Sat. Jan 18th, 2025
manipur

ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടെ ഞാനും എന്‍റെ കസിനും ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിന്‍റെ കയ്യില്‍ ഞങ്ങള്‍ പെട്ടിരുന്നെങ്കില്‍ ഞങ്ങളും ബലാത്സംഗം ചെയ്യപ്പെട്ടേനെ, കൊല്ലപ്പെട്ടേനെ

യ്‌തേയികളെ പോലെ തന്നെ കുക്കികള്‍ക്കിടയിലും നിരവധി സംഘടനകളുണ്ട്. വിദ്യാര്‍ത്ഥി യൂണിയനുകള്‍, സ്ത്രീ സംഘടനകള്‍ തുടങ്ങി അണ്ടര്‍ഗ്രൗണ്ട് സംഘടനകള്‍ വരെ കുക്കികള്‍ക്കിടയില്‍ സജീവമാണ്. ബാഡ്മിന്‍റണ്‍ ഹാളിലെ ക്യാമ്പില്‍ നിന്നിറങ്ങുമ്പോള്‍ ‘കുക്കി വുമണ്‍ അസോസിയേഷ’നിലെ ‘ജോ’യെ കാണണമെന്ന് അവര്‍ നിര്‍ദേശിച്ചിരുന്നു. അവരുടെ വീട്ടിലേയ്ക്കുള്ള വഴി കാണിക്കാന്‍ രണ്ടുപേരും കൂടെ പോന്നു. കൊഹിമയിലേയ്ക്കുള്ള ഹൈവേയിലൂടെ ഒരുപാട് ദൂരം മുന്നോട്ടു പോയതിനു ശേഷം കുന്നുകയറി ഒരു ഗ്രാമത്തിലെത്തി. ഗ്രാമത്തിലെ വീടുകള്‍ക്ക് മുമ്പില്‍ എല്ലാം ഇന്ത്യയുടെ ദേശീയ പതാക കെട്ടിവെച്ചിരിക്കുന്നത് കാണാം. ഞങ്ങളും ഇന്ത്യക്കാരാണ് എന്ന് വ്യക്തമാക്കുന്ന അടയാളമായിരുന്നു അത്. 

ജോയുടെ വീടിനു മുമ്പില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. കാറ്റും വെളിച്ചവും ആവോളം കടക്കുന്ന തുറന്ന സ്ഥലങ്ങള്‍ കൂടുതലുള്ള ഭംഗിയായി ഒരുക്കിയിരിക്കുന്ന വീട്. അടുക്കളയില്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ജോ. അടുക്കളയിലേയ്ക്ക് തന്നെയാണ് അവര്‍ ഞങ്ങളെ സ്വാഗതം ചെയ്ത് ഇരുത്തിയതും. ജെഎന്‍യുവില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കിയ ജോ കുക്കി സ്ത്രീ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാനിയാണ്.

നിങ്ങള്‍ മാധ്യമങ്ങള്‍ സത്യം സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ഞാന്‍ സംസാരിക്കാം. എല്ലാ മാധ്യമങ്ങളോടും ഞങ്ങളെ കേള്‍ക്കാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ മയ്‌തേയികള്‍ പറയുന്നത് മാത്രമാണ് പുറത്തെത്തിക്കുന്നത്. ഞങ്ങള്‍ക്കതില്‍ രോഷമുണ്ട്. നിങ്ങള്‍ കേരളത്തില്‍ നിന്നും ഞങ്ങളെ കേള്‍ക്കാന്‍ വന്നല്ലോ. അതിലെ സന്തോഷം ഞാന്‍ അറിയിക്കുകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പുറത്തെത്തിക്കുമെങ്കില്‍ നമ്മുക്ക് സംസാരിച്ചു തുടങ്ങാം., ജോ പറഞ്ഞു. 

നിങ്ങളെ കേള്‍ക്കാന്‍ വന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തിയതിന് ശേഷം ഞങ്ങള്‍ സംസാരിക്കാനിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. ഈ ഒരു മണിക്കൂറും വളരെ രോഷത്തോടെയാണ് ജോ സംസാരിച്ചത്. നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്ക് നേരെയായിരുന്നു ആ രോഷപ്രകടനങ്ങള്‍ എല്ലാം. നിങ്ങള്‍ ഒന്നും വിചാരിക്കരുത്, ഞങ്ങള്‍ക്കിപ്പോള്‍ ഇങ്ങനേയെ സംസാരിക്കാന്‍ പറ്റൂ, ജോ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

കുക്കികള്‍ സംസാരിക്കുന്നത് ഒരു മാധ്യമത്തിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മണിപ്പൂരില്‍ മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം മയ്‌തേയികളുടേതാണ്. അതുകൊണ്ട് അവര്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ മാത്രമാണ് അവര്‍ പുറത്തുകൊണ്ടുവരുന്നത്. ഞങ്ങളെ പ്രതിനിധീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാധ്യമ സ്ഥാപനവും സ്വന്തമായില്ല. മെയ് മൂന്ന് മുതല്‍ അവര്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇന്‍റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ട ഗ്രാമങ്ങളില്‍ നിന്നും എങ്ങനെയാണ് സംഭവങ്ങള്‍ പുറംലോകത്തെത്തിക്കുക? മയ്‌തേയി മാധ്യമ പ്രവര്‍ത്തകര്‍ മാത്രമേ ഇംഫാലില്‍ ഉള്ളൂ. കുക്കികള്‍ക്കെല്ലാം ജീവനും കൊണ്ട് പലായനം ചെയ്യേണ്ടി വന്നു.

ഇംഫാലില്‍ ഞങ്ങളുടെ ഏരിയകള്‍ മുഴുവന്‍ അവര്‍ തീയിട്ട് ചാരമാക്കി. വീടുകള്‍ക്ക് തീ ഇടുന്നതിനു മുമ്പ് ഇംഫാലിലെ എല്ലാ കോളനികളും അവര്‍ കൊള്ളയടിച്ചു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വരെ അവര്‍ കൊള്ളയടിച്ചു. വാതിലുകള്‍ പോലും അഴിച്ചുകൊണ്ടു പോയി. ഇഷ്ടികകള്‍ അടര്‍ത്തിമാറ്റി വിറ്റു. കത്തിക്കുന്നതിനുമുമ്പ് അവര്‍ നാണമില്ലാതെ കൊള്ളയടിക്കുന്നു. എന്നിട്ട് അവര്‍ ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നു. മയക്കുമരുന്ന് തീവ്രവാദികള്‍ എന്ന്. നിങ്ങള്‍ സാധാരണക്കാരനെ മയക്കുമരുന്ന് തീവ്രവാദി എന്ന് വിളിക്കുമോ? ഞാന്‍ ഇതുവരെ മയക്കുമരുന്ന് തീവ്രവാദിയെ കണ്ടിട്ടില്ല. മയക്കുമരുന്ന് തീവ്രവാദികള്‍ ആരൊക്കെയാണെന്ന് ഞങ്ങളെ കാണിക്കൂ.

kangpokpi town
കാങ്‌പോക്പി ടൗൺ Copyright@Woke Malayalam

ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്ന് പറയുന്നു. അനധികൃത കുടിയേറ്റക്കാരാണെങ്കില്‍, ഇതുപോലെ ഒരു വീട് പണിയാന്‍ കഴിയുമോ? അനധികൃത കുടിയേറ്റക്കാരന് മണിപ്പൂരില്‍ ഒരു വീട് പണിയാന്‍ പണമുണ്ടെങ്കില്‍ പിന്നെ കുടിയേറ്റം നടത്തുന്നത് എന്തിനാണ്? പ്രത്യേകിച്ച് കുടിയേറ്റക്കാര്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ ആണ്. മെച്ചപ്പെട്ട ജീവിതത്തിനായി മറ്റൊരിടത്തേയ്ക്ക് പോകുന്നവരായ ഇവര്‍ക്ക് ജീവിക്കാന്‍ ജോലി വേണ്ടേ? മണിപ്പൂരില്‍ എന്ത് ജോലിയാണുള്ളത്? തലമുറകളായി ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്ക് ഇങ്ങനെ കേള്‍ക്കുന്നത് വളരെ ബുദ്ധുമുട്ടുണ്ടാക്കുന്നുണ്ട്.

എന്തുകൊണ്ടാണ് മണിപ്പൂരില്‍ ജീവിക്കാന്‍ ആളുകള്‍ ബര്‍മ്മയില്‍ നിന്ന് വരുന്നത്? തദ്ദേശീയര്‍ക്ക് തന്നെ ഇവിടെ ജോലിയില്ല. പിന്നെ എങ്ങനെ ബര്‍മ്മയില്‍ നിന്നും വരുന്നവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റും. നോക്കൂ, നമ്മള്‍ ഒന്നാം ലോക രാജ്യം ഒന്നും അല്ല. അതുകൊണ്ട് ഇത്തരം യുക്തിരഹിതമായ വാദങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല. ബര്‍മ്മയില്‍ നിന്നും ചില ആളുകള്‍ വരുന്നുണ്ട് എന്നതില്‍ വാസ്തവമുണ്ട്. അതിര്‍ത്തിയില്‍ രേഖകള്‍ വരയ്ക്കുന്നതിന് മുമ്പ് ഇവിടെ താമസിച്ചിരുന്നത് ഇതേ ആളുകള്‍ തന്നെയല്ലേ? ഒരു അതിര്‍ത്തി രേഖയും വരച്ച് കേരളത്തില്‍ നിന്നും കര്‍ണാടകയിലേയ്ക്ക് ആളുകള്‍ വരരുതെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നിങ്ങള്‍ക്ക് ഇത്തരമൊരു അതിര്‍ത്തി രേഖ വരക്കാന്‍ കഴിയില്ല. ഭൂമിശാസ്ത്രപരമായ രേഖ മാത്രമേ വരയ്ക്കാന്‍ കഴിയൂ. എന്നിരുന്നാലും ആളുകളുടെ പലായനം തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിരുകള്‍ വരയ്ക്കുന്നതിനു മുമ്പ് അതിര്‍ത്തികളില്‍ ഉണ്ടായിരുന്നവരെ പരിഗണിക്കേണ്ടതല്ലേ? അതെ പരിഗണിക്കേണ്ട കാര്യം തന്നെയാണ്.

പെട്ടെന്ന് എങ്ങനെയാണ് മയ്‌തേയികള്‍ ഇന്ത്യക്കാരായി മാറിയത്. ഞങ്ങള്‍ എല്ലാവരും സ്വന്തം നാട്ടിലാണ് താമസിക്കുന്നത്. അവര്‍ ഒരിക്കലും കുന്നുകളില്‍ താമസിച്ചിട്ടില്ല. മലനിരകളില്‍ അവര്‍ക്ക് ചരിത്രമില്ല. മണിപ്പൂരിന്‍റെ അഖണ്ഡതയെക്കുറിച്ച് ആക്രോശിക്കുകയും കുന്നുകളില്‍ അവരുടെ ചരിത്രത്തിന്‍റെ ഒരു തുമ്പും ഇല്ലാതിരുന്നിട്ട് കൂടി കുന്നുകളെ അവരുടെ നാട് എന്ന് വിളിക്കുകയും ചെയ്യുന്നു. അതെ, ഞങ്ങള്‍ മലയോര ജനത മലമുകളില്‍ ജീവിക്കുന്നവരാണ്.

ഞങ്ങളും മണിപ്പൂര്‍ സംസ്ഥാനത്തിന്‍റെ ഭാഗമായതിനു ശേഷം എന്ത് വികസനമാണ് ഞങ്ങള്‍ക്കുണ്ടായിട്ടുള്ളത്. ഹൈവേയിലൂടെ പോകുമ്പോള്‍ എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒന്നുമില്ല. എല്ലാ ആശുപത്രികളും എല്ലാ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇംഫാലില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാ വികസനങ്ങളും നടക്കുന്നത് ഇംഫാലില്‍ ആണ്. എന്നിട്ടിപ്പോള്‍ പെട്ടെന്ന് മയ്‌തേയികള്‍ക്ക് ഭൂമി സംരക്ഷിക്കണം എന്ന തോന്നല്‍ ഉണ്ടായിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് തുല്യാവകാശമുണ്ടെന്ന് പറയാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല. വാസ്തവത്തില്‍, ഭൂമിയുടെ യഥാര്‍ത്ഥ ഉടമകള്‍ ഞങ്ങളാണ്. ഞങ്ങളുടെ പുരോഗതിക്കായി ഞങ്ങളാല്‍ കഴിയുന്ന എന്തും ചെയ്യും.

മണിപ്പൂര്‍ സര്‍ക്കാരില്‍ നിന്നും ഞങ്ങളിലേയ്ക്ക് എത്തേണ്ട എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലങ്ങളായി അവര്‍ തടഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജില്ലാ ആശുപത്രികള്‍ പോയി കണ്ടുനോക്കണം. ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പോലെയാണത്. ഈ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിയില്ല. ഇത്രയൊക്കെ അവഗണനയും വെല്ലുവിളികളും നേരിടുമ്പോള്‍ ഞങ്ങള്‍ മണിപ്പൂരികള്‍ ആണെന്ന് സ്വയം പറയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഞാനൊരു പ്രൗഡ് മണിപ്പൂരിയാണെന്ന് എങ്ങനെ അഭിമാനത്തോടെ പറയും? എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവര്‍ക്ക് ഞങ്ങളുമായും ഒരു ബന്ധവുമില്ല. ഞങ്ങള്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയൊക്കെയാണ്.

Kuki village
കുക്കി ഗ്രാമം Copyright@Woke Malayalam

കുന്നുകളില്‍ ഉള്ള ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം ആചാര നിയമങ്ങളുണ്ട്. ഞങ്ങള്‍ക്ക് ഗ്രാമത്തലവന്മാരുണ്ട്. ഗ്രാമ അധികാര വ്യവസ്ഥയുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍, തെരുവ് അറ്റകുറ്റപ്പണികള്‍ അങ്ങനെ എന്തും ആയിക്കോട്ടെ, എല്ലാം നടക്കുക ഗ്രാമത്തലവന്മാരുമായും വില്ലേജ് അധികാരികളുമായും കൂടിയാലോചിച്ച ശേഷമാണ്. ഇങ്ങനെയാണ് ഞങ്ങളുടെ ജീവിതം.

ഇപ്പോള്‍ ഞങ്ങളുടെ ജീവിതം എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് 100 മീറ്റര്‍ അകലെയായി സംഘര്‍ഷം നടന്നു. അവിടെ വരെ പോകാനുള്ള മനസ്സ് പോലും അദ്ദേഹം അപ്പോള്‍ കാണിച്ചില്ല. സംസ്ഥാന പൊലീസ് കലാപകാരികളെ സഹായിക്കുന്നു. നഗരത്തിലെ ഒതുക്കമുള്ള പ്രദേശങ്ങളിലേയ്ക്ക് അവര്‍ കലാപം വ്യാപിപ്പിച്ചു. എല്ലാ കുക്കി ഗ്രാമങ്ങളും അവര്‍ ചാരമാക്കി. ജനങ്ങള്‍ കൂട്ടമായാണ് എത്തിയത്. ഏതെങ്കിലും നല്ല പ്രവൃത്തിക്കു വേണ്ടി ഇവര്‍ ഇങ്ങനെ വരുമോ? തെരുവ് വൃത്തിയാക്കാന്‍  ഇവരെ വിളിച്ചു നോക്കൂ, ആരും വരില്ല. സ്വച്ഛ് ഭാരത് എന്നൊക്കെ പേരിട്ടു വിളിക്കുന്ന പദ്ധതി ഉണ്ടല്ലോ. അതിനു വേണ്ടി തെരുവിലിറങ്ങാന്‍ ഇവരോട് പറഞ്ഞുനോക്കൂ. നിങ്ങളെ സഹായിക്കാന്‍ ആരും തെരുവിലിറങ്ങില്ല. എന്നാല്‍ ഒരാളുടെ വീട് കത്തിക്കാന്‍, ആളുകളെ കൊല്ലാന്‍ ആയിരക്കണക്കിന് ആളുകള്‍ വരും. തിന്മകള്‍ ചെയ്യാന്‍ ഒരുമിച്ച് ചേരുമ്പോള്‍ അവര്‍ വളരെ ശക്തരാണ്.

അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിരായുധരായ സ്ത്രീകളോടാണ് ഇങ്ങനൊക്കെ ചെയ്യുന്നത്. എനിക്ക് ദേഷ്യത്തോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാനാവൂ. എനിക്ക് എന്‍റെ ശബ്ദം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതൊക്കെ ചെയ്തിട്ടും അവര്‍ മാധ്യമങ്ങളോട് പറയുന്നു ഞങ്ങള്‍ വനഭൂമി കയ്യേറിയെന്ന്. ഏത് വനഭൂമിയാണ് ഞങ്ങള്‍ കയ്യേറിയത്? നുണകള്‍ കൊണ്ട് അവര്‍ ചെയ്യുന്ന കാര്യങ്ങളെ അവര്‍ ന്യായീകരിക്കുന്നു. മാധ്യമങ്ങളെ അവര്‍ നിയന്ത്രിക്കുന്നു. സത്യം പുറത്തുവരാതിരിക്കാന്‍ അവര്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുന്നു.

ഇന്ന് കലാപം തുടങ്ങിയിട്ട് 79തോ 80തോ ദിവസമാണ്. എന്നിട്ട് ഇപ്പോഴാണ്, ഒരു വീഡിയോ വൈറലായതിനു ശേഷമാണ് മാധ്യമങ്ങള്‍ ഇവിടെയ്ക്ക് വരാന്‍ തുടങ്ങിയത്. മെയ് നാലിനാണ് ബലാത്സംഗം നടന്നത്. ബിബിസി വന്നു, ദേശീയ മാധ്യമങ്ങള്‍ വന്നു. അല്ലാത്തപക്ഷം ഇവരെ മലകളിലേക്ക് അയക്കുക പോലും ചെയ്യില്ല. മയ്‌തേയികള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി അവരെ തിരിച്ചയക്കും. അതിനാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു റിപ്പോര്‍ട്ടും ഉണ്ടായില്ല. ഇപ്പോള്‍ മാത്രമാണ് അനീതിക്കെതിരെ ലോകം ഉണര്‍ന്നത്.

ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടെ ഞാനും എന്‍റെ കസിനും ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിന്‍റെ കയ്യില്‍ ഞങ്ങള്‍ പെട്ടിരുന്നെങ്കില്‍ ഞങ്ങളും ബലാത്സംഗം ചെയ്യപ്പെട്ടേനെ, കൊല്ലപ്പെട്ടേനെ. ഒരു മയ്‌തേയി കുടുംബമാണ് ഞങ്ങള്‍ക്ക് അഭയം തന്നത്. രണ്ടു ദിവസം അവരുടെ വീട്ടില്‍ കഴിഞ്ഞു. അവരുടെ പേര് എനിക്കിവിടെ പറയാന്‍ കഴിയില്ല. അത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കും.

ഞങ്ങള്‍ക്ക് പ്രത്യേക ഭരണസംവിധാനം വേണം. ഇത്തരക്കാരുടെ കൂടെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അവരുമായി ഒരു ബന്ധവുമില്ല. അവര്‍ സ്വന്തം ജീവിതം നയിക്കട്ടെ. അവര്‍ ആരാണ് ഞങ്ങളുടെ ജിവിതം കൊണ്ട് കളിയ്ക്കാന്‍. അവര്‍ക്കിഷ്ടമുള്ളത് പോലെ ഞങ്ങളെ കൊല്ലാനും ഞങ്ങളുടെ സ്വത്തുക്കള്‍ കത്തിക്കാനും ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അവര്‍ ആരാണ്? അവരുമായി വേര്‍പിരിഞ്ഞ് ജീവിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും അവര്‍ ഇത്തരം പ്രവൃത്തികള്‍ തുടരും. അത് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. ഞങ്ങളെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ ആവശ്യം അംഗീകരിക്കണം. ഞങ്ങളുടെ വീടുകള്‍ കത്തി, രേഖകള്‍ നഷ്ടപ്പെട്ടു. ഞങ്ങള്‍ എങ്ങോട്ട് തിരിച്ചു പോകും? തിരിച്ചു പോയാലും എവിടെ ജീവിക്കും.

kuki relief camp
കുക്കി റിലീഫ് ക്യാമ്പിലെ അന്തേവാസികൾ Copyright@Woke Malayalam

16 ശതമാനമുള്ള കുക്കി-സോമി വിഭാഗമായ ഞങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ന്യൂനപക്ഷമാണ്. അവര്‍ ഭൂരിപക്ഷമാണ്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഞങ്ങളെ ആക്രമിക്കാം. ഞങ്ങള്‍ ഇംഫാലില്‍ നിന്ന് 40, 45 കിലോമീറ്റര്‍ അകലെയാണെങ്കിലും അവരെ തടയാന്‍ കഴിയില്ല. എന്തുകൊണ്ടാണ് അവര്‍ അസം റൈഫിള്‍സിനെ നീക്കണമെന്ന് ആവശ്യപ്പെടുന്നത്? അസം റൈഫിള്‍സിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ഇവര്‍ ആരാണ്? എന്നാലെ അവര്‍ക്ക് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം തുടരാന്‍ പറ്റൂ. എന്തിനാണ് ഇവര്‍ ഇത്ര രക്തദാഹികളാവുന്നത്? തീവ്രവാദികള്‍ക്കേ നിരപരാധികളെ ആക്രമിക്കാന്‍ പറ്റൂ.

മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയെ ഇവര്‍ വെടിവെച്ച് കൊന്നില്ലേ. അവള്‍ സ്‌കൂളിനുള്ളില്‍ ബോംബ് വെക്കാന്‍ വന്നതാണ് എന്നാണ് മയ്‌തേയികള്‍ പറഞ്ഞത്. എന്തൊരു ക്രൂരതയാണ്. ഒരു സാധാരണ മനുഷ്യന് ഒരാളെ ഇത്രമാത്രം വെറുക്കാന്‍ എങ്ങനെ കഴിയുന്നു. ഒരാണ്‍കുട്ടിയെയും അവന്‍റെ അമ്മയെയും ഇവര്‍ വെടിവെച്ചിട്ടു. ആ അമ്മ മയ്‌തേയി ആണ്. അവരുടെ ഭര്‍ത്താവ് കുക്കിയും. ഇവര്‍ പോയിരുന്ന ആംബുലന്‍സും കത്തിച്ചു. അടുത്തുള്ള ആശുപത്രിയും കത്തിച്ചു. ഇത്രയും വെറുപ്പ് കാത്തുസൂക്ഷിക്കുന്ന ഇവരോടൊപ്പം ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.

അവര്‍ക്ക് മണിപ്പൂര്‍ പൂര്‍ണമായും വേണം. അതുകൊണ്ട് അവര്‍ ഞങ്ങളെ എല്ലാവരെയും കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ നിന്നുകൊണ്ടാണ് മയ്‌തേയകള്‍ കളിക്കുന്നത്. ഇംഫാലില്‍ സ്‌കൂളുകളും കോളേജുകളും തുറന്നു. ഞങ്ങളുടെ കുട്ടികള്‍ പഠിക്കാന്‍ എന്ത് ചെയ്യും? വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന അന്തരീക്ഷമല്ല ഇപ്പോഴുള്ളത്

പെണ്‍കുട്ടികളുടെ വീഡിയോ വൈറലായത്തിനു ശേഷം മാത്രമാണ് പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായത്. രാജ്യത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും മോദിക്കാണ്. വീഡിയോ വൈറലായപ്പോള്‍ മാത്രമാണ് അദ്ദേഹം വാ തുറന്നത്. വാ തുറക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. മണിപ്പൂരിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല. കാരണം ഞങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണ്. ഒരു സര്‍ക്കാരിനും ഞങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. അവര്‍ ഏകീകൃത സിവില്‍ കോഡിന്‍റെയും എന്‍ആര്‍സിയുടെയും പിറകെയാണ്. എന്തിനുവേണ്ടി, ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ നടപ്പാക്കുന്നത്. ഇത്രയും വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് നമുക്ക് എങ്ങനെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവുക? വടക്കുകിഴക്കന്‍ ജനതയ്ക്ക് ഇത് ബാധകമായേക്കില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് ഹിന്ദുത്വ അജണ്ടയാണ്. ഒരു മതം, ഒരു ഭാഷ എന്നത് ഒരിക്കലും സംഭവിക്കില്ല. ഇന്ത്യയെ നിര്‍മ്മിച്ചിരിക്കുന്നത് അതിന്‍റെ വൈവിധ്യത്തിലാണ്.

രാഷ്ട്രീയ പ്രവര്‍ത്തനം ആണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇവിടുത്തെ ദാരിദ്യം ആദ്യം ഇല്ലാതെയാക്കട്ടെ. രാജ്യത്തെ സമ്പത്തിന്‍റെ അസമത്വം നോക്കൂ. ഇതൊക്കെ ഇല്ലാതെയാക്കട്ടെ ആദ്യം.

കൊളോണിയല്‍ കാലത്തെപ്പോലെ ഞങ്ങളെ ഭരിക്കാന്‍ മയ്‌തേയികള്‍ വിദേശികളല്ല. നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. നിയമത്തിന്‍റെ മുന്നില്‍ നാമെല്ലാവരും തുല്യരാണ്. പക്ഷേ, ന്യൂനപക്ഷങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്നതാണ് നല്ലത് എന്ന് അവര്‍ക്ക് അറിയാവുന്നതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ ശബ്ദമില്ല. നമുക്ക് ഭരണഘടന ഉള്ളത് കൊണ്ട് ന്യൂനപക്ഷങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും. മണിപ്പൂര്‍ സംസ്ഥാന നിയമസഭയിലേയ്ക്ക് നോക്കൂ, 60 സീറ്റുകളില്‍ 40 സീറ്റും ഭൂരിപക്ഷത്തിന്‍റെ കയ്യിലാണ്. ഞങ്ങള്‍ക്ക് 10 സീറ്റുകള്‍ ആണുള്ളത്. ഞങ്ങള്‍ക്ക് ഭരണത്തില്‍ എന്ത് ചെയ്യാന്‍ കഴിയും?

ഞങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കേന്ദ്ര സേനകളെ വിന്യസിക്കണം. മയ്‌തേയികള്‍ എന്നും ഷൂട്ടിംഗ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ജനാധിപത്യം ഒരു തമാശയാണ്. നിയമവും ഭരണവും ഇല്ല. ചുരാചന്ദ്പൂരില്‍ നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നു. എത്ര പെട്ടെന്നാണ് അത് ഇംഫാലിലേയ്ക് വ്യാപിച്ചത്. ഇംഫാല്‍ മയ്‌തേയികളും കുക്കികളും നാഗകളും ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണ്. അവിടെ താമസിച്ചിരുന്നവരില്‍ അധികവും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ആയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്നു. മണിപ്പൂര്‍ സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ കയറിവരെ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ മയ്‌തേയികള്‍ ആക്രമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകളില്‍ താമസിച്ചിരുന്ന കുക്കി-സോമി വിഭാഗക്കാരുടെ വീടുകള്‍ എല്ലാം അവര്‍ മാര്‍ക്ക് ചെയ്തിട്ടു. അത് ആക്രമികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു.

kuki village manipur
കുക്കി ഗ്രാമം Copyright@Woke Malayalam

കുക്കികളെ കൊന്ന് കഴിഞ്ഞാല്‍ അവര്‍ നാഗകളെയും ആക്രമിക്കും. ഇംഫാലിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് കുക്കികള്‍ താമസിക്കുന്നത്. നാഗകള്‍ കുറേകൂടി മയ്‌തേയി ഗ്രാമങ്ങളില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്. തമെങ്ലോംഗ്, ഉഖ്രൂള്‍ എന്നിവ നാഗാ ആധിപത്യമുള്ള ജില്ലകളാണ്. ഞങ്ങള്‍ അതിര്‍ത്തികളില്‍ താമസിക്കുന്നതിനാണ് ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും കൂടുതലും വിധേയരാകുന്നത്. ഇംഫാല്‍ താഴ്വരയ്ക്ക് ചുറ്റുമുള്ള ഭൂമി പിടിച്ചെടുക്കാന്‍ മയ്‌തേയികള്‍ ആഗ്രഹിക്കുന്നുണ്ട്. നാഗന്മാരുമായി അവര്‍ക്കുള്ള ഉടമ്പടി എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. കുക്കികള്‍ തീര്‍ന്നതിന് ശേഷം അവര്‍ക്ക് നാഗകളെ തേടി പോകാനുള്ള പദ്ധതി ഉണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല. ഇനി അവര്‍ എന്ത് പദ്ധതി ആവിഷ്‌ക്കരിച്ചാലും അതിനെ തടയാന്‍ ഇവിടെ ആരും ഇല്ല. പ്രത്യേകിച്ചും ഭരണകൂടം അവരോടൊപ്പമാണ്.

വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കേണ്ടത് ആരെ ആണെന്ന കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മണിപ്പൂര്‍ പോലെയുള്ള ഒരു സംസ്ഥാനത്തെ കേരളവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ആളുകള്‍ വിദ്യാസമ്പന്നരാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. ഇവിടെ ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇവിടെ ആളുകള്‍ക്ക് ശബ്ദമുണ്ട്. എന്നാല്‍ അതൊക്കെ വിമത ശബ്ദങ്ങള്‍ ആണ്. ഇതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നവും.

ഒരു നേതാവിന് വോട്ട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അയാള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ ജനാധിപത്യം അതിന്‍റെ ആരംഭത്തില്‍ വെച്ചുതന്നെ മരിച്ചുപോയി എന്ന് പറയാം. ഏതെങ്കിലും ഒരു അണ്ടര്‍ഗ്രൗണ്ട് നേതാവ് ഭരണത്തില്‍ വരികയാണെങ്കില്‍ എല്ലാവരും അയാള്‍ക്ക് വോട്ടുചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇംഫാലിലെ സാഹചര്യം എന്താണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. ഇതാണ് നമ്മുടെ നേതാവ് എന്ന് അവര്‍ പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കണം. അതിനെതിരെ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇവിടെ ജനാധിപത്യമില്ല., ജോ പറഞ്ഞ് അവസാനിപ്പിച്ചു. 

അത്രയും സുദീര്‍ഘമായ സംസാരമായിരുന്നു ജോയുമായി. എന്ത് ക്ലാരിറ്റിയാണ് അവരുടെ വാക്കുകള്‍ക്ക്. ജനാധിപത്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചാണ് ജോ സംസാരിക്കുന്നത്. ന്യൂനപക്ഷത്തെ അദൃശ്യരാക്കുന്ന സംഘപരിവാര്‍ അജണ്ടകളെ കൃത്യമായി ഛേദിച്ചാണ് ജോ കുക്കി സമൂഹത്തിന്‍റെ പ്രശ്‌നങ്ങളെ ഉയര്‍ത്തിപ്പിടിച്ചത്. അവരുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം എന്‍റെ നമ്പര്‍ വാങ്ങി. എന്ത് സഹായത്തിനും എപ്പോള്‍ വേണമെങ്കിലും വിളിക്കണം എന്ന് പറഞ്ഞു. പിന്നീട് ചുരാചന്ദ്പൂരില്‍ പോയപ്പോഴും സേനാപതിയില്‍ പോയപ്പോഴും അവരുടെ കോളുകള്‍ എന്നെത്തേടി എത്തിയിട്ടുണ്ട്. 

FAQs

എന്താണ് സ്വച്ഛ് ഭാരത് മിഷൻ?

2014 ഗാന്ധിജയന്തി ദിനത്തിൽ’ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ്സ്വ ച്ഛ്ഭാരത് മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.

എന്താണ്  ഏകീകൃത സിവിൽ കോഡ്?

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

എന്താണ് ഇന്ത്യൻ ഭരണഘടന?

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരൻ്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.

എന്താണ് ഇന്ത്യൻ ദേശിയ പതാക?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിന് ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.  ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .

Quotes

രാഷ്ട്രീയം രക്തച്ചൊരിച്ചിലില്ലാത്ത യുദ്ധമാണ്, യുദ്ധം രക്തച്ചൊരിച്ചിലോടുകൂടിയ രാഷ്ട്രീയവും- മാവോ സെതൂങ്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.