഡിഎസ് അൽഹാവത്തും ഉണ്ടായിരുന്നു. അന്ന് ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു; സർ, അവർക്കും സമാധാനം വേണം, ഞങ്ങള്‍ക്കും സമാധാനം വേണം. പിന്നെ എന്തുകൊണ്ടാണ് അവർ ലൈറ്റുകൾ ഓഫ് ചെയ്യുന്നത്? അത് വളരെ സംശയം ജനിപ്പിക്കുന്നുണ്ട്. നമുക്ക് പരസ്‌പരം വിശ്വസിക്കാൻ കഴിയുന്ന തരത്തിൽ ലൈറ്റ്‌ ഇടാൻ അവരോടും ആവശ്യപ്പെടുക’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി , അവർ സ്വയം സംരക്ഷിക്കുകയാണെന്നായിരുന്നു. അതിനാല്‍ അവരെ നിർബന്ധിക്കുകയോ ലൈറ്റ് ഇടാൻ ആവശ്യപ്പെടുകയോ ചെയ്യേണ്ടതില്ല എന്നും അദ്ദേഹം മറുപടി പറഞ്ഞു.

മണിപ്പൂരില്‍ കലാപം തുടങ്ങി 20-ാം ദിവസം അവര്‍ ഞങ്ങളെ വളയുകയും ആക്രമിക്കുകയും ചെയ്തു. അങ്ങനെ സുഗുനുവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അങ്ങനെയാണ് എല്ലാം ആരംഭിക്കുന്നത്. പരസ്പരമുള്ള വിശ്വാസവും ധാരണയും തകര്‍ന്നു. കുറഞ്ഞത് 150 വർഷമായി ഞങ്ങൾ ഇവിടെ താമസിക്കുന്നു. അവര്‍ യുദ്ധം തുടങ്ങി. രാത്രി രണ്ടു മണി ആയിക്കാണും. അവര്‍ വെടിവെക്കാന്‍ തുടങ്ങി. അവര്‍ യുദ്ധത്തില്‍ വളരെ ആത്മവിശ്വാസം ഉള്ളവരാണ്. അത് തന്നെയാണ് അവരുടെ തെറ്റും. അല്ലെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടില്ലായിരുന്നു.

അവര്‍ കരുതിയത് ചുരാചന്ദ്പൂരില്‍ വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ സംഭവിച്ചത് പോലെ ഞങ്ങള്‍ പേടിച്ച് രക്ഷപ്പെടും എന്നായിരുന്നു. ലാങ്‌ചിംഗ് (സുഗുനുവിലെ കുക്കി ഗ്രാമം) ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ നിന്നും രക്ഷപ്പെട്ടുപോയേനെ. നദീതീരത്തുകൂടി രക്ഷപ്പെട്ടു പോകാൻ കഴിയാതെ ഞങ്ങൾ കുടുങ്ങി. അവർ ഇതിനോടകം അവിടെ ഒളിച്ചിരുന്നു.

ആകെ പുറത്തേക്കുള്ള വഴി സംസ്ഥാന ഹൈവേയിലൂടെ മാത്രമായിരുന്നു. ലങ്ചിംഗില്‍ സ്നൈപ്പറും മറ്റ് ആയുധ ധാരികളും ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് തിരിച്ചും ആക്രമിക്കേണ്ടി വന്നു. പലര്‍ക്കും വെടിയേറ്റു. എല്ലാമൊന്ന് കെട്ടടങ്ങിയപ്പോഴേക്കും അവരില്‍ പകുതിയും സ്ഥലം വിട്ടിരുന്നു.

ലങ്ചിംഗ് പിടിച്ചെടുക്കാനുള്ള യുദ്ധത്തില്‍, മൂന്നോ നാലോ പേർ മാത്രമാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് മയ്തേയികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയതിനാൽ അവരെ ഇല്ലാതാക്കാൻ ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു. നിർത്താതെ വളരെ വേഗത്തില്‍ ഡ്രൈവ് ചെയ്‌താല്‍ ഒന്നര മണിക്കൂറിനുള്ളിൽ ഇംഫാലില്‍ നിന്നും ഇവിടെ എത്താം. അങ്ങനെ ഗ്രാമവാസികളെല്ലാം ഒഴുകിയെത്തി.

അവർ എല്ലാ ദിശകളിൽ നിന്നും കുന്ന് വളഞ്ഞു. അതുകൊണ്ട് ഈ യുദ്ധങ്ങളിൽ ഞങ്ങള്‍ക്ക് വളരെ എളുപ്പം  ജയിക്കാനായി. എന്നാലും ഞങ്ങളുടെ യുവാക്കള്‍ നിരാശരായിരുന്നു. യുദ്ധത്തിൽ ഞങ്ങൾ വിജയിച്ചുകഴിഞ്ഞ് എല്ലാ പ്രദേശവാസികളെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചു. തമ്മില്‍ ഒരു ഉടമ്പടിയുണ്ടായിട്ടും കുക്കികള്‍ക്ക് ഞങ്ങളെ കൊല്ലണമെന്നായിരുന്നു.

ഞങ്ങളുടെ പൂർവ്വികർ അവർക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ അനുമതി നല്‍കുകയായിരുന്നു. പക്ഷെ  ഇപ്പോൾ അവർക്ക് എല്ലാം സ്വന്തമായി വേണം എന്നായി. അത് ശരിയല്ല. അവരുടെ ഈ സമീപനം ഞങ്ങളെ വല്ലാതെ നിരാശയിലാഴ്ത്തുകയാണ്. ഞങ്ങളെ ദേഷ്യം പിടിപ്പിക്കുകയാണ്. തുടര്‍ന്ന് ഞങ്ങൾ അവരുടെ വീടുകളെല്ലാം പൊളിക്കാൻ തുടങ്ങി. അതൊരു പ്രതിപ്രവര്‍ത്തനമായിരുന്നു, മുന്‍കൂട്ടിയുള്ള അക്രമം ആയിരുന്നില്ല. ഞങ്ങൾക്ക് അങ്ങനെ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ ഇവിടം വിട്ടുപോയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഇങ്ങോട്ട് വരാനേ സാധിക്കില്ല. സുഗുനുവിലേക്കുള്ള വഴിയില്‍ വൈകോങ്ങിനും കക്ചിന്‍ കുനോയ്ക്കും ഇടയിലായി അയ്ഹോങ്ങ് എന്ന ഒറ്റപ്പെട്ട ഒരു കുക്കി ഗ്രാമമുണ്ട്. ഞങ്ങൾ ആ ഗ്രാമം നശിപ്പിച്ചു. അവിടെ ആരും താമസമുണ്ടായിരുന്നില്ല.

ഇതിന് മറുപടിയായി അവര്‍ ചെയ്തത് ഒരു മയ്തേയ് ഗ്രാമം പിടിച്ചെടുത്ത് അവരുടെ ബങ്കറുകൾ പണിയുകയായിരുന്നു. പിന്നീട് നാല് ഗ്രാമങ്ങൾ കൂടി അവര്‍ പിടിച്ചടക്കി. പിടിച്ചടക്കിയ ശേഷം അവിടങ്ങളിലൊക്കെ അവര്‍ ഒട്ടേറെ ബങ്കറുകള്‍ പണിതു. അവര്‍ കരുതിയത് ഏതോ പുതിയ പ്രദേശം കീഴടക്കി എന്നാണ്. യഥാര്‍ത്ഥത്തില്‍ മണിപ്പൂര്‍ മുഴുവന്‍ കുക്കികളുടെയല്ലല്ലോ.

യഥാര്‍ത്ഥത്തില്‍ ഈ പ്രദേശങ്ങള്‍ സോകളുടെ ആയിരുന്നു. ഈ ലാങ്ങ്ചിംഗിന്‍റെ അവകാശികള്‍ അവരാണ്. അവര്‍ വളരെ പഴയ കുടിയേറ്റക്കാരാണ്. 100 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും അവര്‍ ഇവിടെ വന്നിട്ട്. അത്ര വലിയ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല, വഴക്കുകളില്ല, ഞങ്ങള്‍ എല്ലാം പരസ്പരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഞങ്ങള്‍ വളരെ സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്.

യഥാര്‍ത്ഥ അവകാശികളായ ഇവരും ഇപ്പോള്‍ നിസ്സഹായരാണ്. കാരണം ഉന്നത അധികാരികള്‍ ആണ് അവരുടെ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത്. പക്ഷെ, കുക്കി സേനകള്‍ മ്യാന്‍മാറില്‍ നിന്നും കുടിയേറിയതാണ്. അവരുടെ നേതാവ് മ്യാന്‍മാറില്‍ നിന്നുള്ളതാണ്. അവര്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്. അവരുടെ പദ്ധതി ഇവിടം അവരുടെ സ്വന്തമാക്കുക എന്നതാണ്.

manipur
മയ്തേയികള്‍ തകര്‍ത്ത കുക്കി ഗ്രാമം Copyright@Woke Malayalam

അവര്‍ ഇവിടെ പട്ടാള ഭരണമാണ് ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മണിപ്പൂരില്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. അവര്‍ പറയുന്നത് കഴിഞ്ഞ 80 വര്‍ഷങ്ങളായി ഇവിടെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ്. കുക്കികള്‍ എവിടെ പോയാലും പ്രശ്നമാണ്. ബംഗ്ലാദേശിലും മ്യാന്‍മാറിലുമൊക്കെ ഇവര്‍ കാരണമുള്ള വലിയ പ്രശ്നങ്ങളുണ്ട്.

ബംഗ്ലാദേശിൽ എവിടെ താമസിച്ചാലും അവർ സർക്കാരുമായി യുദ്ധം ചെയ്യുകയായിരുന്നു. എല്ലായിടത്തും അവര്‍ പറയുന്നത് ഒരേ കാര്യമാണ്. അവര്‍ക്ക് സ്വന്തമായി ഭൂമി വേണം, സ്വന്തമായി അഡ്മിനിസ്ട്രേഷന്‍ വേണം, അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന്. അവര്‍ പറയുന്നത് മയ്തേയികള്‍ അവരെ അടക്കി ഭരിക്കുകയാണ് എന്നാണ്.

പ്രത്യേക ഭരണമോ കേന്ദ്രഭരണമോ ഇവിടെ സാധ്യമാണോ എന്നെനിക്ക് അറിയില്ല. ആണെങ്കില്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ അതനുവദിക്കുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് കിട്ടിയില്ലെങ്കിലും വരും തലമുറയ്‌ക്കോ അടുത്ത തലമുറയ്‌ക്കോ കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് അവരുടെ ആത്യന്തികമായ ആവശ്യം ഒരു ദേശീയ രാഷ്ട്രമാണ്. ഒരു പ്രത്യേക രാഷ്ട്രം. ഇന്ത്യയില്‍ ഇതിനകം തന്നെ ചാരന്മാരുടെ വളരെ വലിയ ശൃംഖലയുണ്ട്. പ്രത്യേക ഭരണസംവിധാനം അവര്‍ക്ക് നല്‍കിയാല്‍ രാജ്യത്തിനെതിരെ വരെ അവര്‍ നീങ്ങിയേക്കാം.

അസം  റൈഫിൾസിന്‍റെ ഒരു സഹായവും ഞങ്ങൾ സ്വീകരിക്കില്ല. സമാധാനം താനെ ഉണ്ടാകേണ്ടതാണ്. ആരും നിർബന്ധിച്ച് ഉണ്ടാക്കേണ്ടതല്ല. നിങ്ങൾ ആരുടേയും പക്ഷം പിടിക്കാതിരിക്കുക. കുക്കികളെ സഹായിക്കാതിരിക്കുക. എന്നാൽ മാത്രമേ ഞങ്ങൾക്ക് നിങ്ങളെ വിശ്വസിക്കാനാകൂവെന്ന് അസം റൈഫിൾസിനോട് ഞങ്ങൾ പറഞ്ഞു.

ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അസം റൈഫിൾസിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സുഗുനുവിലും സരൗതേലുമുണ്ടായ പ്രശ്നങ്ങള്‍ക്ക് മയ്തേയികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും അവരുടെ പക്കലുണ്ട്. അതെല്ലാം അവർ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ അവരെ ഞങ്ങള്‍ക്ക് വിശ്വാസമില്ല.

മയ്തേയി സേനകള്‍ ഇനിയൊരു സംഭാഷണത്തിനും തയ്യാറല്ല. മരണം വരെ അവര്‍ കുക്കികള്‍ക്കെതിരെ പോരാടും. അങ്ങനെ എല്ലാ കുക്കി-മയ്തേയി സേനകളും പരസ്പരം പോരടിച്ച് ചാകും. അതാണ്‌ സംഭവിക്കാന്‍ പോകുന്നത്. കേന്ദ്രം ഈ വിഷയത്തില്‍ ഒട്ടും ജനാധിപത്യപരവും നയന്ത്രപരവുമായല്ല ഇടപെടുന്നത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സേനകള്‍ ഇന്ത്യയിലേക്ക് എല്ലാവരെയും തുറന്നു വിടുകയാണ്. അതാണ്‌ ഈ പ്രശ്നങ്ങള്‍ ഇത്ര വഷളാകാനുള്ള പ്രധാന കാരണം.

ഇന്ത്യൻ സൈന്യം കുക്കികളെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് തുടക്കത്തിൽ ഞങ്ങൾക്ക് വളരെ ആശ്ചര്യമായിരുന്നു. ഒരുപക്ഷേ ഏകദേശം ഒന്നോ രണ്ടോ പതിറ്റാണ്ടുകളായി ഇന്ത്യയെ വാങ്ങാനുള്ള അത്ര പണമാണ് അവര്‍ ഇതിനായി നല്‍കിയത്. പണം മാത്രമല്ല, മറ്റു പലതും.

എന്‍റെ കയ്യിൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ഒന്നും ഇല്ല. പണം മാത്രമല്ല, വിവരങ്ങളും അവര്‍ നല്‍കി. പട്ടാളത്തെക്കുറിച്ച്, മ്യാന്മാറിനെക്കുറിച്ച് ചൈനയെക്കുറിച്ച്. കുക്കികളുമായി ഒരു ബന്ധമുണ്ടാക്കുന്നതിന്‍റെ പ്രാധാന്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായി അറിയാം.

manipur
കലാപത്തില്‍ തകര്‍ത്ത കുക്കി ഗ്രാമത്തിലെ കെട്ടിടം Copyright@Woke Malayalam

കുക്കികളും ആഭ്യന്തരമന്ത്രാലയവും തമ്മിൽ ബന്ധമുണ്ട്. അവരുമായി സഖ്യമുണ്ടാക്കിയാൽ തങ്ങൾക്ക് അതിന്‍റെ ഗുണം ലഭിക്കുമെന്ന് അവർക്ക് നന്നായി അറിയാം. അവർ പറയുന്നത് അവർക്കാവശ്യമായ ജിയോപൊളിറ്റിക്സ് അറിവുകൾ കുക്കികളിൽ നിന്നും ലഭിക്കുമെന്നാണ്. ഒരുതരത്തിൽ നോക്കുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണ്. അതുപോലെ വിവരങ്ങൾ ലഭിക്കുന്നതിനായി ഞങ്ങൾക്കും സംവിധാനങ്ങളുണ്ട്.

കുക്കികൾ അത്രയ്ക്ക് നല്ലവരാണെങ്കിൽ അവർക്ക് വിവരം കൈമാറാനായി അവരെ നിർത്തിക്കൊള്ളു. എന്തിനാണ് ഇങ്ങനെയൊരു യുദ്ധത്തിന്‍റെ ആവശ്യം. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. ഇവിടെ വിദ്യാഭ്യസ സ്ഥാപനങ്ങളും വിൽപ്പനയുമെല്ലാം നിലച്ചിട്ട് ഒരുപാട് നാളായി. ഞാൻ ഒരു അധ്യാപകനാണ്. എന്നാൽ എനിക്കിപ്പോൾ എന്‍റെ ജോലി ചെയ്യാൻ കഴിയുന്നില്ല. ഞാനിപ്പോൾ ഇവിടെയുള്ള വോളണ്ടിയർമാരെ നിയന്ത്രിക്കുകയാണ്.

ഞാൻ ഒരു ഇന്ത്യൻ പൗരനാണ്‌. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നമ്മളെല്ലാം അഹിംസയിൽ വിശ്വസിക്കുന്നവരല്ലേ. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് വരുന്ന മോദിയും അമിത് ഷായും ഒരേ വിദ്യയാണ് ജനങ്ങൾക്കുമേൽ പയറ്റുന്നത്. ഇത്തരം വൃത്തികെട്ട രീതിയിലൂടെ അല്ലാതെയും ഇവിടെ ഭരണം നടത്താമല്ലോ. മണിപ്പൂർ ഇപ്പോൾ ഒരു യുദ്ധ ഭൂമിയാണ്. സര്‍ക്കാര്‍ അവരുടെ നയങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായിട്ട് എനിക്ക് തോന്നുന്നില്ല.

മിലിറ്ററിക്ക് കുക്കികൾ വിവരങ്ങൾ നൽകുന്നുണ്ടാവാം. ഒരുപക്ഷേ അതുകൊണ്ടാവാം സര്‍ക്കാരും അവരെ സംരക്ഷിക്കുന്നത്. ഇന്‍റലിജന്‍റ്  മിലിറ്ററിക്കാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം. മ്യാന്‍മാറിലെ കച്ചിനിലുള്ളവർ വളരെക്കാലമായി മ്യാന്‍മാര്‍ സൈന്യവുമായി യുദ്ധം ചെയ്യുകയാണ്. കുക്കികൾ അവരുടെ സഹോദരന്മാരാണ്. പണം ലഭിക്കാൻ അവർക്ക് അവരുടേതായ മാർഗ്ഗങ്ങളുണ്ട്. മയക്കുമരുന്ന് ബിസിനസ്സ്, പോപ്പികൃഷി ഇതിലൂടെയാണ് അവർക്ക് പണം ലഭിക്കുന്നത്. മണിപ്പൂരിൽ എട്ട് ശതമാനം മാത്രമാണ് താഴ്വരകളുള്ളത്. ബാക്കി 92 ശതമാനവും മലയോര പ്രദേശങ്ങളാണ്.

ഇവിടെ 40 മുതൽ 45 ശതമാനം പ്രദേശങ്ങളിലും പോപ്പികൃഷിയാണ്. ഇംഫാല്‍ നദി മുറിച്ച് കടന്ന് നാല് കിലോമീറ്റർ കഴിയുമ്പോൾതന്നെ പോപ്പികൃഷിയിടങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. 1000 കോടിയോളം വരുമാനം അവർക്ക് ഇതിൽനിന്നും ലഭിക്കുന്നുണ്ട്. മണിപ്പൂരിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നത് താഴ്വരകളിൽ മാത്രമാണ്.

മലയോര പ്രദേശങ്ങളിലേക്ക് പോലീസുകാർക്ക് കടന്ന് ചെല്ലാൻ പോലും സാധിക്കില്ല. അവിടെ 10 എംഎൽഎമാരാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎയ്ക്ക് തങ്ങളുടെ മണ്ഡലത്തിലെ വികസനങ്ങൾക്കായി എല്ലാ വർഷവും രണ്ട് കോടി രൂപ വരെ അനുവദിക്കുന്നുണ്ട്. പോപ്പി കർഷകരെല്ലാം മ്യാൻമാറിൽ നിന്നും വന്നവരാണ്.

ഞാൻ ബിജെപിയെ അനുകൂലിക്കുന്ന ഒരാളല്ല. പക്ഷേ മയക്കുമരുന്നിന്‍റെ വ്യാപനം തടയുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമെല്ലാം ബിരേൻ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. കുടിയൊഴിപ്പിക്കലിൽ ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ടത് മയ്തേയികളും മുസ്ലീങ്ങളുമാണ്. എന്നാൽ അതൊന്നും വലിയ പ്രശ്നമായി ഞങ്ങൾ ഉയർത്തിക്കാട്ടിയിരുന്നില്ല. പക്ഷേ കുക്കികളെ കുടിയൊഴിപ്പിച്ചത് വലിയൊരു പ്രശ്നമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ മാത്രം ഭൂമിയല്ല. ഇവിടെ മുസ്ലീങ്ങൾക്കും നേപ്പാളികൾക്കും തുല്യ അവകാശമുണ്ട്. ഞങ്ങൾ ഒരിക്കലും സംരക്ഷിത വനങ്ങളിൽ താമസിക്കുന്നില്ല. എന്നാൽ കുക്കികൾ അത് ചെയ്യുന്നു. എന്നിട്ട് അവർ പോപ്പികൃഷി നടത്തുന്നു.

ഞങ്ങൾക്കാകെയുള്ളത് ഈ താഴ്വര മാത്രമാണ്. ഞങ്ങളുടെ തലമുറയ്ക്കും കഴിയാൻ ഇത് മാത്രമാണുളളത്. അവർക്ക് ജീവിക്കാൻ ഇവിടെ ഭൂമിയില്ലാതെ വരും. ഈ  ഭൂനിയമം മാറണം. അവർക്ക് മലയോര പ്രദേശങ്ങളിൽ ഒരുപാട് ഭൂമിയുണ്ട്. അവർക്കാണ് അതിൽ നിന്നുളള എല്ലാ വിഭവങ്ങളും ലഭിക്കുന്നത്. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് കഴിയാൻ ഇവിടെ മതിയായ സ്ഥലമില്ല.

താഴ്‌വരയിലെ കുക്കികളില്‍ നിന്ന് ഞങ്ങൾക്ക് ഭൂമി വാങ്ങാൻ അനുവാദമില്ല. ന്യൂനപക്ഷമായതിനാൽ നിയമം അവരെ സംരക്ഷിക്കും. ആദിവാസി ഭൂനിയമത്തിന്‍റെ എല്ലാ സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തുകയാണ്. അതുവഴി ഈ താഴ്വരയുടെ മുഴുവന്‍ നിയന്ത്രണവും അവര്‍ ഏറ്റെടുക്കുകയാണ്. മലമുകളിൽ ചെയ്യുന്നതെന്തും താഴ്‌വരയിലും ചെയ്യാൻ കഴിയും. അതിനാൽ കുന്നുകളിൽ കുക്കി വില്ലേജ് ഉണ്ടെങ്കിലും താഴ്‌വരയിൽ കുക്കി വില്ലേജ് സ്ഥാപിക്കുന്നത് കൂടുതൽ ലാഭകരമാണ്. ഇവര്‍ നടത്തുന്ന അക്രമങ്ങളുടെ മറ്റൊരു ഭാഗം മാത്രമാണ്  പോപ്പികൃഷിയും അതിന്‍റെ കള്ളക്കടത്തും.

ഈ വര്‍ഗ്ഗീയ കാലപം ഇപ്പോള്‍ തന്നെ ഇസ്രായേലിലെ പോലെ കൃത്യമായ വിഭാഗീയത ഇവിടെയും സൃഷ്ടിച്ചു കഴിഞ്ഞു. ഇതെല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സര്‍ക്കാര്‍ കുറച്ച് വർഷങ്ങൾ മെനക്കെടേണ്ടി വരും. അതിന് കേന്ദ്രനയം അടിമുടി മാറേണ്ടതുണ്ട്. ഇപ്പോഴത്തെ നയമാണ് കേന്ദ്രത്തിൻ്റെതെങ്കിൽ മണിപ്പൂരിലെ അവസ്ഥ മാറാനേ പോകുന്നില്ല. ഇവിടെ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ചുള്ള പദ്ധതിയാണിത്. അവർ ഞങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് അവർ മയക്കുമരുന്ന് ബിസിനസ്സ് നടത്തുന്നവർക്ക് ആയുധങ്ങൾ നൽകി അവരെ സംരക്ഷിക്കുന്നു. അവർ എസ്ഒഒ (സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാര്‍) കമ്മ്യൂണിറ്റിയിൽപ്പെട്ടവരായത്  കൊണ്ടുതന്നെ അവരെ ആരും ഒന്നും ചെയ്യില്ല’ (കുക്കികള്‍ക്കിടയില്‍ 32 വിമത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 25 ഗ്രൂപ്പുകളുമായി കേന്ദ്ര സര്‍ക്കാരും, മണിപ്പൂരി സര്‍ക്കാരും 2008 ല്‍ ഒപ്പുവെച്ച ത്രികക്ഷി വെടിനിര്‍ത്തല്‍ കരാറാണ് എസ്ഒഒ)

കരാര്‍ പ്രകാരം ഈ സംഘടനകള്‍ മണിപ്പൂരില്‍ ആക്രമണം നടത്താനോ കൊള്ളയടിക്കാനോ പാടില്ല. വിമത സൈനികരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജും അനുവദിച്ചിട്ടുണ്ട്. ഇതു പ്രകാരം നിയുക്ത ക്യാമ്പുകളിലെ അണ്ടര്‍ഗ്രൗണ്ട് സൈനികര്‍ക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നുണ്ട്. ക്യാമ്പുകളുടെ സ്വയം രക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശം വെക്കാനും അനുമതിയുണ്ട്.

ഓരോ വര്‍ഷവും പുതുക്കുന്ന എസ്ഒഒ കരാര്‍ പൂര്‍ണമായും റദ്ദാക്കണം എന്ന ആവശ്യം  മയ്തേയികള്‍ ഉന്നയിക്കുന്നുണ്ട്. മ്യാന്മാറില്‍ നിന്നും എത്തുന്ന കുക്കികള്‍ക്ക് പുനരധിവാസ ക്യാമ്പുകളില്‍ അഭയം നല്‍കി ഭാഷാ പരിശീലനവും ആയുധ പരിശീലനവും നല്‍കുന്നുണ്ട് എന്നാണ് മയ്തേയികള്‍ പറയുന്നത്.

ഞാൻ ഇന്നലെ പങ്കെടുത്ത മീറ്റിങ്ങിലാണ് ജൂൺ 29ന് കുക്കി നേതാക്കൾ ഇസ്രായേൽ  സര്‍ക്കാരിന്‍റെ  സഹായമഭ്യർത്ഥിച്ചു കൊണ്ട് കത്തെഴുതിയ കാര്യം അറിഞ്ഞത്. ഭൂരിപക്ഷം അവരെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭ്യർത്ഥന. ഇസ്രായേൽ കുക്കികളെയാണ് പിന്തുണയ്ക്കുന്നത്.

കാരണം ജൂതന്മാരും കുക്കികളും തമ്മിൽ ഒരു ബന്ധമുണ്ട്. അവിടുത്തെ ഗോത്ര വിഭാഗങ്ങളിൽ നിന്നും അടർന്നുപോയ ഒരു വിഭാഗമാണ് കുക്കികൾ. കുക്കികളിൽ നിരവധിപേർ ഇപ്പോഴും  ഇസ്രായേലിൽ തന്നെ കഴിയുന്നുണ്ട്. ജൂതന്മാരാണ് കുക്കികളെ പരിശീലിപ്പിക്കുന്നതും.

ഇസ്രായേലിലെ പഴയ നിയമമനുസരിച്ച് അവിടെ ഏകദേശം 12 ഗോത്രങ്ങളുണ്ടായിരുന്നു. പിന്നീട് റോമൻസ് അവരെ ആക്രമിച്ചപ്പോൾ പലരും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അങ്ങനെ കുടിയേറിയവരാണ് ഇവർ.  ഇസ്രായേൽ ആദ്യം ഇവരെ അകറ്റി നിർത്തിയെങ്കിലും അവിടെ ആളുകൾ കുറവായതിനാൽ പ്രതിരോധത്തിനായി ഇവരെ തിരികെ വിളിച്ചിരുന്നതായും ഞാൻ അറിഞ്ഞു.

പിന്നീട് ഡിഎൻഎ ടെസ്റ്റ് വഴി അവരെ തിരിച്ചറിയുകയും അവരെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു. അതുകൊണ്ട് തന്നെ അവർ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ആർക്കറിയാം അവർക്കുവേണ്ടി ഇസ്രായേൽ ഇന്ത്യൻ ഗവൺമെന്‍റില്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടോ  എന്ന്. ഇന്ത്യയും  ഇസ്രായേലും തമ്മിൽ നല്ല ബന്ധമാണല്ലോ. ഇതാണ് ശരിക്കുമുളള ജിയോപൊളിറ്റിക്സ്. സ്വന്തം രാജ്യത്തിന്‍റെ സുരക്ഷയാണ് എല്ലാവർക്കും ആവശ്യം.

മണിപ്പൂരികളും മയ്തേയികളും കുക്കികളും നാഗകളും എല്ലാം ഇന്ത്യക്കാരാണ്. ബംഗ്ലാദേശിലും മ്യാൻമാറിലുമൊക്കയുള്ളത് നമ്മുടെ സഹോദരങ്ങളാണ്. പക്ഷേ അവർ ഈ രാജ്യത്തെ രണ്ടാക്കാൻ ശ്രമിക്കുന്നു. എന്നിട്ടും അവരെ വിപ്ലവകാരികളെന്ന് വിളിക്കുന്നു. ഇന്ത്യക്ക് അവർ തീവ്രവാദികളാണ്.

ഇന്ത്യൻ ഭരണഘടനയെ അവർ ബഹുമാനിക്കുന്നില്ല. അതുകൊണ്ടാണ് കാര്യങ്ങൾ പരിഹരിക്കാൻ അവർ മറ്റ് മാർഗ്ഗങ്ങൾ നോക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. നമ്മുടെ സംസ്ഥാനത്തിന് വേണ്ടത്ര വരുമാനം ലഭിക്കുന്നുണ്ടോ?. കൃഷിയാണ് ഇവിടുത്തുകാരുടെ ഏക ജീവിതമാർഗം. 92 ശതമാനമുള്ള മലയോര പ്രദേശങ്ങളിലാണ്  അധിക വരുമാനമുള്ളത്.

മയ്തേയികളും നാഗകളും താമസിക്കുന്നത് എട്ടു ശതമാനം വരുന്ന ഭൂമിയിലാണ്. ഇത്രയും കുറഞ്ഞ സ്ഥലത്തെ വിഭവ സമ്പത്ത് ഉപയോഗിച്ച് ഞങ്ങൾക്കെങ്ങനെ ജീവിക്കാനാകും. 1947 ൽ മണിപ്പൂരിനെ ഇന്ത്യയിൽ ലയിപ്പിച്ചപ്പോൾ എല്ലാവർക്കും ഇത്ര ഭൂമി നൽകാമെന്ന് അറിയിച്ചിരുന്നു. അത് നൽകണം. കുക്കികൾ അവരുടേതായി അവകാശപ്പെടുന്ന കഥകളൊന്നും അവരുടെയല്ല. അത് ഞങ്ങളുടേതാണ്. ഞങ്ങളുടെ ചരിത്രമാണ്. അത് അവർ കട്ടെടുത്തതാണ്.

അവർ ഈ യുദ്ധം ജയിക്കുകയാണെങ്കിൽ അവരുടെ ഉദ്ദേശങ്ങളെല്ലാം വിജയിക്കും. അവർ ഈ ലോകത്തിന് തെറ്റായ വിവരങ്ങൾ നൽകി സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കും. പക്ഷേ സത്യത്തെ അധികനാൾ മൂടി വെയ്ക്കാനാകില്ല. ഒരിക്കൽ അത് എന്തായാലും പുറത്ത് വരും, രത്തന്‍ കൈദം പറഞ്ഞു. 

ഞങ്ങളുടെ സംഭാഷണം കഴിഞ്ഞ് ഇറങ്ങാന്‍ നേരം രത്തന്‍ കൈദം പറഞ്ഞു; നിങ്ങള്‍ കണ്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ ഞങ്ങളുടെ യുവാക്കളുടെ രോഷമാണ്‌. അല്ലാതെ ഞങ്ങള്‍ ബലാത്സംഗം  ചെയ്യുന്നവര്‍ അല്ല. രത്തന്‍ കൈദത്തിന്‍റെ ഈ പറച്ചില്‍ ഒരു സ്ത്രീയെന്ന നിലയില്‍ വലിയൊരു പ്രതിഷേധമാണ് എന്നിലുണ്ടാക്കിയത്. എന്നാല്‍ അവിടുത്തെ സാഹചര്യം മറുത്ത് ഒരു വാക്ക് പറയാന്‍ പറ്റാത്തതായിരുന്നു.

രത്തന്‍ കൈദത്തിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി ഒരു ചെറുപ്പക്കാരന്‍ അവര്‍ കത്തിച്ച കുക്കി ഗ്രാമം (ലാങ്‌ചിംഗ്) കാണിക്കാന്‍ കൊണ്ടുപോയി. മണിപ്പൂരില്‍ എത്തി ആദ്യമായാണ്‌ ഒരു ഗ്രാമം മുഴുവന്‍ ചാരമാക്കിയത് കാണുന്നത്. വീടുകള്‍, പള്ളികള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍, കടകള്‍ എല്ലാം കത്തിച്ചിട്ടിരിക്കുന്നു.

ലാങ്‌ചിംഗില്‍ പൊക്കമുള്ള സ്ഥലങ്ങളില്‍ എല്ലാം മയ്തേയികള്‍ ബങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഇരുന്നുകൊണ്ട് പ്രാദേശിക മയ്തേയി സൈനികരും കമാന്‍ഡുകളും ബൈനോകുലര്‍ ഉപയോഗിച്ച് ദൂരെയുള്ള കുക്കി ഗ്രാമങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബങ്കറില്‍ നിന്നും ബൈനോക്കുലറിലൂടെ കുക്കികളുടെ ഗ്രാമത്തിലെ ബങ്കര്‍ ഞാനും കണ്ടു. 

ചാരമാവാതെ ബാക്കിവന്ന കെട്ടിടങ്ങളില്‍ നിന്നും ഇഷ്ടികള്‍ കുറച്ചുപേര്‍ പൊളിച്ചെടുക്കുന്നുണ്ട്. വിലയിട്ട് മാര്‍ക്കറ്റില്‍ വില്‍ക്കാനാണ്. ഇടയ്ക്ക് കൂടെ വന്ന ചെറുപ്പക്കാരന്‍ പൊളിഞ്ഞ ഒരു കെട്ടിടത്തെ ചൂണ്ടിക്കാണിച്ച് പറഞ്ഞു, അത് ഞാന്‍ പഠിച്ച സ്കൂള്‍ ആണെന്ന്. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്കത് തീവെക്കാന്‍ തോന്നിയത് എന്ന് ഞാനും തിരിച്ചു ചോദിച്ചു. സാഹചര്യം എന്ന് അയാളും മറുപടി തന്നു.

ഞാന്‍ ഫോട്ടോ എടുക്കുന്നത് കണ്ടിട്ട് ഇഷ്ടിക പൊളിക്കുന്നവര്‍ അവരുടെ ഫോട്ടോ എടുക്കരുത് എന്ന് പറഞ്ഞു. മയ്തേയി സ്ത്രീകള്‍ എന്തൊക്കെയോ പണികള്‍ ചെയ്തു അവിടെ നടക്കുന്നുണ്ട്. അവര്‍ കാണ്‍കെ ഫോട്ടോകള്‍ എടുക്കരുത് എന്ന് ആ ചെറുപ്പക്കാരന്‍ നിര്‍ദേശം തന്നു. 

manipur
മണിപ്പൂര്‍ സേന Copyright@Woke Malayalam

നിങ്ങള്‍ എന്തിനാണ് ഫോട്ടോ എടുക്കാന്‍ എന്നെ അനുവദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, ഇവിടുത്തെ വിഷയങ്ങള്‍ എല്ലാം ലോകം അറിയാന്‍ വേണ്ടി എന്നാണ്. ഞങ്ങളുടെ പ്രതിഷേധം ലോകം കാണണം എന്നും അയാള്‍ പറഞ്ഞു. അയാളുടെ സ്കൂട്ടറില്‍ ആണ് കത്തിച്ച ഗ്രാമത്തില്‍ എന്നെയും കൂട്ടി കറങ്ങുന്നത്.

ഇടയ്ക്ക് വെച്ച് അവന്‍ ചോദിച്ചു കേരളത്തില്‍ ഏത് സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് എന്ന്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ബിജെപി വിരുദ്ധനാണ്. എനിക്കും ഇവിടെ കമ്മ്യൂണിസം വരണം എന്നാണ് ആഗ്രഹം. ബിജെപി സര്‍ക്കാരിനെ കൊണ്ട് ഒരു ഗുണവും ഇല്ല. അയാള്‍ പറഞ്ഞു. കമ്മ്യൂണിസം എന്നാല്‍ ഏകാധിപത്യം എന്നല്ലെന്നു ഞാന്‍ മലയാളത്തില്‍ പറഞ്ഞു. അയാള്‍ക്ക്‌ ഒന്നും മനസ്സിലായിട്ടുണ്ടായില്ല. അയാള്‍ ഒന്നും ചോദിക്കുകയും ചെയ്തില്ല. 

സുഗുനുവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള സിറൗ വില്ലേജിലേക്കാണ് അടുത്തതായി പോയത്. മയ്തേയികള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശമാണ്. അവിടെയ്ക്ക് ഒരു മാധ്യമത്തെയും ഇതുവരെ കടത്തിവിട്ടിട്ടില്ലെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. എന്നാലും ഞങ്ങള്‍ പോയി നോക്കി. നാല് മയ്തേയി സ്ത്രീകളും ഞങ്ങളോടൊപ്പം കാറില്‍ കയറി.

സിറൗ വില്ലേജിലേക്കുള്ള പ്രവേശന കവാടത്തിന് മുമ്പില്‍ സൈന്യത്തിന്‍റെ ഒരു ചെക്ക്പോസ്റ്റുണ്ട്. എല്ലാവരുടെയും ആധാര്‍ നമ്പരും അഡ്രസും വോക്ക് മലയാളത്തിന്‍റെ വിവരങ്ങളും നല്‍കിയതിനു ശേഷം ഞങ്ങള്‍ക്ക് മുന്നോട്ട്  പോകാനുള്ള അനുവാദം കിട്ടി. അവസാനത്തെ മയ്തേയി ഗ്രാമമാണ് സിറൗ. ഗുജറാത്തികള്‍, ബംഗാളികള്‍ എന്നിവരാണ് മറ്റ് താമസക്കാര്‍.

ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലുള്ള ബംഗാളി, ഗുജറാത്തി ഗ്രാമങ്ങളാണ് സിറൗവിലുള്ളത്. മണ്ണുകൊണ്ട് തേച്ച, പുല്ല് മേഞ്ഞ വളരെ ചെറിയ വീടുകള്‍. കന്നുകാലി വളര്‍ത്തലും മയ്തേയികളെ കൃഷിയില്‍ സഹായിക്കലും മത്സ്യബന്ധനവുമാണ് ഇവരുടെ തൊഴില്‍. ബംഗാളി, ഗുജറാത്തി ഗ്രാമങ്ങള്‍ കഴിഞ്ഞാലാണ് മയ്തേയി ഗ്രാമം ഉള്ളത്.

രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവുണ്ടാവും ഗ്രാമത്തിന്. ഗ്രാമത്തിലെ എല്ലാ റോഡുകളിലും വിവിധ സേനകളുടെ കാവലുണ്ട്.  ഗ്രാമത്തിലെ എല്ലാ വീടുകളും കെട്ടിടങ്ങളും സ്കൂളും ആകെയുള്ള എടിഎം കൗണ്ടറും കത്തി ചാമ്പലായി കിടക്കുന്നുണ്ട്. അവിടെയുള്ള എംഎല്‍എയുടെ വാഹനങ്ങളും വീടും കത്തിച്ചു. വീടിന്‍റെ ഗേറ്റില്‍ വെടിയുണ്ടകള്‍ വന്നു പതിച്ച നിരവധി അടയാളങ്ങള്‍ ഉണ്ട്. എംഎല്‍എ വീടിപ്പോള്‍ സൈനികരുടെ താവളമാണ്. 

ഗ്രാമം മൊത്തം ചുറ്റി ഒരു കവലയില്‍ തിരിച്ചെത്തി. അവിടെ ബിഎസ്എഫ് ജവാന്മാരാണ് കാവല്‍ നില്‍ക്കുന്നത്. എന്നോട് എവിടുന്നാണെന്നും ഏത് മാധ്യമ സ്ഥാപനം ആണെന്നുമൊക്കെ ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ പ്രായമുള്ള സൈനികന്‍ നാദാപുരം കലാപത്തിന്‍റെ സമയത്ത് കേരളത്തില്‍ വന്ന കഥകള്‍ പറയാന്‍ തുടങ്ങി.

തലശ്ശേരിയില്‍ പോയതും വ്യത്യസ്തങ്ങളായ ഭക്ഷണം കഴിച്ചതുമൊക്കെ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ കലാപം പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. തകര്‍ന്നു കിടക്കുന്ന വീടുകളുടെ ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു. സുഗുനുവില്‍ എത്തി സ്ത്രീകളെ ചെക്ക്പോസ്റ്റിനു സമീപത്ത് ഇറക്കിവിട്ട് ഞങ്ങള്‍ ഇംഫാലിലേയ്ക്ക് മടങ്ങി.

FAQs

ഇംഫാല്‍ നദിയുടെ പ്രത്യേകതയെന്ത്?

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലെ ഒരു പ്രധാന നദിയാണ് ഇംഫാല്‍ നദി അഥവാ ടുറെൽ അച്ചൗബ. കാങ്‌പോക്പി ജില്ലയുടെ വടക്കുഭാഗത്താണ് ഇംഫാല്‍ നദി ഉത്ഭവം.

സ്നൈപ്പറുകള്‍ എന്നാലെന്ത്?

സ്നൈപ്പര്‍ എന്നത് സൈനിക അര്‍ദ്ധസൈനിക വിഭാഗത്തിലെ പ്രത്യേക  ഷൂട്ടര്‍മാരെ വിളിക്കുന്ന പേരാണ്. നിശ്ചിത ദൂരത്ത് മറഞ്ഞിരുന്ന് ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഈ കൂട്ടര്‍ അവരുടെ സേനാ വിഭാഗങ്ങള്‍ക്കായി നിരീക്ഷണ ചുമതലയും വഹിക്കാറുണ്ട്.

നൈറ്റ് വിഷന്‍ ഡിവൈസ് എന്നാലെന്ത്?

നൈറ്റ്-വിഷൻ ഡിവൈസ് (എൻവിഡി), നൈറ്റ് ഒബ്സർവേഷൻ ഡിവൈസ് (എൻഒഡി), നൈറ്റ് വിഷൻ ഗോഗിൾ (എൻവിജി) എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഇത് ഒരു ഒപ്‌റ്റോഇലക്‌ട്രോണിക് ഉപകരണമാണ്, കുറഞ്ഞ അളവിലുള്ള പ്രകാശത്തിൽ ചിത്രങ്ങൾ ദൃശ്യവൽക്കരിക്കാനും ഉപയോക്താവിന്‍റെ രാത്രികാഴ്ച മെച്ചപ്പെടുത്താനും ഈ ഉപകരണങ്ങള്‍ സഹായിക്കുന്നു.

ജിയോപൊളിറ്റിക്സ്‌  എന്നാലെന്ത്?

ഭൂമിശാസ്ത്രം ദേശീയ – അന്തർദേശീയ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ശാഖയാണ്‌ ജിയോപൊളിറ്റിക്സ്.

Quotes

ചിന്താശേഷിയുള്ള ജീവിയെന്ന മനുഷ്യവിശേഷണത്തിന്‍റെ പരാജയമാണ് ഓരോ യുദ്ധങ്ങളും

-ജോണ്‍ സ്റ്റീന്‍ബെക്ക്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.