Sun. Dec 22nd, 2024
kumbalagi fever

കുമ്പളങ്ങി പഞ്ചായത്തിലെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്

ശുചീകരണം വഴിമുട്ടിയ കുമ്പളങ്ങിയിൽ പകർച്ചവ്യാധികളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും തുടർക്കഥയാകുകയാണ്. ഏറ്റവുമൊടുവിൽ കുമ്പളങ്ങി പഞ്ചായത്തിലെ വാർഡ് 7 ലെ തോമസ് പനി ബാധിച്ച് മരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. തോമസിന്റെ മരണം വെസ്റ്റ് നൈൽ വൈറസ് ബാധിച്ചായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മഴക്കാലമായതോടെ കൊതുകുജന്യ രോഗങ്ങളും ഡെങ്കിപ്പനിയും വളരെ വേഗത്തിലാണ് കുമ്പളങ്ങിയിൽ പടരുന്നത്. കായലിൽ നിന്ന് വേലിയേറ്റ സമയത്ത് കയറുന്ന വെള്ളം കാനകളിൽ കെട്ടിനിന്ന് അതിൽ കൊതുക് മുട്ടയിടുകയാണ് പതിവ്. കൃത്യമായ നീരൊഴുക്കില്ലാത്തതിനാൽ ദീർഘകാലമായി കാനകളിൽ വെള്ളം കെട്ടിനിൽക്കാൻ ആരംഭിച്ചിട്ട്. ഇതിനോടകം തന്നെ കുമ്പളങ്ങി പഞ്ചായത്തിലെ നാലുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. കായലിൽ നിന്നുള്ള വെള്ളത്തിനുപുറമെ വീടുകളിൽ നിന്നുള്ള മലിനജലവും കാനകളിലേക്ക് എത്തി ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്.

മഴക്കാലം ശക്തമായ സാഹചര്യത്തിൽ തോടും കാനകളും വൃത്തിയാക്കാതെ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് കൊതുകുജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്നതെന്ന് കുമ്പളങ്ങിയിലെ ജനങ്ങൾ പറയുന്നു. “നേരത്തെ പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ മഴക്കാലത്തിന് മുൻപേ ശുചീകരണ പ്രവർത്തനമൊന്നും ഇതുവരെയും കണ്ടിട്ടില്ല” തോമസിന്റെ ഭാര്യ റീത്ത പറയുന്നു.

കായലുകളിലും കാനകളിലും നിറഞ്ഞുകിടക്കുന്ന എക്കലുകളാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. “എക്കൽ തങ്ങി നിൽക്കുന്നതുകൊണ്ട് നീരൊഴുക്കുണ്ടാകുന്നില്ല. ഇത് കായൽ തീരത്ത് താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ ബ്രന്മപുരം പ്രശ്നത്തിന് ശേഷം അറവുശാല മാലിന്യം നീക്കം ചെയ്യാൻ സാധിക്കാതെ വരുകയും അത് കായലിന്റെ പല ഭാഗത്തായി പുറന്തള്ളുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് പുഴയുടെ എക്കൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം” വാർഡ് കൗൺസിലർ ജോസഫ് പറഞ്ഞു. അടിയന്തരമായി പ്രതിസന്ധികൾ പരിഹരിച്ചെങ്കിൽ മാത്രമേ കുമ്പളങ്ങിയിലെ ജനങ്ങളുടെ ആശങ്ക ഒഴിയുകയുള്ളൂ.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.