Sun. Dec 22nd, 2024
njattuvela fest

ഇരുപതിലധികം സ്റ്റാളുകളിലായി നിരവധി ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിലുള്ളത്

പ്രകൃതിദത്തമായ വിഭവങ്ങളൊരുക്കി മൂഴിക്കുളം ശാലയുടെ ഞാറ്റുവേല ഫെസ്റ്റ്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്റെ ഉൽപ്പന്നങ്ങളും കലാപരിപാടികളും കാണികൾക്ക് പ്രിയമുള്ളതാവുകയാണ്. കയർ ഉൽപന്നങ്ങളിൽ തുടങ്ങി ആറന്മുള കണ്ണാടി വരെ ഇവിടെ പ്രദർശനത്തിനും വിപണനത്തിനുമായി സജ്ജമാക്കിയിട്ടുണ്ട്. വിവിധ കലാപരിപാടികളോടെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ദിനംപ്രതി നിരവധി സന്ദർശകരാണ് എത്തുന്നത്.

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, ആകാശവാണി കൊച്ചി, ഇന്ത്യ ഹെറിറ്റേജ് ആൻഡ് മ്യൂസിയം ഫീൽഡ് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മൂഴിക്കുളം ഞാറ്റുവേല ഫെസ്റ്റ് നടക്കുന്നത്. ഇരുപതിലധികം സ്റ്റാളുകളിലായി പ്രകൃതിയുമായി അടുത്തു നിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിലുള്ളത്. മില്ലെറ്റ്‌സ്, മൺപാത്രങ്ങൾ, പുസ്തകങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, നാടൻ ഭക്ഷണശാല…അങ്ങനെ നീളുന്നു പ്രകൃതി വിഭവങ്ങളുടെ നിര.

ഉൽപ്പന്നങ്ങളിൽ പുതുമ കൊണ്ടുവരാനും സന്ദർശകർക്ക് ഉപയോഗപ്രദമായ വസ്തുക്കൾ വിപണിയിലെത്തിക്കാനുമാണ് ഓരോ സംരംഭകരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സ്റ്റാളുകൾക്ക് ഫെസ്റ്റിൽ ജനശ്രദ്ധ ഏറെയാണ്. ” ഭക്ഷണസാധനം, മൺപ്പാത്രം, കൈത്തറി തുടങ്ങിയവയിലാണ് കൂടുതൽ ഉൽപ്പന്നങ്ങൾ. ഈ മൂന്നിലും കൂടുതൽ പുതുമ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തന്നെ ഡിസൈൻ ചെയ്ത സാധനങ്ങൾ അവിടെ തന്നെ നിർമ്മിക്കുകയും നിർമ്മാണ തൊഴിലുകൾ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.” യുവ സംരംഭകൻ അജിത് പറയുന്നു.

കയർ ഉൽപ്പന്നങ്ങളും ഫെസ്റ്റിലെ പ്രധാന താരമാണ്. കയർകൊണ്ടുള്ള ചെടിച്ചട്ടി, ചിരട്ടപുട്ട് കുറ്റി, ചിരട്ടതവി, കിളിക്കൂട് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. ആറന്മുള കണ്ണാടിയും മില്ലെറ്റ്‌സുമുൾപ്പെടെ നിരവധി വിഭവങ്ങൾ സന്ദർശകർ ഇഷ്ടപ്പെട്ട് വാങ്ങുന്നുണ്ട്. ” ഇത്തരം ഫെസ്റ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ നമ്മൾ വേരുകളിലേക്ക് തിരിച്ചുപോകണം നമ്മുടെ സംസ്കാരത്തെ തിരിച്ചറിയണം.നമ്മുടെ പൈതൃകം നമ്മൾ തന്നെ നിലനിർത്തണം.” സന്ദർശകയായ ഡോ: ഗീത പറയുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.