Sat. Jan 18th, 2025
Manipur

എന്‍റെ മകനെ ഉപേക്ഷിച്ചു രക്ഷപ്പെടുക അല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. എന്‍റെ മകന്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ എന്‍റെ സഹോദരിയും വെടിയേറ്റ്‌ കൊല്ലപ്പെട്ടു.

ടിഎല്‍എഫ് ഓഫീസില്‍ നിന്നും ഇറങ്ങി മെയിന്‍ റോഡില്‍ കയറിയതും റോഡ്‌ എല്ലാം ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുകയാണ്. റോഡില്‍ സ്ത്രീകളുടെ സമരപരിപാടി നടക്കുകയാണ്. അതുകൊണ്ട് ഒരു സര്‍വ്വീസ് റോഡ്‌ കയറിയാണ് യങ് വയ്പെയി അസോസിയേഷന്‍ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോയത്. കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിന് മുന്നില്‍ ഇരുന്നുകൊണ്ട് സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഒരുമിച്ച് ‘മഞ്ഞള്‍‘ വൃത്തിയാക്കുന്നുണ്ട്. ചുരാചന്ദ്പൂരിലെ പ്രധാന കൃഷികളില്‍ ഒന്ന് മഞ്ഞള്‍ ആണ്.

ക്യാമ്പില്‍ നിന്നും സംസാരിച്ചത് ഒരു സാമൂഹിക പ്രവര്‍ത്തക (പേര് രേഖപ്പെടുത്താന്‍ മറന്നുപോയി) യാണ്. ചുരാചന്ദ്പൂരിലെ എല്ലാ ക്യാമ്പുകളിലുമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് കൊടുക്കല്‍ ഇപ്പോഴെത്തെ പ്രധാന ജോലി. കലാപം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്നും കലാപത്തിന് ദൃക്‌സാക്ഷികളായി മാനസിക ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങിയ നിരവധി ആളുകള്‍ വിവിധ ക്യാമ്പുകളില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. 

Manipur Camp
യങ് വയ്പെയി അസോസിയേഷന്‍ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങള്‍ Copyright@Woke Malayalam

ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് ഓരോ ക്യാമ്പിലും താമസിക്കുന്നത്. മതിയായ ഭക്ഷണമോ, താമസ സൗകര്യമോ, ശുചിമുറികളോ ഇല്ല. സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിച്ചു ഞങ്ങള്‍ക്ക് എത്ര നാള്‍ മുന്നോട്ട് ജീവിക്കാന്‍ പറ്റും. എല്ലാം നഷ്ടപ്പെട്ടവരാണ് ക്യാമ്പില്‍ കഴിയുന്ന എല്ലാവരും.

ഞങ്ങളുടെ സ്ത്രീകളും കുട്ടികളും നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടി. നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ആ ജനാധിപത്യത്തില്‍ ഞങ്ങള്‍ കുക്കി-സോമികളുടെ സ്ഥാനം എവിടെയാണ്. ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ല. എല്ലാ സര്‍ക്കാരുകളും മിണ്ടാതിരിക്കുകയാണ്.

ഞങ്ങളുടെ വംശീയ ഉന്മൂലനം ലക്ഷ്യമിടുന്ന മയ്‌തേയികളെ മിണ്ടാതിരുന്ന് സഹായിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഇവിടെ നീതി കിട്ടേണ്ടത് ഞങ്ങള്‍ക്കാണ്. കാരണം ഞങ്ങള്‍ ഗോത്രവര്‍ഗ്ഗക്കാരാണ് ഈ കലാപത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍. ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. അനധികൃതമായി കുടിയേറി വന്നവരോ തീവ്രവാദികളോ അല്ല. ഈ കുന്നുകളുടെ അവകാശികള്‍ ഞങ്ങളാണ്.

ഞങ്ങള്‍ ഇപ്പോള്‍ മയ്‌തേയികളുമായി എല്ലാ അര്‍ത്ഥത്തിലും വേര്‍പെട്ട് കഴിഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഭരണസംവിധാനം വേണം. ഇനി ഞങ്ങള്‍ക്ക് ഒന്നിനും താഴ്വരകളിലേയ്ക്ക് ( ഇംഫാൽ)പോകാന്‍ കഴിയില്ല. താഴ്വരയിലുണ്ടായിരുന്ന ഞങ്ങളുടെ സമ്പത്തെല്ലാം അവര്‍ കൊള്ളയടിച്ചു കഴിഞ്ഞു. ഞങ്ങള്‍ താഴ്വരകളുമായി പൂര്‍ണമായും വേര്‍പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് മലകള്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ക്ക് പ്രത്യേക ഭരണസംവിധാനം വേണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ല.’, അവര്‍ പറഞ്ഞു. 

ക്യാമ്പില്‍ നിന്നും ഇറങ്ങാന്‍ നേരം അവരും ഞങ്ങളോടൊപ്പം കൂടി. അടുത്തതായി പോകുന്നത് ഒരു മെഡിക്കല്‍ ക്യാമ്പിലേയ്ക്കാണ്. റോഡില്‍ ടാര്‍ ഇല്ല, പകരം ഉരുളന്‍ കല്ലുകള്‍ മാത്രം. സര്‍വ്വീസ് റോഡുകള്‍ എല്ലാം ഇത്തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. യാത്രക്കിടെ ക്രിസ്റ്റി(ഐടിഎല്‍എഫ് വോളണ്ടിയര്‍) പറഞ്ഞു, ഞങ്ങളുടെ നാട്ടിലെ സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ എന്ന്. 

Manipur Camp visuals
യങ് വയ്പെയി അസോസിയേഷന്‍ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങള്‍ Copyright@Woke Malayalam

നിങ്ങളുടെ നാട് വികസിത സംസ്ഥാനം ആണെന്ന് കേട്ടിട്ടുണ്ട്, അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടല്ലേ? ഇവിടെ ഒരു വികസനവും ഇല്ല. എല്ലാ വികസനവും ഇംഫാലില്‍ ആണ് നടക്കുന്നത്. ഓരോ ദിവസവും പ്രതിരോധിച്ചാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഞങ്ങളുടെ ചരിത്രംവരെ പോരാട്ടത്തിൻ്റെതാണ്. എന്നിട്ട് സര്‍ക്കാര്‍ പറയുന്നു, ഞങ്ങള്‍ കുടിയേറ്റക്കാര്‍ ആണെന്ന്.

അതിനുവേണ്ടി എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നു. ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് എന്‍ആര്‍സി നടപ്പാക്കുക? ഏക സിവില്‍ കോഡ് നടപ്പാക്കുന്നതും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ്. ക്രിസ്റ്റി പറഞ്ഞു. എന്നിട്ട് എന്നോടായി ഒരു ചോദ്യവും, സഹോദരി നിങ്ങള്‍ എന്‍ആര്‍സിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന്

ഇല്ല, അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കില്‍ ഞങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കും. ബിജെപിക്കെതിരെ സമരം ചെയ്യും. ഏക സിവില്‍ കോഡിനെയും ഞങ്ങള്‍ പിന്തുണക്കുന്നില്ല. ഞാന്‍ മറുപടി പറഞ്ഞു. സഹോദരി നമ്മള്‍ അപ്പോള്‍ ഒന്നാണല്ലേ ക്രിസ്റ്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

നൂറുകണക്കിന് ആളുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സയ്ക്കായി എത്തിയിട്ടുണ്ട്. അഞ്ചു ഡോക്ടര്‍മാര്‍ രോഗികള്‍ക്കുള്ള സേവനത്തിനായുണ്ട്. ചുരാചന്ദ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ അന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്‌ ഈ മെഡിക്കല്‍ ക്യാമ്പും. ക്യാമ്പിന്‍റെ കണ്‍വീനര്‍ ലിയാന്‍സലാല്‍ വയ്പേയിയുമായാണ് സംസാരിച്ചത്. 

ഈ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു എന്‍ജിഒ ആയ റൂഷ് സിഎഫ്സിയുമായി ചേർന്നാണ് ഞങ്ങള്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മണിപ്പൂരിലെ വിവിധ ജില്ലകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 4300 ലധികം ആളുകൾ താമസിക്കുന്ന പത്തോളം ക്യാമ്പുകൾ ഇവിടെയുണ്ട്. ഈ ക്യാമ്പുകളിൽ നിന്നായി 250 രോഗികൾ ഇവിടെയുണ്ട്. ഇവരെ പരിചരിക്കുന്നതിനായി അഞ്ച് ഡോക്ടർമാരുമുണ്ട്. രോഗികള്‍ക്ക് വേണ്ട മരുന്നുകള്‍  എന്‍ജിഒ ഞങ്ങൾക്ക് സൗജന്യമായി നല്‍കും.

ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ ആണ് ഇവിടെ എത്തിയിരിക്കുന്ന എല്ലാവരും. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളും മറ്റും സര്‍ക്കാര്‍ നൽകുന്നുണ്ട്. ആദ്യമൊന്നും അങ്ങനെയായിരുന്നില്ല. വളരെ അടുത്താണ് ഞങ്ങൾക്ക് അരിയും മറ്റ് സാധനങ്ങളും കിട്ടിത്തുടങ്ങിയത്.സഭാമേലധ്യക്ഷന്മാരും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളും  ഞങ്ങളെ സഹായിക്കാറുണ്ട്. പ്രദേശത്തെ പലരിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ഞങ്ങൾക്ക് സംഭാവനകൾ ലഭിക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.

ചില ക്യാമ്പുകളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗിന്‍റെ ആവശ്യമുണ്ട്. ഞങ്ങൾ അത് ഏർപ്പാടാക്കി കൊടുക്കുന്നുണ്ട്. ഞങ്ങളുടെ ക്യാമ്പിൽ നാലു പേർ മാനസികാരോഗ്യം മോശമായതിനെ തുടർന്ന് മരിച്ചിട്ടുണ്ട്. മറ്റൊരു കുട്ടി മാനസിക സംഘർഷം കാരണം മയക്കുമരുന്നും മറ്റും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. തനിക്ക് ഇനി ഒരിക്കലും വീട്ടിലേക്ക് തിരികെ പോകാൻ കഴിയില്ലെന്നും എല്ലാം തീവെച്ച് നശിപ്പിച്ചുവെന്നും അവൻ അവന്‍റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇത് മറക്കാന്‍ വേണ്ടിയാണ് അവന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്., ലിയാന്‍സലാല്‍ പറഞ്ഞു. 

മെഡിക്കല്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു സ്കൂളില്‍ മറ്റൊരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ വെച്ചാണ് കിം റോസിനെ പരിചയപ്പെടുന്നത്. കലാപത്തിന്‍റെ ദൃക്‌സാക്ഷിയായ കിം അതിന്‍റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തയായിട്ടില്ല. ചന്ദേലിലെ ഹൈബുങ്ങയിലായിരുന്നു കിമ്മിന്‍റെ ഗ്രാമം. രണ്ട് മക്കളോടും ഭര്‍ത്താവിനുമൊത്ത് കൃഷി ചെയ്താണ് കിം ജീവിച്ചിരുന്നത്. 

ഈ ക്യാമ്പിലുള്ള ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും ചന്ദേലിൽ നിന്നുള്ളവരാണ്. മയ്തേയികളോടൊപ്പം വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ അവിടെ താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾക്ക് ചുറ്റുമുള്ള മയ്തേയികൾ ഞങ്ങളുടെ വീടുകൾ കത്തിച്ചു. വീടുകൾ കത്തിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ മറ്റ് ഗ്രാമങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. ഞങ്ങൾ കാടിനുള്ളിൽ അഭയം തേടി. ഞങ്ങൾ തിരികെ ഗ്രാമങ്ങളിലേയ്ക്ക് പോകാന്‍  ശ്രമിച്ചപ്പോഴൊക്കെ അവിടെ വെടിവെയ്പ്പായിരുന്നു. അതുകൊണ്ട് ഞങ്ങൾ കാടുകളിൽ തന്നെ തുടർന്നു. പിന്നീട് എന്‍റെ ബന്ധുവാണ് ട്രക്കിൽ ഞങ്ങളെ ചുരാചന്ദ്പൂരില്‍ എത്തിച്ചത്.

കലാപം നടന്ന ദിവസം നിരവധി വാഹനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. പിന്നീടാണ് അത് മയ്തേയികളുടെ വാഹനങ്ങളാണെന്ന് മനസ്സിലാകുന്നത്. ഉടൻ തന്നെ ഗ്രാമത്തിലെ എല്ലാവരും ചിതറിയോടി. ഞങ്ങളുടേത് ഒരു വലിയ ഗ്രാമമാണ്. എല്ലാവരും കര്‍ഷകരാണ്. ഇപ്പോള്‍ ഞങ്ങൾക്ക് പോകാന്‍ വേറെ സ്ഥലമില്ല., കിം റോസ് പറഞ്ഞു. 

manipur violence
കിം റോസ് Copyright@Woke Malayalam

ഗ്രീന്‍വുഡ് അക്കാദമിയിലെ ക്യാമ്പ് താരതമ്യേനെ വലുതാണ്‌. ക്യാമ്പിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കുട്ടികള്‍ ഫുട്ബോള്‍, ഹാന്‍ഡ്‌ ബോള്‍, ഗോലി തുടങ്ങിയവ കളിക്കുന്നത് കാണാമായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ ഒരു ആലിന്‍റെ ചുവട്ടിലിരുന്ന് മീറ്റിംഗ് കൂടുന്നുണ്ട്. ചന്ദേലിലെ വിവിധ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നവര്‍ ആണ് ക്യാമ്പിലെ അന്തേവാസികളില്‍ ഭൂരിഭാഗവും. ക്യാമ്പില്‍ വെച്ച് കലാപത്തിനിടെ മകനെ നഷ്ടപ്പെട്ട എന്‍ഗൈലവുമായി സംസാരിച്ചു. 

ഞാന്‍ ഒരു വിധവയാണ്. മകനെ ഗർഭംധരിച്ച് രണ്ട് മാസം ആയപ്പോൾ  ഭർത്താവ് മരിച്ചു. നേരത്തെ മയ്തേയികള്‍ കുഴിച്ചിട്ട ബോംബില്‍ ചവിട്ടി മകന് പരിക്ക് പറ്റിയിരുന്നു. അന്ന് അവന് 17 വയസ്സായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അവൻ പഴയ രീതിയിലേക്ക് തിരികെ വന്നില്ല. അവന് നേരെ നടക്കാൻ കഴിയുമായിരുന്നില്ല. ബോംബിന്‍റെ അവശിഷ്ടങ്ങൾ അവന്‍റെ കൈമുട്ടിലും നട്ടെല്ലിലും തുടയിവുമെല്ലാം ഉണ്ടായിരുന്നു. തലയോട്ടിയില്‍ ബോംബിന്‍റെ കഷ്ണങ്ങള്‍ കയറിയതിനാല്‍ അവന് ബുദ്ധിമാന്ദ്യം സംഭവിച്ചു. മെയ് 28 ന് ഞാനും അവനും ഉറങ്ങുകയായിരുന്നു. മയ്തേയികളുടെ ഗ്രാമത്തിനടുത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്.

പുലർച്ചയാണ് ആക്രമണമുണ്ടായത്. വെടിയൊച്ച കേട്ട് ഞാന്‍ ഉണര്‍ന്നു നോക്കുമ്പോള്‍  മകന്‍റെ തുടയില്‍ ബുള്ളറ്റ് പതിച്ചിട്ടുണ്ട്. അവനെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവന് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല. അവനെ ഞാന്‍ കട്ടിലില്‍ നിന്നും  താഴേക്ക് വലിച്ചിട്ടു. അവന് എണീക്കാന്‍ കഴിഞ്ഞില്ല.ആരും സഹായത്തിനില്ലായിരുന്നു. എന്‍റെ മകനെ ഉപേക്ഷിച്ചു രക്ഷപ്പെടുക അല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഗ്രാമത്തില്‍ നിന്നും അവസാനം രക്ഷപ്പെട്ടത് ഞാനാണ്. എന്‍റെ മകന്‍ കൊല്ലപ്പെട്ടു. അവന് 31 വയസ്സായിരുന്നു. രക്ഷപ്പെടുന്നതിനിടെ എന്‍റെ സഹോദരിയും വെടിയേറ്റ്‌ കൊല്ലപ്പെട്ടു. ഒരു വോളണ്ടിയര്‍ ആണ് എന്നെ ഈ ക്യാമ്പില്‍ എത്തിച്ചത്., എന്‍ഗൈലം പറഞ്ഞു. 

മകനെ ഉപേക്ഷിച്ചു രക്ഷപ്പെടേണ്ടി വന്നതിലെ വേദന അവര്‍ക്ക് ഇപ്പോഴുമുണ്ട്. മകന്‍റെ മരണവും സഹോദരിയുടെ മരണവും കണ്മുന്നില്‍ കാണേണ്ടിവന്ന എന്‍ഗൈലത്തിനെ ഒരുപാട് നാളത്തെ ചികിത്സയ്ക്ക് ശേഷമാണു സാധാരണ മനസികാരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കലാപത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ കാലിന് മുറിവേറ്റിരുന്നു. അതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ ആണിപ്പോള്‍ എന്‍ഗൈലം. ആകെയുണ്ടായിരുന്ന മകനും നഷ്ടപ്പെട്ട എന്‍ഗൈലം കലാപം അനാഥമാക്കിയവരുടെ ഒരു പ്രതീകമാണ്.

manipur violence
എന്‍ഗൈലം Copyright@Woke Malayalam

എന്‍ഗൈലത്തോട് സംസാരിച്ചത് ക്യാമ്പിലെ മറ്റൊരു അന്തേവാസിയായ ഡാനിയലിന്‍റെ സഹായത്തോടെയാണ്. കാങ്ങ് പോക്പിയിലായിരുന്ന ഡാനിയല്‍ രക്ഷപ്പെട്ട് ചുരാചന്ദ്പൂരിലേക്ക് എത്തുകയായിരുന്നു. മറ്റു കുക്കി പ്രദേശങ്ങളെ അപേക്ഷിച്ച് ചുരാചന്ദ്പൂര്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ എത്തിയതെന്ന് ഡാനിയല്‍ പറഞ്ഞു. 

ഞാൻ കുടിയൊഴിപ്പിക്കപ്പെട്ടയാളാണ്. മെയ് അഞ്ചിനാണ് എന്‍റെ വീട് കത്തിക്കുന്നത്. എന്‍റെ ജീവിതം ഇങ്ങനെ ആയതോര്‍ത്ത് കരഞ്ഞ് തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കെഫോയ്ജോ ആണ് എന്‍റെ ഗ്രാമം. മെയ് നാലിന് കുറച്ച് കലാപകാരികൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നു. അവരുടെ കയ്യില്‍ തോക്കുകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ വോളണ്ടിയർമാരുടെ കയ്യിലും ലൈസൻസുള്ള തോക്കുകളുണ്ടായിരുന്നു. ഒരു ബാരൽ തോക്കുകള്‍ മാത്രമാണ് ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നത്. ഗ്രാമത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അവർ ബ്ലാങ്ക് ഷോട്ടുകൾ തന്നിരുന്നു. അതിന് മറുപടിയെന്നോണം ഞങ്ങളും  ബ്ലാങ്ക് ഷോട്ടുകൾ നൽകി. കുറച്ച് റൗണ്ട് ഞങ്ങളും വെടിയുതിർത്തു.

സംരക്ഷണത്തിനായി വോളണ്ടിയർമാർ ഉണ്ടെന്ന് അറിഞ്ഞതുകൊണ്ടാകാം അവർ അന്ന് മടങ്ങിപ്പോയി. അടുത്ത ദിവസം അവർ വീണ്ടും വന്നു. ഗ്രാമത്തെ മുഴുവൻ വളഞ്ഞു. എല്ലാ ഭാഗത്ത് നിന്നും വെടിയുതിർത്തു. ഞങ്ങൾ 35 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഏകദേശം 160 പേരുണ്ടാകും. ഞങ്ങൾക്ക് സ്വയം രക്ഷപ്പെടേണ്ടത് എങ്ങനെയാണെന്ന് കൂടി അപ്പോൾ അറിയില്ലായിരുന്നു.

ഞങ്ങൾക്ക് ഞങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കാടുകളിലേക്കാണ് ആദ്യം ഓടിപ്പോയത്. പിന്നീട് ഞങ്ങളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാൻ ഞങ്ങളുടെ നേതാക്കൾ വണ്ടികൾ അയക്കുന്നുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണ് ഞാൻ ചുരാചന്ദ്പൂരിലെത്തിയത്.

വളരെ സമാധാനത്തോടെയാണ് ഞങ്ങൾ ഗ്രാമത്തില്‍ കഴിഞ്ഞുപോന്നിരുന്നത്. മയ്തേയികളുമായി ഞങ്ങൾ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഞങ്ങൾ പരസ്പരം പച്ചക്കറികളും മറ്റ് സാധനങ്ങളുമെല്ലാം കൈമാറിയിരുന്നു. വളരെ സാധാരണ നിലയ്ക്കാണ് ഞങ്ങൾ ജീവിച്ചിരുന്നത്. സൈന്യത്തിനോടൊപ്പം എത്തിയ ആരംബായി തെംഗോലുകളാണ്  ഞങ്ങളെ ആക്രമിച്ചത്. ഞങ്ങളെ ആക്രമിക്കാൻ വന്നവർ ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്ന മയ്തേയ്കള്‍ ആയിരുന്നില്ല.

കാരണം കലാപകാരികൾക്ക് ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഭൂമിശാസ്ത്രത്തെപ്പറ്റി വലിയ അറിവുണ്ടായിരുന്നില്ല. എവിടെ നിന്ന് വേണം ആക്രമണം നടത്താൻ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അത് മാത്രമല്ല രണ്ടാമത്തെ ദിവസം അവർ എത്തുന്നതിന് മുൻപ് ഞങ്ങളുടെ പ്രദേശത്തുള്ള മയ്തേയികൾ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ എത്തുമെന്നും അവരെ തടയാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അവർ ആൾബലത്തിൽ മുന്നിലാണെന്നും എത്രയും വേഗം അവിടെ നിന്നും രക്ഷപ്പെടണമെന്നും അവർ ഞങ്ങളെ അറിയിച്ചിരുന്നു.

ഞങ്ങൾ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരായിരുന്നു. പൈനാപ്പിൾ കൃഷിയാണ് ഞങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് കൃഷി നടക്കുക.ആ സമയം ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. പൈനാപ്പിൾ കൃഷിയിൽ നിന്ന് കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് ഞങ്ങളുടെ രക്ഷിതാക്കൾ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.മെയ് ഒന്നു മുതലാണല്ലോ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതിനാൽ ഞങ്ങൾക്ക് വിളവെടുക്കാൻ കഴിഞ്ഞില്ല. എല്ലാം നശിച്ചുപോയി. ഞങ്ങൾക്ക് എല്ലാം നഷ്ടമായി.

പോലീസുകാരാണ് കലാപകാരികളെ പിന്നിൽ നിന്ന് നയിച്ചത്. പോലീസുകാര്‍ ആദ്യം ഞങ്ങളുടെ ഗ്രാമത്തിലെത്തുകയും അവിടെ അവരെ തടയാൻ ആരുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ആരംബായി തെംഗോലുകളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ട്‌ അവര്‍ ഞങ്ങളുടെ ഗ്രാമത്തെ മുഴുവനും ആക്രമിച്ചു.ആയിരക്കണക്കിന് യുവാക്കളെ അവർ പരിശീലിപ്പിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാൻ അവരെ പ്രപ്തരാക്കുന്നു. എങ്ങനെ ആക്രമിക്കണമെന്ന് പഠിപ്പിക്കുന്നു.

അവർക്ക് പോലീസ് ക്യാമ്പുകളില്‍ നിന്നുള്ള ആയുധങ്ങള്‍ സർക്കാർ കൊടുത്തു. എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ കുറച്ച് വോളണ്ടിയർമാർക്ക് ഒരു സംസ്ഥാനത്തിന്‍റെ പോലീസ് സേനയിൽ നിന്ന് ഇത്രയും ആയുധങ്ങൾ മോഷ്ടിക്കാൻ സാധിക്കുന്നത്. അത് ഒരിക്കലും സാധ്യമല്ല. ആയുധങ്ങളും ബോംബുകളും തോക്കുകളും എല്ലാം അവർ കൊടുക്കുന്നതാണ്. സൈന്യവും പോലീസുമെല്ലാം അവരുടെ ഒപ്പമാണ്. അവർ എല്ലാം മുൻകൂട്ടി കണ്ടിരുന്നു. ഒരേ സമയത്താണ് കുക്കികൾ താമസിച്ചിരുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായത്. എവിടെയൊക്കെയാണ് ഞങ്ങളുള്ളതെന്ന് അവർ കൃത്യമായി കണക്കുകൂട്ടിയിരുന്നു.

manipur killings
ഡാനിയല്‍ Copyright@Woke Malayalam

ഇങ്ങനെയൊരു ആക്രമണമുണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾ ലൈസൻസുള്ള തോക്കുകളെങ്കിലും കയ്യിൽ കരുതുമായിരുന്നു. 35 വീടുകളിലേക്കുമായി ഏഴ് തോക്കുകളാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. എന്നാൽ കലാപം തുടങ്ങുന്നതിന് ഏകദേശം ഒരു മാസം മുൻപ് ഞങ്ങളോട് തോക്കുകൾ തിരികെ നൽകാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങൾക്ക് ആ ഉത്തരവിൽ ആദ്യം തന്നെ സംശയം ഉണ്ടായിരുന്നു. അതിനാൽ ഗ്രാമത്തിൽ നിന്നും ഒരു തോക്ക് മാത്രമാണ് ഞങ്ങൾ തിരികെ നൽകിയത്.

( ചൂരാചാന്ദ്പൂര്‍ ജില്ലയില്‍ താമസിക്കുന്ന ജനങ്ങള്‍ അവരുടെ ലൈസന്‍സുള്ള ആയുധങ്ങള്‍ മാര്‍ച്ച് ഒന്നിനകം പോലീസില്‍ ഏല്‍പ്പിക്കണം എന്ന് നിര്‍ദേശിച്ച് 2023 ഫെബ്രുവരി 14ന് ചൂരാചാന്ദ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ നിന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുക്കി-സോമി ഗ്രാമങ്ങളില്‍ വനം വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡുകളും സര്‍വ്വേകളും നടത്തുകയും ജനങ്ങള്‍ സൂക്ഷിച്ചിരുന്ന പരമ്പരാഗത ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.)

ഇന്നിപ്പോള്‍ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം തന്നെ ഞങ്ങൾക്ക് നഷ്ടമായി. ഞങ്ങൾക്ക് ഇനിയും ജീവിക്കണം. ഞങ്ങളുടെ മുതിർന്നവരെ നോക്കൂ. അവർ കഷ്ടപ്പെട്ട് കെട്ടിയുയർത്തിയ വീടുകൾ എല്ലാം തീവെച്ച് നശിപ്പിച്ചു. ഞങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ ഒരു സഹായവും ആവശ്യമില്ല. ഞങ്ങൾക്ക് അവരെ വിശ്വാസമില്ല. പുതിയൊരു ഭരണസംവിധാനം ലഭിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന ഭക്ഷണം ഞങ്ങൾ സ്വീകരിക്കും. കലാപം നടത്തുന്ന ആരംബായി തെംഗോലുകളെ സര്‍ക്കാര്‍ എന്തിനാണ് പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയും ഇവരിലൊരാളാണ്. അവർക്ക് രണ്ട് മുഖങ്ങളാണ്. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഇത്രയും വെറുക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല., ഡാനിയല്‍ പറഞ്ഞു.

FAQs

എന്താണ് ബ്ലാങ്ക് ഷോട്ടുകള്‍ ?

വെടിയുതിർക്കുമ്പോൾ ഒരു വെടിയുണ്ടയോ പെല്ലറ്റോ പോലെയുള്ള ഒരു പ്രൊജക്റ്റൈൽ പുറന്തള്ളുന്നതിന്  പകരം ഒരു സ്ഫോടനാത്മക ശബ്ദവും മസിൽ ഫ്ലാഷും ഉണ്ടാക്കുന്ന ആയുധ കാട്രിഡ്ജാണ് ബ്ലാങ്ക്. ഇങ്ങനെ വെടിയുതിര്‍ക്കുന്നതിനാണ് ബ്ലാങ്ക് ഷോട്ടുകള്‍ എന്ന് പറയുന്നത്.

എന്താണ് എന്‍ജിഒ ?

സർക്കാരുമായി ബന്ധവുമില്ലാതെ സാമൂഹികമോ പാരിസ്ഥിതികമോ മാനുഷികമോ ആയ കാരണങ്ങൾക്കായി പ്രവർത്തിക്കുകയും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സ്വയംഭരണ, ലാഭരഹിത സംഘടനയാണ് സർക്കാരിതര ഓർഗനൈസേഷൻ, അല്ലെങ്കിൽ എന്‍ജിഒകള്‍.

ആരാണ്  വയ്പെയി ജനത ?

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലും മ്യാന്‍മാറിലെ ചിന്നിലും വസിക്കുന്ന ഒരു സോമി വംശീയ വിഭാഗമാണ് വയ്പെയി ആളുകൾ

Quotes

വെറുക്കുന്നവനെ അക്രമം കൊണ്ട് നിങ്ങള്‍ക്ക് കൊല്ലാം, എന്നാൽ വെറുപ്പിനെ കൊല്ലാൻ കഴിയില്ല

-മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.