Wed. Jan 15th, 2025
Manipur

ഞങ്ങളുടെ വാഹനത്തിനു 10 മീറ്റര്‍ അകലെയായി ബോംബ് വന്നുവീണു. അദ്ദേഹം പറഞ്ഞു, ഇതാണ് ഇവിടെ സംഭവിക്കുന്നത്. ബോംബ്‌ വന്ന് വീണ് ഈ കെട്ടിടം തന്നെ കത്തിയാലും ഞങ്ങള്‍ക്ക് അനങ്ങാന്‍ കഴിയില്ല. അക്രമികളെ തുരത്താന്‍ ഒരു ഓര്‍ഡറും സർക്കാർ ഞങ്ങള്‍ക്ക് തന്നിട്ടില്ല

ഗ്രീന്‍വുഡ് അക്കാദമിയിലെ ക്യാമ്പില്‍ നിന്നും ഇറങ്ങി തിരിച്ച് ടൗണിലേയ്ക്ക് എത്തുന്നതിനു മുമ്പായി ഇസിഎ ചര്‍ച്ച് റിലീഫ് ക്യാമ്പില്‍ കയറി. ഇംഫാലില്‍ ജോലി ചെയ്തിരുന്ന നിരവധി ആളുകള്‍ ക്യാമ്പിലുണ്ട്. ഞങ്ങള്‍ ക്യാമ്പില്‍ എത്തിയ സമയത്ത് വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കാനുള്ള പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാര്‍ ഇലകള്‍ വൃത്തിയാക്കി കറിയ്ക്കായി ഒരുക്കുന്നു. ഒരു മുതിര്‍ന്ന പുരുഷനാണ് ചോറ് വെക്കുന്നത്. 

കലാപം നടക്കുമ്പോള്‍ സെന്‍റ്  ജോൺസ് സ്കൂളിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു ലെത്ഖോലാല്‍ തൗതാങ്ങ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ വൈദ്യുത പോസ്റ്റില്‍ തട്ടി ആളുകള്‍ അപായ സൂചന നല്‍കും. ഇത്തരത്തില്‍ പോസ്റ്റില്‍ തട്ടുന്ന ശബ്ദം കേട്ടാണ് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന സൂചന തൌതാങ്ങിന് ലഭിക്കുന്നത്. കലാപത്തിനിടെ തൗതാങ്ങിന്‍റെ സഹോദരന്‍ കൊല്ലപ്പെട്ടു.

manipur
ലെത്ഖോലാല്‍ തൗതാങ്ങ് Copyright@Woke Malayalam

കലാപമുണ്ടായ ദിവസം പോസ്റ്റില്‍ അടിക്കുന്ന ശബ്ദം കേട്ടു. ഇത് കേട്ട് എല്ലാവരും ചിതറിയോടാൻ തുടങ്ങി. കലാപമുണ്ടായ രാത്രി കുക്കികൾ താമസിച്ചിരുന്ന എല്ലായിടത്തും ആക്രമണമുണ്ടായി. അവർ ഞങ്ങൾക്കു നേരെ കല്ലുകളെറിഞ്ഞു. വീടുകൾ മുഴുവൻ തീയിട്ടു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട ഞങ്ങൾക്ക് കുറച്ച് മുസ്ലിം സഹോദരന്മാർ അഭയം തന്നു.

അവർ ഞങ്ങൾക്ക് ഭക്ഷണം നൽകി. ഞങ്ങളെ സംരക്ഷിച്ചു. പങ്ങൽ മുസ്ലീങ്ങൾ താമസിക്കുന്ന ഗൊലാപതി എന്ന ഗ്രാമത്തിലാണ് ഞങ്ങൾ എത്തിയത്. 2000 കുക്കികൾക്കാണ് അവർ അഭയം നൽകിയത്. ഞങ്ങളെ ഒരു കെട്ടിടത്തിൽ അവർ താമസിപ്പിച്ചു. കൃത്യമായി ഭക്ഷണവും തന്നു.

പിന്നീട് അസാം റൈഫിൾസാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ചത്. ഞങ്ങളെ ട്രക്കുകളിൽ കയറ്റി ഇവിടേക്ക് എത്തിക്കുകയായിരുന്നു. ഒരേ ദിവസം ഒരേ സമയം കുക്കികൾ താമസിച്ചിരുന്ന എല്ലാ സ്ഥലങ്ങളും അവർ ആക്രമിച്ചു. ഇതൊരു മുൻകൂട്ടി തീരുമാനിച്ച കലാപമായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അല്ലെങ്കിൽ എങ്ങനെയാണ് മണിപ്പൂരിലെ എല്ലാ ജില്ലയിലും ഒരേ സമയം ആക്രമണം നടക്കുന്നത്.

മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത് ആക്രമണം ആദ്യമുണ്ടായത് ചുരാചന്ദ്പൂരിലാണെന്നാണ്. എന്നാൽ അങ്ങനെയല്ല, തൊർബുങ്, ഇംഫാൽ, കാങ്പോപ്കി അങ്ങനെ ഞങ്ങൾ താമസിക്കുന്ന എല്ലായിടത്തും ഒരേ സമയത്താണ് കലാപമുണ്ടായത്.

4500 മുതൽ 5000 വരെ വരുന്ന ആൾക്കൂട്ടമായാണ് അവർ എത്തിയിരുന്നത്. അവർ ഗ്രാമങ്ങളിലെത്തി വെടിയുതിർത്തു. ഗ്രാമവാസികൾ പേടിച്ച് ചിതറിയോടി. അവർ ഞങ്ങളുടെ വീടുകൾ കൊള്ളയടിച്ചു. ആരെങ്കിലും രക്ഷപ്പെടാനാകാതെ അവിടെ കുടുങ്ങിപ്പോയാൽ അവരെ കൊല്ലുകയും സ്ത്രീകളാണെങ്കില്‍ അവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. നിരവധി പേരെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്. അവരില്‍ പലരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിലരുടെ മൃതദേഹങ്ങൾ പലയിടത്തുനിന്നായി ലഭിക്കുകയും ചെയ്തു.

മെയ് മൂന്നിന് കെമ്പ് ഗ്രാമത്തിലെ കോങ്ഗായ്, ചസാദ് അവന്യു അങ്ങനെ നിരവധിയിടങ്ങൾ അഗ്നിക്കിരയായി. കലാപം നടന്ന ദിവസം എന്‍റെ സഹോദരനും മൂന്ന് സുഹൃത്തുക്കളും അവർ ജോലി ചെയ്തിരുന്ന ഫർണിച്ചർ കടയിലായിരുന്നു ഉണ്ടായിരുന്നത്. അന്ന് അവർ വീട്ടിലേക്ക് മടങ്ങി വന്നില്ല. ജോലിയുണ്ടായിരുന്നതിനാൽ അവിടെതന്നെ കിടന്നുറങ്ങി. അവർ അവിടെവെച്ച് കൊല്ലപ്പെട്ടു. ദിവസക്കൂലിക്കാരായിരുന്നു അവർ.

അന്നത്തെ ജോലിയുടെ വേതനം അടുത്ത ദിവസം നൽകാമെന്ന് ഉടമ അറിയിച്ചതുപ്രകാരമാണ് അവർക്ക് അവിടെ നിൽക്കേണ്ടി വന്നത്. ഉടമസ്ഥൻ ഒരു മയ്തേയി ആയിരുന്നു. കലാപം നടന്ന ദിവസം രാവിലെ അവരെ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക് അയാൾ പറഞ്ഞുവിടുകയായിരുന്നു.

manipur killings
ചുരാചന്ദ്പൂരിലെ കുക്കികളുടെ സമരക്കൂട്ടായ്മ Copyright@Woke Malayalam

നാഗകളും ഞങ്ങളുടെ ഒപ്പം രക്ഷപ്പെട്ടിരുന്നു. പക്ഷേ മയ്തേയികൾ ലക്ഷ്യം വെച്ചിരുന്നത് നാഗകളെ ആയിരുന്നില്ല. സോമി- കുക്കികളെ മാത്രമായിരുന്നു. സൈന്യം ഞങ്ങളെ രക്ഷിച്ചുകൊണ്ട് പോകുമ്പോൾ പലയിടങ്ങളിൽ വെച്ചും ആക്രമണമുണ്ടായി. എങ്ങോട്ടാണ് ഞങ്ങൾ പോകുന്നതെന്നും എവിടെ വെച്ചാണ് ആക്രമിക്കേണ്ടതെന്നുമെല്ലാം അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

സൈന്യം എത്തിയപ്പോൾ അവിടെ പെട്ടുപോയ മയ്തേയികളെ അവിടെ നിന്നും രക്ഷിക്കാനും അവർ ശ്രമിച്ചിരുന്നു. ഇതിനിടയിയില്‍പെട്ട് മൂന്ന് സൈനികരും നാല് കുക്കി സ്ത്രീകളും കൊല്ലപ്പെട്ടു. കുറച്ച് മയ്തേയികൾ മാത്രമാണ് ഞങ്ങളുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നത്. അവർക്ക് ആദിവാസികൾ താമസിക്കുന്നയിടങ്ങളിൽ താമസിക്കാനുള്ള അവകാശമില്ല. എന്നിട്ടും അവർക്ക് ഞങ്ങളോടൊപ്പം താമസിക്കാന്‍ അനുവാദം നല്‍കി. എന്നിട്ടും അവര്‍ ഞങ്ങളെ ആക്രമിച്ചു., തൗതാങ്ങ് പറഞ്ഞു.

അടുത്ത ക്യാമ്പ് ലക്ഷ്യമാക്കി പോകുന്നതിനിടെ ക്രിസ്റ്റി ഞങ്ങളോട് ഇംഫാലിലേയ്ക്ക് തിരിച്ചു പോകാന്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ മയ്‌തേയികള്‍ വെടിവെയ്പ്പ് തുടങ്ങിയെന്നും നേരം ഇരുട്ടുന്നതിന് മുമ്പെ തിരിച്ച് പോകുന്നതാണ് നല്ലതെന്നും ക്രിസ്റ്റി പറഞ്ഞു. ചുരാചന്ദ്പൂരിന്‍റെ അതിര്‍ത്തി കടക്കുന്നതിനിടെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ തിരിച്ചു വരണമെന്നും താമസിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കാമെന്നും സാമൂഹ്യപ്രവര്‍ത്തകയും പറഞ്ഞു. ഏകദേശം നാലുമണി ആയിക്കാണും. ഞങ്ങള്‍ തിരിച്ചുപോരാന്‍ തീരുമാനിച്ചു.

ഞാനും സരോജും വിചാരിച്ചത് ചുരാചന്ദ്പൂരിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് വെടിവെയ്പ്പ് നടക്കുന്നത് എന്നാണ്. കുക്കി സ്ത്രീകളുടെ ചെക്ക്പോസ്റ്റ്‌ കഴിഞ്ഞ് മുന്നോട്ടു ഒരു കിലോമീറ്ററോളം സഞ്ചരിച്ചു. പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ശാന്തം. സരോജ് ഒരു ദീര്‍ഘനിശ്വാസം എടുത്തുകൊണ്ട് പറഞ്ഞു, അള്ള സേവ് അസ്‌ ഞങ്ങള്‍ രണ്ട്  പേരും പരസ്പരം നോക്കി ചിരിച്ചു. ശരിക്കും പറഞ്ഞാല്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം എനിക്കും ഉണ്ടായിരുന്നു. 

manipur killings
മെഡിക്കല്‍ ക്യാമ്പ് രജിസ്ട്രേഷന്‍  Copyright@Woke Malayalam

ക്വാക്തയില്‍ എത്തിയാല്‍ നല്ല ബിരിയാണിയും ബീഫും വാങ്ങിത്തരാമെന്നു സരോജ് പറഞ്ഞിരുന്നു. അത് ലക്ഷ്യം  വെച്ചാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. സരോജ് മൊബൈല്‍ ഫോണ്‍ കണക്റ്റ് ചെയ്ത് ഒരു ഹിന്ദി പാട്ട് വെച്ചു. ഇതിനിടെ ബിഎഫ്എഫിന്‍റെ ചെക്ക്പോസ്റ്റില്‍ ഇറങ്ങി റിപ്പോര്‍ട്ട് ചെയ്തു. ധൈര്യമായി മുന്നോട്ടു പോകാം, ഇപ്പോള്‍ പ്രശ്നം ഒന്നും ഇല്ല എന്ന് ഒരു ജവാന്‍ പറഞ്ഞു. അടുത്തത് സിആര്‍പിഎഫിന്‍റെ ചെക്ക്പോസ്റ്റ്‌ ആണ്. അവിടെയും ഇറങ്ങി റിപ്പോര്‍ട്ട് ചെയ്യണം. അതിനു ശേഷം മൂന്നു സൈനിക ചെക്പോസ്റ്റുകള്‍ കൂടിയുണ്ട്. 

ചെക്ക്പോസ്റ്റുകള്‍ കടന്നാല്‍ പിന്നെ ക്വാക്തയാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശം. അവിടെ എത്തിക്കിട്ടിയാല്‍ നമ്മള്‍ സുരക്ഷിതര്‍ ആണെന്ന് സരോജ് പറഞ്ഞു. ക്വാക്ത എത്താന്‍ ഒന്നര കിലോമീറ്റര്‍ കൂടിയുണ്ട്. പെട്ടെന്ന് വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. റോഡിന്‍റെ ഇരുവശത്തു നിന്നും പുക ഉയരുന്നു. ഞങ്ങളുടെ കണ്‍മുന്നിലായി സിആര്‍പിഎഫിന്‍റെ ചെക്ക്പോസ്റ്റാണ്. അവിടെ കൊണ്ടുപോയി വണ്ടി നിര്‍ത്തി.

ബോംബ്‌ വന്ന് വീഴുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഞങ്ങള്‍ നടുറോട്ടില്‍ കിടുങ്ങി നില്‍ക്കുകയാണ്. മുന്നിലും പിന്നിലും ബോംബും വെടിയൊച്ചയും. ഞങ്ങള്‍ക്ക് ചുറ്റും സിആര്‍പിഎഫ് ജവാന്മാര്‍ ഒന്നും സംഭവിച്ചിട്ടില്ലാ എന്ന മട്ടില്‍ നില്‍ക്കുന്നു. മാഡം, നിങ്ങള്‍ നില്‍ക്കുന്ന ഈ സ്ഥലത്താണ് നേരത്തെ ബുള്ളറ്റ് വന്ന് പതിച്ചത്.’ ഒരു സൈനികന്‍ പറഞ്ഞു. സൈനിക വാഹനത്തിന്‍റെ ഡോറില്‍ രണ്ട് ബുള്ളറ്റുകള്‍ പതിച്ച പാടും അദ്ദേഹം കാണിച്ച്  തന്നു. എന്നിട്ട് എന്നെയും സരോജിനെയും സൈനിക ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് മാറ്റി. മയ്‌തേയികളും കുക്കികളും ഒരേപോലെയാണ് ആക്രമണം നടത്തുന്നത്.

ക്യാമ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയ്ക്ക് പറഞ്ഞു. ഇതിനിടെ ഞങ്ങളുടെ വാഹനത്തിനു 10 മീറ്റര്‍ അകലെയായി ബോംബ് വന്നുവീണു. അതേ സമയംതന്നെ ക്യാമ്പിന്‍റെ അടുക്കളയോട് ചേര്‍ന്ന് ഒരു ബോംബ്‌ വന്നു പതിച്ചു. കെട്ടിടങ്ങള്‍ കത്തിക്കാന്‍ വേണ്ടിയുള്ള ബോംബുകളാണ് വന്ന് പതിക്കുന്നത്.

അടുത്ത ബോംബ്‌ വളരെ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ സൈനികരും ഒന്ന് ജാഗ്രതരായി. തോക്കുകള്‍ കയ്യിലെടുത്തു. എന്‍റെ മുഖത്തെ ഭയം കണ്ടിട്ടാവണം ക്യാമ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ എന്നെ കൂൾ ആക്കാന്‍ ഓരോന്ന് ചോദിയ്ക്കാന്‍ തുടങ്ങി. ഇതിനിടെ ഒരു സൈനികന്‍ വന്ന് സാഹചര്യത്തിന്‍റെ തീവ്രത വിവരിക്കുന്നുണ്ട്. നമ്മുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവരെ തുരത്താനുള്ള ഓര്‍ഡര്‍ കിട്ടിയിട്ടില്ലെന്നുംഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് കേട്ടതും ഞാന്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. 

എന്‍റെ ചിരി മനസ്സിലായിട്ടാവാണം അദ്ദേഹം പറഞ്ഞു ഇതാണ് ഇവിടെ സംഭവിക്കുന്നത്. ബോംബ്‌ വന്നു വീണു ഈ കെട്ടിടം തന്നെ കത്തിയാലും ഞങ്ങള്‍ക്ക് അനങ്ങാന്‍ കഴിയില്ല. ആക്രമികളെ തുരത്താന്‍ ഒരു ഓര്‍ഡറും ഞങ്ങള്‍ക്ക് തന്നിട്ടില്ല. രണ്ടു ബുള്ളറ്റാണ് 10 മിനിറ്റ് മുമ്പേ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്ത് പതിച്ചത്. എങ്ങനെ വേണമെങ്കിലും ബോംബും ബുള്ളറ്റും വന്നു പതിക്കാം. എല്ലാം പ്രതീക്ഷിച്ചേ ഇവിടെ നില്‍ക്കാന്‍ പറ്റൂ. ഇതിനെ യുദ്ധമെന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയ്ക്കകത്ത് നടക്കുന്നത് എങ്ങനെ യുദ്ധമാകും. യുദ്ധം മറ്റ് രാജ്യങ്ങളുമായല്ലേ. സര്‍ക്കാരുകള്‍ക്ക് ഒന്നിനും താല്‍പ്പര്യം ഇല്ല. ഇനി എത്ര കാലം ഇവിടെ നില്‍ക്കേണ്ടി വരുമെന്നും അറിയില്ല.’ , അദ്ദേഹം പറഞ്ഞു.

manipur killings
ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങള്‍ Copyright@Woke Malayalam

എങ്ങനെയെങ്കിലും ക്വാക്തയിലേയ്ക്ക് ഞങ്ങളെ എത്തിക്കാന്‍ സരോജ് സൈനികരോട് പറയുന്നുണ്ടായിരുന്നു. ക്വാക്തയില്‍ അവന്‍റെ ബന്ധുക്കള്‍ ഉണ്ടെന്നും എന്നെ സുരക്ഷിതമായി അവിടെ താമസിപ്പിക്കാം എന്നും സരോജ് പറഞ്ഞു. 10 മിനിറ്റ് ഇടവേളകളില്‍ ആണ് അവര്‍ ബോംബിടുന്നതും വേദി പൊട്ടിക്കുന്നതും.

മൂന്ന് റൗണ്ട് ആക്രമണം കഴിഞ്ഞതും ഞങ്ങള്‍ക്ക് പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് സൈനികര്‍ പറഞ്ഞു. അല്ലെങ്കില്‍ ഇന്ന് അവിടെ താമസിക്കേണ്ടി വരും. ഇതിനിടെ മയ്തേയി കമാന്‍ഡുകള്‍ വന്ന് ആരെയും കടത്തിവിടില്ലെന്ന് പറഞ്ഞു. സൈനിക വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ അനുവധിക്കില്ലെന്ന് ആവര്‍ പറയുന്നുണ്ടായിരുന്നു. എങ്കിലും എന്തെങ്കിലും സാഹചര്യം വരികയാണെങ്കില്‍ പോകാനുള്ള സൗകര്യം ഒരുക്കമെന്ന് സൈനികര്‍ പറഞ്ഞു. 

ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്‍റെ വാഹനം ചുരാചന്ദ്പൂരില്‍ നിന്നും വരുന്നതായുള്ള വിവരം സിആര്‍പിഎഫ് ക്യാമ്പില്‍ കിട്ടി. ഞങ്ങളോട് പോകാന്‍ തയ്യാറായി നില്‍ക്കാന്‍ പറഞ്ഞു. അവരുടെ വണ്ടികളുടെ കൂട്ടത്തില്‍ ഞങ്ങളുടെ കാര്‍ കടത്തിവിടാം എന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ വാഹങ്ങള്‍ക്കിടയില്‍ കയറി. മനുഷ്യാവകാശ കമ്മീഷന്‍റെ വണ്ടികളും അവരുടെ പെട്ടികളും അടക്കം എല്ലാം പരിശോധിച്ചതിനു ശേഷമാണ് മയ്‌തേയി കമാന്‍ഡുകള്‍ ഞങ്ങളെ എല്ലാവരെയും കടത്തി വിട്ടത്. 

ഇടതും വലതുമായി വീടുകള്‍ കത്തുന്നത് കണ്മുന്നില്‍ കാണുകയാണ്. കയ്യിലുണ്ടായിരുന്ന ഫോണ്‍ പൊക്കിപിടിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള മാനസികാവസ്ഥപോലും അപ്പോള്‍ ഉണ്ടായില്ല. മനുഷ്യാവകാശ കമ്മീഷന്‍റെ വണ്ടികളെ കടത്തിവെട്ടി സരോജ് വേഗത്തില്‍ വണ്ടി ഓടിച്ചു. എത്രയും പെട്ടെന്ന് ഇംഫാല്‍ എത്തിയാല്‍ മതിയായിരുന്നു എന്നാണ് ഞങ്ങള്‍ ചിന്തിച്ചിരുന്നത്. കഴിഞ്ഞ് പോയ മൂന്ന് മണിക്കൂറുകള്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് കൊണ്ടാവാം എങ്ങനെയെങ്കിലും താമസിക്കുന്ന ഹോട്ടലില്‍ എത്തിയാല്‍ മതി എന്നായിരുന്നു.

FAQs

എന്താണ് ഇസിഎ ചര്‍ച്ചസ് അസോസിയേഷന്‍ ?

ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ (ഇസിഎ) 1952-ലാണ് സ്ഥാപിതമായത്. ഇവാഞ്ചലിക്കൽ കോൺഗ്രിഗേഷണൽ ചർച്ച് ഓഫ് ഇന്ത്യയുടെ (ഇസിസിഐ) ഘടകാംഗമാണ് ഈ ഇസിഎ. ഇസിഎയുടെ ഉത്ഭവം 1910-ൽ ചുരാചന്ദ്പൂർ ജില്ലയിലെ സെൻവോൺ ഗ്രാമത്തിൽ നിന്നാണ്.

എന്താണ് സി ആര്‍ പി എഫ് ?

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു അർദ്ധസൈനിക സേനയായ സിആർപിഎഫ് ഇന്ത്യയിലെ ഏറ്റവും വലിയ സെൻട്രൽ റിസർവ് പോലീസ് സേനയാണ്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനം, കലാപം തടയൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് സേനയുടെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍

എന്താണ് ബി എസ് എഫ് ?

പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ഇന്ത്യയുടെ അതിർത്തി കാക്കുന്ന സംഘടനയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ഇന്ത്യയുടെ ഏഴ് കേന്ദ്ര സായുധ പോലീസ് സേനകളിൽ (CAPF) ഒന്നാണിത്, 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കുമായാണ് ഈ സൈനിക വിഭാഗം രൂപീകൃതമായത്.

ഇന്ത്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിതമായതെപ്പോള്‍ ?

1993 സെപ്റ്റംബർ 28ലെ മനുഷ്യാവകാശ സംരക്ഷണ ഓർഡിനൻസ് പ്രകാരം 1993 ഒക്ടോബർ 12-ന് രൂപീകരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണ് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ ഓഫ് ഇന്ത്യ (NHRC). ഭരണഘടന ഉറപ്പുനൽകുന്ന അല്ലെങ്കിൽ അന്താരാഷ്‌ട്ര ഉടമ്പടികളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ എന്ന് നിയമപ്രകാരം നിർവചിച്ചിരിക്കുന്ന മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു.

Quotes

ഒരാളെ കൊല്ലുന്നതിലൂടെ മാത്രമേ സമാധാനം ലഭിക്കൂ എങ്കിൽ എനിക്ക് അത് വേണ്ട
-ഹിരോ മഷിമ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.