Sun. Apr 14th, 2024

ലോകത്താകമാനമുള്ള സ്ത്രീകള്‍ വോട്ടവകാശം, സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നത് നിരവധി പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. ഇതില്‍ ഇന്ത്യയിലെ സ്ത്രീകള്‍ നടത്തിയ സമരങ്ങളെല്ലാം ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്.

എന്നാലിന്ന് സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ളതും  ഇന്ത്യയിലെ സ്ത്രീകളാണ്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യവും സുരക്ഷിതത്വവും കണക്കാക്കുന്ന ‘വിമന്‍ പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍’ ഇന്ത്യ താഴേക്ക് പോകുന്നതു തന്നെ ഇതിന് തെളിവാണ്. 2019 ല്‍ 133-ാം റാങ്കിലായിരുന്ന ഇന്ത്യ 2021 ആയപ്പോഴേക്കും 148 ല്‍ എത്തി നില്‍ക്കുകയാണ്.

ഈ കണക്കുകളില്‍ ഏറ്റവും മോശമായ ചിത്രം വരച്ചുകാട്ടുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ഭൂസ്വത്തിലുള്ള അവകാശങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ്. സ്ത്രീകള്‍ക്കുള്ള ഭൂസ്വത്തവകാശത്തില്‍ ഇപ്പോഴും അസമത്വങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ സ്ത്രീകളുടെ പേരില്‍ എത്ര ഭൂസ്വത്തുണ്ട് എന്നതില്‍ ആര്‍ക്കും കൃത്യമായ വിവരമില്ല. ഭൂവുടമസ്ഥരുടെ പേരില്‍ ലിംഗപദവി തിരിച്ചുള്ള കൃത്യമായ ഡേറ്റ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2018 ലെ സെന്റര്‍ ഫോര്‍ ലാന്‍ഡ് ഗവേര്‍ണന്‍സ് തയ്യാറാക്കിയ സ്‌റ്റേറ്റ് ഓഫ് ലാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളുടെ ഭൂസ്വത്തവകാശം 12.9 ശതമാനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 14 മുതല്‍ 18 വരെയുള്ള ആര്‍ട്ടിക്കിള്‍ മതം, ജാതി, വംശം, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള എല്ലാ വിവേചനങ്ങള്‍ക്കും എതിരാണ്. എങ്കിലും സ്ത്രീകളുടെ സ്വത്തവകാശത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും തുല്യത നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ സംസ്‌കാരം നാനാതരം മതങ്ങളാലും ജാതികളാലും വൈവിധ്യം നിറഞ്ഞതിനാല്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സ്വത്ത് വിഭജിക്കപ്പെട്ടിരിക്കുന്നത്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇവിടെ ഓരോ മതവിഭാഗങ്ങള്‍ക്കും വ്യത്യസ്തമാണ്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം(Hindu succession act 1956), ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം( Christian succession act 1925), മുസ്ലീം വ്യക്തിനിയമങ്ങള്‍ ( Muslim personal(Shariath) application act 1937) എന്നീ നിയമങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയില്‍ പിന്തുടര്‍ച്ചാവകാശം നല്‍കുന്നത്. എന്നാല്‍ ഈ പിന്തുടര്‍ച്ചാവകാശം ഇവിടെ സ്ത്രീകള്‍ക്ക് തുല്യവകാശം നല്‍കുന്നില്ല എന്നതാണ് വാസ്തവം.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്ന സ്വത്തുക്കളില്‍ എല്ലാ മതപൗരോഹിത്യവും ശക്തമായി എതിര്‍ക്കുന്ന ഒന്നാണ് സ്ത്രീകളുടെ സ്വത്തവകാശം. ഭൂമിയുടെയും സ്വത്തിന്റെയും ഉടമസ്ഥാവകാശം സ്ത്രീകളെ ശാക്തീകരിക്കുകയും ആശ്രിത സ്വഭാവത്തില്‍ നിന്നും അവരെ മോചിപ്പിക്കുമെന്നുള്ളതിനാല്‍ സ്ത്രീകള്‍ക്കുള്ള ഭൂമിയുടെ അവകാശത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെയാകണം പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട രാജ്യത്തെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതില്‍ മതനേതൃത്വങ്ങളും പൗരോഹിത്യവും ഇപ്പോഴും മടി കാട്ടുന്നത്.

എല്ലാ കാലത്തും മതങ്ങള്‍ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതിനാലാണ് സ്വത്തവകാശത്തില്‍ അവര്‍ക്ക് തുല്യത നല്‍കാത്തത്. ഇപ്പോഴും നിരവധി കുടുംബങ്ങള്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഈ തുല്യതയ്ക്കായി സമൂഹത്തിന്റെയും സമുദായത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് ധീരമായി പോരാടിയ വനിതകളുമുണ്ട്. അതില്‍ എടുത്തു പറയേണ്ട പേരാണ് മേരി റോയിയുടേത്. ക്രിസ്ത്യന്‍ സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകമാണ് മേരി റോയ്.

മേരി റോയ് Screen-grab, Copyrights: indian express

ക്രിസ്ത്യന്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു കാലത്ത് അജ്ഞാതമായിരുന്ന പിതൃസ്വത്തിലെ തുല്യാവകാശം ലഭിച്ചു തുടങ്ങിയത് മേരി റോയിയുടെ നിയമപോരാട്ടത്തിലൂടെയാണ്. 1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെയാണ് മേരി റോയ് സുപ്രീംകോടതി വരെ എത്തി പോരാട്ടം നടത്തിയത്. തന്റെ പിതാവിന്റെ സ്വത്തില്‍ അവകാശം നിഷേധിക്കപ്പെട്ടതോടെയാണ് മേരി നിയമത്തിന്റെ പാത സ്വീകരിച്ചത്. എന്നാലിത് വെറും സ്വത്തവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടമായിരുന്നില്ല, മറിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കൂടി വേണ്ടിയുള്ള പോരാട്ടമായിരുന്നു.

തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു മേരി റോയിയുടെ വാദം. മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസിന്റെ വിധി തുല്യാവകാശപ്പോരാട്ടത്തിലെ നിര്‍ണ്ണായക ചുവടുവെയ്പ്പ് തന്നെയായിരുന്നു. കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനി സമുദായത്തില്‍ പെണ്‍ക്കുട്ടികളോടുണ്ടായിരുന്ന വിവേചനം ഒരു പരിധി വരെ അവസാനിച്ചത് മേരി റോയിയുടെ നിയമ പോരാട്ടത്തിലൂടെയാണെന്ന് പറയാം.

1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് അതുവരെ പെണ്‍ക്കുട്ടികള്‍ക്ക് നാമമാത്രമായ സ്വത്തവകാശം മാത്രമാണ് ലഭിച്ചിരുന്നത്. അതായത് വില്‍പ്പത്രം എഴുതാതെ പിതാവ് മരിച്ചാല്‍ സ്വത്തില്‍ നിന്ന് 5000 രൂപയോ അതില്‍ താഴെയോ മകന്റെ സ്വത്തിന്റെ നാലില്‍ ഒന്നോ മാത്രമെ പെണ്‍ക്കുട്ടികള്‍ക്ക് ലഭിക്കുകയുള്ളു. സ്ത്രീധനം കൊടുത്ത പെണ്‍ക്കുട്ടികള്‍ക്കാണെങ്കില്‍ അതും ലഭിക്കില്ല.

ഇതിനെതിരെ 1984-ലാണ് പിതൃസ്വത്തില്‍ സ്ത്രീകള്‍ക്കും തുല്യാവകാശമുണ്ടെന്ന് കാട്ടി മേരി റോയ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭ ബിഷപ്പുമാരും സഭാ നേതാക്കളും മേരി റോയിയുടെ നിയമപോരാട്ടത്തില്‍ വിയോജിപ്പ് അറിയിക്കുകയും അവരെ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു.

എന്നാല്‍ 1916 ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം നിയമം അസ്സാധുവാക്കിക്കൊണ്ട് സുപ്രീംകോടതി 1986 ഫെബ്രുവരി 24 ന് ചരിത്ര വിധി പുറപ്പെടുവിക്കുകയായിരുന്നു. വില്‍പ്പത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. 1951 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് തിരുവിതാംകൂറിലെ ക്രൈസ്തവര്‍ക്കു ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതിയുടെയും ജസ്റ്റിസ് ആര്‍ എസ് പാഠക്കിന്റെയും വിധി. വില്‍പ്പത്രം എഴുതാതെ പിതാവ് മരിക്കുകയാണെങ്കില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യവകാശമാണ് ലഭിക്കുക എന്നതാണ് 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം.

സുപ്രീംകോടതി Screen-grab, Copyrights: News 18

സുപ്രീംകോടതി വിധിയോടെ തിരുവിതാംകൂറിലെ ക്രൈസ്തവ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ മുന്‍കാല പ്രാബല്യത്തോടെ തുല്യാവകാശം സ്ഥാപിക്കപ്പെടുകയാണ് ഉണ്ടായത്. വിധിക്ക് മുന്‍കാല പ്രാബല്യമുള്ളതായിരുന്നു സമുദായത്തെയും പുരുഷ പൗരോഹിത്യത്തെയും സമ്മര്‍ദ്ദത്തിലാക്കിയത്. നിയമത്തിന്റെ മുന്‍കാല പ്രാബല്യം ഇല്ലാതാക്കാന്‍ കേരള സര്‍ക്കാര്‍ 1994 ല്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചെങ്കിലും ഭരണപക്ഷ എംഎല്‍എമാരുടെ പോലും പിന്തുണ ലഭിക്കാതെ ബില്‍ പരാജയപ്പെടുകയാണുണ്ടായത്.

1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്വത്ത് വിഭജനത്തെ നിയന്ത്രിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, മുസ്ലിം വിഭാഗങ്ങള്‍ക്ക് അനന്തരാവകാശത്തെ സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥകള്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ചല്ല അവരുടെ സ്വത്തവകാശം നിശ്ചയിക്കുന്നത്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം

ഹിന്ദു, ജൈന, സിഖ്, ബുദ്ധമതങ്ങളില്‍പ്പെട്ടവര്‍ക്ക് പൂര്‍വ്വികരുടെ സ്വത്തിന്റെ അവകാശം നിര്‍ണയിക്കുന്നത് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ഹിന്ദു വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ ക്രോഡീകരിച്ച് 1956 ലാണ് കേന്ദ്രസര്‍ക്കാര്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം തയ്യാറാക്കിയത്. അതേ വര്‍ഷം ജൂണ്‍ 18 ന് നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.

കുടുംബസ്വത്തിന്റെ അവകാശികള്‍ എന്ന നിലയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗവ്യത്യാസം കുറയ്ക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. എന്നിരുന്നാലും 1956 ലെ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്തില്‍ പരിമിതമായ അവകാശം മാത്രമാണ് ഉണ്ടായിരുന്നത്. പൂര്‍വിക സ്വത്തിന്റെ അവകാശത്തില്‍ ഭൂരിഭാഗവും ആണ്‍മക്കള്‍ക്കായിരുന്നു. വിവാഹിതയായ മകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ലതാനും. എന്നാല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 2005 ലെ ഭേദഗതിയാണ് നിയമത്തെ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമാക്കിയത്.

അതുവരെ പൂര്‍വിക സ്വത്തില്‍ തുല്യ പ്രാധ്യാനം ഇല്ലാതിരുന്ന പെണ്‍മക്കള്‍ക്ക് ഭേദഗതിയോടെ തുല്യാവകാശം ലഭിക്കുകയായിരുന്നു. വിവാഹിതയായ പെണ്‍ക്കുട്ടികള്‍ക്കും സ്വത്തില്‍ അവകാശം ലഭിച്ചു തുടങ്ങി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യമായ അവകാശമുണ്ടെന്ന് 2020 ആഗസ്റ്റ് 11 ന് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2005 ലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചുക്കൊണ്ടായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി.

ജീവിതാവസാനം വരെ സ്വത്തില്‍ പെണ്‍മക്കള്‍ തുല്യാവകാശമുള്ളവരാണെന്ന് കോടതി വിധിയില്‍ പറയുന്നു. എന്നാല്‍ ഇവിടെ പിതാവ് സ്വയം ആര്‍ജിച്ച സ്വത്തില്‍ അവകാശമുന്നയിക്കാന്‍ കഴിയില്ല. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായി വീതിക്കാനാണ് പിതാവിന്റെ തീരുമാനം എങ്കില്‍ മാത്രമെ അവകാശം ലഭിക്കുകയുള്ളു. എന്നാല്‍ വില്‍പ്പത്രം എഴുതുന്നതിന് മുന്‍പ് പിതാവ് മരണപ്പെടുകയാണെങ്കില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശം ലഭിക്കുകയും ചെയ്യും.

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം

മുസ്ലീം വ്യക്തിനിയമത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നത് സ്ത്രീകളാണ്. മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ഇപ്പോഴും കോടതികളെ സമീപിക്കുന്നത്. മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം മരിച്ച ഒരാളുടെ മകനും മകളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മകനും മൂന്നിലൊരു ഭാഗം മകള്‍ക്കുമാണ്. ഇവിടെയാണ് സ്ത്രീകള്‍ വിവേചനം നേരിടുന്നത്. ഇവിടെ മാത്രമല്ല, മക്കളില്ലെങ്കില്‍ മരിച്ച ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിന് മാത്രമെ ഭാര്യക്ക് അവകാശമുണ്ടാവുകയുള്ളു.

എന്നാല്‍ മക്കളില്ലെങ്കില്‍ മരിച്ചുപോയ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭര്‍ത്താവിന് കിട്ടും. മക്കളുണ്ടെങ്കില്‍ മരിച്ചയാളുടെ ഭാര്യക്ക് എട്ടില്‍ ഒന്നിനു മാത്രവും തിരിച്ച് ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിന് നാലില്‍ ഒന്ന് സ്വത്തിനും അവകാശമുണ്ട്. ഇനി പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രമെ ലഭിക്കുകയുള്ളു. മൂന്നിലൊരും ഭാഗം സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സ്വന്തം മക്കള്‍ക്ക് വില്‍പ്പത്രം എഴുതിവെക്കാനുള്ള അവകാശം മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നില്ല. മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ നിയമങ്ങള്‍ ഇതുവരെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

മുസ്ലീം സ്ത്രീകള്‍ Screen-grab, Copyrights: outlookindia

എന്നാല്‍ മുസ്ലീം സമുദായത്തില്‍ സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചവര്‍ക്ക് സ്വത്ത് വിഭജനത്തില്‍ ഈ നിയമങ്ങള്‍ ബാധകമായിരിക്കില്ല. മുസ്ലിം വ്യക്തിനിയമത്തില്‍ ഇത്രയേറെ കുരുക്കുകള്‍ ഉള്ളതിനാല്‍ പെണ്‍മക്കള്‍ മാത്രമുള്ള വിദ്യാഭ്യാസവും തൊഴിലും നേടിയ ചിലര്‍ മരണശേഷം തങ്ങളുടെ സ്വത്ത് മറ്റു ബന്ധുക്കള്‍ക്ക് പോകാതിരിക്കാനും അല്ലെങ്കില്‍ സ്വത്ത് തങ്ങളുടെ പെണ്‍മക്കള്‍ക്ക് മാത്രം കിട്ടാന്‍ വേണ്ടി മതാചാരപ്രകാരം തങ്ങള്‍ കഴിച്ച വിവാഹം നിലനില്‍ക്കെ സ്പെഷ്യല്‍ മാര്യേജ് ആക്ടുവഴി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന പ്രവണതയും നടക്കുന്നുണ്ട്.

ഇതേ തുടര്‍ന്നായിരുന്നു 2023 മാര്‍ച്ചില്‍ കാസര്‍ഗോഡ് സ്വദേശികളായ മുസ്ലീം ദമ്പതികൾ അഡ്വ. ഷൂക്കൂറും ഡോ. ഷീനയും സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും ഉയര്‍ന്നു വന്നത്. മുസ്ലീം പിന്തുടര്‍ച്ചാവകാശത്തിന്റെ പരിധിയില്‍ നിന്ന് മാറി മുഴുവന്‍ സ്വത്തുക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് ദമ്പതികള്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ കാലോചിതമായ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം വുമണ്‍ ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് പ്രവര്‍ത്തക വി പി സുഹ്‌റ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ആണധികാരത്തെയും മതപൗരോഹിത്യത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്ന ഈ നിയമം നീതിയുക്തമായ രീതിയില്‍ പരിശോധിക്കപ്പെടണമെന്നാണ് സുഹ്‌റ ആവശ്യപ്പെടുന്നത്.  മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീകളോടുള്ള വിവേചനത്തിനെതിരെയാണ് ഈ അടുത്ത് ബുഷറ അലി സുപ്രീംകോടതിയെ സമീപിച്ചത്.

ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആണ്‍മക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. 1.44 ഏക്കര്‍ ഭൂമിയില്‍ 4.82 സെന്റ് ഭൂമി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് ബുഷറ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന തുല്യനീതി ഉറപ്പു നല്‍കിയിട്ടും മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുകയാണ്. പുരുഷന്മാര്‍ക്കു തുല്യമായി സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം അനുവദിക്കാത്ത മുസ്ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് ഭരണഘടനയുടെ 15-ാം വകുപ്പിന്റെ ലംഘനമാണ്. 13-ാം വകുപ്പ് പ്രകാരം അസാധുവാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിലും ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന ലഭിച്ചത് നിരന്തരമായ പോരട്ടങ്ങളിലൂടെയാണ്. എന്നാല്‍ ഇന്നും മുസ്ലീം സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ആ തുല്യത ലഭിക്കുന്നില്ല. സ്വത്തവകാശത്തില്‍ മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന തരത്തില്‍ കാലോചിതമായി നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതും അത്യാവശ്യമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം