ഇ ല്ലാത്ത ലഹരിക്കേസില്‍ പ്രതിയാക്കി 72 ദിവസം ജയിലിലടച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഇരിങ്ങാലക്കുടയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വ്യാജക്കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി.ഷീല സണ്ണിയുടെ ഭാഗം കേള്‍ക്കാന്‍ അന്വേഷണസംഘം തയ്യാറാകാതെ ലഹരിക്കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍ കെ സതീശൻ
2023 ഫെബ്രുവരി 27 നാണ് ചാലക്കുടിയിലെ ഷീല സണ്ണിയുടെ ഉടമസ്ഥതയിലുള്ള ഷീ സ്റ്റൈൽ എന്ന ബ്യൂട്ടിപാര്‍ലറിലേക്ക് കെ സതീശന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം എത്തുന്നത്. ബ്യൂട്ടിപാര്‍ലറില്‍ ലഹരിവില്‍പ്പനയുണ്ടെന്ന അജ്ഞാത ഇന്റര്‍നെറ്റ് സന്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് ചെയ്യാന്‍ എക്‌സൈസ് സംഘം എത്തിയത്. ബ്യൂട്ടിപാര്‍ലറിലും പരിസരത്തും നടത്തിയ പരിശോധനയില്‍ ഷീലയുടെ ബാഗില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തുകയുണ്ടായി.
റെയ്ഡിലെ അസ്വഭാവികതയെക്കുറിച്ച് അന്ന് തന്നെ ഷീല സണ്ണിക്ക് പരാതിയുണ്ടായിരുന്നു. എന്നാല്‍ ഷീല സണ്ണിയുടെ ഭാഗം കേള്‍ക്കാന്‍ അന്വേഷണസംഘം തയ്യാറാകാതെ ലഹരിക്കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍ കെ സതീശൻ ചെയ്തത്. രേഖപ്പെടുത്തിയ എഫ്‌ഐആറിലെ വിവരങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റ് കോടതി ഷീല സണ്ണിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
റെയ്ഡിനായി എക്‌സൈസ് സംഘം എത്തിയപ്പോള്‍ തന്നെ ഇതിന് പിന്നില്‍ ബന്ധുക്കളാണെന്ന സംശയം ഷീല ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസം തന്നോടൊപ്പം അടുത്ത ബന്ധുവായ ഒരാള്‍ വീട്ടില്‍ താമസിച്ചിരുന്നു. അന്നേദിവസം പല ആവശ്യങ്ങള്‍ക്കായി അയാള്‍ തന്റെ സ്‌കൂട്ടര്‍ ഉപയോഗിക്കുകയും പുറത്തുപോവുകയും ചെയ്തതിരുന്നു. ഈ വസ്തുതകളെല്ലാം എക്‌സൈസ് സംഘത്തോട് പല ആവര്‍ത്തി പറഞ്ഞിട്ടും അവര്‍ ചെവികൊള്ളാന്‍ തയ്യാറായിരുന്നില്ല. എല്‍എസ്ഡി പോലുള്ള മാരക ലഹരിമരുന്ന് കൈവശം വെയ്ക്കുകയും അത് തൊഴിലിടങ്ങളിലേക്ക് എത്തിച്ചു എന്നിങ്ങനെയുള്ള എക്‌സൈസിന്റെ അനുമാനങ്ങള്‍ കുറ്റകൃത്യത്തിന് കൂടുതല്‍ തീവ്രത കൂട്ടുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഷീലാ സണ്ണിക്ക് ജാമ്യം ലഭിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.
എക്‌സൈസ് സംഘം ഷീല സണ്ണിയില്‍ നിന്നും പിടിച്ചെടുത്ത 12 എല്‍എസ്ഡി സ്റ്റാമ്പുകളും വിദഗ്ധ പരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയച്ചു. അസിറ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ ജ്യോതി പി മല്യയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഷീല സണ്ണിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പല്ലെന്ന് തെളിഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരു മാസത്തിന് ശേഷം ഏപ്രില്‍ ഒന്നിനാണ് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും തൃശൂര്‍ സെഷന്‍സ് കോടതി മുഖേന കാക്കനാട് ലാബിലേക്കെത്തുന്നത്. സ്റ്റാമ്പ് പിടികൂടി 34 ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് വിട്ടതിനാല്‍ ഇതിനിടയില്‍ ലഹരിയടങ്ങിയ രാസമിശ്രിതം മാഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്ന വാദം ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍, കാക്കനാട്ടെ അതിനൂതന സാങ്കേതിക സംവിധാനമുള്ള ലാബില്‍ സ്റ്റാമ്പിലെ രാസവസ്തുവിന്റെ അതിസൂക്ഷ്മ സാന്നിധ്യംപോലും തിരിച്ചറിയാന്‍ പറ്റുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്ത 12 എല്‍എസ്ഡി സ്റ്റാമ്പുകളും വ്യാജമാണെന്ന റിപ്പോര്‍ട്ട് മെയ് 12 തന്നെ ലാബില്‍ നിന്നും എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്കും സര്‍ക്കിള്‍ ഓഫീസര്‍ക്കും അയക്കുകയും ചെയ്തു. പക്ഷേ ഈ വിവരം ജാമ്യത്തിലിറങ്ങിയ ശേഷവും ഷീലാ സണ്ണിയെ അറിയിക്കാന്‍ അന്വേഷണ സംഘം സന്നദ്ധത കാണിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തന്റെ അഭിഭാഷകന്റെ സഹായത്തോട് കൂടി കോടതി മുഖേനയാണ് പരിശോധനാഫലത്തിന്റെ പകര്‍പ്പ് ഷീല നേടിയെടുത്തത്.
എല്‍എസ്ഡി സ്റ്റാമ്പ് വ്യാജമാണെന്ന് തെളിഞ്ഞതോടെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമം ഷീല സണ്ണി തുടങ്ങി. ഇതേ തുടര്‍ന്ന് താന്‍ നിരപരാധിയാണെന്ന് കാട്ടി മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് ഷീല പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസന്വേഷണം എക്‌സൈസിന്റെ ക്രെംബ്രാഞ്ച് വിഭാഗത്തിലേക്ക് മാറ്റുന്നത്. മുമ്പ് റെയ്ഡ് നടത്തിയ എക്‌സൈസ് സംഘത്തോട് വിവരിച്ച അതേ കാര്യങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിനോടും ഷീല വ്യക്തമാക്കിരുന്നു. രാസപരിശോധനാഫലത്തില്‍ എല്‍എസ്ഡി സ്റ്റാമ്പല്ലെന്ന് തെളിഞ്ഞിട്ടും കേസിന്റെ മറ്റു സാധ്യതകളെക്കുറിച്ച് അന്വേഷിക്കാതിരുന്നത് അന്വേഷണ സംഘത്തെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കി.
തന്റെ ഭര്‍ത്താവിനെയും മക്കളെയും മരുമക്കളെയും ചോദ്യംചെയ്തിട്ടുണ്ടെങ്കിലും താന്‍ സംശയമുന്നയിച്ച വ്യക്തിയെ ഇതുവരെ അന്വേഷണസംഘം വിളിപ്പിക്കുകപോലും ചെയ്തിട്ടില്ലെന്നാണ് ഷീലയുടെ വാദം. എന്നാല്‍ ഷീല സംശയമുന്നയിച്ച വ്യക്തിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിരുന്നതായും, മറുപടിയില്ലാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. പക്ഷേ ഫോണ്‍ സ്വിച്ച്ഡ് ഓഫായതിനാല്‍ ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല.
ഇത്തരത്തില്‍ വ്യാജലഹരിക്കേസില്‍ സ്ത്രീകളുള്‍പ്പടെയുള്ളവരെ പ്രതിയാക്കുന്ന പ്രവണത മുമ്പും ഉണ്ടായിട്ടുണ്ട്. നടിയും സംരംഭകയും ബിഗ്‌ബോസ് താരവുമായ ശോഭ വിശ്വനാഥിനെതിരെയുണ്ടായ ലഹരിക്കേസ് ഇതിന്റെ സമീപകാല ഉദാഹരണമാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് ശോഭയെ വ്യാജലഹരിക്കേസില്‍ കുടുക്കിയത്. ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന ശോഭ നിശ്ചയദാര്‍ഢ്യത്തോടുകൂടി തനിക്കുണ്ടായ അനീതിക്കെതിരെ വലിയ നിയമപോരാട്ടമാണ് നടത്തിയത്.
മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ശോഭ തന്റെ നിരപരാധിത്വം തെളിയിക്കുന്നത്. ഷീലയുടെ കാര്യത്തിലും സംഭവിച്ചത് ഇതിന് സമാനമായിട്ടുള്ള കാര്യങ്ങളായിരിക്കാന്‍ സാധ്യതകളേറെയാണ്. പക്ഷേ ഈ സാധ്യതകളിലേക്ക് തിരിഞ്ഞ് നോക്കാതിരുന്ന അന്വേഷണസംഘത്തിന്റെ അലംഭാവമാണ് നിരപരാധിയായ ഒരു വീട്ടമ്മയെ 72 ദിവസം കാരാഗൃഹത്തിലടയ്ക്കാന്‍ കാരണമായത്.
രണ്ട് മാസത്തിലേറെയുള്ള ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഷീലയുടെ ജീവിതം ഏറെക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്. ഇറ്റലിയില്‍ ജോലി കിട്ടി പോകാനിരിക്കെയായിരുന്നു ഷീലയെ കള്ളക്കേസില്‍ കുടുക്കുന്നത്. റിമാന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ അടയ്‌ക്കേണ്ടി വന്നതും ലഹരിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സാമൂഹികമായി നേരിടേണ്ടി വന്ന അവഗണനകളും ഒരു വ്യക്തിയെന്ന നിലയില്‍ വലിയ ബുദ്ധിമുട്ടുകളാണ് ഷീലയ്ക്കും കുടുംബത്തിനുമുണ്ടാക്കുന്നത്.
വ്യാജലഹരിക്കേസെന്ന് തെളിഞ്ഞതോടു കൂടി ഉന്നത തലത്തില്‍ നിന്നുള്ള ഇടപെടലാണ് ഷീലയുടെ കേസില്‍ ഉണ്ടായിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് ഈ വിഷയത്തില്‍ കര്‍ശനമായ നിലപാടാണ് എടുത്തിരിക്കുന്നത്. കേസന്വേഷണം ഉടനടി നേരെയാക്കുമെന്നും ഇതിലെ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും, അന്വേഷണ സംഘത്തിന്റെ തെറ്റായ പ്രവണതകളെ പുറത്തുകൊണ്ടുവരുമെന്നും മാധ്യമങ്ങളോട് പറയുകയുണ്ടായി.
നിരപരാധിയായ ഒരു വീട്ടമ്മയെ ഇത്തരമൊരു കേസില്‍ കുരുക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനകളുണ്ടെന്നതിന്റെ സൂചനകളാണ് കേസന്വേഷണത്തിലുടനീളം തുടര്‍ന്നിട്ടുള്ള അന്വേഷണ സംഘത്തിന്റെ അലംഭാവം. കേസ് ഷീലയ്ക്ക് അനുകൂലമായി അന്വേഷണം തെളിഞ്ഞെങ്കിലും സംഭവമുണ്ടാക്കിയ മാനനഷ്ടം പോലെയുള്ള ബുദ്ധിമുട്ടുകള്‍ ഇതുകൊണ്ട് അവസാനിക്കുന്നതല്ല. എങ്കിലും ഇത്തരം കേസുകള്‍ക്ക് പിന്നിലെ ഗൂഢാലോചനകളെ പുറത്തുകൊണ്ടുവരികയും ഇതിന് കുടപിടിച്ച അധികാരവര്‍ഗ്ഗത്തിന്റെ കൈയ്യാളുകളെ വെളിച്ചത്ത് കൊണ്ടുവരേണ്ടതും ജനാധിപത്യ വ്യവസ്ഥയിലെ നിയമങ്ങളനുസരിച്ച് ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ആവശ്യകതയാണ്.