ഒരു ചരിത്രത്തെ തെറ്റായി അടയാളപ്പെടുത്തുക എന്നത് ആ ജനതയോടും അവരുടെ തലമുറകളോടും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അനീതിയാണ്. അവരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന വലിയൊരു അനീതിയുടെ പ്രതി സ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള ഒരു പത്രം കൂടിയാകുമ്പോള്‍ പാതകം കൂടുതല്‍ ആഴത്തില്‍ സമൂഹത്തിലേക്ക് പച്ചകുത്തപ്പെടുകയാണ്. മനുഷ്യര്‍ക്കപ്പുറവും ആശയം നിലനില്‍ക്കുകയും അവ പല പ്രതലത്തിലേക്ക് വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യും. അതിനാല്‍ അച്ചടിക്കപ്പെടുന്ന ഓരോ അക്ഷരങ്ങള്‍ക്കും അതീവ ശ്രദ്ധ ആവശ്യമാണ്. കാരണം ആശയങ്ങള്‍ക്ക് മാത്രമേ സ്വയമേവ ഒരു രാഷ്ട്രം സൃഷ്ടിക്കാനുള്ള കഴിവുള്ളൂ. വാവിട്ട വാക്ക് തിരിച്ചെടുത്താലും അതിലെ ആശയത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയില്ല അതിനാല്‍ മയോള്‍ ക്രീക്ക് കൂട്ടക്കൊലയെ സംബന്ധിച്ചുള്ള പഴയകാല വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിച്ചുള്ള സിഡ്നി ഹെറാള്‍ഡിന്‍റെ മാപ്പ് പറച്ചില്‍ ചരിത്രമാകുമ്പോഴും അതിലെ സത്യസന്ധത എത്രത്തോളമെന്ന് പരിശോധിക്കേണ്ടതുണ്ട്.
റോയല്‍ നേവി ക്യാപ്റ്റന്‍ ആര്‍തര്‍ ഫിലിപ്പിന്‍റെ കീഴില്‍ വരുന്ന പീനല്‍ കോളനി എന്ന നിലയിലാണ് ഓസ്ട്രേലിയയുടെ ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ആരംഭം. 1788 മുതല്‍ 1790 വരെ കോളോണിയല്‍ സേവനത്തിനായുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റ് നിലവില്‍ വരുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നുപോന്നു. 1810 ല്‍ ഓസ്ട്രേലിയയിലെത്തിയ ബ്രിട്ടീഷ് സേനയുടെ 73 ആം റജിമെന്‍റില്‍ തുടങ്ങി 1870 വരെ 25 ബ്രിട്ടീഷ് കാലാള്‍പട റെജിമെന്റുകളും നിരവധി ചെറിയ പീരങ്കികളും എഞ്ചിനീയർ യൂണിറ്റുകളും ഓസ്ട്രേലിയയില്‍ നിലയുറപ്പിച്ചിരുന്നു. ഈ കാലഘട്ടങ്ങളിലൊക്കെയും ഒട്ടേറെ കലാപങ്ങള്‍കൊണ്ട് വിശ്രമമില്ലാത്ത മണ്ണായിരുന്നു ഓസ്ട്രേലിയ. യഥാര്‍ത്ഥ ഓസ്ട്രേലിയന്‍ ജനതയും (ഇന്‍റിജീനസ് വിഭാഗം) അധിനിവേശത്തിന്‍റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് വന്ന പൂര്‍വ്വ യൂറോപ്യന്മാരും (നോണ്‍ – ഇന്‍റിജീനസ്) തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ നീണ്ട കഥയാണ് ഫ്രണ്ടിയര്‍ യുദ്ധങ്ങള്‍ക്ക് പറയാനുള്ളത്. അങ്ങനെയുള്ള അനീതികളുടെയും അക്രമങ്ങളുടെയും വലിയ ഓസ്ട്രേലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതാണ് 1838 ല്‍ നടന്ന മയോള്‍ ക്രീക്കില്‍ 28 ഓസ്ട്രേലിയന്‍ ആദിവാസി ജനങ്ങളെ (സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ) കൂട്ടക്കൊല ചെയ്ത സംഭവവും അതിനെ തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങളും.
ഫ്രണ്ടിയര്‍ കലാപങ്ങള്‍
കൊളോണിയല്‍ കാലഘട്ടത്തിന്‍റെ പകുതിയോടെ തന്നെ കുടിയേറ്റക്കാരും കുറ്റവാളികളും ചേര്‍ന്ന് ആദിവാസി ജനങ്ങളെ (അബോറിജിനല്‍സ്) കൊലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള നിയമം നിലവിലുണ്ടായിരുന്നു. പക്ഷെ അതിനൊന്നും അത്തരം സംഭവങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. 19 ആം നൂറ്റാണ്ടില്‍ ന്യൂ സൗത്ത് വെയ്ല്‍സിലെ ഗ്വിദിര്‍ മേഖലയില്‍ കുടിയേറ്റക്കാരുടെ വ്യാപനത്തോടൊപ്പമുണ്ടായ അക്രമസംഭവ പരമ്പരകളില്‍ ഒന്നു മാത്രമാണ് മയോള്‍ ക്രീക്ക് കൂട്ടക്കൊല. കാരണം ഓസ്ട്രേലിയയുടെ അംഗീകരിക്കപ്പെട്ട ചരിത്രരേഖയില്‍ വളരെ ചെറിയ ഭാഗം മാത്രമാണ് ഈ സംഭവങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളൂവെങ്കിലും സംഭവങ്ങളുടെ സമകാലികനും ദൃക്‌സാക്ഷിയുമായ മസ്‌വെൽബ്രൂക്ക് പോലീസ് മജിസ്‌ട്രേറ്റ് എഡ്വേർഡ് ഡെന്നി ഡേ ഇതിനെ ‘ഉന്മൂലനത്തിന്‍റെ യുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഫ്രണ്ടിയര്‍ കലാപങ്ങളിലെ യഥാര്‍ത്ഥ മരണസംഖ്യ ഇപ്പോഴും അജ്ഞാതമാണ്. കോളനിവാസികളില്‍ 2000 മുതല്‍ 5000 പേര്‍ വരെ ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. പക്ഷേ ആദിവാസി ജനങ്ങളുടെ മരണസംഖ്യയെക്കുറിച്ച് യാതൊരു തെളിവുകളും ലഭ്യമല്ല. ക്വീന്‍സ്ലാന്‍റില്‍ മാത്രം 60000 മരണങ്ങളുണ്ടായെന്ന് ദി ഗാര്‍ഡിയന്‍ പോലെയുള്ള പത്രങ്ങള്‍ പറയുന്നുണ്ട്. ഈ കലാപങ്ങളുടെ യഥാര്‍ത്ഥ തെളിവുകള്‍ ഔദ്യോഗികമായി ഒരിടത്തും പ്രത്യക്ഷപ്പെടാത്തതിനാല്‍ ആദിവാസി ജനതയുടെ മരണക്കണക്കുകള്‍ കൃത്യമായി പറയുക അസാധ്യമാണ്. പക്ഷേ അധിനിവേശത്തിനു മുന്‍പത്തെ ആദിവാസി ജനസംഖ്യയുടെ 90 ശതമാനവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ കലാപങ്ങളും വസൂരി,ക്ഷയം തുടങ്ങിയ മാരകരോഗങ്ങളുമാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്.
ടാസ്മാനിയന്‍ യുദ്ധം (1824-1831), പിഞ്ചാര കൂട്ടക്കൊല (1834), മയോള്‍ ക്രീക്ക് കൂട്ടക്കൊല (1838), കില്‍ക്കോയ് വൈറ്റ്സൈഡ് വിഷദുരന്തം (1842,1847), കോയിന്‍സ്റ്റണ്‍ കൂട്ടക്കൊല (1928) ഇവയാണ് ആദിവാസി ജനസമൂഹത്തിനു നേരെ ഓസ്ട്രേലിയയില്‍ നടന്നിട്ടുള്ള പ്രധാന അക്രമ സംഭവങ്ങള്‍.
മയോള്‍ ക്രീക്കിലെ മരണങ്ങള്‍
നിലയ്ക്കാത്ത അധിനിവേശ കലാപങ്ങളുടെ ഭാഗമായി 1830 -കളുടെ മധ്യത്തോടെ ഓസ്ട്രേലിയയിലെ പ്രധാന ആദിവാസി സമൂഹമായ ഗാമിലറൈയിലെ ഒരു ഗോത്രവര്‍ഗ്ഗമായ വിരായറൈയുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് 1838 ല്‍ സങ്കേതം തേടിയുള്ള യാത്രയില്‍ ഒരു കൂട്ടം വിരായറൈ കുടുംബങ്ങള്‍ ഇന്നത്തെ ബിംഗാരയ്ക്കു സമീപമുള്ള മയോള്‍ ക്രീക്ക് സ്റ്റേഷനിലെ ഹെന്റി ഡാങ്കറുടെ സ്ഥലത്തെത്തുന്നത്. പ്രദേശത്തെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളായിരുന്നു ഹെന്റി ഡാങ്കര്‍. ഡാങ്കറിന്‍റെയും മയോള്‍ ക്രീക്കിലെ മറ്റു വ്യവസായികളുടെയും സഹായിയായി വിരായറൈ ജനത മാറിയതോടെ അതുവരെ ഉണ്ടായിരുന്ന കലാപങ്ങള്‍ക്ക് അല്പശമനം ലഭിക്കുകയുണ്ടായി. ഡാങ്കറുടെ ജോലിക്കാരും (കുടിയേറ്റ കുറ്റവാളികള്‍) മറ്റു വ്യവസായികളും വിരായറൈ ആളുകളും വൈകുന്നേരങ്ങളിൽ ക്യാമ്പ് ഫയറിന് സമീപം നൃത്തം ചെയ്തും പാട്ടുമായി സമയം ചെലവഴിച്ചു, അവരെ അടിമകളായി പരിഗണിച്ചു. ഇവര്‍ വിരായറൈ ആളുകൾക്ക് നൽകിയ ചില പേരുകൾ കോടതി മൊഴികളിൽ നിലനിൽക്കുന്നു: ഓൾഡ് ജോയി, കിംഗ് സാൻഡി, സാൻഡി, മാർത്ത, ചാർലി, ഹെപ്പിറ്റ, ടോമി, ഡാഡി.
1838 ജൂൺ 10-ന് സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ്, വിരായറൈ ആളുകൾ വൈകുന്നേരത്തെ ഭക്ഷണത്തിനായി തയ്യാറെടുക്കുമ്പോൾ, കുടിയേറ്റ കുറ്റവാളികളുടെയൊരു സംഘം സായുധരായി സ്റ്റേഷനിലെത്തി. ഭയന്നുവിറച്ച വിരായറൈ ജനങ്ങളെ കുടിയേറ്റ കുറ്റവാളികളുടെ സംഘം കെട്ടിയിട്ട് അവരെ ക്യാമ്പ് സൈറ്റിൽ നിന്ന് പുറത്താക്കി. രണ്ട് സ്ത്രീകളെയും ഒരു പെൺകുട്ടിയെയും മാറ്റിനിർത്തിയിരുന്നു, മറ്റൊരു പെൺകുട്ടിയെ മയോള്‍ ക്രീക്ക് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന, ഒരു ആദിവാസി സ്റ്റോക്ക്മാനായ യിന്‍റിയാന്‍റിന് നൽകുകയും ചെയ്തു. രണ്ട് കുട്ടികൾ തോട്ടിൽ ചാടി രക്ഷപ്പെട്ടു.
മയോള്‍ ക്രീക്ക് സ്റ്റേഷനിലെ കുടിൽ സൂക്ഷിപ്പുകാരനായ ജോർജ്ജ് ആൻഡേഴ്സൺ പിന്നീട് വിരായറൈ ജനത നേരിട്ട ഭീകരതയെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ദാരുണമായി കൊല ചെയ്തശേഷം പിന്നീട് അവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു എന്ന് ജോര്‍ജ്ജ് ആൻഡേഴ്സൺ പറയുന്നു. കുറഞ്ഞത് 28 മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്, യഥാര്‍ത്ഥ മരണസംഖ്യ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കോടതി വാദങ്ങള്‍
അതുവരെ വളരെ വിരളമായി മാത്രമാണ് ആദിവാസി ജനങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് കോടതി ശിക്ഷ നല്‍കിയിട്ടുള്ളത്. പക്ഷേ മയോള്‍ ക്രീക്ക് കൂട്ടക്കൊലയെ സംബന്ധിച്ചുണ്ടായ കോടതി ഇടപെടല്‍ അന്നുവരെയുള്ള നിയമപോരാട്ടങ്ങളെ അട്ടിമറിക്കുന്ന പുതുചരിത്രം രചിക്കുകയായിരുന്നു. സ്റ്റേഷൻ മാനേജർ വില്യം ഹോബ്‌സ്, ലോക്കൽ പോലീസ് സൂപ്രണ്ട് തോമസ് ഫോസ്റ്റർ, കുടിയേറ്റക്കാരനായ ഫ്രെഡറിക് ഫൂട്ട് എന്നീ മൂന്നു പേരാണ് ഈ സംഭവത്തെ നിയമത്തിനു മുന്നിലെത്തിക്കുന്നത്. ഗവര്‍ണ്ണറായ ജോര്‍ജ്ജ് ജിപ്സ് കേസ് അന്വേഷണത്തിനായി മസ്‌വെൽബ്രൂക്ക് പോലീസ് മജിസ്‌ട്രേറ്റ് എഡ്വേർഡ് ഡെന്നി ഡേയെ നിയോഗിച്ചു. സ്ഥലം സന്ദർശിച്ച എഡ്വേർഡ് ഡെന്നി ഡേ ഭാഗികമായി പൊള്ളലേറ്റ അസ്ഥിക്കഷണങ്ങൾ ഉള്‍പ്പെടെ 19 സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ 12 പേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അതില്‍ 11 പേരെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്കായി സിഡ്നിയിലേക്ക് മാറ്റുകയും ചെയ്തു. കുറ്റവാളികളിലെ ഏക സ്വതന്ത്ര കുടിയേറ്റക്കാരന്‍ ഹോക്‌സ്‌ബറിയിൽ ജനിച്ച ജോൺ ഫ്ലെമിംഗ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകുകയുണ്ടായി.
1838 നവംബർ 15-ന് എന്‍എസ്ഡബ്ലിയു സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് സർ ജെയിംസ് ഡൗലിംഗിനും 12 കുടിയേറ്റക്കാരുടെ ജൂറിക്കും മുമ്പാകെയാണ് മയോള്‍ ക്രീക്ക് കൂട്ടക്കൊലയുടെ ആദ്യ വിചാരണ നടക്കുന്നത്. വിരായറൈ വിഭാഗക്കാരനായ ‘ഡാഡി’ എന്നറിയപ്പെടുന്ന വളരെ ഉയരമുള്ള പ്രായപൂർത്തിയായ പുരുഷന്‍റെ കത്തിക്കരിഞ്ഞ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങള്‍ പ്രധാനമായും ഉയര്‍ന്നത്.
ബ്ലാക്ക് അസോസിയേഷൻ എന്ന് പേരുള്ള ഹെന്റി ഡാങ്കറിന്‍റെ നേതൃത്വത്തിലുള്ള ഭൂവുടമകളുടെയൊരു സംഘം വിചാരണയിൽ പ്രതിഭാഗത്തിനായി വലിയ ധനസഹായം നൽകുകയുണ്ടായി. അതോടൊപ്പം ജൂറിമാര്‍ ഉള്‍പ്പെടെയുള്ളവരെ വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങളും ഭീഷണിയും ബ്ലാക്ക് അസോസിയേഷൻ അന്നു നടത്തുകയുണ്ടായി. ജോർജ്ജ് ആൻഡേഴ്സനെപ്പോലുള്ള സാക്ഷികൾക്കൊന്നും അവശിഷ്ടങ്ങൾ വിരായറൈ മൂപ്പൻ ഡാഡിയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനാൽ, ആദ്യ വിചാരണ പ്രതികള്‍ക്ക് അനുകൂലമായിരുന്നു. പക്ഷേ വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച അറ്റോര്‍ണി ജനറല്‍ ജോണ്‍ പ്ലങ്കറ്റ് ചാള്‍സ് എന്ന വിരായറൈ ബാലന്‍റെ കൊലപാതകത്തില്‍ കുരുക്കി പ്രതികളെ വിചാരണ തടവുകാരായി നിലനിര്‍ത്തണമെന്ന് വാദിച്ചു. വാദത്തിലെ യുക്തി പരിശോധിച്ച ഗവര്‍ണര്‍ കോടതി വാദം ശരി വയ്ക്കുകയും ചെയ്തു. തെളിവുകള്‍ ശേഖരിക്കാന്‍ 11 പേരെയും 7, 4 എന്നിങ്ങനെ രണ്ട് സംഘമായി തിരിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ആദ്യ വിചാരണയെ തുടര്‍ന്ന് പത്രങ്ങള്‍ (സിഡ്നി ഹെറാള്‍ഡ്) ഉള്‍പ്പെടെ ആദിവാസി ജനവിഭാഗത്തിനെതിരെ തിരിഞ്ഞത് നിഷ്പക്ഷമായി നിന്ന ജൂറിമാരുടെ വരെ നിസ്സഹകരണത്തിലേക്ക് വഴിവെച്ചു. നവംബർ 26-ന് പ്രതികളുടെ അഭിഭാഷകനെ പുതിയ കുറ്റങ്ങൾ വായിക്കാൻ അനുവദിക്കുന്നതിനായി വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു, പ്രതികളെ വീണ്ടും വിചാരണ ചെയ്യാമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ വാദങ്ങൾ അടുത്ത ദിവസം നടന്നു. നവംബർ 29 ന് കേസിന്‍റെ രണ്ടാം വിചാരണ ഔദ്യോഗികമായി ആരംഭിച്ചു, അപ്പോഴും ജൂറി സേവനത്തിനായി വിളിക്കപ്പെട്ട നിരവധി ആളുകൾ ഹാജരാകുന്നതിൽ വീഴ്ച വരുത്തി. നിസ്സഹകരണം തുടര്‍ന്ന ജൂറിമാര്‍ക്ക് പിഴ ചുമത്തണമെന്ന പ്ലങ്കറ്റിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അവര്‍ക്ക് 10 പൗണ്ട് വരെ പിഴ ചുമത്തുകയും ചെയ്തു. ഒടുവില്‍ ജൂറികള്‍ ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തു. ഒന്നാം വിചാരണയില്‍ നിന്നു ഭിന്നമായി പ്രോസിക്യൂഷന്‍ സാക്ഷികള്‍ അവരുടെ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സത്യങ്ങള്‍ വ്യക്തമായി തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്തതിലൂടെ പുതിയ ജഡ്ജി വില്ല്യം ബര്‍ട്ടണ്‍ 7 പ്രതികളെ കുറ്റക്കാരായി വിധിക്കുകയും വധശിക്ഷയ്ക്ക് ഉത്തരവിടുകയും ചെയ്തു. ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ആദിവാസി ജനതയ്ക്ക് നേരെയുള്ള അക്രമങ്ങളില്‍ വെള്ളക്കാരെ കുറ്റക്കാരായി വിധിച്ച ചരിത്ര നടപടിയായിരുന്നു സിഡ്നിയില്‍ അന്നു നടന്നത്.
യിന്‍റായിന്‍റിന്‍റെ മൊഴിയനുസരിച്ച് പ്രതിയാക്കപ്പെട്ട ബാക്കി നാലുപേരും (ജോൺ ബ്ലെയ്ക്ക്, ജെയിംസ് ലാം, ജോർജ്ജ് പലിസർ, ചാൾസ് ടൗളൂസ്) ദുരൂഹ സാഹചര്യത്തിലുള്ള യിന്‍റിയാന്‍റിന്‍റെ അപ്രത്യക്ഷമാകലോടെ കുറ്റവിമുക്തമാകുകയും സ്വതന്ത്രരാക്കപ്പെടുകയും ചെയ്തു.
മയോള്‍ ക്രീക്കിന് ശേഷം
ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാന വിധിയായിരുന്നിട്ടുകൂടി അതിന് വേണ്ട സാമൂഹിക സ്വീകാര്യത അന്ന് ലഭിച്ചിരുന്നില്ല. അതോടൊപ്പം അന്ന് പ്രതികള്‍ക്കായി വാദിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഒട്ടേറെ തിരിച്ചടികളാണ് പിന്നീട് നേരിടേണ്ടി വന്നത്. ഹോബ്സ്, ആന്‍ഡേഴ്സന്‍ തുടങ്ങിയവരുടെ ജോലി നഷ്ടപ്പെടുകയും സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്തു. ഈ വിചാരണയ്ക്കെല്ലാം സാക്ഷിയായിരുന്ന ഡേവി എന്ന ആദിവാസി യുവാവിനെ പിന്നീട് ആരും കണ്ടതായി ഓര്‍ക്കുന്നില്ല. ആദിവാസികള്‍ക്ക് നേരെയുള്ള വെള്ളക്കാരുടെ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതേ സമയം ഹെന്റി ഡാങ്കറിനെ പോലെയുള്ള വ്യവസായികള്‍ കൂടുതല്‍ ധനികനായി മാറുകയാണുണ്ടായത്. ഇന്ന് ഓസ്ട്രേലിയയില്‍ ഡാങ്കറുടെ പേരിലുള്ള റോഡുകളും പാര്‍ക്കുകളുമൊക്കെയുണ്ട് എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ വില്ലന്മാര്‍ സമൂഹത്തിലെ നായകന്മാര്‍ ആണല്ലോ എല്ലായിടത്തും.
പക്ഷേ കുറ്റവിമുക്തരാക്കപ്പെട്ട നാലു പ്രതികളില്‍ ഒരാളായ ജോണ്‍ ബ്ലേക്ക് 1852 ല്‍ ആത്മഹത്യ ചെയ്തു. കൂട്ടക്കൊലയില്‍ പങ്കുചേര്‍ന്നത്തിലുള്ള കുറ്റബോധം ബ്ലേക്കിനെ വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹത്തിന്‍റെ തലമുറകള്‍ തന്നെ പറയുന്നുണ്ട്.
സിഡ്നി ഹെറാള്‍ഡിന്‍റെ തിരുത്തുകള്‍
സിഡ്നി ഹെറാള്‍ഡിന്‍റെ മാപ്പു പറച്ചിലില്‍ പോലും അവര്‍ സൂക്ഷിക്കുന്ന ധാര്‍ഷ്ട്യം വ്യക്തമാണ്. കാരണം സിഡ്നി ആദ്യത്തെ തവണയല്ല ഇങ്ങനെ മാപ്പ് ചോദിക്കുന്നത്. മുന്‍പ് 1978 ലെ മര്‍ദി ഗ്രാസ് പ്രതിഷേധകരുടെയും ഈ അടുത്ത കാലത്ത് റിബല്‍ വില്‍സണിനെതിരെയുള്ള വാര്‍ത്തകള്‍ക്കുമൊക്കെ സമാനമായ രീതിയില്‍ സിഡ്നി ഹെറാള്‍ഡ് മാപ്പ് ചോദിച്ചിട്ടുണ്ട്. ഇവ തെളിയിക്കുന്നത് സിഡ്നി ഹെറാള്‍ഡിന്‍റെ ആദ്യകാലങ്ങളിലെ യഥാസ്ഥിതിക മനോഭാവത്തെയും അധികാര വര്‍ഗ്ഗത്തോടുണ്ടായിരുന്ന മമതയെയുമാണ്.
ഒരു കൂട്ടം കറുത്ത മൃഗങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയവും പണവുമില്ലായെന്നും, കാട്ടളന്മാര്‍ നിലനില്‍ക്കാന്‍ കോളനി ആഗ്രഹിക്കുന്നില്ലെന്നും അച്ചടിച്ച അതേ പത്രം തന്നെ കാലങ്ങള്‍ക്കിപ്പുറം മയോള്‍ ക്രീക്കില്‍ ഞങ്ങള്‍ ദയനീയമായി പാരാജയപ്പെട്ടു എന്ന് അച്ചടിക്കുന്നതിലേക്ക് വളരുന്നതിനെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. കാരണം സ്വയം തിരുത്താനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണ്. പക്ഷെ ഓരോ മാറ്റവും സത്യസന്ധതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം ഒരടി പിന്നോട്ടിറങ്ങുന്നത് നാലടി മുന്നോട്ട് ചാടാനുമാകാം.