Mon. Dec 23rd, 2024

കൊവിഡ് കാലത്ത് ഏറെ ചർച്ചാവിഷയമായിരുന്ന ഒന്നാണ് വാക്‌സിനേഷന്‍. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാവരും കൃത്യമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പൊതുജനങ്ങളെ വട്ടം കറക്കിയിരുന്നു. ജോലി സ്ഥലങ്ങള്‍, പൊതുയിടങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശനങ്ങള്‍ക്ക് വരെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും വെബ്‌സൈറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി വേണം വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. ഈ വിവരങ്ങളെല്ലാം നല്‍കി വാക്‌സിന്‍ സ്വീകരിച്ചവരുടെ ഡാറ്റയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിത്. കൊവിഡ് കാലത്തും ഈ ഡാറ്റ ചോര്‍ച്ച വിഷയം ചര്‍ച്ചയായിരുന്നു. കൊവിഡിന്റെ മറവില്‍ ആളുകളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ വന്‍ രീതിയില്‍ കൈമാറ്റം നടന്നിട്ടുണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

അന്ന് ഓരോരുത്തരുടെയും കൊവിഡ് ഫലങ്ങളാണ് പരസ്യമായിരുന്നതെങ്കില്‍ ഇന്ന് ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ജനന തീയതി, പാസ്‌പോര്‍ട്ട് നമ്പര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേരുള്‍പ്പടെയാണ് ലഭിക്കുന്നത്. ഒരാളുടെ മൊബൈല്‍ നമ്പറോ ആധാര്‍ കാര്‍ഡ് നമ്പറോ നല്‍കിയാല്‍ മാത്രം മതി ഈ വിവരങ്ങള്‍ ലഭ്യമാകാന്‍. കോവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും തന്നെ വ്യക്തി വിവരങ്ങളുടെ സുരക്ഷയെ കുറിച്ച് മനസ്സിലാകും.

വാക്‌സിനേഷന്‍ സമയത്ത് ആധാര്‍ നമ്പറും മറ്റു വിവരങ്ങളും സമര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പലരും ചോദ്യം ചെയ്തിരുന്നു. കോവിന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷവും അവ സുരക്ഷിതമാണോയെന്നും സ്വകാര്യത ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന ആശങ്കയും ഉയര്‍ത്തിയിരുന്നു. കോവിന്‍ വെബ്‌സൈറ്റിന് സ്വകാര്യത നയം ഇല്ലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ദേശസുരക്ഷയെ വരെ അപകടത്തിലാക്കും വിധത്തിലുള്ള ഡാറ്റ ചോര്‍ച്ചയാണ് ആരോഗ്യമന്ത്രാലയവും ഐടി മന്ത്രാലയവും മേല്‍നോട്ടം വഹിക്കുന്ന കോവിന്‍ ആപ്പില്‍ നിന്ന് സംഭവിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ടെലഗ്രാം ചാറ്റ്‌ബോട്ട് അവകാശപ്പെടുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഇങ്ങനെ ടെലഗ്രാമിലൂടെ ലഭ്യമായതിന്റെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. 2021 ല്‍ ഇന്ത്യക്കാരുടെ ആരോഗ്യഡാറ്റ പുറത്തായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.

വീണ്ടും ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോള്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 15 കോടിയോളം ഇന്ത്യക്കാരുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും 800 ഡോളറിന് അവ വില്‍ക്കാനുണ്ടെന്നായിരുന്നു ‘ഡാര്‍ക്ക് ലീക്ക് മാര്‍ക്കറ്റ്’ എന്ന ഹാക്കര്‍ ഗ്രൂപ്പ് അന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിന്‍ ഡാറ്റ സുരക്ഷിതമാണെന്നും സ്വാകാര്യ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് കോവിന്‍ ഉന്നതാധികാര സമിതി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞിരുന്നത്. നിലവിലെ സര്‍ക്കാരിന്റെ മൗനം വിഷയത്തില്‍ ഒരു പരിഹാര മാര്‍ഗവും നടത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്.

സൈബര്‍ സുരക്ഷാ ഓഡിറ്റുകള്‍, ഫോറന്‍സിക് വിശകലനം, അടിസ്ഥാന സുരക്ഷാ നടപടികള്‍ തുടങ്ങിയവ ഇന്ത്യ നടപ്പാക്കുന്ന ഡിജിറ്റല്‍ പദ്ധതികളില്‍ ഇല്ലാത്തതാണ് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ക്ക് വഴിയൊരുക്കുന്നത്. പരമാവധി ഡാറ്റ ശേഖരണം നടത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അവ സംരക്ഷിക്കാന്‍ ഈ താല്‍പ്പര്യം കാണിക്കുന്നുമില്ല. ”ദുരുപയോഗം, അനധികൃതമായ ആക്‌സസ്, വെളിപ്പെടുത്തല്‍, നശിപ്പിക്കല്‍, പരിഷ്‌കരണം എന്നിവയില്‍ നിന്നും ഓരോരുത്തരുടെയും സ്വകാര്യതയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിന് കോവിന്‍ പോര്‍ട്ടലില്‍ സുരക്ഷാ നടപടികളും പരിരക്ഷകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്” വെബ്‌സൈറ്റിന്റെ പോളിസിയില്‍ പറയുന്നത്.

കോവിന്‍ വെബ്‌സെറ്റ് രൂപീകരിച്ചതിന്റെ ഉദ്ദേശം പൂര്‍ത്തിയായി, ആരോഗ്യ ഡാറ്റ ഇനി സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യമില്ല എന്ന മനോഭാവമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. രാജ്യത്തെ പൗരന്മാരുടെ വന്‍തോതിലുള്ള വിവര ചോര്‍ച്ച വലിയ പ്രതിസന്ധി സൃഷ്ടിക്കാനാണ് സാധ്യത. വാക്‌സിന്‍ ഉള്‍പ്പടെയുള്ള പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് രാജ്യാന്തര മരുന്ന് കമ്പനികളുള്‍പ്പടെ ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയമില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം