Wed. Dec 18th, 2024
manipur meitei man in relief camp

സര്‍ക്കാര്‍ ഇവിടെ നിന്നും ഈ സൈന്യങ്ങളെ പിന്‍വലിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ അഞ്ച് ദിവസം അതിനുള്ളിൽ കുക്കികളെ മുഴുവനും ഈ ഭൂമിയില്‍ നിന്നും ഞങ്ങൾ അപ്രത്യക്ഷമാക്കും ഈ പ്രസ്താവന അമ്പരപ്പോടെയാണ് ഞാൻ കേട്ടത്

കദേശം ഒരു മണിക്കൂറോളം ക്യാമ്പിൽ കറങ്ങിയതിന് ശേഷമാണ് ലുങ്‌ജോങ്ങ് ബസന്തവുമായി സംസാരിക്കാന്‍ ഇരുന്നത്.  ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇക്കോ ബസാറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ കുക്കികളും മയ്‌തേയികളും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേരും കര്‍ഷകര്‍. ഒരുമിച്ച് കൃഷി ചെയ്യില്ലെങ്കിലും വിഭവങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇവര്‍ പരസ്പരം കൈമാറ്റം ചെയ്യും.അദ്ദേഹവുമായി ദീര്‍ഘമായ സംസാരം ആയിരുന്നു. കലാപം തുടങ്ങിയത് മുതല്‍ ഈ ക്യാമ്പില്‍ എത്തിയത് വരെയുള്ള സാഹചര്യങ്ങള്‍ അദ്ദേഹം വിവരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഓരോ വാക്കിലും കുക്കികളോടുള്ള വിരോധം മുന്നിട്ടുനില്‍ക്കുന്നുണ്ടായിരുന്നു. കുക്കികള്‍ ഇല്ലാത്ത ഒരു മണിപ്പൂര്‍ ആണ് തങ്ങളുടെ സ്വപ്നം എന്ന് പല സന്ദര്‍ഭത്തിലും അദ്ദേഹം പറയുകയുണ്ടായി. 

ലുങ്‌ജോങ്ങ് ബസന്തം പറഞ്ഞു തുടങ്ങി. ഒരു ഗ്രാമീണ മനുഷ്യന്‍ ആയതിനാല്‍ ഞങ്ങള്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ഞങ്ങള്‍ ഒരുമിച്ച് സമ്പാദിച്ചു, ഒരുമിച്ച് ജീവിച്ചു. സത്യത്തില്‍ ഞാനൊരു കഠിനാധ്വാനി ആണ്. ഒരു സ്‌കൂളും നടത്തുന്നുണ്ട്. മെയ് 3 ന് വൈകുന്നേരം 7:30 തോടെ  കുക്കി തീവ്രവാദികള്‍ എന്‍റെ ഗ്രാമം പൂര്‍ണ്ണമായും കത്തിച്ചു. പെട്ടെന്ന് നിരവധി ആളുകള്‍ ആയുധങ്ങളുമായി ഞങ്ങളുടെ ഗ്രാമത്തെ വളഞ്ഞു.അവര്‍ വീടുകള്‍ കത്തിക്കുകയും ഞങ്ങള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു. ആ ശബ്ദം കേട്ട് ഞങ്ങള്‍ കുട്ടികളുമായി ഓടുകയായിരുന്നു.

ഞങ്ങളുടെ അയല്‍ ഗ്രാമം ഗാംപ്യാങാണ്. ഗാംപ്യാങ് കുക്കി ഗ്രാമമാണ്. ആ ഗ്രാമത്തിലേക്ക് കടക്കവേ ധാരാളം ആളുകള്‍ ആയുധങ്ങളുമായി ഞങ്ങളെ വഴിയില്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. അവര്‍ എന്‍റെ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു. മാത്രമല്ല ആയുധങ്ങള്‍ ഉപയോഗിച്ച് ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ, ഭാഗ്യവശാല്‍ ഞങ്ങള്‍ ഗ്രാമം കടന്നു, ഞങ്ങള്‍ അയല്‍ ഗ്രാമത്തില്‍ എത്തി. ആ ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ സ്വന്തം ഗ്രാമത്തിലേക്ക് നോക്കി നിന്നു. എല്ലാം കത്തിനശിക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. അത്ര രാത്രിയിലും ഞങ്ങള്‍ക്ക് അത് പകല്‍ പോലെയാണ് തോന്നിയത്.

lungjong basantham meitei
ലുങ്‌ജോങ്ങ് ബസന്തം മയ്‌തേയി Copyright@Woke Malayalam

ഞങ്ങളെത്തിയത് സാംബായി എന്ന ഗ്രാമത്തിലാണ്. ഒരു രാത്രി സാംബായിയില്‍ തങ്ങി. അതിനുശേഷം ഞങ്ങള്‍ കുന്ദ്രക്പാമിലെ നൗറാം ബിഹാരി കോളേജില്‍ എത്തി. ഏകദേശം ഒന്നര മാസത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. അവിടെ വളരെ  വൃത്തിഹീനമാണ്. പല തരത്തിലുള്ള രോഗങ്ങളാല്‍ ഞങ്ങള്‍ കഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീട് ഞങ്ങള്‍ അവിടെ നിന്ന് ഇങ്ങോട്ട് മാറി. ഇവിടെ ഞങ്ങള്‍ക്ക് നല്ല താമസസൗകര്യമുണ്ട്.

മഴക്കാലം ഞങ്ങള്‍ ഞങ്ങളുടെ വയലില്‍ ജോലി ചെയ്യുന്ന സമയമാണ്. സ്വന്തം ഗ്രാമത്തിലേക്ക് തിരികെ പോയി അവിടെ ജോലി ചെയ്യാനും ജീവിക്കാനും ആഗ്രഹമുണ്ട് പക്ഷേ എന്ത് ചെയ്യും? എന്റെ ഗ്രാമം മുഴുവനും ചാരത്തിന് തുല്യമായെന്ന് ഞാന്‍ കേട്ടു. ഞങ്ങളുടെ ഗ്രാമം അവര്‍ ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്നുവെന്നും അവിടെ ഞങ്ങളുടെ സ്ഥലത്ത് പെയിന്റ് ചെയ്യുന്നുവെന്നും ചിലര്‍ പറയുന്നത് കേട്ടു, പക്ഷേ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഞങ്ങള്‍ കേട്ടത് മാത്രമാണ്.

വര്‍ഷങ്ങളായി മണിപ്പൂരില്‍ ഞങ്ങള്‍ മെയ്തികളാണ് ഭൂരിപക്ഷം, പക്ഷേ ഞങ്ങളുടെ സ്ഥലത്തില്‍ ഞങ്ങള്‍ ന്യൂനപക്ഷമാണ്. കാരണം ഞങ്ങളുടെ ഇക്കോ ഗ്രാമവും ഇക്കാവോയും ചെറിയ ഇടങ്ങളാണ്, ചെറിയ ബസാര്‍ എന്ന് പറയാം. അത് കുക്കികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ചുറ്റുമുള്ള പ്രദേശം കുക്കികളുടേതാണ്. അവിടെ ഞങ്ങള്‍ ന്യൂനപക്ഷമാണ്, അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ഞങ്ങളില്‍ നിന്ന് പലതവണ പണം പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

നിയമം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഇതൊക്കെ സംഭവിക്കുമോ? എന്തിനാണു കുക്കികള്‍ നിങ്ങളില്‍ നിന്നും പിടിച്ചുപറി നടത്തുന്നത് എന്ന എൻ്റെ ചോദ്യത്തിന് കുക്കികള്‍ക്ക് ഞങ്ങളുടെ സ്ഥലം കൈക്കലാക്കാന്‍ വേണ്ടിയാണ് എന്നാണ് ലുങ്‌ജോങ്ങ് പറഞ്ഞത്. 

കുക്കികള്‍ക്ക് മണിപ്പൂരില്‍ ഭൂമിയൊന്നുമില്ലെന്ന് എനിക്കറിയാം. യഥാര്‍ത്ഥത്തില്‍ അവര്‍ അഭയാര്‍ത്ഥികളാണ്, അവര്‍ ചിന്‍ ചിന്‍ കുക്കി ഗോത്രത്തില്‍ നിന്നാണ് വരുന്നതെന്ന് പറയാറുണ്ട്. മണിപ്പൂരിലെ കുക്കികള്‍ സര്‍ക്കാരിനോട് ഭൂമി  ആവശ്യപ്പെട്ടിരുന്നു.പക്ഷെ മണിപ്പൂര്‍ സര്‍ക്കാര്‍ അത് നല്‍കിയില്ല.മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാം. പക്ഷെ  എന്തിനാണ് അവര്‍ ഞങ്ങളെ കൊല്ലുന്നത്, എന്തിനാണ് അവര്‍ ഞങ്ങളുടെ വീടുകള്‍ കത്തിക്കുന്നത്.യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ മയ്‌തേയികളെയും കുക്കികളെയും തമ്മിലടിപ്പിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് തോന്നുന്നു. ഞങ്ങളെ രണ്ടായി വിഭജിച്ച് ഭരിക്കുക.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള അപ്രഖ്യാപിത അജണ്ടയുടെ ഭാഗമാണ്. മുമ്പ് സര്‍ക്കാരിനോട് കുക്കികള്‍ സ്വന്തമായി ഭൂമി ആവശ്യപ്പെട്ടത് പോലെ സ്വന്തമായൊരു ഭരണസംവിധാനമാണ് ഇപ്പോള്‍ ഞങ്ങൾ ആവശ്യപ്പെടുന്നത്. പക്ഷെ ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നത്. ഇരു കൂട്ടര്‍ക്കും മെയ്‌തെകളുടെ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് പരമമായ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ രണ്ടു ദിവസം കൊണ്ട് ഇവിടെ സമാധാനം കൊണ്ടുവരാനാകും. അത്രയ്ക്കുള്ള ആയുധബലം ഇന്ത്യയിലെ സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇവിടെയുള്ള സര്‍ക്കാര്‍ സൈന്യങ്ങള്‍ കുക്കികളെ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഈ അവസ്ഥയാണ് മയ്‌തേയികളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്. സര്‍ക്കാര്‍ ഇവിടെ നിന്നും ഈ സൈന്യങ്ങളെ പിന്‍വലിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ അഞ്ച് ദിവസം അതിനുള്ളിൽ കുക്കികളെ  മുഴുവനും ഈ ഭൂമിയില്‍ നിന്നും ഞങ്ങൾ അപ്രത്യക്ഷമാക്കും. കാരണം ഇവിടെ ഭൂരിഭാഗവും മയ്‌തേയികളാണ്.

relief camp imphal
ലുങ്‌ജോങ്ങ് ബസന്തം മയ്‌തേയി (ഇടത് നിന്ന് ആദ്യം) ക്യാമ്പിലെ അന്തേവാസികളോടൊപ്പം Copyright@Woke Malayalam

കുക്കികളെ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാക്കും എന്ന പ്രസ്താവന അമ്പരപ്പോടെയാണ് ഞാൻ കേട്ടത്. സൈന്യത്തെ പിന്‍വലിപ്പിച്ച് കുക്കികളെ വംശഹത്യ ചെയ്യണം എന്നാണോ നിങ്ങള്‍ പറയുന്നത് എന്ന് അമ്പരപ്പ് മറച്ചുവെക്കാതെ തന്നെ അദ്ദേഹത്തോട് ചോദിച്ചു. അതിനദ്ദേഹത്തിൻ്റെ മറുപടി ന്യൂനപക്ഷമായതിനാല്‍ കുക്കികളോട് ഇവിടത്തെ ഓരോ മയ്‌തേയികളും കരുണ കാണിക്കുകയാണ് എന്നാണ്. 

ഈ ന്യൂനപക്ഷങ്ങള്‍ ഭൂമി വെട്ടിപ്പിടിച്ച് ഞങ്ങളെ അഭയാര്‍ത്ഥികളാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ എൻ്റെ സ്വന്ത ദേശത്ത് ഞാനൊരു അഭയാര്‍ത്ഥിയായിരിക്കുകയാണ്. ഈ സംസ്ഥാനത്തിനൊരു മുഖ്യമന്ത്രിയുണ്ട് , പക്ഷേ അദ്ദേഹത്തിൻ്റെ എല്ലാ അധികാരങ്ങളും ഇപ്പോള്‍ എടുത്തുകളഞ്ഞു. അതിനാല്‍ അവര്‍ക്ക് ഇനിയൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിനോട് ഇവിടെ സമാധാനം കൊണ്ടുവരാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. ശ്രമിച്ചാല്‍ അവര്‍ക്ക് രണ്ട് ദിവസങ്ങള്‍ കൊണ്ട് സാധിക്കും. 

താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്ന കുക്കികള്‍ക്ക് ഒട്ടേറെ അത്യാധുനിക ആയുധങ്ങള്‍ സ്വന്തമായുണ്ട്. ഈ ആയുധങ്ങളുടെ സഹായത്താല്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ആയുധങ്ങള്‍ തന്നാലും ഇല്ലെങ്കിലും ഞങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ഞങ്ങള്‍ക്ക് മരണം വരെ പോരാടേണ്ടതുണ്ട്. ഞങ്ങളുടെ കൈവശമുള്ള തോക്കുകളെല്ലാം തന്നെ ലൈസന്‍സുള്ളവയാണ്. എന്നാല്‍ ഇന്ത്യയിലെ ആര്‍മികള്‍ പോലും കാണാത്ത തരത്തിലുള്ള അത്യാധുനിക ആയുധങ്ങളാണ് കുക്കികളുടെ കൈവശമുള്ളത്. വിദേശ നിര്‍മ്മിതമായ ഒട്ടേറെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ പോരടിക്കുന്നത്. അവ ഉപയോഗിച്ച് എത്ര ദൂരെ നിന്നും ലക്ഷ്യം തകര്‍ക്കാന്‍ അവര്‍ക്കാകും. 

അസം റൈഫിള്‍സും കുക്കികളെ സഹായിക്കുന്നുണ്ട്. അതിന് വീഡിയോ ഫൂട്ടേജുകള്‍ ഉള്‍പ്പെടെ ധാരാളം തെളിവുകളുണ്ട്. മണിപ്പൂരില്‍ അസം റൈഫിളിൻ്റെ ആവശ്യം ഞങ്ങള്‍ക്കില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ അവരെ പിന്‍വലിക്കട്ടെ. അസം റൈഫിളിലെ  ചിലര്‍ നല്ലവരായിരിക്കാം, അവര്‍ കുക്കി ജനതയെ സഹായിക്കുന്നുമുണ്ടാവില്ല. എന്നാല്‍ പലയിടത്തും അസം റൈഫിളുകള്‍ അവരോടൊപ്പം അക്രമങ്ങളില്‍ കൂട്ടാളികളാകുന്നുണ്ട്. അസം റൈഫിളുകള്‍ മയ്‌തേയികളെ കൊല്ലുകയാണ്. അതിനാല്‍ ഈ കലാപത്തെ ഒരു യുദ്ധമെന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല, അങ്ങനെ അല്ലെങ്കില്‍ പോലും.

മണിപ്പൂര്‍ ഒരു സാംസ്‌കാരിക ഭൂമിയാണ്, കൃഷിഭൂമിയാണ്.കൃഷിയില്ലാതെ ഞങ്ങള്‍ക്ക് ഒന്നിനും കഴിയില്ല. ഈ നിലയില്‍ മുന്നോട്ടു പോകുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ കുട്ടികള്‍ ഭക്ഷണമില്ലാതെ ജീവിക്കേണ്ടി വരുമെന്ന കാര്യമോര്‍ത്ത് ഉള്ളില്‍ ഭയം തോന്നുന്നുണ്ട്. ഞങ്ങള്‍ കര്‍ഷകര്‍ അങ്ങനെ വരും വര്‍ഷത്തേക്കുള്ള ധാന്യങ്ങള്‍ സൂക്ഷിച്ചാണ് ഇതുവരെയും ജീവിച്ചുപോന്നത്. എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. പട്ടിണിയും അതിനെത്തുടര്‍ന്നുള്ള മരണവുമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ളത്.

 ഈ ചിന്തകള്‍ ഞങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്നത് ഈ സര്‍ക്കാരുകള്‍ ഞങ്ങളെ കൊല്ലാന്‍ പദ്ധതിയിടുകയാണെന്നാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കുക്കികളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് കൈവശമുള്ള ഭൂമിയ്ക്ക് തുല്യമായുള്ള നഷ്ടപരിഹാരം തരാന്‍ തയ്യാറാകണം. മനുഷ്യനായത് കൊണ്ട് തന്നെ ജീവിക്കാന്‍ ഭക്ഷണവും വെള്ളവും വസ്ത്രവും നമുക്ക് ആവശ്യമാണ്. ഇതിനെല്ലാമായി ഞങ്ങള്‍ക്ക് ജോലി ചെയ്യേണ്ടതുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഞങ്ങളെ ഞങ്ങളുടെ വയലില്‍ നടക്കാന്‍ പോലും അനുവദിക്കുന്നില്ല. ആ സാഹചര്യത്തെ ഓര്‍ത്തുകൊണ്ടാണ് ഞങ്ങള്‍ ഈ റിലീഫ് ക്യാമ്പിൽ കഴിയുന്നത്.

imphal meitei relief camp
റിലീഫ് ക്യാമ്പിൽ വിശ്രമിക്കുന്നവർ Copyright@Woke Malayalam

ഞങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പാക്കറ്റ് ഭക്ഷണമാണ് കഴിക്കുന്നത്. ഞങ്ങള്‍ സാധരണയായി വയലില്‍ നിന്നും ലഭിക്കുന്ന അരി മാത്രമാണ് ഭക്ഷിച്ചിരുന്നത്. അത് വളരെ രുചിയുള്ളതുമായിരുന്നു. ഇപ്പോള്‍ കഴിക്കുന്ന ഭക്ഷണം അങ്ങനെയുള്ളതല്ലാത്തതിനാല്‍ ഇവിടെയുള്ള എല്ലാ കുടുംബങ്ങളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്റെ അമ്മയ്ക്ക് 95 വയസ്സ് കഴിഞ്ഞു അവര്‍ക്ക് ഈ ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. അതിനാല്‍ അവരെ ഇപ്പോള്‍ ഒരു ബന്ധു വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.

എനിക്ക് മൂന്ന് മക്കളുണ്ട്, ഒരു മനുഷ്യനെന്ന നിലയില്‍ എൻ്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. മണിപ്പൂരിലെ സര്‍ക്കാര്‍ സൗജന്യമായി വിദ്യാഭ്യാസം നല്‍കാമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, എന്റെ കുട്ടികളെ അങ്ങനെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ എല്ലാവരും തന്നെ സ്വകാര്യ സ്‌കൂളുകളിലാണ് പഠിച്ചത്. സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് മണിപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. അതിനാലാണ് അവരെ നല്ല സ്ഥാപനങ്ങളിലയച്ച് വിദ്യാഭ്യാസം നേടാന്‍ ഞാന്‍ ശ്രമിച്ചത്.

ഈ കലാപങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം?

വളരെ സമാധാനപരമായ ജീവിതമായിരുന്നു ഈ കലാപങ്ങള്‍ക്ക് മുമ്പ് വരെ ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഞാന്‍ ഒരു അത്ര ധനികനല്ല. എനിക്ക് കൃഷി ചെയ്യാന്‍ മതിയായ ഇടമില്ല. പക്ഷേ ഒരു ഉപജീവനത്തിനുള്ളത് എൻ്റെ കൈവശമുണ്ട്. അവിടെ നിന്നും ശേഖരിച്ച 70 ചാക്ക് നെല്ലാണ് കലാപത്തെ തുടര്‍ന്ന് എനിക്ക് നഷ്ടമായത്. എനിക്ക് കുറച്ച് ഉരുളക്കിഴങ്ങ് തോട്ടവും ഉണ്ട്. അവിടെ മൂന്ന് തരം ഉരുളക്കിഴങ്ങുകള്‍ ഞാന്‍ കൃഷി ചെയ്യുന്നുണ്ട്. ഗ്രാമീണ ജീവിതമാണെങ്കിലും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

വലിയ ടിവിയും ഫ്രിഡ്ജും രണ്ട് സെറ്റ് കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ എല്ലാം എൻ്റെ വീട്ടില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു ഐ20 കാറുണ്ടായിരുന്നു. ഉണ്ടായിരുന്ന മറ്റൊരു ചെറിയ വാഹനം കലാപത്തില്‍ കത്തി നശിച്ചു. ഞങ്ങളുടേത് മലയോരത്തോട് ചേര്‍ന്നുള്ള ഗ്രാമമായതിനാല്‍ നല്ല തണുപ്പായിരുന്നു. നഗരത്തിലേത് പോലെ അത്ര ചൂടുണ്ടായിരുന്നില്ല. അവിടത്തെ വെള്ളം വളരെ ശുദ്ധമായതും രുചിയുള്ളതുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ മലനിരകളിലെ കല്ലുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം അത്രയേറെ ശുദ്ധമായിരുന്നു.

എൻ്റെ ഗ്രാമത്തില്‍ എല്ലാം നല്ലതായിരുന്നു. അതുകൊണ്ടു തന്നെ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ആരോഗ്യവാന്മാരായിരുന്നു. അവിടെ വലിയ കളിസ്ഥലങ്ങളുണ്ട്. രാത്രികളില്‍ പോലും കളിക്കാനുള്ള സാഹചര്യം അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ അഞ്ചോളം കുക്കി കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ ഭക്ഷണങ്ങള്‍ പങ്കുവെച്ച് കഴിക്കാറുണ്ടായിരുന്നു. അവര്‍ ഞങ്ങളെ ഒന്നും തന്നെ ചെയ്തിരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ മയ്‌തേയികളാണ് ഭൂരിഭാഗമെങ്കിലും കുക്കികളെ ഞങ്ങള്‍ സ്‌നേഹിച്ചിരുന്നു, അതുപോലെ അവര്‍ ഞങ്ങളെയും. ഞങ്ങളുടെ പ്രദേശത്ത് രണ്ട്‌  നദികളുണ്ടായിരുന്നു. അതോടൊപ്പം ഒട്ടേറെ ചെറിയ നദികളുമുണ്ടായിരുന്നു. വേര്‍തിരിവില്ലാതെ ഞങ്ങള്‍ ഒരുമിച്ചാണ് അതിൻ്റെ തീരങ്ങളില്‍ താമസിച്ചിരുന്നത്. 

ഇവിടെയും ഞങ്ങള്‍ക്ക് സന്തോഷമാണ്. ഈ സ്ഥലം അത്ര മോശമല്ല. ഞങ്ങള്‍ ഇപ്പോള്‍ കഴിയുന്നത് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ്. ഇവിടെയും കുട്ടികള്‍ക്ക് കളിക്കാന്‍ ഒട്ടേറെ സ്ഥലങ്ങള്‍ ഉണ്ട്. എൻ്റെ മകന്‍ ഇവിടെ ബോക്‌സിംഗ് പരിശീലിക്കുന്നുണ്ട്. രണ്ടാമത്തെ മകൻ്റെ കോളേജ് ഇവിടെ നിന്നും അധികം ദൂരത്തിലല്ല. എങ്കിലും ഞാന്‍ അവനെ ഹോസ്റ്റലില്‍ നിര്‍ത്തിയിരിക്കുകയാണ്. 

മണിപ്പൂരിലെ മയ്‌തേയി ജനതകള്‍ വിദ്യാഭ്യാസമുള്ളവരാണോ?

അങ്ങനെ പറയാമെന്ന് തോന്നുന്നു. പക്ഷേ മയ്‌തേയികള്‍ കൂടുതലും എഞ്ചിനീയറോ ഡോക്ടറോ ആകാനാണ് ശ്രമിക്കുന്നത്. ഭൂരിഭാഗം മയ്‌തേയികളും ഐഎഎസ് പോലെയുള്ള അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ താല്പര്യം കാണിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് മണിപ്പൂരിലെ ഐഎഎസ്, ഐപിഎസ് ജോലികളില്‍ കൂടുതലും കുക്കികളെ കാണാന്‍ സാധിക്കുന്നത്. 

മണിപ്പൂരില്‍ 21 സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരുണ്ട്, അതില്‍ 19 പേരും കുക്കികളാണ്. ഇവരുടെയൊക്കെ ബലത്തിലാണ് കുക്കികള്‍ ഇവിടെ തോന്നിയത് പോലെയൊക്കെ ചെയ്യുന്നത്. കാങ്‌പോക്പിയില്‍ കൂടുതലും കുക്കികളാണ്. അവര്‍ അവരുടെ ടെറിട്ടറി വലുതാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തിയാല്‍ ഇതെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. പക്ഷേ അവര്‍ ബധിരരും മൂകരുമായി നിലനില്‍ക്കുകയാണ്. 

അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു ഇന്ത്യയുടെ ഭാവി നരേന്ദ്രമോദിയുടെ കൈകളിലാണെന്ന്, അതിനായി അവര്‍ എന്തെല്ലാമോ ചെയ്തു കൂട്ടുന്നു. അവര്‍ മന്‍ കി ബാത്ത് മാത്രമേ നടത്തുന്നുള്ളൂ. എന്നിട്ട് എവിടെ ഇപ്പോള്‍ മോദിയുടെ മന്‍ കി ബാത്ത് ഒന്നും കേള്‍ക്കാനില്ലല്ലോ. മണിപ്പൂരിലെ മുഖ്യമന്ത്രി വരെ ഞങ്ങളോട് പറയുന്നത് മലകളിലേക്ക് മടങ്ങി പോകാനാണ്, അവര്‍ക്ക് അവിടെയുള്ളവരെ നയതന്ത്രരാക്കാനാണ് താല്പര്യം. 

ഇന്ത്യന്‍ സര്‍ക്കാര്‍ മലയോര പ്രദേശത്തുള്ളവരുടെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതേ മലയോര വാസികളാണ് ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്. അവിടെയുള്ള നാഗകളെ ഞാന്‍ ഉദ്ദേശിച്ചില്ല. അവര്‍ ഞങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്യാറില്ല. നാഗകളും ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്നവരാണ്. അവര്‍ ആരെയും കൊല്ലാന്‍ താല്പര്യപ്പെടുന്നില്ല. പക്ഷേ ഈ കുക്കികള്‍ ഞങ്ങളെ കൊന്നു തിന്നുകയാണ്. അവര്‍ മയ്‌തേയികളെ മുഴുവന്‍ ഈ ഭൂമിയില്‍ നിന്നു തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. 

യഥാര്‍ത്ഥത്തില്‍ മയ്‌തേയികള്‍ക്ക് ഗോത്ര പദവി ആവശ്യമുണ്ടോ?

തീര്‍ച്ചയായുമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മണിപ്പൂരിനെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തുന്നതിന് വേണ്ടി പോരാടുന്നതില്‍ ഞങ്ങള്‍ മുന്‍ നിരയിലുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ മണിപ്പൂര്‍ ഇന്ത്യയിലായിരുന്നില്ല. അറിയപ്പെടുന്നതുപോലെ അത് മ്യാന്‍മാറിന്റെ ഭാഗമല്ല, മണിപ്പൂര്‍ എന്നത് മുന്‍പ് ചെറു നാട്ടുരാജ്യമായിരുന്നു. അന്ന് മണിപ്പൂരിന് സ്വന്തമായി ഭരണഘടനയുണ്ട്, സ്വന്തമായി സംസ്‌കാരമുണ്ട്, സ്വന്തമായി മതമുണ്ട്, സ്വന്തമായി ലിപിയുണ്ട്, സ്വന്തമായി എല്ലാമുണ്ട്. 

മണിപ്പൂരിൻ്റെ ഭാഷ തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം 1949-ല്‍ കലാപത്തെ തുടര്‍ന്ന്  ജവഹര്‍ലാല്‍ നെഹ്രു മണിപ്പൂര്‍ രാജാവുമായി ഷില്ലോങ്ങില്‍ വെച്ച് ഒപ്പിട്ട കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ യൂണിയനിലേക്ക് മണിപ്പൂര്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത് (യഥാർത്ഥത്തിൽ ജവാഹർലാൽ നെഹ്‌റുവു അല്ല കരാറിൽ ഒപ്പിട്ടത് ഇന്ത്യ ഗവർണ്മെന്റിന് വേണ്ടി ഒപ്പിട്ടത് വി പി മേനോൻ ആയിരുന്നു). 

മണിപ്പൂരില്‍ കുക്കികള്‍ എസ് ടി വിഭാഗത്തില്‍പ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് അവസരങ്ങള്‍ നിരവധിയാണ്. തദ്ദേശീയരായ മയ്‌തേയി ജനതയ്ക്കും എസ്ടിയില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയുണ്ട്. പക്ഷെ ഞങ്ങള്‍ ജനറല്‍ വിഭാഗത്തിലാണ്. ഈ കാരണം കൊണ്ട് തന്നെയാണ് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാകാത്തത്. ഞങ്ങള്‍ക്ക് മത്സരിക്കേണ്ടി വരുന്നത് ഇന്ത്യയിലെ മുഴുവന്‍  ജനതയോടാണ്. എന്നാല്‍ ഈ കുക്കികള്‍ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നുതുകൊണ്ട്  ഉദ്യോഗസ്ഥരാകാന്‍ ഏറെ അവസരം ലഭിക്കുന്നു. 45 ശതമാനം മാര്‍ക്ക് കിട്ടിയാലും കുക്കികള്‍ക്ക് പഠനത്തിലും തൊഴിലിലും നിരവധി അവസരങ്ങളുണ്ട്. പക്ഷേ ഞങ്ങള്‍ മയ്‌തേയികള്‍ 90 ശതമാനം നേടിയാലും യാതൊരു ആനുകൂല്യങ്ങളുമില്ല. ഒരു നല്ല കോളേജില്‍ പോലും അഡ്മിഷന്‍ ലഭിക്കില്ല. 

എൻ്റെ മകന് 86 ശതമാനം മാര്‍ക്ക് ഉണ്ട്, പക്ഷേ അവനും അഡ്മിഷന്‍ വലിയൊരു കടമ്പയാണ്. പക്ഷെ 45 ശതമാനമുള്ള കുക്കികളിലേക്ക് ഈ അവസരങ്ങള്‍ എല്ലാം തന്നെ പോകും. അതില്‍ ഒരു തീര്‍ച്ചയായും ഒരു അസ്വാഭാവികതയില്ലേ? ഞങ്ങള്‍ ഞങ്ങളുടെ ജീവനുവേണ്ടി മാത്രമാണ് പോരാട്ടം നടത്തുന്നത്. അങ്ങനെയുള്ളവരെ ദുര്‍ബ്ബലരാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.  ഞങ്ങള്‍ക്കെതിരെ പോരാടുന്നത് കുക്കികള്‍ മാത്രമല്ല, നിരവധി മ്യാന്മാര്‍ ജനങ്ങളും ഇവരോടൊപ്പമുണ്ട്. അവര്‍ സാധാരണയായി ലുങ്കികള്‍ മാത്രമാണ് ധരിക്കാറുള്ളത്. അവര്‍ക്ക് മണിപ്പൂരി സംസാരിക്കാനും അറിയില്ല. 

യഥാര്‍ത്ഥത്തില്‍ കുക്കികള്‍ക്ക് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഭൂമിയില്ല. അതുകൊണ്ടാണ് മണിപ്പൂരില്‍ ഒരു കുക്കി ഭൂമി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. നാഗാലാന്‍ഡിലും ആസാമിലും ത്രിപുരയിലുമൊക്കെ അവര്‍ക്ക് ധാരാളം സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം കുക്കികള്‍ക്ക് വേണ്ടി മ്യാന്മാര്‍ ജനത അസമിലും പോരാടിയിരുന്നതായി കേട്ടിട്ടുണ്ട്. തായ്‌ലാന്‍ഡില്‍ വരെ സമാന പോരാട്ടങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. 

കുക്കി ജനതകള്‍ സ്വയം അവകാശപ്പെടുന്നത് അവര്‍ ഇസ്രായേലില്‍ നിന്നുള്ളവരാണെന്നാണ്. ഇസ്രായേലിലും ധാരാളം കുക്കികള്‍ ഉണ്ടെന്നും ഇത് ഇസ്രായേലിലെ ഏറ്റവും താഴ്ന്ന ഗോത്രങ്ങളിലൊന്നാണെന്നും കേട്ടിട്ടുണ്ട്. ചില പുസ്തകങ്ങളില്‍ കുക്കികള്‍ അവിടെ നിന്നുള്ളവരാണെന്ന് കാണാം. എന്നാല്‍ അവര്‍ ഞങ്ങളോട് പറയുന്നത് ഇത് അവരുടെ സ്വന്തം ഭൂമിയാണെന്നും ഇത് അവരുടെ പൂര്‍വ്വസ്വത്താണെന്നുമെല്ലാമാണ്.

ഈ അവസ്ഥകളില്‍ ഞങ്ങള്‍ വളരെയധികം കഷ്ടപ്പാടിലൂടെയാണ് കടന്നു പോകുന്നത്, ഇന്ത്യന്‍ സര്‍ക്കാരിന് വേണമെങ്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവിടെ സമാധാനം പുനസ്ഥാപിക്കാം. അവര്‍ വേഗത്തില്‍ തന്നെ അത് ചെയ്യാന്‍ തയ്യാറാകണമെന്ന് ഞാന്‍ സത്യസന്ധമായി അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് സമാധാനം വേണം, അത് തരാതെ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ഞങ്ങളെ ഇങ്ങനെ അവഗണിക്കുകയാണെങ്കില്‍ ഇതൊരു  ആഭ്യന്തരയുദ്ധമായി മാറും. ഞങ്ങള്‍ മരിച്ചേക്കും.

സമാധാനപരമായ ജീവിതമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ സര്‍ക്കാരുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍, ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പഴയതുപോലെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ട് കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭൂമിക്ക് വേണ്ടി പോരാടുകയാണ് മയ്‌തേയി ജനത. ഒരു പക്ഷേ ഞങ്ങള്‍ മരിച്ചേക്കാം. പക്ഷേ ഞങ്ങളുടെ വരും തലമുറകള്‍ക്ക് സമാധാനപരമായ ഒരു ജീവിതം ഇവിടെയുണ്ടാകും.

മയ്‌തേയി ജനത ഇന്ത്യന്‍ ജനതയുടെ ഭാഗമായി നിന്ന് സാമൂഹികവും സാംസ്‌കാരികവുമായ ഒട്ടേറെ കാര്യങ്ങള്‍ പങ്കിട്ടുകൊണ്ട് സൗഹൃദ സമ്പര്‍ക്കത്തിലൂടെയാണ് പുലര്‍ന്ന് പോകുന്നത്. മയ്‌തേയികളുടെ സംസ്‌കാരം മറ്റ് വിശ്വാസ സംഹിതകളെ സ്വംശീകരിച്ച് ഉണ്ടായതാണ്. മയ്‌തെകളില്‍ കൂടുതലും ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ്, സനാമഹി എന്ന് വിളിക്കപ്പെടുന്ന അവരുടെ സ്വന്തം മതം ഇവിടെയുണ്ടായിരുന്നു. ഹിന്ദുക്കളെന്നാല്‍, യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹിന്ദുക്കളല്ല, എന്നാല്‍ ഹിന്ദു സംസ്‌കാരവും മയ്‌തേയ് സംസ്‌കാരവും തമ്മില്‍ വളരെയേറെ സാമ്യമുണ്ട്.

ഞങ്ങളുടെ മാതാപിതാക്കള്‍ മാംസം കഴിക്കാറില്ല, പക്ഷേ മീന്‍ കഴിക്കാറുണ്ട്. കോഴി, താറാവ് ഇങ്ങനെയുള്ള ഒന്നിനെയും വീട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. വീട്ടിലെ അടുക്കളയില്‍ അങ്ങനെയുള്ളതൊന്നും പാചകം ചെയ്യാന്‍ സാധിക്കില്ല. അഥവാ അങ്ങനെ ചെയ്യണമെങ്കില്‍ പുറത്ത് എവിടെയെങ്കിലും പോകണം. മയ്‌തെകള്‍ എല്ലാ ഭക്ഷണവും കഴിക്കുന്നവരാണ്, പക്ഷേ എല്ലാം സ്വന്തം വീട്ടില്‍ പാചകം ചെയ്യാറില്ല.

meitei womans cooking
ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കുന്ന മയ്തേയ്‌ സ്ത്രീകൾ Copyright@Woke Malayalam

ഞങ്ങളുടെ പൂര്‍വ്വികര്‍ ഗോത്രവര്‍ഗ്ഗക്കാരെപ്പോലെ ജീവിക്കുന്നവരായിരുന്നു. ഞങ്ങള്‍ മത്സ്യവും മാംസവും എല്ലാം തിന്നുകയും കാട്ടില്‍ പോയി വേട്ടയാടുകയും ചെയ്തിരുന്നു. കാട്ടില്‍ നിന്ന് കിട്ടുന്നതെന്തും അവര്‍ ഭക്ഷിച്ചിരുന്നു. പൂര്‍വ്വകാലം മുതല്‍ ഞങ്ങള്‍ മയ്‌തേയികളാണ് ഇവിടം ഭരിച്ചിരുന്നത്. അത് തന്നെയാണ് ഇന്നിവിടെ ഭൂരിഭാഗവും മയ്‌തേയികളാകാന്‍ കാരണവും. ഞങ്ങള്‍ക്ക് ഗോത്രവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന ഏഴ് കുലങ്ങളുണ്ട്. അവരുമായി രക്തബന്ധം ഉള്‍പ്പെടെ വളരെ നല്ല ബന്ധവുമുണ്ട്. ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. കുക്കികളും വാദിക്കുന്നത് അവരും സഹോദരങ്ങളാണ് എന്നൊക്കെയാണ്. പക്ഷേ അവര്‍ ഞങ്ങളുടെ ചിന്തകള്‍ക്ക് നേരെ വിപരീതരാണ്.

കുക്കികളെ നിയന്ത്രിക്കുന്നത് ചില രാഷ്ട്രീയ നേതാക്കളാണ്. അവരെല്ലാം തന്നെ നേതാക്കളുടെ പാവകളാകുകയാണ്. യഥാര്‍ത്ഥത്തില്‍ കുക്കികള്‍ക്ക് മണിപ്പൂരിൻ്റെ മണ്ണില്‍ തുടരാന്‍ അവകാശമില്ല. ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാര്‍ 30000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരും തലമുറകള്‍ക്ക് വേണ്ടി ഭൂമി സംരക്ഷിച്ചതിൻ്റെ ഫലമാണ് ഞങ്ങള്‍ മയ്‌തേയികള്‍ ഓരോരുത്തരും ഇവിടെ നിലകൊള്ളുന്നത്. ഈ ചരിത്രങ്ങളെല്ലാം ‘ചെയ്താരോൽ കുംബാബ’ എന്ന മണിപ്പൂരിൻ്റെ ചരിത്രത്തിലുണ്ട്.

മയ്‌തേയി രാജാക്കന്മാരുടെയും നാട്ടുരാജ്യങ്ങളുടെയും മയ്‌തേയി ജനത മണിപ്പൂര്‍ ദേശത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്നതും അവര്‍ ഇപ്പോഴത്തെ മ്യാന്‍മറുമായി യുദ്ധം ചെയ്യുന്നതും അതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജവഹര്‍ലാല്‍ നെഹ്റുവിൻ്റെ കാലത്ത് കാബു വാലി എന്നറിയപ്പെടുന്ന ചില പ്രദേശങ്ങള്‍ മ്യാന്‍മറിന് നല്‍കിയിട്ടുണ്ട്. കാബു വാലി അതുവരെ മണിപ്പൂരിൻ്റെ ഭാഗമായിരുന്നു. അന്നും മണിപ്പൂര്‍ ജനത പോരാടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായത്തില്‍ എത്ര നാള്‍ ഈ കലാപം തുടരും?

സര്‍ക്കാര്‍ ഇതേ മനോഭാവം തുടരുകയാണെങ്കില്‍ ഈ അവസ്ഥ 10 വര്‍ഷം വരെ തുടര്‍ന്നേക്കും. സര്‍ക്കാര്‍ എല്ലാ സുരക്ഷാസേനകളെയും തിരിച്ചു വിളിക്കുകയാണ് വേണ്ടത്. എന്നാല്‍ ആയുധങ്ങളൊന്നും തന്നെയില്ലാതെ അവര്‍ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അവര്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിയുമെങ്കില്‍ കൊല്ലുക. അല്ലാത്തപക്ഷം ഞങ്ങള്‍ യുദ്ധം ചെയ്യും. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യാന്‍ കഴിയുന്നില്ല. കാരണം സര്‍ക്കാരിൻ്റെ സുരക്ഷാ സേനകള്‍ ഞങ്ങളെയാണ് തടയുന്നത്. മലയോര മേഖലയില്‍ ഈ സേനകള്‍ പ്രവര്‍ത്തിക്കുന്നില്ല. മയ്‌തേയികളുടെ ജനവാസ മേഖലയില്‍ മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

മയ്‌തേയി ഗ്രാമത്തില്‍ നിന്ന് ചില ആയുധങ്ങള്‍ തട്ടിയെടുത്തതായി വാര്‍ത്ത കേട്ടിരുന്നു. മയ്‌തേയി ഗ്രാമത്തില്‍ നിന്ന് അവര്‍ തട്ടിയെടുക്കുന്ന ഇത്തരം ആയുധങ്ങള്‍ക്ക് ലൈസന്‍സുണ്ട്. എന്നാല്‍ കലാപത്തിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കോപാകുലരായ മയ്‌തേയി ജനങ്ങള്‍ മണിപ്പുര്‍ പൊലീസ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് ആയുധങ്ങള്‍ എടുത്തിരുന്നു. ഏതാണ്ട് 2000 ല്‍ അധികം ആയുധങ്ങളുണ്ടായിരുന്നു അത്. (യഥാര്‍ത്ഥത്തില്‍ മണിപ്പൂര്‍ പൊലീസിന്റെ ഒത്താശയോടെ 4500 ആയുധങ്ങളാണ് മയ്തേയികള്‍ മോഷ്ടിച്ചത്)

ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ സര്‍ക്കാര്‍ പറഞ്ഞ പ്രകാരം അതെല്ലാം തിരികെ കൊടുത്തു. ഞങ്ങളുടെ പക്കല്‍ ചില ആയുധങ്ങളുണ്ട്. അത് ഉപയോഗിച്ച് ഞങ്ങള്‍ യുദ്ധം ചെയ്യുന്നു. പക്ഷെ മലയോരങ്ങളിലുള്ള ഈ കുക്കികള്‍ സമാധാനത്തിന്റെ എല്ലാ നിയമങ്ങളും ലംഘിക്കുകയാണ്. ഉടമ്പടി പ്രകാരം അവരും എല്ലാ ആയുധങ്ങളും തിരികെ കൊടുക്കട്ടെ. പക്ഷേ അതൊന്നും നടക്കാന്‍ പോകുന്നില്ല. ഈ കുക്കികള്‍ ഞങ്ങളെ വെല്ലുവിളിക്കുകയാണ്. ഇന്നലെയും എവിടെയൊക്കെയോ ചില അനിഷ്ട സംഭവങ്ങളുണ്ടായി. സര്‍ക്കാര്‍ ഇപ്പോഴും എന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഏതായാലും ഒരു ഏറ്റുമുട്ടലിന് താല്പര്യമില്ല. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യട്ടെ, അതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സമാധാനമായാലും ഞങ്ങളുടെ മരണമായാലും.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഞങ്ങള്‍ക്ക് പുതിയ വീട് പണിതു തരാമെന്ന് പറയുന്നുണ്ട്. അതുവരെ താൽക്കാലികമായി താമസിക്കാന്‍ ഒരിടവും ഉറപ്പു തരുന്നുണ്ട്. അവയില്‍ ചിലതിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ ആ വീടുകള്‍ക്ക് ആകെ ഒരു മുറിയെ ഉള്ളൂ. അവിടെയെങ്ങനെ ഞങ്ങള്‍ താമസിക്കും. എത്ര കാലം അവര്‍ ഞങ്ങളെ അവിടെ സംരക്ഷിക്കും, ഞങ്ങള്‍ക്ക് ഭക്ഷണം തരും. ഈ ചിന്തകള്‍ വല്ലാതെ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.

 10 കുക്കി എം എല്‍ എമാര്‍ ഇവിടെയുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഇവിടെ പാവകളിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ കുക്കി തീവ്രവാദികളെ പിന്താങ്ങുകയാണ്. ഈ കുക്കികള്‍ യഥാര്‍ത്ഥത്തില്‍ ഈ കാലാപത്തിനിടയിലൂടെ അവരുടെ അംഗബലം കൂട്ടാനാണ് ശ്രമിക്കുന്നത്. അവര്‍ അഭയാര്‍ത്ഥികളെയും ലുങ്കി ധരിക്കുന്നവരെയും കൂടെ ചേര്‍ക്കുകയാണ് ചെയ്യുന്നത്. മ്യാന്മാറില്‍ നിന്നുള്ളവര്‍ക്ക് ഇവിടത്തെ ഭാഷയറിയില്ല. അവര്‍ പറയുന്നതെന്താണെന്ന് ആര്‍ക്കും മനസ്സിലാവില്ല. 

ലുങ്‌ജോങ് പറഞ്ഞിരിക്കുന്ന ഈ വിവരണങ്ങള്‍ തന്നെയാണ് ഞാന്‍ കണ്ടുമുട്ടിയ മറ്റു മയ്തേയികളും പറഞ്ഞത്. മൂവ്വായിരം ആണ്ടിൻ്റെ ചരിത്രം മുതലുള്ള കഥകള്‍ എല്ലാവരും ഒരുപോലെ വള്ളിപുള്ളി തെറ്റാതെ പറയും. കുട്ടികള്‍ക്ക് വരെ ഈ കഥകള്‍ കാണാപാഠമാണ്.

ലുങ്‌ജോങ്ങിനോട് സംസാരിച്ച് കഴിഞ്ഞതിന് ശേഷം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ബ്രേക്ക്ഫാസ്റ്റ് ആണെന്ന് കരുതി ഞാന്‍ പറഞ്ഞു വേണ്ടാ എന്ന്. എന്നാല്‍ ക്ഷണിക്കുന്നത് ഉച്ച ഭക്ഷണം കഴിക്കാനാണ്. ഏതാണ്ട് 10.30 ആയിക്കാണും. ഇത്ര നേരത്തെ ഉച്ചഭക്ഷണം കഴിക്കുമോ? ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. മയ്തേയികളുടെ പ്രഭാത ഭക്ഷണം രാവിലെ 6 മണിക്കാണ്. ഉച്ച ഭക്ഷണം 11 മണിയോടെ, രാത്രി ഭക്ഷണം വൈകീട്ട് അഞ്ചു മണിയോടെ. ഭക്ഷണം ആകാന്‍ താമസം ഉള്ളതിനാല്‍ ലുങ്‌ജോങിന്റെ മുറിയിലേയ്ക്ക് കൂട്ടികൊണ്ടുപോയി ഭാര്യയേയും ഇളയ മകനെയും പരിചയപ്പെടുത്തി. പിന്നീട് നടന്നത് രണ്ട് സംസ്‌കാരങ്ങളെ, ജീവിത രീതികളെ, ഭക്ഷണത്തെ, വിദ്യാഭ്യാസത്തെ, വികസനത്തെ ഒക്കെ കുറിച്ചുള്ള സംസാരങ്ങള്‍ ആയിരുന്നു. 

 കേരളത്തെ പോലെ മണിപ്പൂരും എല്ലാ മേഖലയിലും വികസിച്ച് മുന്നേറണം എന്നാണ് ലുങ്‌ജോങ്ങിലെ ആഗ്രഹം. എന്നാൽ ആ വികസനത്തിനുള്ളില്‍ മയ്‌തേയികള്‍ മാത്രമേ ഉള്ളൂവെന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു. നിങ്ങളുടെ സംവരണ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദമാണ് കേരളത്തിലും ഭരണകൂടത്തിനും സവര്‍ണ ജനത്തിനും ഉള്ളതെന്നും നിങ്ങള്‍ ഗോത്രങ്ങളോട് ചെയ്യുന്നത് എൻ്റെ നാട്ടിലും ഇത്രയും ക്രൂരമായിട്ടല്ലെങ്കിലും നടക്കുന്നുണ്ടെന്നും. പക്ഷേ ഞാന്‍ മിണ്ടാതിരുന്ന് അദ്ദേഹം പറയുന്നത് എല്ലാം മൂളി കേട്ടുകൊണ്ടിരുന്നു. 

metei childrens watching tv
റിലീഫ് ക്യാമ്പിൽ ടിവിയിൽ സിനിമ കാണുന്ന മയ്തേയി കുട്ടികൾ Copyright@Woke Malayalam

ഇടക്ക് തമിഴ് സിനിമകളെ കുറിച്ചും കൊറിയന്‍ സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ ഇളയ മകന്‍ സംസാരിച്ചു. കൊറിയന്‍ സിനിമകളുടെ ഭ്രാന്തമായ ആരാധകരാണ് മണിപ്പൂരികള്‍. മംഗോളിയന്‍ പാരമ്പര്യം ഉള്ളത് കൊണ്ടാണോ ഈ ആരാധന എന്ന് തോന്നിപ്പോകും.

തോല് കളയാതെ ആണ് ചിക്കന്‍ കറി വെച്ചിരിക്കുന്നത്. കൂടെ എന്തൊക്കെയോ ഇലകള്‍ കൊണ്ടുള്ള സാലഡും. സാലഡ് രുചിച്ച് നോക്കിയതും ചര്‍ദ്ദിക്കാന്‍ തോന്നി. എല്ലാ കാര്യത്തിലും ഓസിഡിയുള്ള ഞാന്‍ തോല് കളയാത്ത ചിക്കന്‍ കറിയ്ക്ക് മുമ്പില്‍ തോറ്റുകൊടുത്തു.

പകുതി വെന്ത അരിയാണ് ചോറിനായി ഉപയോഗിച്ചിരിക്കുന്നത്. ഇടക്ക് കനലിലിട്ടു വേവിച്ച ഉണക്കമീന്‍ രുചി നോക്കാനായി തന്നു. ഉപ്പിടാതെ ഉണക്കിയെടുക്കുന്ന മത്സ്യം അതുപോലെയാണ് ഇവര്‍ കഴിക്കുക.. ചോറ് കഴിക്കുന്നതിനിടെ ലുങ്‌ജോങ് മണിപ്പൂരി ഭക്ഷണത്തിൻ്റെ മഹിമ പറഞ്ഞുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും രുചിയുള്ള അരിയാണ് അവരുടേതെന്നാണ് അദ്ദേഹം പറഞ്ഞത്. വിളവെടുപ്പ് നടക്കാത്തത് കൊണ്ട് പുറത്തുനിന്നുള്ള അരിയാണു ഇപ്പോള്‍ മണിപ്പൂരികള്‍ ഉപയോഗിക്കുന്നത്. രുചി വ്യത്യസ്തമായത് കൊണ്ടുതന്നെ പാടുപെട്ടാണ് ഭക്ഷണം കഴിച്ചുതീര്‍ത്തത്. 

FAQs

ആരാണ് വി പി മേനോൻ?

ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വി പി മേനോൻ. ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട്ബാറ്റൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു മേനോൻ. 1947-ൽ വിഭജനത്തിനു ശേഷം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി മാറിയ സർദാർ പട്ടേൽ, വി പി മേനോനെ സെക്രട്ടറിയാക്കി.

ആരാണ് ജവഹർലാൽ നെഹ്രു?

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

എന്താണ് ചെയ്താരോൽ കുംബാബ?

മണിപ്പൂരിൻ്റെ ആധുനിക കാലഘട്ടം വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന കൃതിയാണ് ചെയ്താരോൽ കുംബാബ. ‘മണിപ്പൂരിൻ്റെ രാജകീയ പുരാവൃത്തം’ എന്നും കൃതി അറിയപ്പെടുന്നു. മണിപ്പൂർ ഭരിച്ചിരുന്ന 76-ൽ കുറയാത്ത രാജാക്കന്മാരുടെ ഭരണത്തിൻ്റെ വിശദമായ പ്രതിമാസ രേഖകളും ഈ കൃതിയിൽ ഉണ്ട് , മണിപ്പൂർ രാജ്യത്തിൻ്റെ അതിശക്തമായ റഫറൻസ് ചരിത്രമാണ് ഇത്.

ആരാണ് മണിപ്പൂരിലെ അവസാന രാജാവ്?

മണിപ്പൂർ രാജ്യത്തിൻ്റെ അവസാനത്തെ ഭരണാധികാരി മഹാരാജ ബോധചന്ദ്ര സിംഗ് ആയിരുന്നു. 1941 മുതൽ 1949 ഒക്ടോബർ 15 വരെ അദ്ദേഹം മണിപ്പൂർ ഭരിച്ചു. 1949ൽ മണിപ്പൂർ രാജ്യത്തെ ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ബോധചന്ദ്ര സിംഗിന് രാജാധികാരം നഷ്ടപ്പെടുകയും ചെയ്തു.

Quotes

ജനാധ്യപത്യം എന്നാൽ സഹിഷ്ണുതയാണ് നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല. നമ്മളോട് വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത – ജവഹർലാൽ നെഹ്രു

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.