Thu. Nov 21st, 2024
cochlear implantation, sruthytharangam

അവൾ ഇപ്പോൾ എന്നെ അമ്മയെന്ന് വിളിക്കാറില്ല. ആരോടും കൂട്ടുകൂടാറില്ല. സ്കൂളിൽ നിന്ന് വന്നാൽ അധിക സമയവും ചിലവഴിക്കുന്നത് മുറിക്കുള്ളിലാണ്

ശ്ര വണ സഹായി തകരാറിലായതിനെ തുടർന്ന് പഠനം തുടരാനാകാതെ ബുദ്ധിമുട്ടുകയാണ് ഹരിപ്പാട്, നങ്ങ്യാർകുളങ്ങര സ്വദേശിനി ഷാലു. തനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ലെന്നും പഠിക്കാൻ ബുദ്ധിമുട്ടാണെന്നും തന്റെ അക്ഷരങ്ങളിലൂടെ ഷാലു അറിയിക്കുമ്പോൾ ഒരു വിദ്യാർത്ഥിനിയുടെ ആശങ്കയും നിസ്സഹായതയും അവളിൽ പ്രകടമാകുന്നുണ്ട്.

ഷാലു ഇപ്പോൾ ഒന്നും കേൾക്കുന്നില്ല, കേൾവി ശക്തി ലഭിച്ചപ്പോൾ പരിശീലനത്തിലൂടെ ചെറിയ രീതിയിലെങ്കിലും ആര്‍ജ്ജിച്ചെടുത്ത സംസാരശേഷിയും ഷാലുവിന് നഷ്ടമായി. പഠനത്തിലും മറ്റുള്ളവരോട് സംവദിക്കുന്നതിലുമെല്ലാം പൊതുവെ ഉത്സാഹം കാണിച്ചിരുന്ന ഷാലുവിന് ഇപ്പോൾ എല്ലാത്തിനോടും മടുപ്പാണ്. എന്നാണ് തനിക്ക് പഴയതുപോലെ കേൾക്കാൻ സാധിക്കുകയെന്ന് മാത്രമാണ് അവൾക്കറിയേണ്ടത്. ബഥനി ബാലികാമഠം ഗേൾസ് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഷാലുവിന് കോക്ലിയർ ഇംപ്ലാൻറേഷനിലൂടെ ലഭിച്ച കേൾവി ശക്തി നഷ്ടമായിട്ട് നാല് മാസം പിന്നിടുന്നു. 

‘അവൾ ഇപ്പോൾ എന്നെ അമ്മയെന്ന് വിളിക്കാറില്ല. ആരോടും കൂട്ടുകൂടാറില്ല. സ്കൂളിൽ നിന്ന് വന്നാൽ അധിക സമയവും ചിലവഴിക്കുന്നത് മുറിക്കുള്ളിലാണ്.’ കേൾവി ശക്തി നഷ്ടപ്പെട്ടതോടെ മകളിലുണ്ടായ ഈ മാറ്റം തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അമ്മ ബീന പറയുന്നു. 

ജനിച്ച് രണ്ടര വയസ്സായപ്പോഴാണ് കുഞ്ഞിന് കേൾവി ശക്തിയില്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രമേശനും ഭാര്യ ബീനയും മകളുടെ ചികിത്സക്കായി നാട്ടിലെത്തുകയായിരുന്നു. എട്ട് ലക്ഷം രൂപയാണ് അന്ന് ഷാലുവിന്റെ സർജറിക്കും മറ്റുമായി പറഞ്ഞ തുക. ഇത്രയും വലിയ തുക തങ്ങൾക്ക് താങ്ങാനാവുന്നതിലും അധികമായതിനാൽ ചികിത്സ നീണ്ടുപോവുകയായിരുന്നു.

പിന്നീട് 2012 ജൂണിലാണ് തിരുവനന്തപുരം KIMS ഹോസ്പിറ്റലിൽ വെച്ച് ഷാലുവിന്റെ കോക്ലിയാർ ഇംപ്ലാൻറേഷൻ സർജറി നടക്കുന്നത്. തന്റെ ആറര വയസ്സിൽ ശബ്ദങ്ങളുടെ ലോകത്തേക്കെത്തിയ ഷാലു പതിയെ ചെറിയ വാക്കുകൾ ഉച്ചരിച്ച് തുടങ്ങി. ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങി. ചെറുപ്പം മുതലെ പഠനത്തിൽ താൽപര്യമുണ്ടായിരുന്ന അവൾ തന്നാലാവുന്ന വിധം വിദ്യാഭ്യാസ രംഗത്തും മികവ് തെളിയിച്ചു. 

കേൾവി ശക്തിയില്ലാത്ത കുട്ടിയാണ് താൻ എന്ന് തോന്നിപ്പിക്കാത്ത വിധമാണ് ഷാലു മറ്റുള്ളവരോട്  ഇടപഴകിയിരുന്നത്. പലപ്പോഴും എങ്ങനെയാണ് അവർ സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കുകയും അതിനോട് പ്രതികരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട കേൾവി ശക്തി ഷാലുവിനെ പല രീതിയിലാണ് ബാധിച്ചത്. തന്റെ സാമൂഹ്യ ജീവിതത്തിനും വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകിയിരുന്ന അവൾ പെട്ടെന്ന് എല്ലാത്തിൽ നിന്നും പിന്നോട്ട് മാറിനിന്നു.

എപ്പോഴും തന്റെ മുഖത്ത് പുഞ്ചിരി സൂക്ഷിച്ചിരുന്ന അവൾ ആരെയും നോക്കി ചിരിക്കാതെയായി. വീട്ടിലുള്ളവരോട് പോലും സംസാരിക്കാനോ സമയം ചിലവഴിക്കാനോ താൽപര്യമില്ലാതെയായി. പതിയെ തന്നിലേക്ക് മാത്രമായി ഒതുങ്ങാനാണ് അവൾ ശ്രമിച്ചത്. 

കേൾക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് പിന്നീട് ദേഷ്യമായി മാറി. എല്ലാത്തിനോടും വെറുപ്പും മടുപ്പുമായി. സ്കൂളിലെത്തിയാൽ അധ്യാപകരോ കുട്ടികളോ പറയുന്നതെന്താണെന്ന് എനിക്ക് കേൾക്കാൻ സാധിക്കുന്നില്ലെന്നും ശ്രവണ സഹായി എന്നാണ് നന്നാക്കി കിട്ടുകയെന്നുമാണ് ഷാലുവിനെ ഇപ്പോൾ അലട്ടുന്നതെന്ന് അമ്മ പറയുന്നു.

കേൾവി ശക്തി നഷ്ടമായതോടെ  പഠനത്തിലും പിന്നോട്ട് പോയി. ‘ശ്രവണ സഹായി ഉപയോഗിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഉത്സാഹം ഇപ്പോൾ അവളിൽ കാണുന്നില്ല. ക്ലാസ് റൂമുകളിൽ തന്റേതായ രീതിയിൽ നോട്ടുകളെഴുതുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതിന്റെ വിഷമം അവൾക്കുണ്ട്’ അധ്യാപിക റാണി പറയുന്നു. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ശ്രവണ സഹായി ഉറപ്പാക്കുന്നതിനായി 2012ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ‘ശ്രുതിതരംഗം’.

കോക്ലീയർ ഇംപ്ലാൻറേഷൻ ശസ്ത്രക്രിയയിലൂടെ കേൾവി ശക്തി ലഭിക്കുമെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ശ്രവണ പരിമിതിയുള്ള അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സർജറിയിലൂടെ കേൾവി ശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷനിലൂടെ സംസാര ശേഷിയും ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്. സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരുന്ന പദ്ധതി നിലവിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലാണ്. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കുട്ടികൾക്കാണ് ‘ശ്രുതി തരംഗം പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുക.

എന്നാൽ കാലാവധി കഴിഞ്ഞ ഉപകരണങ്ങളുടെ നവീകരണത്തിനായി ഗവണ്‍മെന്റിൽ നിന്നും കൃത്യമായി ഫണ്ട് ലഭിക്കാതെ വന്നതോടെ കുട്ടികളുടെ കേൾവി ശക്തി നഷ്ടമായി. മെഡ് എൽ, അഡ്വാൻസ് ബയോണിക്സ്, കോക്ലിയർ തുടങ്ങിയ കമ്പനികൾ ഉപകരണങ്ങളുടെ ഉൽപാദനം നിർത്തിയതും ഇവർക്ക് തിരിച്ചടിയായി.

തകരാറിലായ ശ്രവണ സഹായിയുടെ നവീകരണത്തിനായി അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ് വരുക. ഇത്രയും തുക താങ്ങാനാവാതെ വരുന്നതോടെയാണ് പല കുടുംബങ്ങളും സഹായത്തിനായി സർക്കാരിനെ ആശ്രയിക്കുന്നത്. ഗവൺമെൻറിൽ നിന്നും ഫണ്ട് ലഭിക്കാതായതോടെ 500 കുട്ടികൾക്കാണ് കേൾവി ശക്തി നഷ്ടമായത്. 

ഉപകരണത്തിന്റെ ഭാഗങ്ങൾ വാങ്ങുന്നതിനും വലിയ ചെലവാണ് ഇവര്‍ വഹിക്കുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പലപ്പോഴും അതിന് കഴിയാറില്ലെന്ന് ഷാലുവിന്റെ അമ്മ പറയുന്നു. ഷാലുവിനെ പോലെ പഠനം പാതിവഴിയിലായ കുട്ടികളെക്കൂടി സർക്കാർ പരിഗണിക്കണിക്കേണ്ടതുണ്ട്. ഇവർക്കായി സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഇടപെടൽ ഉണ്ടായില്ലെങ്കിൽ നഷ്ടമാകുന്നത് ഒരു തലമുറ സ്വപ്നം കാണുന്ന ഭാവി ജീവിതമാണ്.

FAQs

1. എന്താണ് ശ്രുതിതരംഗം പദ്ധതി?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ശ്രവണ സഹായി ഉറപ്പാക്കുന്നതിനായി 2012ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ‘ശ്രുതിതരംഗം’.

2. എന്താണ് ശ്രവണ സഹായി?

കേൾവി ശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട ശ്രവണം ലഭിക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക്ക് വൈദ്യോപകരണങ്ങളാണ് ഹിയറിംഗ് എയ്ഡ്(hearing aid)അഥവാ ശ്രവണ സഹായി.

3. ആരാണ് ഉമ്മൻ ചാണ്ടി?

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി. 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.

4. എന്താണ് ബധിരത?

പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്.

Quotes

സന്തോഷം നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു – ബുദ്ധൻ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.